Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുരളീധരനെ വെട്ടാൻ മുകുന്ദനെ അനുകൂലിക്കും; സംസ്ഥാന നേതൃത്വത്തെ രാമൻപിള്ള വിമർശിച്ചതും രാജഗോപാലിന്റെ അറിവോടെ; സംഘടന പിടിക്കാൻ ബിജെപിയിൽ ഗ്രൂപ്പ് പ്രവർത്തനം സജീവം; അമിത് ഷായുടെ മുന്നറിയിപ്പുകൾക്ക് പുല്ലുവില

മുരളീധരനെ വെട്ടാൻ മുകുന്ദനെ അനുകൂലിക്കും; സംസ്ഥാന നേതൃത്വത്തെ രാമൻപിള്ള വിമർശിച്ചതും രാജഗോപാലിന്റെ അറിവോടെ; സംഘടന പിടിക്കാൻ ബിജെപിയിൽ ഗ്രൂപ്പ് പ്രവർത്തനം സജീവം; അമിത് ഷായുടെ മുന്നറിയിപ്പുകൾക്ക് പുല്ലുവില

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം പിടിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയ നിർദ്ദേശം. പാർട്ടിക്ക് തിരിച്ചടിയാകുന്ന പ്രസ്താവനകളോ പ്രവർത്തികളോ നേതാക്കൾ നടത്തരുതെന്നായിരുന്നു നിർദ്ദേശം. വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ട് പോലും കരുതലോടെ അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതൊന്നും കേരളത്തിൽ ആരും ചെവിക്കൊണ്ടില്ല. വെള്ളാപ്പള്ളിക്ക് നേരെ ആരോപണങ്ങളുയർന്നപ്പോൾ പ്രതിരോധിക്കാൻ ബിജെപിക്കാർ ആരും എത്തിയില്ല. ഇതിനും പുറമേയാണ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും. സംസ്ഥാന അധ്യക്ഷൻ പോലും പാർട്ടിയിലെ ഐക്യത്തെ തകർക്കുന്ന പ്രസ്താവനയുമായി നിറഞ്ഞു. കരുതലോടെ നീങ്ങിയ കൃഷ്ണദാസ് വിഭാഗമാകട്ടെ പുതിയ സമവാക്യങ്ങളൊരുക്കി മുരളീധരനെ തളയിടാനുള്ള നീക്കത്തിലും. ഇതിന് ഒ രാജഗോപാലിന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷം സ്വന്താക്കിയെന്നതിന്റെ തെളിവാണ് കെ രാമൻപിള്ളയുടെ മുരളീധരനെതിരായ വിമർശനങ്ങൾ.

പാർട്ടിയുമായി അകന്നു നിൽക്കുന്ന കെ രാമൻപിള്ളയേയും പിപി മുകുന്ദനേയും ബിജെപിയിലേക്ക് മടക്കി കൊണ്ടുവരാൻ ചില നീക്കങ്ങൾ സജീവമാണ്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മുകുന്ദനെ നേതൃത്വത്തിൽ പ്രധാനിയാക്കാനാണ് നീക്കം. രാമൻപിള്ളയ്ക്കും അർഹമായ സ്ഥാനം നൽകുമെന്നും സൂചനയുണ്ട്. എന്നാൽ മുകുന്ദൻ വന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കി വി മുരളീധരൻ ശക്തമായി തന്നെ രംഗത്തുവന്നു. രാമൻപിള്ളയെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചുമില്ല. ഈ സാഹചര്യത്തിലാണ് മുകുന്ദനെ പിന്തുണച്ചും മുരളീധരനെ വിമർശിച്ചും രാമൻപിള്ള രംഗത്ത് വന്നത്. എന്നും ഒ രാജഗോപാലിനോട് അടുപ്പം പുലർത്തുന്ന വ്യക്തിയാണ് രാമൻപിള്ള. പിപി മുകുന്ദനുമായി തെറ്റിയാണ് രാമൻപിള്ള ബിജെപി വിട്ട് ജനപക്ഷം രൂപീകരിച്ചത്. അന്നും രാജഗോപാൽ മനസ്സുകൊണ്ട് രാമൻപിള്ളയെ പിന്തുണച്ചിരുന്നു. മാറിയ സാഹചര്യത്തിൽ രാമൻപിള്ളയെ പാർട്ടിയിലെത്തിക്കാൻ നീക്കം നടത്തിയതും രാജഗോപാലാണ്. അതിനിടെയാണ് പിപി മുകുന്ദന്റെ പേരും ആർഎസ്എസിനെ ഒരു വിഭാഗം ചർച്ചയാക്കിയത്.

ഇതോടെ രാജഗോപാൽ നിശബ്ദനായി. മുകുന്ദനോടുള്ള പഴയ എതിർപ്പുകാരണമായിരുന്നു അത്. എന്നാൽ പാർട്ടിയെ ഒറ്റയ്ക്ക് നയിക്കാനുള്ള മുരളീധരന്റെ നീക്കം മനസ്സിലാക്കിയ രാജഗോപാൽ കളം മാറ്റി. പിപി മുകുന്ദൻ പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന നിലപാടിൽ രാജഗോപാൽ എത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് വിശ്വസ്തനായ രാമൻപിള്ളയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. മുകളിൽ നിന്ന് കെട്ടിയറിക്കിയ മുരളീധരന് കേരളത്തിലെ ബിജെപിയെ കുറിച്ച് അറിയില്ലെന്ന സൂചനകളായിരുന്നു രാമൻപിള്ളയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. മുകുന്ദനെ തിരിച്ചെടുക്കുന്നതിനേയും അനുകൂലിച്ചു. ഫലത്തിൽ പുറത്തുവരുന്നത് രാജഗോപാലിന്റെ മനസ്സ് തന്നെയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. മുരളീധരനുമായി അടുത്തു നിന്നായിരുന്നു രാജഗോപാലിന്റെ പ്രവർത്തനം. എന്നാൽ കുറച്ചു കാലം മുമ്പ് അത് തെറ്റി. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ശോഭാ സുരേന്ദ്രനെ പ്രസിഡന്റാക്കാൻ രാജഗോപാൽ കരുക്കളും നീക്കി. ഇതിന്റെ തുടർച്ചയായുള്ള ഭിന്നതയാണ് മുരളീധരനെ വെട്ടാൻ മുകുന്ദനെ പോലും കൂട്ടാൻ രാജഗോപാലിനെ നിർബന്ധിതമാക്കുന്നത്.

നേതൃത്വം തെറ്റു തിരുത്തിയാൽ ബിജെപിയിലേക്ക് മടങ്ങാൻ തയാറാണെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാമൻപിള്ള പ്രതികരിച്ചത്. പി പി മുകുന്ദനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരാൻ നീക്കമില്ലെന്ന സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നിലപാട് ഏകാധിപത്യപരമാണെന്നും രാമൻപിള്ള പറഞ്ഞു. അദ്വാനി അടക്കമുള്ള കേന്ദ്ര നേതാക്കളുമായി ഇപ്പോഴും നല്ലബന്ധമുണ്ട്. സംസ്ഥാന ബിജെപിയിൽ പുതിയ പരീക്ഷണത്തിന് ശ്രമിക്കുന്ന കേന്ദ്ര നേതൃത്വത്തിൽ മാത്രമാണ് രാമൻപിള്ളക്ക് പ്രതീക്ഷ. അതേ സമയം മിസ്ഡ് കാൾ അടിച്ചാൽ രാമൻപിള്ളക്ക് അംഗത്വം നൽകാമെന്നായിരുന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ പരിഹാസരൂപേണയുള്ള പ്രതികരണം. ഇതും ബിജെപിയിലെ ഭിന്നതയുടെ തെളിവാണ്. നിയസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന് യോജിച്ചതല്ല ഈ പ്രസ്താവനയെന്നാണ് കൃഷണദാസ് പക്ഷത്തിന്റെ വിലയിരുത്തൽ. ഏതായാലും ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടാകാൻ പരസ്യ പ്രസ്താവനകൾക്ക് ഇവർ തയ്യാറുമല്ല.

മുരളീധരനൊപ്പമുള്ള പരമാവധി പേരെ അടർത്തിയെടുക്കാനാണ് നീക്കം. എസ്എൻഡിപിയുമായുള്ള കൂട്ടുകെട്ടിൽ മനംമടുത്ത എല്ലാ അസംതൃപ്തരേയും ഒപ്പം കൂട്ടും. കോട്ടയം, പത്തനംതിട്ട ജില്ലാ നേതൃത്വങ്ങളെ മുരളീധരനിൽ നിന്ന് അകറ്റാനും നീക്കമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പ്രചരണം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും മുരളീധരൻ തന്നെയാകും പ്രസിഡന്റെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം. അതിനിടെ കെ സുരേന്ദ്രനെ പോലുള്ള നേതാക്കൾ പക്ഷം പിടിക്കാൻ വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വി മുരളീധരൻ പക്ഷത്തിന്റെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി കെ സുരേന്ദ്രനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ദേശീയ നേതൃത്വത്തിനും ആർഎസ്എസിനും എതിർപ്പുണ്ടാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾക്ക് താനില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ എന്നാണ് സൂചന. ഇതിനിടെയാണ് രാജഗോപാലും പരസ്യമായി കൃഷ്ണദാസ് പക്ഷത്തോട് അടുക്കുന്നത്.

പിപി മുകുന്ദനേയും രാമൻപിള്ളയേയും പാർട്ടിയിലേക്ക് മടക്കികൊണ്ടു വരണമെന്ന് സംസ്ഥാന സമിതിയിൽ കൃഷ്ണദാസ് പക്ഷം തന്നെ ആവശ്യം ഉയർത്താനാണ് ആലോചിക്കുന്നത്. അതിന് മുന്നോടിയായി ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് നീക്കം. പി.പി. മുകുന്ദൻ പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി അംഗം പോലുമല്ലെന്നും അദ്ദേഹം മിസ്ഡ് കോൾ വഴി പാർട്ടി അംഗമായിട്ടുണ്ടോ എന്ന് അറിയില്ലെന്നുമുള്ള മുരളീധരന്റെ പ്രസ്താവനയും വിമർശന വിധേയമാക്കും. ബിജെപിയെ കോൺഗ്രസിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാൻ വീണ്ടുമൊരു ശ്രമം നടത്താമെന്ന് ആരും കരുതേണ്ട. മുകുന്ദൻ പാർട്ടിയെ കോൺഗ്രസിന്റെ തൊഴുത്തിൽ കെട്ടാൻ മുമ്പു ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിനു താൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നും അതിൽനിന്ന് ഊഹിച്ച് എന്തു വേണമെങ്കിലും എഴുതാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതെല്ലാം കൂടിപ്പോയെന്നാണ് വിലയിരുത്തൽ. ഇത് തന്നെയാണ് രാമൻപിള്ളയും ഉയർത്തുന്നതെന്നതാണ് ശ്രദ്ധേയം.

എന്നാൽ ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ബിജെപി ദേശീയ അധ്യക്ഷന്റെ വാക്കുകൾക്ക് ആരു വില നൽകുന്നില്ലെന്നാണ് പിഎസ് ശ്രീധരൻ പിള്ളയുടെ നിലപാടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിജെപിയിലെ മൂന്നാം ചേരി ഈ വിഷയങ്ങളെല്ലാം പരാതിയായി ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP