Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദി വന്നതോടെ ഒന്നൊന്നായി കാവിപുതച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അടിതെറ്റുമോ? കഴിഞ്ഞതവണത്തെ എട്ടുസീറ്റ് 21 ആക്കി ഉയർത്താമെന്ന അമിത്ഷായുടെ സ്വപ്‌നത്തിന്‌ തിരിച്ചടിയാകുന്നത് പൗരത്വ നിയമ ഭേദഗതി ബിൽ; ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് 14 സീറ്റുള്ള മുസ്‌ളീം വോട്ടുകൾ ഏറെയുള്ള അസാമിൽ തന്നെ; ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തവർ ഓരോന്നായി എൻഡിഎ സഖ്യം വിട്ടു; സിപിഎമ്മിനെ 'വെട്ടിയിറക്കിയ' ത്രിപുരയിൽ പോലും അടിതെറ്റാൻ സാധ്യത

മോദി വന്നതോടെ ഒന്നൊന്നായി കാവിപുതച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അടിതെറ്റുമോ? കഴിഞ്ഞതവണത്തെ എട്ടുസീറ്റ് 21 ആക്കി ഉയർത്താമെന്ന അമിത്ഷായുടെ സ്വപ്‌നത്തിന്‌ തിരിച്ചടിയാകുന്നത് പൗരത്വ നിയമ ഭേദഗതി ബിൽ; ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് 14 സീറ്റുള്ള മുസ്‌ളീം വോട്ടുകൾ ഏറെയുള്ള അസാമിൽ തന്നെ; ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തവർ ഓരോന്നായി എൻഡിഎ സഖ്യം വിട്ടു; സിപിഎമ്മിനെ 'വെട്ടിയിറക്കിയ' ത്രിപുരയിൽ പോലും അടിതെറ്റാൻ സാധ്യത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി ഉള്ളത് ആകെ 25 സീറ്റുകളാണ്. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം പിന്നിട്ട മൂന്ന് വർഷത്തിനിടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന സ്വപ്‌നം ബിജെപി നടപ്പാക്കിയ അമിത്ഷാ നടപ്പിലാക്കിയ ഇന്ത്യൻ മേഖല. വിലപേശലും വിവിധ കക്ഷികളെ കൈകാര്യം ചെയ്യലുമായി ഈ മേഖലകളിൽ അധികാരം പിടിച്ചെടുക്കൽ നടപ്പിലാക്കിയ അമിത് ഷായ്ക്കും ബിജെപിക്കും വലിയ പ്രതീക്ഷയായിരുന്നു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ മേഖലയിൽ.

പരമാവധി 23 സീറ്റുവരെ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഈ മേഖലയിൽ നേടുമെന്ന പ്രതീക്ഷയായിരുന്നു പാർട്ടി നേതൃത്വങ്ങൾ നാലുമാസം മുമ്പുവരെ പങ്കുവച്ചത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വളരെ ശക്തമായ മത്സരം ബിജെപി സഖ്യവും കോൺഗ്രസ് സഖ്യവും തമ്മിൽ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.

ഏറെക്കാലമായി കോൺഗ്രസും സഖ്യകക്ഷികളും കൈകാര്യം ചെയ്തുവന്ന സംസ്ഥാനങ്ങളെ പതിയെ തന്ത്രപൂർവം പൊളിച്ചടുക്കിയാണ് ബിജെപി ഈ മേഖലയിൽ തന്ത്രം മെനഞ്ഞ് സംസ്ഥാന ഭരണങ്ങൾ ഒന്നൊന്നായി പിടിച്ചടുക്കിയത്. ഏറെക്കാലം അടക്കിഭരിച്ച വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് സ്ഥാനഭ്രഷ്ടരായി.എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബിജെപിയുടെ ആത്മവിശ്വാസം ഉലയുകയാണ്.

മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിലപാടുകൾ മുന്നോട്ടുപോകുന്നത്. ഒന്ന് കോൺഗ്രസ് മധ്യഭാരതത്തിൽ ഏറ്റവും ഒടുവിൽ നേടിയ കുതിപ്പുതന്നെ. രാജ്യം കോൺഗ്രസിനൊപ്പം നീങ്ങിയേക്കുമെന്ന പ്രചരണം ശക്തമാകുകയാണ് ഇതോടെ ഇവിടെയും. രണ്ടാമതായി പൗരത്വ നിയമ ഭേദഗതി ബിൽ ബിജെപി നടപ്പാക്കിയതാണ് ഈ പ്രദേശങ്ങളിലെ മുഖ്യ ചർച്ചാ വിഷയം. മൂന്നാമതായി കോൺഗ്രസിനെ വെട്ടിലാക്കി ഉണ്ടായിക്കെടുത്ത പല പ്രാദേശിക ബന്ധങ്ങളിലും ഓരോ കാരണങ്ങളാൽ വിള്ളൽ വീണിരിക്കുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം വലിയ തലവേദന ബിജെപിക്ക് സൃഷ്ടിക്കുമ്പോൾ ഇത് മുതലെടുത്ത് തങ്ങളുടെ അധീനതയിലിരുന്ന സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാൻ നോക്കുകയാണ് കോൺഗ്രസ്. മധ്യഭാരതത്തിലെ കോൺഗ്രസ് കുതിപ്പും വിശാല കൂട്ടുകെട്ടുകളും മാത്രമല്ല, പ്രാദേശിക പ്രശ്‌നങ്ങളും ബിജെപിക്കു പ്രതിബന്ധം തീർക്കുന്നു. ഹിന്ദുത്വ അജൻഡ ഗോത്രവർഗ വിഭാഗങ്ങളുടെ സ്വത്വരാഷ്ട്രീയത്തിൽ തട്ടിത്തകരുന്ന കാഴ്ചകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാട്ടിത്തരുന്നു. 10 ലക്ഷത്തോളം മുസ്ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പൗരത്വ നിയമഭേദഗതിയും ബിജെപിയെ വെട്ടിലാക്കുന്നു.

സർബാനന്ദ സോനോവാളിനെ ക്യാപ്റ്റനാക്കി അസം പിടിച്ചെടുത്താണ് ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്ന് വർഷം മുമ്പ് തേരോട്ടം തുടങ്ങിയത്. പ്രാദേശിക പാർട്ടികൾക്കു മേൽക്കൈ ഉള്ളിടത്ത് അവരെ കൂട്ടുപിടിച്ചു. അരുണാചൽ പ്രദേശിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരെ ഒന്നടങ്കം തങ്ങളുടെ പാളയത്തിലെത്തിച്ച് മൽസരിച്ചു ജയിക്കാതെതന്നെ സർക്കാരുണ്ടാക്കി. അസം, അരുണാചൽ, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങൾ ഭരിക്കുന്നതും ഇപ്പോൾ ബിജെപി തന്നെ. നാഗാലാൻഡിലും മേഘാലയയിലും ഭരിക്കുന്ന പാർട്ടിയുടെ സഖ്യകക്ഷിയാണ് അമിത്ഷായുടെ പാർട്ടി. മിസോറമിലെയും സിക്കിമിലെയും ഭരണകക്ഷികളും ബിജെപി നേതൃത്വം കൊടുക്കുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ്.

മേഖലയിലെ ആകെ 25 ലോക്‌സഭാ സീറ്റുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടെണ്ണം മാത്രമേ ബിജെപിക്കു ലഭിച്ചുള്ളൂ. അസമിൽ ഏഴും അരുണാചലിൽ ഒന്നും. ഇത്തവണ 21 സീറ്റ് നേടുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരിക്കെയാണ് പൊടുന്നനെ ചിത്രം മാറുന്നതും കോൺഗ്രസ് അനുകൂല സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും. അസമിൽ 14ഉം രണ്ടെണ്ണം വീതം മണിപ്പൂരിലും ത്രിപുരയിലും മേഘാലയയിലും അരുണാചലിലും ഓരോ സീറ്റുവീതം നാഗാലാൻഡിലും മിസോറാമിലും സിക്കിമിലും. ഇതാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ലോക്‌സഭാ പ്രാതിനിധ്യം.

വ്യക്തിത്വ ബിൽ വലിയ തലവേദന ആകുന്നത് അസമിൽ

പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി ബിൽ ബിജെപിക്ക് തിരിച്ചടിയാകും. പൗരത്വ നിയമഭേദഗതിയനുസരിച്ച് കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു പൗരത്വം കൊടുക്കുമെങ്കിലും മുസ്ലിംകളെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ അവർ ഒഴിവാകും. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അസം പൗരത്വ രജിസ്റ്ററിന്റെ കരടിൽ നിന്ന് ഒഴിവാക്കപ്പെട്ട 40.7 ലക്ഷം പേരിൽ 28 ലക്ഷം ഹിന്ദുക്കൾക്കു പുതുതായി പൗരത്വം ലഭിക്കും. 10 ലക്ഷം മുസ്ലിംകൾ പുറത്താകുമെന്നതാണ് സ്ഥിതി. ആദ്യം ചെറിയതോതിൽ ഉയർന്ന പ്രതിഷേധം പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ, 14 ലോക്‌സഭാ മണ്ഡലങ്ങളുള്ള അസമിൽ നിന്നുതന്നെ തിരിച്ചടി കിട്ടി. ഇവിടെയുള്ള ന്യൂനപക്ഷങ്ങൾ വലിയ എതിർപ്പുയർത്തി. ഇതോടെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അവരുടെ മന്ത്രിമാർ രാജിവച്ചു. എജിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മൊഹന്ത വീണ്ടും ഇലക്ഷൻ നടത്തണമെന്നുവരെ പറഞ്ഞുവച്ചു. ഇതാണ് അസമിലെ സ്ഥിതി. ഇതിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലായി ഉള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും അസമിൽ എത്തുന്നതും പ്രവർത്തനം ശക്തമാക്കുന്നതും.

എജിപി ഒരുവശത്തും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മ നേതൃത്വം നൽകുന്ന എൻപിപി മറുവശത്തും നിൽക്കുമ്പോൾ അസമിൽ ബിജെപിക്ക് കാര്യങ്ങൾ കൈവിട്ടുപോകുകയാണ്. രണ്ടുകക്ഷികളും ഒരുപോലെ ബില്ലിന് എതിരെ നിൽക്കുന്നതോടെയാണ് ബിജെപിയുടെ സാധ്യതകൾ മങ്ങുന്നത്. ഏതായാലും അസമിലുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പത്ത് സീറ്റുകളിൽ തങ്ങളും സഖ്യകക്ഷികളും വിജയിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. അസമിൽ അഞ്ചു സീറ്റാണ് എൻപിപി സാന്നിധ്യമറിയിക്കുക. കഴിഞ്ഞതവണ മൂന്നു സീറ്റാണ് കോൺഗ്രസ് അസമിൽ നേടിയത്. അഞ്ചുവർഷം മുമ്പ് ആസാം കേന്ദ്രീകരിച്ചുള്ള ആൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്ന് സീറ്റുകൾ അസമിൽ നേടിയിരുന്നു. അവരുടെ നിലപാടും നിർണായകമാണ് ഇക്കുറി.

മേഘാലയയിലും മണിപ്പൂരിലും തൃപുരയിലുമെല്ലാം പ്രശ്‌നങ്ങൾ

മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പിപ്പീൾസ് പാർട്ടി പ്രസിഡന്റുമായ കോൺറാഡ് സാങ്മ ബില്ലിനെ രൂക്ഷമായി വിമർശിക്കുകയും ബിജെപിസഖ്യം അവസാനിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനങ്ങളും നടത്തിയത്. ഇത് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദനയാണ്. വ്യക്തിത്വ ബില്ലിനെതിരെ മേഘാലയ മന്ത്രിസഭ പ്രമേയവും പാസാക്കിയിരുന്നു. 2 ലോക്‌സഭാ സീറ്റുകളാണു സംസ്ഥാനത്തുള്ളത്. കഴിഞ്ഞതവണ എൻപിപി കോൺഗ്രസിന് കൂടെയായിരുന്നു. ഒരു സീറ്റ് നേടുകയും ചെയ്തു. മേഘാലയയിൽ ഒരു സീറ്റ് നേടിയത് കോൺഗ്രസ് ആണ്.

ബിജെപി ഭരിക്കുന്ന മണിപ്പുരിൽ എൻപിപിക്ക് 4 എംഎൽഎമാരുണ്ട്. എന്നത് അവിടെയും ബിജെപിക്ക് വിഷയം തന്നെയാണ്. സിപിഎമ്മിൽനിന്നു ബിജെപി അധികാരം പിടിച്ചെടുത്ത ത്രിപുരയിൽ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തുതും രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പിൽ നിർണായകമാണ്.

മിസോറമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) ബില്ലിനെതിരെ രംഗത്തെത്തിയതും ബിജെപിക്ക് എതിരാണ്. നാഗാലാൻഡ് ഭരിക്കുന്ന നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) ബിൽ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കുകയും ചെയ്തു. നാഗാ പീപ്പിൾസ് ഫ്രണ്ട്, ഉൾഫ, ലോക് ജൻശക്തി പാർട്ടി തുടങ്ങി ചെറു കക്ഷികളുടെ നിലപാടുകളും നിർണായകമാണ്.

നാഗാലാൻഡിലെ വലിയൊരു ജനവിഭാഗമായ നാഗാ സമൂഹം എങ്ങനെ പ്രതികരിക്കും ഈ തിരഞ്ഞെടുപ്പിൽ എന്നത് നിർണായകമാണ്. ഇൻഡോ-നാഗ കരാർ തന്നെയാകും വിഷയം. സിക്കിമിൽ സ്വന്തം പാർട്ടി രൂപീകരിച്ച ഫുട്ബോൾ താരം ബൈച്ചുംഗ് ബൂട്ടിയയുടെ നേതൃത്വത്തിലാവും അങ്കം മുറുകുക. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും ശക്തമായ സാന്നിധ്യവുമായി രംഗത്തുണ്ട്.

കോൺഗ്രസിനെ വിഴുങ്ങിയ അരുണാചൽ ആണ് മറ്റൊരു സംസ്ഥാനം. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചെങ്കിലും പിന്നെ ബിജെപി ചാക്കിട്ടു പിടിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രി പേമ ഖണ്ഡുവും മന്ത്രിസഭാംഗങ്ങളും ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. ഇത്തവണ ആദ്യമായി അവർ ബിജെപി ടിക്കറ്റിൽ മൽസരിക്കും. എന്നാൽ ബിജെപിയിലേക്ക് നേതാക്കൾ ചുവടുമാറിയതിനെ എത്രത്തോളം അണികൾ ഉൾക്കൊണ്ടു എന്നതിന്റെ വിലയിരുത്തൽ രണ്ടു സീറ്റിലും ഉണ്ടാകും.

ബിജെപിയെ പോലെ കോൺഗ്രസും പ്രതിസന്ധിയിൽ

കുറേക്കാലം കുത്തകയാക്കിവച്ച സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ട ക്ഷീണം കോൺഗ്രസ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തീർക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നെങ്കിലും സഖ്യസാധ്യതകൾക്ക് ഇപ്പോഴും അന്തിമരൂപം ആയിട്ടില്ല. വോട്ടുകൾ ചെറുപാർട്ടികൾക്കിടയിൽ ഭിന്നിച്ചുപോകുമ്പോൾ എത്രത്തോളം നേട്ടമുണ്ടാക്കാം എന്നതാണ് കോൺഗ്രസിന്റെ നോട്ടം.

മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റേയും സഖ്യകക്ഷികളുടേയും നേതാക്കളെ ചാക്കിട്ടുപിടിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എന്നാൽ ഇതിനെ അണികൾ എത്രത്തോളം ഉൾക്കൊണ്ടുവെന്നത് ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നിരവധി നേതാക്കളുണ്ട് ഇവിടങ്ങളിൽ. അതിനാൽ പാർട്ടിയെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പ് നേരിടാനും കൂടുതൽ സഖ്യങ്ങൾ ചെറുപാർട്ടികളുമായി ഉണ്ടാക്കാനുമാവും കോൺഗ്രസിന്റെ നോട്ടം.

പക്ഷേ, പാർട്ടി പുനഃസംഘടനയ്ക്ക് വലിയ സാധ്യതയില്ല. കാരണം പ്രധാനനേതാക്കളിൽ നല്ലൊരു പങ്കും ബിജെപിയുടെ കൂടെ പോയി. അസം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിന്റെ പ്രധാന നേതാവായ ഹിമന്ത ബിശ്വ ശർമ ഒരു സംഘം എംഎൽഎമാരെയും കൂടെക്കൂട്ടിയാണു ബിജെപിയിലേക്കു ചേക്കേറിയത്. അരുണാചലിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവർ കൂറുമാറി ബിജെപിയുടെ ബാനറിൽ സർക്കാരുമുണ്ടാക്കി.

പ്രാദേശിക കക്ഷികൾ ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിയുടെ ആശയത്തെക്കാൾ, കേന്ദ്രത്തിൽനിന്നുള്ള സഹായങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിൽ ഭരണം മാറുമെന്ന നിലപാട് ഇക്കുറി ചർച്ചയായിട്ടുണ്ട്. അതിനാൽ തന്നെ കോൺഗ്രസുമായി കക്ഷിചേരാനാകും കൂടുതൽ ചെറുകക്ഷികളും താത്പര്യപ്പെടുക. ഇതിന്റെ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ പാർട്ടി.

പക്ഷേ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ ആനുകൂല്യം കോൺഗ്രസിനു പ്രതീക്ഷിക്കാനാവില്ല. ഇതോടൊപ്പം ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉൾപ്പെടെ വിവിത മത സംഘടനകൾ നിർണായക വോട്ടുബാങ്കുകളാണ് ഈ സംസ്ഥാനങ്ങളിലെല്ലാം. അതും മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കും. കഴിഞ്ഞവണത്തെ എട്ടുസീറ്റ് എന്ന സ്വപ്‌നത്തിൽ നിന്ന് എത്രത്തോളം ബിജെപിക്ക് മുന്നോട്ടുപോകാനാകും ഇക്കുറി എന്നതാണ് ചോദ്യം. എന്നാൽ അതോടൊപ്പം കോൺഗ്രസിന്റെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ അതുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP