Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുകുമാരൻ നായരും വെള്ളാപ്പള്ളിയും തോറ്റു; പിണറായിയും ചെന്നിത്തലയും നിലംപരിശായി; ജയിച്ചത് സ്ഥാനാർത്ഥിയുടെ മികവും ജനങ്ങളുടെ സോഷ്യൽ മീഡിയാ സ്വാധീനവും; ഒരേ സമയം കോൺഗ്രസ്- സിപിഎം- ബിജെപി കോട്ടകൊത്തളങ്ങൾ തകർത്ത തെരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കുന്നത് ഇനി ഒരു സീറ്റുകളും ആർക്കും കുത്തകയല്ലെന്ന യാഥാർത്ഥ്യം; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം അടിമുടി മാറുന്നു

സുകുമാരൻ നായരും വെള്ളാപ്പള്ളിയും തോറ്റു; പിണറായിയും ചെന്നിത്തലയും നിലംപരിശായി; ജയിച്ചത് സ്ഥാനാർത്ഥിയുടെ മികവും ജനങ്ങളുടെ സോഷ്യൽ മീഡിയാ സ്വാധീനവും; ഒരേ സമയം കോൺഗ്രസ്- സിപിഎം- ബിജെപി കോട്ടകൊത്തളങ്ങൾ തകർത്ത തെരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കുന്നത് ഇനി ഒരു സീറ്റുകളും ആർക്കും കുത്തകയല്ലെന്ന യാഥാർത്ഥ്യം; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം അടിമുടി മാറുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെരുന്നയിൽ നിന്നും കണിച്ചുകുളങ്ങരയിൽ നിന്നും കത്തുമായി പാർട്ടി ഓഫീസിൽ എത്തുന്ന നേതാക്കളുണ്ട്. ഇനി സീറ്റു കിട്ടിയാൽ തന്നെ രണ്ടിടത്തും പോയി കാലു പിടിക്കും. കാലങ്ങളായി ഇവരുടെ പോക്കറ്റിലാണ് വോട്ടുകൾ എന്നു കരുതി മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിൽ ശീലിച്ചു പോന്ന കാര്യമാണ് ഇത്. എന്നാൽ, ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ഇത്തരം ജാതിക്കോമരങ്ങൾ ഒരു രാഷ്ട്രീയ തമാശയായി മാറുന്നു എന്നതാണ് പ്രത്യേകത. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും വ്യതിചരിച്ച് സമുദായ ചർച്ചകളിലേക്ക് നീങ്ങിയതാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാൻ ഇടയായ കാര്യം.

ഈ ഉപതിരഞ്ഞെടുപ്പിൽ ശരിക്കും തോറ്റത് സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഓർത്തഡോക്‌സ് സഭക്കാരുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലും സ്വന്തം സമുദായാംഗങ്ങളെ ജയിപ്പിക്കാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾ വഴിയും കരയോഗങ്ങൾ വഴിയും ആവശ്യപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ അരൂരിൽ മനു സി പുളിക്കനൊപ്പവും ചേർന്നു. ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ മഹാമനസ്‌കനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ, കോന്നിയിൽ അന്യമതസ്ഥനായ കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ നിർദ്ദേശം നല്കി. എന്നാൽ, ഈ ആഹ്വാനങ്ങലെല്ലാം സമുദായ അംഗങ്ങൾ തള്ളിക്കളഞ്ഞു. ഇവിടെ വ്യക്തിബന്ധങ്ങളുടെ മികവു തന്നെയാണ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ പ്രധാന ഘടകമായി മാറിയത്.

ഉപതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ സാമുദായിക ഇടപെടലുകൾ ചർച്ചയായിരുന്നു. ജനവിധിയിൽ തെറ്റിപ്പോയത് സമൂഹ മാധ്യമങ്ങളിലടക്കം തുറന്ന വിചാരണയ്ക്കു കളമൊരുക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ സമദൂര നയം പുലർത്തിയിരുന്ന എൻഎസ്എസ് ഇത്തവണ 'ശരിദൂരം'പ്രഖ്യാപിക്കുകയും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങുകയും ചെയ്തതു സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചിരുന്നു. കോന്നിയിലും യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻഎസ്എസിന്റെ ഇടപെടലുകളുണ്ടായെന്ന സൂചനകളുമുണ്ടായി. യുഡിഎഫിന്റെ ഈ 2 സിറ്റിങ് സീറ്റും അവരെ കൈവിട്ടു.

ഉപതിരഞ്ഞെടുപ്പിൽ ഔപചാരിക രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചില്ലെങ്കിലും നവോത്ഥാന സംരക്ഷണസമിതിയുടെ സ്ഥിരാധ്യക്ഷപദവി ഏറ്റെടുത്തും എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ചും എസ്എൻഡിഎപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടത് ആഭിമുഖ്യം വ്യക്തമാക്കി. പിണറായിയും മന്ത്രിമാരും കണിച്ചികുളങ്ങരയിൽ എത്തി വെള്ളാപ്പള്ളിയെ കാണുകയും ചെയ്തു. എസ്എൻഡിപി വോട്ട് നിർണായകമായ അരൂരിൽ പക്ഷേ, വിജയപതാക പാറിച്ചതു യുഡിഎഫ്. ഇതെല്ലാം രാഷ്ട്രീയ നേതാക്കൾക്കുള്ള തിരിച്ചടിയുടെ ചിതരമാണ്. യുവത്വത്തിന്റെ പ്രസരിപ്പും പ്രളയ പ്രദേശങ്ങളിൽ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിച്ചതും മുൻനിർത്തിയായിരുന്നു ഇടതുമുന്നണിയുടെ വട്ടിയൂർക്കാവിലെ പ്രചാരണം. സഹായം ലഭിച്ചവരെയും പ്രചാരണത്തിനെത്തിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എൻഎസ്എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു വലിയ ആയുധമാക്കി. മണ്ഡലത്തിലെ ഏതാണ്ട് 60 ശതമാനം വരുന്ന ഇതര സമുദായങ്ങളിലേക്ക് ഇക്കാര്യം എത്തിക്കുന്നതിൽ സിപിഎം വിജയിച്ചു. സിപിഎം പ്രചാരണത്തിനു കിട പിടിക്കുന്ന തരത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിനു കഴിഞ്ഞില്ല.

കുമ്മനം വരാത്തതിൽ പിണങ്ങി വട്ടിയൂർക്കാവിലെ വോട്ടർമാർ, അരൂരിലെ അങ്കം ജയിച്ച് ഷാനിമോൾ

കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാത്തത് ആർഎസ്എസ് ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി. സംഘടനാ സംവിധാനത്തിന് അപ്പുറത്തേക്ക് കുമ്മനത്തിന് വോട്ടുകൾ ലഭിക്കുമായിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുണ്ടായ തർക്കവും അതേ തുടർന്ന് ചില മേഖലകളിലുണ്ടായ വോട്ട് നഷ്ടവും കോൺഗ്രസിനു തിരിച്ചടിയായി. നേതാക്കളെല്ലാം എത്തിയെങ്കിലും ഭിന്നത താഴെത്തട്ടിൽ പ്രകടമായിരുന്നു. ശബരിമല വിഷയം ബിജെപിക്കോ കോൺഗ്രസിനോ ഗുണം ചെയ്തില്ല. ബിജെപിക്കു പക്ഷേ, 2016 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 23,073 വോട്ട് അധികം കിട്ടി. ഇതിൽ കൂടുതലും ചോർന്നെത്തിയത് യുഡിഎഫിൽ നിന്നും. യുഡിഎഫിനെ പരമ്പരാഗതമായി തുണച്ച മുന്നാക്ക സമുദായ വോട്ടുകൾ ബിജെപിയിലേക്കും ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്കും പോയി. കോന്നിയെ സിപിഎമ്മിൽ നിന്ന് അടൂർ പ്രകാശ് (1996) പിടിച്ചെടുത്തത് 806 വോട്ടുകൾക്കാണ്. 2016 ൽ അടൂർ പ്രകാശിന്റെ വിജയം 20,748 വോട്ടുകളുടെ ഭൂരിപക്ഷത്തിനും.

വട്ടിയൂർക്കാവിലെ കനത്ത പ്രഹരത്തിനു പ്രായശ്ചിത്തം ചെയ്യുകയെന്നതും ബിജെപിക്കു മുന്നിലെ വെല്ലുവിളിയായി മാറും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആർഎസ്എസ് നേതൃത്വം ആഗ്രഹിച്ചിരുന്ന കുമ്മനം രാജശേഖരനെ തഴഞ്ഞു ജില്ലാ അധ്യക്ഷൻ എസ്. സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതാണു പ്രവർത്തകരും അണികളും ഒന്നോടെ മുഖം തിരിക്കാൻ കാരണമായത്. പ്രചാരണ രംഗത്തുനിന്ന് ആർഎസ്എസ് വിട്ടുനിന്നതും എൻഡിഎക്കും ബിജെപിക്കും എതിരായ സന്ദേശമായി. വലിയൊരു വിഭാഗം ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വീഴുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ 43,700 വോട്ടുകളാണു നേടിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50,709 വോട്ടുകളും. സുരേഷിന് ഇത്തവണ നേടാനായത് 27,453 വോട്ടു മാത്രം. എൻഎസ്എസ് വോട്ടുകളും പൂർണമായും ബിജെപിയെ കൈയൊഴിഞ്ഞു.

മൂന്നു തവണ എൽഡിഎഫ് ജയിച്ചുകയറിയ അരൂരിൽ ശക്തമായ പ്രചാരണമാണു യുഡിഎഫും നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനോടു വോട്ടർമാർക്കുണ്ടായ അനുതാപം ഗുണം ചെയ്തുവെന്നും വ്യാഖ്യാനിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം അരൂർ ഷാനിമോൾക്കു നൽകിയിരുന്നു. പരമ്പരാഗത കോട്ടയെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ടായിരുന്നു. പോളിങ് കുറഞ്ഞപ്പോൾ അതു കാര്യമായി ബാധിച്ചത് എൽഡിഎഫിനെയും എൻഡിഎയെയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെക്കാൾ 3,700 വോട്ട് യുഡിഎഫ് അധികം നേടി. എൽഡിഎഫിനു കൂടുതൽ കിട്ടിയത് 2,769. എൻഡിഎയുടെ വോട്ട് വിഹിതം 10.54%. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതു 15.8%.

ന്യൂനപക്ഷം യുഡിഎഫിനെ കൈവിടാത്തത് എറണാകുളത്തും മഞ്ചേശ്വരത്തും

എറണാകുളത്തു മഞ്ചേശ്വരത്തുമാണ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ കൈവിടാതിരുന്നത്. രണ്ടിടത്തും ന്യൂനപക്ഷ വോട്ടുകൾ വിജയം കൊണ്ടുവരുന്നതിൽ നിർണയാകകമായി.ശോഭയില്ലാത്ത ജയമാണു യുഡിഎഫിന് എറണാകുളം നിയമസഭാ മണ്ഡലത്തിൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 31,178 വോട്ട് ഭൂരിപക്ഷത്തിനു ജയിച്ചിടത്ത് 3750 വോട്ടുകളുടെ ജയം. മണ്ഡലത്തിലെല്ലാം ആധിപത്യമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 4 മേഖലകളിൽ പിന്നിലായി. കുത്തകയായ ചേരാനല്ലൂർ പഞ്ചായത്തിൽ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. പോളിങ് കുറഞ്ഞതു ഭൂരിപക്ഷം കുറഞ്ഞതിനു കാരണമായി പറയുന്നുവെങ്കിലും നഗരസഭാ ഭരണത്തോടുള്ള എതിർപ്പ് നിഷേധ വോട്ടായി മാറിയിട്ടുണ്ട്. നഗര മേഖലകളിൽ യുഡിഎഫ് പിന്നിലായി. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന് 2500 ലേറെ വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 21949 വോട്ടും 2011 ൽ 32437 വോട്ടും ഭൂരിപക്ഷമുണ്ടായിരുന്നു.

മഞ്ചേശ്വരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുപാറ്റേണ്ട് ആവർത്തിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുവെങ്കിലും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വോട്ട് ലഭിച്ചില്ല. ഖമറുദ്ദീന് 65,407 വോട്ട് (40.19%). ലോക്‌സഭയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ (യുഡിഎഫ് നേടിയത് 68,217 വോട്ട് (42.39 %). 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിനു അന്നു ലഭിച്ചത് 56,870 (35.79%)വോട്ട്. എൻഡിഎ സ്ഥാനാർത്ഥി ലോക്‌സഭ തിരഞ്ഞെടുപ്പിലും രവീശതന്ത്രി തന്നെയായിരുന്നു. ലോക്‌സഭയിൽ 57,104 (35.48) വോട്ട് ലഭിച്ചപ്പോൾ നിയമസഭയിൽ 57,484 (35.32%) ആയി ഉയർന്നു. 2016 ൽ 56,781 (35.74%). ലോക്‌സഭയിൽ ഇടതുമുന്നണിക്കു 32,796 (20.38%) വോട്ടു കിട്ടിയപ്പോൾ നിയമസഭയിൽ 38,233 (23.49%) ആയി ഉയർന്നു. 2016 ൽ 42,565 (26.79%).

വിശ്വാസ സംരക്ഷണവും വോട്ടായില്ല, ബിജെപിക്ക് നഷ്ടം പ്രചരണവിഷയം

വിശ്വാസ സംരക്ഷണത്തിനും വികസനത്തിനുമായി വോട്ടു ചോദിച്ച ബിജെപിയെ ശബരിമലയും തുണച്ചില്ല. ലോക്‌സഭയിൽ ഇവർക്ക് ശബരിമല വിഷയം നേട്ടമായെങ്കിൽ ഇപ്പോൾ അതുണ്ടായില്ല. ത്രികോണ മൽസരം നടന്ന കോന്നിയിൽ കെ. സുരേന്ദ്രന് 39,786 വോട്ടുകളാണു നേടാനായത്. ശബരിമല പ്രചാരണ വിഷയമായി കത്തിനിന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റേത് ഇതിലും മികച്ച പ്രകടനമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം കേവലം 440 വോട്ടുകളായിരുന്നു. ഇതിൽനിന്ന് 14,313 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കും വിജയത്തിലേക്കുമാണ് എൽഡിഎഫ് നീങ്ങിയത്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് 23,073 വോട്ട് അധികം കിട്ടിയെന്ന കാരണത്താൽ സുരേന്ദ്രനു തലയുയർത്തി നിൽക്കാം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ 6,720 വോട്ടുകൾ കുറഞ്ഞതിന്റെ കാരണം കണ്ടെത്തുകയും വേണം. ശബരിമല പ്രക്ഷോഭകാലത്തു കിട്ടിയ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് ഉറപ്പ്. എൻഎസ്എസ് വോട്ടുകളും ഓർത്തഡോക്‌സ് സഭയുടെ പിന്തുണയും അനുകൂലമായില്ല. അരൂരിലും എറണാകുളത്തും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പിന്നിലായി. എറണാകുളത്ത് 13,351 വോട്ടും അരൂരിൽ 16,289 വോട്ടുമാണു നേടാനായത്. അരൂരിൽ ബിഡിജെഎസിന്റെ പിന്തുണയുണ്ടായില്ലെന്നു ഫലം തെളിയിക്കുന്നു.

രണ്ടാംസ്ഥാനത്തെത്തിയ മഞ്ചേശ്വരത്തു 57,484 വോട്ടുകളാണു ബിജെപി പിടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 380 വോട്ടുകളുടെ വർധന ആശ്വാസമായി. വോട്ടു ചോർച്ചയ്ക്കു സമാധാനം പറയേണ്ടി വരുമെങ്കിലും വട്ടിയൂർക്കാവിലെ പരാജയകാരണത്തിൽ നിന്നു സംസ്ഥാന നേതൃത്വത്തിനു തലയൂരാനാകും. ഇവിടെ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതു ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പക്ഷക്കാരനായ കെ.സുരേന്ദ്രന്റെ പ്രകടനം ദേശീയ നേതൃത്വത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ല. മോശം പ്രകടനത്തിന്റെ പേരിൽ പുനഃസംഘടനയുണ്ടായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേരിനു മുൻതൂക്കം ലഭിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP