Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ടയിലും ജയിക്കാനാവുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പുകളിൽ സജീവം; ഒരു സീറ്റ് പോലും നേടാനായില്ലെങ്കിൽ ഉത്തരം പറയേണ്ടി വരിക ശ്രീധരൻ പിള്ള തന്നെ; ഒന്നും വിജയിച്ചില്ലെങ്കിൽ അഞ്ച് സീറ്റുകളിലേക്ക് പണം ഒഴുകിയപ്പോൾ അവഗണിക്കപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ പ്രതിഷേധം ഉയർത്തും; പൊട്ടിത്തെറിക്കൊരുങ്ങി വയനാട്ടിൽ ചലനം സൃഷ്ടിക്കാതെ പോയ തുഷാർ വെള്ളാപ്പള്ളിയും; മോദി അധികാരത്തിൽ വീണ്ടുമെത്തിയില്ലെങ്കിൽ വിടാനൊരുങ്ങി ബിഡിജെഎസ്

തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ടയിലും ജയിക്കാനാവുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പുകളിൽ സജീവം; ഒരു സീറ്റ് പോലും നേടാനായില്ലെങ്കിൽ ഉത്തരം പറയേണ്ടി വരിക ശ്രീധരൻ പിള്ള തന്നെ; ഒന്നും വിജയിച്ചില്ലെങ്കിൽ അഞ്ച് സീറ്റുകളിലേക്ക് പണം ഒഴുകിയപ്പോൾ അവഗണിക്കപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ പ്രതിഷേധം ഉയർത്തും; പൊട്ടിത്തെറിക്കൊരുങ്ങി വയനാട്ടിൽ ചലനം സൃഷ്ടിക്കാതെ പോയ തുഷാർ വെള്ളാപ്പള്ളിയും; മോദി അധികാരത്തിൽ വീണ്ടുമെത്തിയില്ലെങ്കിൽ വിടാനൊരുങ്ങി ബിഡിജെഎസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ശതമാനം ഉയർത്തുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും മുന്നേറ്റവും നടത്തുമെന്നാണ് പ്രവചനം. എന്നാൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയാലും ബിജെപി പൊട്ടിത്തെറിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ കേരള നേതൃത്വം പ്രതിസ്ഥാനത്താകും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആർഎസ്എസ് സജീവ ഇടപെടൽ നടത്തുമ്പോഴും ബിജെപിയുടെ നേതാക്കൾ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണം സജീവമാണ്. രണ്ടിടത്തേയും ബിജെപി നേതൃത്വത്തിനെതിരെ ഊമക്കത്തുകളും പരാതികളുമെല്ലാം സജീവമാണ്. എന്നാൽ തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ടയിലും ജയിക്കാനാവുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പുകളിൽ സജീവമാണ്. തിരുവനന്തപുരത്ത് ജയിക്കുമെന്ന് അവർ ഉറപ്പിക്കുകയും ചെയ്യുന്നു.

തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലാണ് പ്രശ്‌നം തുടങ്ങുക. പാർട്ടി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആകെ പ്രതിസന്ധിയിലാകും. ഇതിനൊപ്പം ബിജെപി മുന്നണിയായ എൻഡിഎയിലെ രണ്ടാം ഘടകക്ഷിയായ ബിഡിജെഎസും പ്രതിഷേധത്തിലാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിട്ടാണ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിക്കാൻ പോയത്. മോദിയും അമിത് ഷായും പ്രചരണത്തിന് എത്തുമെന്ന് വരെ തുഷാറിനെ വിശ്വസിപ്പിച്ചു. എന്നാൽ രണ്ടു പേരും വയനാട്ടിൽ പോയില്ല. രാഹുൽ തരംഗം ആഞ്ഞടിച്ചതോടെ ബിജെപിക്കാരും പ്രചരണത്തിൽ പിന്നോട്ട് പോയി. ഒരു ചലനവും ഉണ്ടാക്കാനുമായില്ലെന്ന് തുഷാറിന് അറിയാം. ജയസാധ്യതയുള്ള മണ്ഡലം തരാമെന്ന് പറഞ്ഞ് തന്നെ ബിജെപി പറ്റിച്ചുവെന്ന് തുഷാർ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എസ് എൻ ഡി പി ജനറൽ സെക്രട്ടറി കൂടിയായ അച്ഛൻ വെള്ളാപ്പള്ളി ബിജെപിക്കെതിരെ തിരിയാതിരിക്കാനുള്ള തന്ത്രമായിരുന്നു തുഷാറിനെ മത്സരിപ്പിക്കൽ. ഈ ചതി വൈകിയാണ് തൂഷാർ മനസ്സിലാക്കിയത്.

ഈ സാഹചര്യത്തിൽ ബിജെപിയുമായി ബന്ധം വിച്ഛേദിക്കാൻ ബിഡിജെഎസ് തയ്യാറാകും. മോദി അധികാരത്തിൽ വീണ്ടുമെത്തിയാൽ രാജ്യസഭാ സ്ഥാനം തുഷാർ മനസ്സിൽ കാണുന്നുണ്ട്. എന്നാൽ മോദി അധികാരത്തിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തന്നെ തുഷാർ പൊട്ടിത്തെറിക്കും. ബിഡിജെഎസ് എൻഡിഎ വിടുകയും ചെയ്യും. വെള്ളാപ്പളിയുടെ മനസ്സ് കൂടി മനസ്സിലാക്കിയുള്ള രാഷ്ട്രീയ നീക്കമാണ് തുഷാർ ഈ ഘട്ടത്തിൽ പദ്ധതിയിടുന്നത്. ബിഡിജെഎസ് മത്സരിച്ച മാവേലിക്കരയിലും ഇടുക്കിയിലും ആലത്തൂരിലും ബിജെപിക്കാർ പ്രചരണത്തിൽ സജീവമായിരുന്നില്ലെന്നും തുഷാറിന് പരാതിയുണ്ട്. എന്നാൽ ബിജെപിക്ക് വേണ്ടി ബിഡിജെഎസ് പ്രവർത്തകർ സജീവമായി ഇടപെടൽ നടത്തുകയും ചെയ്തു. ഈ സാഹചര്യമെല്ലാം ബിഡിജെഎസിലെ അതൃപ്തിക്ക് ആക്കം കൂട്ടുന്നു. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ എന്ത് മാറ്റമുണ്ടാകുന്നുവെന്ന് നോക്കിയാകും ബിഡിജെഎസിന്റെ തീരുമാനം വരിക.

ഇതിനൊപ്പമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ ബിജെപി.യിൽ പൊട്ടിത്തെറിക്കുള്ള സാധ്യതയേറുന്നതും. പാർട്ടിയിൽ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ജയിക്കുമെന്നാണ് പ്രതീക്ഷ. ഒരു സീറ്റെങ്കിലും കിട്ടിയാൽ വലിയ നേട്ടമെന്ന നിലയിൽ മറ്റുകാര്യങ്ങൾ മാറിമറിയും. അതുണ്ടായില്ലെങ്കിൽ എതിർപ്പുകൾ പലരൂപത്തിൽ പുറത്തുവരും. തിരഞ്ഞെടുപ്പിന്റെ തുടർച്ചയായി നിയമസഭാ ഉപതിരഞ്ഞെടുപ്പുകൂടി വരാനിരിക്കേ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാൻ പാർട്ടിനേതൃത്വത്തിന് വിഷമിക്കേണ്ടിവരും. വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. ബിജെപിക്ക് ഏറെ വോട്ടുകളുള്ള സ്ഥലമാണ് ഇത്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമതർ പൊട്ടിത്തെറിക്ക് ഒരുങ്ങുന്നത്.

പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം സ്ഥാനാർത്ഥികളടക്കം അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള അതൃപ്തിയും പല മണ്ഡലങ്ങളിലും ശക്തമാണ്. ആർഎസ്എസ്. നിയോഗിച്ചവരുടെ പ്രവർത്തനത്തിലും നേതാക്കൾക്കിടയിൽ എതിരഭിപ്രായമുണ്ട്. സംഘടനാ സെക്രട്ടറിയെയും സഹസംഘടനാ സെക്രട്ടറിയെയും മാറ്റണമെന്ന ആവശ്യം തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ എത്തിയേക്കും. അക്കൗണ്ട് തുറന്നില്ലെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാവാൻ പോകുന്നത് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കായിരിക്കും. ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ കുറ്റാരോപണങ്ങളിലും ഗ്രൂപ്പ് ആക്രമണത്തിലും പിടിച്ചുനിൽക്കാൻ പിള്ളയ്ക്ക് കഴിയില്ല. തിരുവനന്തപുരത്തെ പ്രവർത്തനത്തിൽ കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ സുരേന്ദ്രനുമുള്ള എതിർപ്പുകൾ ചർച്ചയാകും.

തിരഞ്ഞെടുപ്പുഫണ്ട് കൂടുതൽവന്ന ചില മണ്ഡലങ്ങളിൽ അതിന്റെ വിനിയോഗത്തിലും തർക്കങ്ങളുണ്ട്. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളിൽ മതിയായ പണം ലഭിച്ചില്ലെന്നതാണ് പരാതി. എ ഗ്രേഡ് അല്ലാത്ത എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിലേക്ക് കൂടുതൽ പണം വന്നെന്നും ആക്ഷേപമുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കടത്തിലായെന്ന പരാതിയും ചില മണ്ഡലങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. പ്രചാരണത്തിനുള്ള അച്ചടി, വാഹനം തുടങ്ങിയ കാര്യങ്ങൾക്ക് ചെലവഴിച്ച പണം കിട്ടിയില്ലെന്ന വിളികൾ നേതാക്കളുടെ സ്വസ്ഥത കെടുത്തുന്നു. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ മുപ്പതുലക്ഷം രൂപ കടം വന്നെന്നാണ് കണക്ക്. ഇതെല്ലാം ചർച്ചകളിൽ സജീവമാകും. അതുകൊണ്ട് തന്നെ ഫലം ബിജെപി കേരള ഘടകത്തിനും ഏറെ നിർണ്ണായകമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രവചനവുമായി രംഗത്ത് വന്നിട്ടുണ്ട്.. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫേസ്‌ബുക്കിലൂടെയാണ് കെ സുരേന്ദ്രൻ തന്റെ വിലയിരുത്തൽ പങ്കുവെച്ചിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ നിലവിലുള്ള എൻ ഡി എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് കെ സുരേന്ദ്രന്റെ ആദ്യ വിലയിരുത്തൽ. പതിനേഴാം ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാവുമെന്നും കെ സുരേന്ദ്രൻ ഉറപ്പിക്കുന്നു.
പുതിയ പാർട്ടികൾ ചിലത് എൻ ഡി എയിൽ ചേരുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഏറ്റവും അവസാനമായാണ് കേരളത്തിലെ ബിജെപിയുടെ പ്രകടനത്തെകുറിച്ച് സുരേന്ദ്രൻ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ നിന്നും ബിജെപിക്ക് എം പിമാരുണ്ടാവും എന്ന് സുരേന്ദ്രൻ അവകാശപ്പെടുന്നുണ്ടെങ്കിലും അത് എതൊക്കെ മണ്ഡലങ്ങളിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.

അതേസമയം കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഇന്നലെ ചേർത്തലയിൽ ചേർന്ന എൻഡിഎ യോഗവും വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് വോട്ട് വിഹിതം 2014 ലേതിനേക്കാൾ ഇരട്ടിയായി വർധിക്കുമെന്നും മുന്നണി യോഗം അവകാശപ്പെട്ടു. എന്നാൽ ഏതൊക്കെ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുകയെന്ന് വ്യക്തമാക്കാൻ എൻഡിഎ നേതാക്കൾ തയ്യറായിട്ടില്ല. അവസാനവട്ട കണക്ക് കൂട്ടലുകളിൽ തിരുവനന്തപുരത്തേക്കാൾ ജയസാധ്യത പത്തനംതിട്ടയിലാണെന്നാണ് ബിജെപിയുടെ വിലയിരുത്തലെന്നാണ് സൂചന. വലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം നടത്തിയത്. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് എറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ടയിൽ കാര്യമായ തോതിൽ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടായി. അതിന്റെ ഗുണം കിട്ടുക സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ വലിയൊരു ശതമാനം സുരേന്ദ്രന് ലഭിച്ചെന്നും ബിജെപി വിലയിരുത്തുന്നു. 20000 മുതൽ 30000 വരെ വോട്ടുകൾ നേടി പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്റെ നിരീക്ഷണം. അതേസമയം തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന ആശങ്കയും ബിജെപിയിൽ പ്രകടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP