Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശത്തിൽ കൈനോക്കാൻ രാജഗോപാൽ ഇല്ല; ബിജെപിയെ രാജേഷ് നയിക്കും; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ അമിത് ഷായുടെ ആക്ഷൻ പ്ലാൻ

തദ്ദേശത്തിൽ കൈനോക്കാൻ രാജഗോപാൽ ഇല്ല; ബിജെപിയെ രാജേഷ് നയിക്കും; തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ അമിത് ഷായുടെ ആക്ഷൻ പ്ലാൻ

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയേ മതിയാകൂവെന്ന് ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മുന്നറിയിപ്പ്. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആവശ്യമുന്നയിക്കുന്ന സംസ്ഥാന നേതാക്കൾ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെങ്കിലും ജയിച്ച് കയറി ജനപിന്തുണ തെളിയിക്കണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും അരുവിക്കര ഉപതെരഞ്ഞെടുപ്പിലും ഒ രാജഗോപാൽ നേടിയ വോട്ടുകൾ പ്രചോദനമാകണം. അതിനനുസരിച്ചുള്ള മുന്നേറ്റം തിരുവനന്തപുരം ജില്ലയിൽ വേണം. എങ്കിൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളായ പ്രമുഖര മത്സരിപ്പിക്കാനാണ് നീക്കം.

കോർപ്പറേഷൻ മേയറായി രാജഗോപാലിനെ ഉയർത്തിക്കാട്ടിയുള്ള തന്ത്രങ്ങൾ അവിഷകരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. ഇത് ജനങ്ങൾ ഏറ്റെടുക്കുമെന്നും ജയിച്ചു കയറാമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ രാജഗോപാലിനെ വച്ച് കോർപ്പറേഷൻ ഇലക്ഷനിലെ കളി വേണ്ടെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തിട്ടുണ്ട്. ദേശീയതലത്തിൽ തന്നെ പാർട്ടിയുടെ സമുന്നത നേതാവ് രാജഗോപാൽ. ഈ സാഹചര്യത്തിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ രാജഗോപാലിനെ മത്സരിപ്പിക്കേണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റേയും നിലപാട്. ഈ സാഹചര്യത്തിൽ മറു തന്ത്രങ്ങൾ ആവഷ്്കരിക്കുകയാണ് ബിജെപി. ഏതായാലും അമിത് ഷായുടെ അന്ത്യശാസനം കണക്കിലെടുത്ത് തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം ഇത്തവണ തങ്ങൾ പിടിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ നഗരസഭയിൽ നിലവിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ ഏഴ് അംഗങ്ങൾ മാത്രമുള്ള പാർട്ടിക്ക് ഈ ലക്ഷ്യം എങ്ങനെ കൈവരിക്കാൻ കഴിയുമെന്ന സംശയത്തിലാണ് നേതൃത്വം. ഈ സാഹചര്യത്തിൽ കരുത്തനായ ഒരു സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പോരാട്ടം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിന് സമാനമായി കഴിഞ്ഞതവണ ബിജെപി ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച് രണ്ടാമത് എത്തിയ കോർപ്പറേഷൻ വാർഡുകളിലെല്ലാം കരുത്തരായ ജില്ലാ നേതാക്കൾ തന്നെ മത്സരിക്കും. സുരേഷ് ഗോപിയെ പ്രചരണ രംഗത്ത് സജീവമാക്കാനും ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. അരുവിക്കരയിൽ അവസാന ഘട്ടത്തിൽ വോട്ട് ചോദിച്ച് സുരേഷ് ഗോപിയെത്തിയത് തരംഗമായെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചാൽ അത് ബിജെപിക്ക് ദേശീയ തലത്തിൽ തന്നെ വലിയ നേട്ടമാകും. അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ദേശീയ പ്രസിഡന്റെ അമിത് ഷാ നേരിട്ട് കാര്യങ്ങൾ വിലയിരുത്തും.

തിരുവനന്തപുരത്ത് രാഷ്ട്രീയാതീതമായി സൗഹൃദബന്ധങ്ങളുള്ള, ജനങ്ങൾക്കിടയിൽ പരിചിതനായ രാജേഷിനെ ഉയർത്തിക്കാട്ടി നഗരസഭയിൽ മത്സരിച്ചാൽ അത് നേട്ടമാകുമെന്നാണ് ബിജെപി സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തൽ. 2010-ൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽനിന്ന് മത്സരിച്ച രാജേഷ് മണ്ഡലത്തിൽ സുപരിചിതനാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും രാജേഷ് തന്നെയാകും വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജപി സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ വട്ടിയൂർകാവ് മണ്ഡലം ഉൾപ്പെടുന്ന ഏതെങ്കിലും കോർപ്പറേഷൻ വാർഡുകളിൽ നിന്ന് രാജേഷിനെ മത്സരിപ്പിക്കാനാണ് നീക്കം. വനിതാ വാർഡുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായാലുടൻ രാജേഷ് മത്സരിക്കുന്ന സീറ്റിൽ ബിജെപി തീരുമാനം എടുക്കും.

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ ബിജെപി കുഴങ്ങുകയാണെന്നും സൂചനയുണ്ട്. കടുത്ത പാർട്ടിക്കാരെ ഒഴിവാക്കി, ഉയർന്ന സ്ഥാനങ്ങളിൽനിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, വിരമിച്ച അദ്ധ്യാപകർ, ആശാ വർക്കർമാർ തുടങ്ങിയവരെ കണ്ടെത്തി മത്സരിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. ഇത്തരം സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. എസ് എൻ ഡി പിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ അവർ മുന്നോട്ട് വയ്ക്കുന്നവർ സ്ഥാനാർത്ഥികളാകും. കെപിഎംഎസുമായി സഹകരിച്ച് തന്നെയാകും മത്സരം. എന്നാൽ തിരുവനന്തപുരം കോർപ്പറേഷന് അവർക്ക് നിർണ്ണായക സ്വാധീനമില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പ്രാദേശീക എൻഎസ്എസ് നേതൃത്വത്തിന്റേയും പിന്തുണ ഉറപ്പാക്കുന്ന തരത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കും.

അതേസമയം നഗരസഭയിൽ എൽഡിഎഫിന്റെ നിഴലായി നിൽക്കുന്നുവെന്ന് ആക്ഷേപം കേൾക്കുന്ന ബിജെപിക്ക് അവരിൽനിന്ന് ഭരണം പിടിച്ചെടുക്കുക എന്നത് അസാധ്യമായിരിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സിപിഎമ്മിൽ നിന്ന് ഭരണം പിടിച്ചെടുക്കക കോൺഗ്രസുകാർ തന്നെയാകുമെന്നും വാദിക്കുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഇടത് കോട്ടായി തന്നെ നിലനിൽക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. കഴക്കൂട്ടം മുൻസിപ്പാലിറ്റി രൂപീകരണത്തിനുള്ള നീക്കം പൊളിഞ്ഞതോടെ കോർപ്പറേഷനിൽ വ്യക്തമായ മുൻതൂക്കം ലഭിക്കുമെന്നും സിപിഐ(എം) പറയുന്ന.ു എന്തായാലും എൽഡിഎഫിനും യുഡിഎഫിനും ഭീഷണി ഉയർത്തി കുറച്ചു സീറ്റുകളെങ്കിലും ബിജെപി പിടിക്കുമെന്നാണ് പൊതു വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP