Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേന്ദ്രനെ തന്നെ പ്രസിഡന്റാക്കിയാലെ ബിജെപി ക്ലെച്ച് പിടിക്കൂ എന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതൃത്വം; ദേശീയ സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ പിണങ്ങി മാറി നിന്ന് എംടി രമേശും എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും; ഒരു സീറ്റെങ്കിലും ഒപ്പിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റുമ്പോൾ നേതാക്കൾ സമ്മതിക്കാത്തതിൽ രോഷം കൊണ്ട് അമിത് ഷാ

സുരേന്ദ്രനെ തന്നെ പ്രസിഡന്റാക്കിയാലെ ബിജെപി ക്ലെച്ച് പിടിക്കൂ എന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതൃത്വം; ദേശീയ സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ പിണങ്ങി മാറി നിന്ന് എംടി രമേശും എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും; ഒരു സീറ്റെങ്കിലും ഒപ്പിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റുമ്പോൾ നേതാക്കൾ സമ്മതിക്കാത്തതിൽ രോഷം കൊണ്ട് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വി. മുരളീധരൻപി.കെ. കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിൽ രൂക്ഷഭിന്നത നിലനിൽക്കുന്ന കേരളത്തിൽ പുതിയ സംസ്ഥാന പ്രസിഡന്റിനെ ദേശീയ പ്രസിഡന്റ് അമിത് ഷാ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. കെ സുരേന്ദ്രനാണ് കൂടുതൽ സാധ്യത.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സുരേന്ദ്രൻ പ്രസിഡന്റായാലേ നേട്ടമുണ്ടാകൂവെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യം സംസ്ഥാനത്തെ മുതിർന്ന നേതാക്കളേയും അറിയിച്ചിട്ടുണ്ട്. എന്നാൽ കൃഷ്ണദാസ് പക്ഷവും ആർ എസ് എസും എതിർപ്പിലും. ഇതോടെ അന്തിമ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു അമിത് ഷാ. കേരളത്തിലെ ഗ്രൂപ്പ് പോരിൽ അതീവ ദുഃഖിതനുമാണ് അദ്ദേഹം. അതിനിടെയിലാണ് പുതിയ പരാതി ്അമിത് ഷായുടെ മുമ്പിലെത്തുന്നത്.

സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കാൻ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളുമായി സമവായചർച്ച പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റിനെ പ്രഖ്യാപിക്കൽ പതിനഞ്ചിനകം ഡൽഹിയിൽ നടക്കും. എച്ച്. രാജ, നളിൻകുമാർ കാട്ടീൽ എംപി എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന തലത്തിൽ ചർച്ച നടന്നത്. അഭിപ്രായരൂപീകരണത്തിൽ കെ. സുരേന്ദ്രന് ആണ് മുൻതൂക്കം ലഭിച്ചതെന്നറിയുന്നു.

നാൽപതോളം പേർ സുരേന്ദ്രന്റെ പേർ നിർദ്ദേശിച്ചതായാണു സൂചന. കൃഷ്ണദാസ് പക്ഷക്കാരായ ചില മുതിർന്ന നേതാക്കൾപോലും, ഇപ്പോഴത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ കെ. സുരേന്ദ്രനാണ് നല്ലതെന്ന അഭിപ്രായം കേന്ദ്രസംഘത്തിനു െകെമാറി. എം ടി. രമേശിനെ മുൻനിർത്തി ചർച്ചയിൽ പങ്കെടുത്ത പി.കെ. കൃഷ്ണദാസ് പക്ഷത്തുനിന്നു ചിലർ എ.എൻ. രാധാകൃഷ്ണന്റെ പേരു പറഞ്ഞു. ഇതോടെ കാര്യങ്ങൾ സുരേന്ദ്രന് അനുകൂലമാണെന്ന പൊതു വിലയിരുത്തലുമെത്തി.

കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമുള്ള ചർച്ചയാണു പൂർത്തിയാക്കിയതെന്നും പ്രഖ്യാപനം പിന്നീടു നടത്തുമെന്നും ചർച്ചകൾക്കൊടുവിൽ എച്ച്. രാജ അറിയിച്ചിരുന്നു. മൊത്തം 62 പേരിൽ നിന്നാണു കേന്ദ്രനേതൃത്വം അഭിപ്രായം കേട്ടത്. പ്രസിഡന്റ് പദവിയിലേക്കു സ്വീകാര്യമായ പേരുകൾ വ്യക്തമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നേതാക്കൾ രേഖപ്പെടുത്തി. തീരുമാനം സുരേന്ദ്രന് അനുകൂലമാണെന്ന് അറിഞ്ഞതോടെയാണ് പികെ കൃഷ്ണദാസ് പക്ഷം കടുത്ത നിലപാടുകളിലേക്ക് പോയത്.അതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ചു മൂന്നു സംസ്ഥാന ജനറൽ സെക്രട്ടറിമാർ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷ് വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല.

ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എം ടി. രമേശ്, എ.എൻ.രാധാകൃഷ്ണൻ എന്നിവരാണു പങ്കെടുക്കാത്തത്. കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു മാസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നതു ചർച്ച ചെയ്യാനാണു യോഗം വിളിച്ചതെന്നു നേതൃത്വം അറിയിച്ചു. മൂന്നു നേതാക്കൾ പങ്കെടുത്തില്ലെന്ന വിവരം ദേശീയ സെക്രട്ടറി യോഗസ്ഥലത്തുവച്ചു തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണു സൂചന. കേരളത്തിൽ വലിയ പ്രതീക്ഷയൊന്നും അമിത് ഷായ്ക്കില്ല.

എന്നാൽ എങ്ങനേയും തിരുവനന്തപുരത്ത് ജയിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ ഇവിടെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഒ രാജഗോപാലായിരുന്നു അന്ന് സ്ഥാനാർത്ഥി. മാറിയ സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തണം. നേമത്ത് നിന്നുള്ള നിയമസഭാ അംഗമാണ് രാജഗോപാൽ. ഈ സാഹചര്യത്തിൽ ലോക്‌സഭയിലേക്ക് രാജഗോപാലിനെ വീണ്ടും മത്സരിപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രശ്‌നത്തിനിടെയാണ് ബഹിഷ്‌കരണ വാർത്ത എത്തുന്നത്.

അതേ സമയം, കുടുംബത്തിൽ ചടങ്ങുള്ളതിനാൽ യോഗത്തിന് എത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നതായി എം ടി.രമേശ് പ്രതികരിച്ചു. മറ്റു രണ്ടു പേരും ഇത്തരത്തിൽ വിവരം അറിയിച്ചതായി സൂചനയുണ്ട്. എന്നാൽ, അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പരിപാടി മാറ്റിവയ്ക്കുമായിരുന്നു എന്നാണു ദേശീയ സഹസംഘടനാ സെക്രട്ടറിയുടെ നിലപാട്. ഇതാണ് അമിത് ഷായെ സന്തോഷ് അറിയിച്ചിട്ടുള്ളത്.

ഇതോടെ പ്രസിഡന്റാകാനുള്ള മൂവരുടേയും നീക്കത്തിനും തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ സുരേന്ദ്രൻ തനനെ പ്രസിഡന്റാകുമെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP