Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജഗോപാലിനെ ഇറക്കി നേമം പിടിച്ചേ മതിയാവൂ എന്ന വാശിയിൽ ബിജെപി; തിരുവനന്തപുരവും വട്ടിയൂർക്കാവും കഴക്കൂട്ടവും കാട്ടാക്കടയും മഞ്ചേശ്വരവും കാസർഗോഡും പിടിക്കാൻ ഏതറ്റം വരെയും പോകും; അമിത് ഷായുടെ സ്വപ്‌നങ്ങൾ ഇങ്ങനെ

രാജഗോപാലിനെ ഇറക്കി നേമം പിടിച്ചേ മതിയാവൂ എന്ന വാശിയിൽ ബിജെപി; തിരുവനന്തപുരവും വട്ടിയൂർക്കാവും കഴക്കൂട്ടവും കാട്ടാക്കടയും മഞ്ചേശ്വരവും കാസർഗോഡും പിടിക്കാൻ ഏതറ്റം വരെയും പോകും; അമിത് ഷായുടെ സ്വപ്‌നങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള ഏഴ് മണ്ഡലങ്ങളുടെ പട്ടിക ദേശീയ അധ്യക്ഷൻ വി മുരളീധരൻ തയ്യാറാക്കി. ഈ മണ്ഡലങ്ങളിൽ വീറും വാശിയുമുള്ള പോരാട്ടം കാഴ്ച വയ്ക്കും.

ആരൊക്കെ ഈ മണ്ഡലങ്ങളിൽ മത്സരിക്കണമെന്നതിൽ ധാരണയുണ്ടാക്കാൻ സംസ്ഥാന നേതൃത്വത്തോട്് അമിത് ഷാ നിർദ്ദേശിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഒ രാജഗോപാലിനെ തന്നെ നേമത്ത് മത്സരിപ്പിച്ചാൽ മതിയെന്നാണ് നിർദ്ദേശം.

രാജഗോപാൽ മത്സരിച്ചാൽ നേമത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പാണമെന്ന് അമിത് ഷാ കണക്കു കൂട്ടുന്നു. ഇതിനൊപ്പം തിരിവനന്തപുരം ജില്ലയിലെ മറ്റ് നാല് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പോരാട്ടം ശക്തമാക്കും. കാസർഗോഡും മഞ്ചേശ്വരത്തും ജയിച്ചേ മതിയാകൂ എന്ന നിർദ്ദേശമാണ് അമിത് ഷാ നൽകിയിരിക്കുന്നത്.

തിരുവനന്തപുരത്തെ നേമമാണ് ബിജെപി. ഏറ്റവും കൂടുതൽ സാധ്യത കാണുന്ന മണ്ഡലം. ഒ.രാജഗോപാൽ നേമത്ത് മത്സരിക്കും. ഗവർണർ സ്ഥാനം ഉറപ്പാക്കിയിരുന്ന രാജഗോപാലിനോട് മണ്ഡലത്തിൽ സജീവമാകാൻ കേന്ദ്രനേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട്. നേമത്ത് അംഗത്വപ്രചാരണ പരിപാടിയായ മഹാസമ്പർക്ക് അഭിയാന് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്. 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 43661 വോട്ടുകൾനേടി രാജഗോപാൽ ഇവിടെ രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ വോട്ടുകൾ അദ്ദേഹം നേമത്ത് പിടിച്ചു. യു.ഡി.എഫിനേക്കാൾ 18046 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് അവിടെ ലഭിച്ചത്. അടുത്ത തവണ നേമം രാജഗോപാലിനെ കൈവിടില്ലെന്നാണ് അമിത് ഷായുടെ ഉറച്ച വിശ്വാസം. കേന്ദ്ര നേതൃത്വത്തിന്റെ സജീവ ഇടപെടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇഫക്ടും രാജഗോപാലിനെ നിയമസഭയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷ.

നേമത്ത് രാജഗോപാൽ എത്തുമ്പോൾ കഴക്കൂട്ടത്ത് സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ തന്നെ മത്സരിക്കാൻ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജഗോപാലിന് വൻ മുൻതൂക്കം നൽകിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. തിരുവനന്തപും, വട്ടിയൂർകാവ് എന്നിവിടങ്ങളിലും രാജഗോപാലിനായിരുന്നു ഒന്നാം സ്ഥാനം. ഇതിൽ തിരുവനന്തപുരത്ത് ജനപിന്തുണയുള്ള മികച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് ആലോചന. ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ ചീഫ് സെക്രട്ടറി സിപി നായർ തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ഇത്തരത്തിൽ പൊതു സമ്മതരായവരുടെ പട്ടിക തയ്യാറാക്കി അതിൽ നിന്നും ബിജെപിയോട് ചേരാൻ താൽപ്പര്യമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ജി മാധവൻ നായരുമായി ഇതു സംബന്ധിച്ച പ്രാഥമിക ചർച്ച തുടങ്ങിയെന്ന സൂചനയുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലൊന്നിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

7600 വോട്ടുകളുടെ മേൽക്കൈ ബിജെപി. കഴക്കൂട്ടത്ത് നേടിയിരുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞയാഴ്ച നടന്ന ദേശീയപാത വികസനപരിപാടിയിൽ അദ്ദേഹത്തിന്റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. മുരളീധരന്റെ അഭ്യർത്ഥനപ്രകാരം മണ്ഡലത്തിലെ പദ്ധതികൾക്ക് പണം അനുവദിച്ചകാര്യം കേന്ദ്രമന്ത്രി ഗഡ്കരി ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു. മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിന് എസ്.എൻ.ഡി.പി. നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഈഴവ സമൂദായത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ് കഴക്കൂട്ടം. മുരളീധരനെ വിജയിപ്പിച്ചെടുക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്. എസ് എൻ ഡി പിയുടെ ശാഖകളും മൈക്രോഫിനാൻസ് സംവിധാനവും സജീവമാണ് ഇവിടം. ഇതുകൊണ്ടാണ് കോഴിക്കോടുകാരനായ മുരളീധരൻ തിരുവനന്തപുരത്ത് മത്സരിക്കാനെത്തുന്നത്.

വട്ടിയൂർകാവിൽ ബിജെപി വലിയ സാധ്യത കാണുന്നുണ്ട്. എന്നാൽ കോൺഗ്രസിന്റെ കെ മുരളീധരനാണ് സിറ്റിങ് എംഎൽഎ. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വട്ടിയൂർകാവിൽ പ്രശ്‌നമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ആർഎസ്എസിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ട് മറിഞ്ഞില്ലെങ്കിൽ ജയിച്ചു കയറാമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അത്തരത്തിൽ കരുതലോടെയുള്ള പ്രചരണം ബിജെപി വട്ടിയൂർകാവിൽ തുടങ്ങി കഴിഞ്ഞു. യുവമോർച്ചാ മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ പാർട്ടി വക്താവുമായ യുവനേതാവ് വിവി രാജേഷാകും ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും രാജേഷ് വട്ടിയൂർകാവിലെ വാർഡുകളിലൊന്നിൽ മത്സരിക്കാൻ സാധ്യതയുണ്ട്. മുരളീധരന്റെ സജീവസാന്നിധ്യം പ്രശ്‌നമാകില്ലെന്നാണ് രാജേഷിന്റേയും വിലയിരുത്തൽ. നേമത്തിന് സമാനമായി സംഘടനയെ ചലിപ്പിക്കാൻ വട്ടിയൂർകാവിലും ആർഎസ്എസിന് കഴിയുമെന്നാണ് അമിത് ഷായ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ടും.

തിരുവനന്തപുരത്ത് കാട്ടാക്കടയിലും വലിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് ഇരുപത്തിമൂവായിരത്തിൽ അധികം വോട്ടുകൾ നേടിയിരുന്നു. അരുവിക്കര മണ്ഡലത്തോട് ചേർന്നുള്ള കാട്ടക്കടയിൽ പഴയ നേമം മണ്ഡലത്തിലെ ഭാഗങ്ങളുമുണ്ട്. ചില പഞ്ചായത്തുകളിൽ ബിജെപിക്ക് നല്ല സ്വാധീനവും. അതുകൊണ്ട് തന്നെ കാട്ടാക്കടയിൽ കഴിഞ്ഞ നാല് കൊല്ലവും കൃഷ്ണദാസ് സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കാട്ടക്കടയിൽ കൃഷ്ണദാസ് വീണ്ടും മത്സരിക്കും. ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തന്റെ നിയമസഭാ മണ്ഡലത്തിൽ സമുദായിക സമവാക്യങ്ങളും മോദി ഇഫക്ടും കൃഷ്ണദാസിനെ തുണച്ചാൽ ബിജെപിക്ക് മുതൽകൂട്ടാകും. ഇത് മുന്നിൽ കണ്ടുള്ള ഇടപെടൽ കൃഷ്ണദാസും തുടങ്ങികഴിഞ്ഞു. ഈ മേഖലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചരണത്തിൽ കൃഷ്ണദാസ് സജീവമായി പങ്കെടുക്കും.

സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, കെ.പി.ശ്രീശൻ എന്നിവർ യഥാക്രമം മഞ്ചേശ്വരത്തും കാസർകോട്ടും മത്സരിച്ചേക്കും. രണ്ടിടങ്ങളിലും ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി. യഥാക്രമം 46631, 41236 വോട്ടുകൾവീതം നേടി രണ്ടാമതെത്തിയിരുന്നു. കാസർഗോഡ് പാർട്ടിയിൽ വിഭാഗിയതയുടെ പ്രശ്‌നങ്ങളുണ്ട്. പാർട്ടിയുടെ കർണ്ണാടക ഘടകത്തിന്റെ സജീവ ഇടപെടലിലൂടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കും. കഴിഞ്ഞതവണ കാസർഗോഡ് മത്സരിച്ച് രണ്ടാമത് എത്തിയ ജയലക്ഷ്മി ഭട്ട് ഇപ്പോൾ നേതൃത്വവുമായി അകൽച്ചയിലാണ്. ഇവരുടെയെല്ലാം വിശ്വാസം നേടി ശ്രീശന് മികച്ച സ്ഥാനാർത്ഥിയാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പാലക്കാട്, തൃശൂർ നിയമസഭാ മണ്ഡലങ്ങളിലും മികച്ച സ്ഥാനാർത്ഥികളെത്തും. ശോഭാ സുരേന്ദ്രനെ പാലക്കാട്, തൃശൂർ ജില്ലകളിലൊന്നിൽ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.

വൈസ് പ്രസിഡന്റ് എം ടി.രമേശിനെ ആറന്മുളയിലേക്കാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിനെതിരായ ജനകീയപ്രക്ഷോഭം ഇവിടെ ബിജെപി.ക്ക് പ്രതീക്ഷനൽകുന്നു. മുൻ സംസ്ഥാന പ്രസിഡന്റായ സി.കെ. പത്മനാഭനെ കുന്നമംഗലത്തും വീണ്ടും രംഗത്തിറക്കിയേക്കും. ഖാദി, റബ്ബർ, നാളികേര ബോർഡുകളുടെ തലപ്പത്ത് കേരളത്തിൽനിന്നുള്ള നേതാക്കളുടെ നിയമനം വൈകുന്നതിന് നിയമസഭാസ്ഥാനാർത്ഥി നിർണയവും കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP