Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നായർ വോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് മറിയും; ഈഴവ വോട്ടുകൾ വെള്ളാപ്പള്ളിയുടെ പാർട്ടിയിലേക്കും; 20 സീറ്റുകളിൽ കോൺഗ്രസ്സിനു വോട്ടുമറിച്ചാൽ എൽഡിഎഫ് പരാജയം പൂർണം; ഇന്ത്യയിലെ ഏറ്റവും ആധികാരിക തെരഞ്ഞെടുപ്പ് വിലയിരുത്തൽ സംഘടനയുടെ പഠന റിപ്പോർട്ട് ഇടതുമുന്നണിക്ക് എതിര്; സിഎസ്ഡിഎസ് കണക്കുകൾ വ്യക്തമാക്കുന്ന ചിത്രം ഇങ്ങനെ

നായർ വോട്ടുകൾ വൻതോതിൽ ബിജെപിയിലേക്ക് മറിയും; ഈഴവ വോട്ടുകൾ വെള്ളാപ്പള്ളിയുടെ പാർട്ടിയിലേക്കും; 20 സീറ്റുകളിൽ കോൺഗ്രസ്സിനു വോട്ടുമറിച്ചാൽ എൽഡിഎഫ് പരാജയം പൂർണം; ഇന്ത്യയിലെ ഏറ്റവും ആധികാരിക തെരഞ്ഞെടുപ്പ് വിലയിരുത്തൽ സംഘടനയുടെ പഠന റിപ്പോർട്ട് ഇടതുമുന്നണിക്ക് എതിര്; സിഎസ്ഡിഎസ് കണക്കുകൾ വ്യക്തമാക്കുന്ന ചിത്രം ഇങ്ങനെ

ബി രഘുരാജ്‌

ന്യൂഡൽഹി: അഞ്ചുവർഷത്തിലൊരിക്കൽ ഓരോ മുന്നണിയിലെയും മാറി മാറി അനുഗ്രഹിക്കുന്ന കേരളത്തിന്റെ പരമ്പരാഗത വോട്ടുമനസ്സ് ഇക്കുറി മാറി ചിന്തിക്കുമോ? ഇത്തവണ അത്തരത്തിലൊരു മാറ്റം വരികയും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ തുടരുകയും ചെയ്താൽ അതിനുള്ള കാരണം യു.ഡി.എഫിന് ലഭിച്ച ജനപ്രീതിയാവില്ല, മറിച്ച് കേരളത്തിൽ വളർന്നുവരുന്ന ബിജെപിയുടെ സ്വാധീനമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഏറ്റവും ആധികാരികമായി തിരഞ്ഞെടുപ്പ് അവലോകനങ്ങൾ നടത്തുന്ന സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസിന്റെ നിരീക്ഷണം അനുസരിച്ച് യു.ഡി.എഫ്് അധികാരത്തിൽ തുടരാനുള്ള സാധ്യതയേറെയാണ്.

സി.എസ്.ഡി.എസ്. ഡയറക്ടർ സഞ്ജയ് കുമാറിന്റെ നിരീക്ഷണമനുസരിച്ച് എൽഡിഎഫ്‌ന്റെ തിരിച്ചുവരവിനുള്ള പ്രധാന വിലങ്ങുതടി ബിജെപിയുടെ വളർച്ചയാകും. പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകനായ യോഗേന്ദ്ര യാദവിനെപ്പോലുള്ളവർക്കൊപ്പം പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് കൂടുതൽ ആധികാരികത നൽകുന്നതാണ്. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന എന്ന, 1977 മുതൽ പിന്തുടർന്നുവരുന്ന നയം ഇക്കുറി കേരളത്തിലെ വോട്ടർമാർ സ്വീകരിക്കണമെന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ എല്ലായ്‌പ്പോഴും വളരെ നേരീയ മാർജിനുകളിലുള്ളതായിരിക്കും. സീറ്റുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകാമെങ്കിലും മുന്നണികൾക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകാറില്ല. എന്നാൽ ഇക്കാര്യത്തിലും സമീപകാലത്തുണ്ടായ പ്രധാന വ്യത്യാസത്തിന് കാരണം ബിജെപിയുടെ വളർച്ചയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അടുത്തിടെ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൈവരിച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിലേക്കുള്ള ചൂണ്ടുപലകയായി പലരും വിലയിരുത്താറുണ്ട്. അഴിമതിയുൾപ്പെടെയുള്ള കാര്യങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിനയായെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ നിശ്ചയിക്കുക വേറെ ഘടകങ്ങളാകാമെന്നാണ് വിലയിരുത്തൽ.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 45.8 ശതമാനം വോട്ടുനേടിയ യുഡിഎഫിന് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് 42 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇതിന്റെ നേട്ടം എൽഡിഎഫിനുണ്ടായില്ല എന്നതാണ് യാഥാർഥ്യം. അവരുടെ വോട്ട് 44.9 ശതമാനത്തിൽനിന്ന് 40.1 ശതമാനമായി താഴ്ന്നു. വോട്ടിൽ രണ്ടുശതമാനത്തിന്റെ വ്യത്യാസമേ ഉള്ളൂവെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 80 നിയമസഭാ മണ്ഡലങ്ങളിൽ മുന്നിട്ടുനിന്നിരുന്നു. എൽഡിഎഫ് 56 മണ്ഡലങ്ങളിലും. ഇതിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എൽഡിഎഫ് മറികടക്കുന്നതായിരുന്നു കാഴ്ച. വോട്ടുവിഹിതത്തിലും കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നതായി ഈ വിജയം. എന്നാൽ, ഇക്കാര്യങ്ങൾക്കിടെ ശ്രദ്ധേയമായ വസ്തുത കേരളത്തിൽ ബിജെപി കൈവരിച്ച വളർച്ചയാണ്.

2011-ലെ തെരഞ്ഞെടുപ്പിൽ ആറു ശതമാനം മാത്രം വോട്ടുനേടിയ ബിജെപിക്ക് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തുശതമാനമായി വോട്ട് വർധിച്ചു. തദ്ദേശ തെരഞ്ഞടുപ്പിലും അത് പ്രകടമായി. കോർപറേഷനുകളിൽ ഒമ്പത് സീറ്റുകൾ മാത്രമുണ്ടായിരുന്ന അവർക്ക് 51 കൗൺസിലർമാരെ ഇക്കുറി നേടാനായി. തിരുവനന്തപുരം കോർപറേഷനിൽ 34 ഇടത്ത് ബിജെപി വിജയിച്ചു. മുൻസിപ്പാലിറ്റികളിലെ കൗൺസിലർമാരുടെ എണ്ണം 79-ൽനിന്ന് 236 ആയി വർധിപ്പിക്കാനും ബിജെപിക്കായി. ബിജെപിയുടെ വളർച്ച കേരളത്തിൽ കാര്യമായി ബാധിക്കാൻ പോകുന്നത് ഇടതുപക്ഷത്തെയാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനൊരു കാരണം കേരളത്തിലെ മേൽത്തട്ടുകാർക്ക് ബിജെപിയോടുള്ള ചായ്‌വു തന്നെയാണ്. നഗരകേന്ദ്രങ്ങളിൽ 13.7 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇവിടങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടിയതാകട്ടെ 36.5 ശതമാനവും. എൽഡിഎഫിലെ കേരളത്തിലെ ആകമാനപ്രകടനത്തെക്കാൾ താഴെയാണിത്. ഈ മാറ്റമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ബാധിക്കാൻ പോകുന്നതെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

നഗര, പട്ടണപ്രദേശങ്ങളിലെ യുവാക്കൾ കൂടുതലായി ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നതാണ് സിഎസ്ഡിഎസിന്റെ സർവേയിൽ വെളിപ്പെട്ട കാര്യങ്ങളിലൊന്ന്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അപ്പർ ക്ലാസ് വോട്ടർമാരിൽ 22 ശതമാനവും ബിജെപിക്കാണ് വോട്ടുചെയ്തത്. 27 ശതമാനം എൽഡിഎഫിനും. നായർ വോട്ടുകളിൽ വലിയൊരു വിഭാഗം ബിജെപിയിലേക്ക് കേന്ദ്രീകരിക്കുന്നുവെന്നതും പ്രകടമാണ്. 30 ശതമാനം വോട്ടുകൾ ബിജെപിക്കു പോകുന്നുണ്ട്. എൻ.എസ്.എസ്സിനെപ്പോലുള്ള സംഘടനകളെ കൂടെനിർത്തി കൂടുതൽ നായർ വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ. നായർ വോട്ടുകൾക്കൊപ്പം വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്സുമായുള്ള സഖ്യവും ബിജെപിയെ തുണയ്ക്കും. ഈഴവ വോട്ടുകൾ ആകർഷിക്കാനായാൽ അത് ക്ഷീണം ചെയ്യുക ഇടതുപക്ഷത്തെയാകും. ഈ രണ്ട് വോട്ടൊഴുക്കും ആത്യന്തികമായി ബാധിക്കുക അധികാരത്തിൽ തിരിച്ചുവരാനുള്ള എൽഡിഎഫിന്റെ ശ്രമങ്ങളെയാകുമെന്ന് ഉറപ്പാണ്. കേരളത്തിൽ 23 ശതമാനം ഈഴവരും 14 ശതമാനം നായന്മാരുമാണുള്ളത്. ഈ രണ്ട് പ്രബല വിഭാഗങ്ങളിൽനിന്നുമുള്ള വോട്ടുചോർച്ച എൽഡിഎഫിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിന് ഇപ്പോൾത്തന്നെയുണ്ട്.

കേരളത്തിലെ പ്രബല വിഭാഗങ്ങളാണെങ്കിലും ഹൈന്ദവ ചേരിയെന്ന നിലയ്ക്ക് ഒരുമിച്ച് നിന്ന് വോട്ടുചെയ്യുന്ന ശീലം ഈഴവർക്കും നായന്മാർക്കുമില്ല. ഇത്തരത്തിലുള്ള ഹൈന്ദവ ചേരി സൃഷ്ടിക്കുകയും ഹിന്ദുവോട്ടുകൾ ചോരാതെ നോക്കുകയുമാണ് ബിജെപിയുടെ തന്ത്രം. ഇടതുപക്ഷത്തിന്റെ കേരളത്തിലെ നട്ടെല്ലാണ് ഈഴവർ. വെള്ളാപ്പള്ളിയെ പിണക്കിയതും ബിഡിജെഎസ് ബിജെപിയോട് അടുത്തതും ഇടതുപക്ഷത്തിന് കാര്യമായ ക്ഷീണമുണ്ടാക്കും. ഹിന്ദുവോട്ട് കേന്ദ്രീകരിക്കുകയാണെങ്കിൽ അത് യുഡിഎഫിനെക്കാൾ കാര്യമായ ദോഷമുണ്ടാക്കുക എൽഡിഎഫിനായിരിക്കുമെന്നുറപ്പാണ്. എൽഡിഎഫ് ക്ഷീണിക്കുകയാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ഗുണഭോക്താക്കൾ യുഡിഎഫ് തന്നെയാകും. ഭരണത്തുടർച്ച എന്ന അപൂർവമായ നേട്ടത്തിലേക്കാകും ഉമ്മൻ ചാണ്ടിയെത്തുക. ഇടതുപക്ഷത്തെ തകർത്ത് കേരളത്തിൽ വോരോട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വേണ്ടതും അതുതന്നെയാണ്.

ഇതു മനസ്സിലാക്കിയാണ് ഇക്കുറി ഭരണം ഉറപ്പിക്കാൻ ബിജെപിയുമായി കൂട്ടുകെട്ടിന് ഉമ്മൻ ചാണ്ടി തിരക്കഥ ഒരുക്കുന്നത്. ബിജെപിയിലെ ഉന്നത കേന്ദ്രങ്ങൾ മറുനാടനോട് വ്യക്തമാക്കിയ പദ്ധതി അനുസരിച്ച് കുറെ മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞാലും സിപിഐ(എം) അധികാരത്തിൽ വരാതിരിക്കുക തന്നെയാണ് പ്രധാന അജൻഡ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ബിഡിജെഎസുമായി ചേർന്ന് വോട്ടിങ് ശതമാനത്തിൽ വർദ്ധന വരുത്താം എന്ന് തന്നെയാണ് ബിജെപി കരുതുന്നത്. എന്നാൽ കോൺഗ്രസ് നേരിയ വോട്ടിന് തോല്ക്കാൻ ഇടയുള്ള ഇരുപതോളം മണ്ഡലങ്ങളിൽ വോട്ട് മറിച്ച് കോൺഗ്രസിനെ ജയിപ്പിക്കുക തന്നെയാണ് ഇക്കുറി ബിജെപിയുടെ പദ്ധതി. 69 മണ്ഡലങ്ങളിലെ വിജയം നിർണയിക്കാൻ ബിജെപിക്ക് കഴിയും എന്നാണ് വിലയിരുത്തൽ. ഇതിൽ 15നും 20നും ഇടയിൽ മണ്ഡലങ്ങൾ കണ്ടത്താൻ ബിജെപി നേതൃത്വം നിർദ്ദേശം നൽകി കഴിഞ്ഞു. കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിന് തോല്ക്കാൻ ഇടയുള്ള മണ്ഡലങ്ങൾ ആയിരിക്കും ഇവ. ഇവിടെ ആയിരത്തിനും 500നും ഇടയിൽ വോട്ടുകൾ മറിച്ച് നൽകാൻ ആണ് ഉദ്ദേശം. അങ്ങനെ ചെയ്താൽ വോട്ട് കച്ചവടം എന്ന പേരുദോഷം ഒഴിവാക്കാം, അതേസമയം സിപിഐ(എം) വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാനും കഴിയും. ഇതാണ് ബിജെപിയുടെ ലക്ഷ്യം. ഉമ്മൻ ചാണ്ടിക്കാവട്ടെ എങ്ങനെയും ഒരു തവണ കൂടി ഭരണത്തിൽ എത്തുക മാത്രമാണ് ലക്ഷ്യം.

ഇരുപതോളം മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് യുഡിഎഫിന് മറിച്ചു നൽകിയാൽ പകരം ബിജെപിയുടെ സംസ്ഥാന നേതാക്കൾ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസുകാർ ബിജെപിക്ക് വോട്ടുചെയ്യും. ഇതു സംബന്ധിച്ചു വെള്ളാപ്പള്ളി നടേശൻ വഴിയാണു ബിജെപി ധാരണയിലെത്തിയിരിക്കുന്നതെന്ന സൂചനയും വിവിധ കോണുകളിൽ നിന്നു ലഭിക്കുന്നുണ്ട്. ഒരു സീറ്റെങ്കിലും ജയിച്ചു നിയമസഭയിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കോൺഗ്രസിന് അധികാരത്തുടർച്ചയും വേണം. തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ്, പത്തനംതിട്ടയിലെ ആറന്മുള, കാസർകോട്ടെ മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് കോൺഗ്രസ് വോട്ടുകൾ ബിജെപിക്കു വേണ്ടത്. അതേസമയം, വട്ടിയൂർക്കാവു മണ്ഡലത്തിൽ കെ മുരളീധരനും ആറന്മുളയിൽ കെ ശിവദാസൻ നായരും സ്ഥാനാർത്ഥികളായാൽ ഈ രണ്ടു മണ്ഡലങ്ങളുടെ കാര്യത്തിൽ ഉറപ്പുകൊടുക്കാൻ നേതാക്കൾ തയ്യാറല്ല. എന്നാൽ, ഇവിടങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിക്കണമെന്ന വാശിയിലാണു ബിജെപി നേതൃത്വവും.

വെള്ളാപ്പള്ളിയുടെ ബിഡിജെഎസിൽ നിന്ന് ഒരു അംഗമെങ്കിലും നിയമസഭയിൽ എത്തണമെന്ന ഉപാധിയും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ രഹസ്യനീക്കത്തെ എതിർക്കാനും അനുകൂലിക്കാനും സാധിക്കാത്ത സ്ഥിതിയാണ് വി എം സുധീരനുള്ളത്. യുഡിഎഫ് യോഗത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ചില നേതാക്കൾ ആക്ഷേപം ഉന്നയിച്ചപ്പോൾ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള കക്ഷികൾ മൗനം പാലിക്കുകയായിരുന്നുവെന്നാണു സൂചന. എങ്ങനേയും 71 സീറ്റുകൾ യുഡിഎഫ് ബാനറിൽ നേടുകയെന്നതാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. ബിജെപിയുടെ മുന്നേറ്റമുണ്ടായാൽ വർഗ്ഗീയതയെ ചെറുക്കാനെന്ന പേരിൽ ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനും കഴിയും. തെരഞ്ഞെടുപ്പിൽ തോറ്റാൽ സിപിഎമ്മിൽ വിഭാഗിതയ വീണ്ടും സജീവമാകും. അങ്ങനെ സിപിഎമ്മിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ബിജെപിയും കരുതുന്നു. ഭൂരിപക്ഷ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ ഇത് അനിവാര്യതയാണെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ഈ കെണിയിലേക്കാണ് ഉമ്മൻ ചാണ്ടി വീഴുന്നത്. സംഘപരിവാർ സംഘടനകളുടെ എല്ലാം പിന്തുണ ഇതിനുണ്ട്. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പുകളിൽ ഈ തന്ത്രം പുറത്തെടുത്താണ് സിപിഎമ്മിനെ തോൽപ്പിച്ചത്. എന്നാൽ തദ്ദേശത്തിൽ സിപിഐ(എം) തിരിച്ചുവന്നു. ഈ സാഹചര്യം ബിജെപി ആഗ്രഹിച്ചിരുന്നില്ല. ഇടതു പക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കിയതിനൊപ്പം വലത് പക്ഷ വോട്ടുകളും ബിജെപി നേടിയിരുന്നു.

ഇതായിരുന്നു കോൺഗ്രസിന് തദ്ദേശത്തിൽ മുൻതൂക്കം നഷ്ടമാക്കിയത്. തദ്ദേശത്തിൽ സിപിഐ(എം) തകർന്നിരുന്നുവെങ്കിൽ നിയമസഭയിൽ ബിജെപിയുടെ സാധ്യത കൂടുമായിരുന്നു. ഇതും ബിജെപി തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഭാവിയിലെ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് സിപിഎമ്മിനെ രാഷ്ട്രീയമായി അടിതെറ്റിക്കാൻ കോൺഗ്രസുമായി ബിജെപി അടുക്കുന്നത്. വോട്ടിങ് ശതമാനം കൂടുമെന്നതിനാൽ വോട്ട് മറിച്ചു നൽകിയെന്ന ആരോപണം ഉയരുകയുമില്ല. അതുകൊണ്ട് തന്നെ വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ പരമാവധി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP