Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതൊന്നും ഇടത് രീതിക്ക് യോജിച്ചതല്ല; മന്ത്രിമാരെ ഇങ്ങനെ പകുതിക്ക് വച്ച് മാറ്റുന്നതൊന്നും സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല; ഘടകകക്ഷി സംവിധാനത്തിൽ അത് അംഗീകരിക്കേണ്ടി വരുന്നുവെന്ന് എം വിഗോവിന്ദൻ; അഞ്ചുവർഷം തന്നെ ഒരുമന്ത്രിക്ക് പോരാത്തപ്പോൾ ഈ വീതംവയ്പ് തീർത്തും മോശമെന്ന് എൻ.കെ.പ്രേമചന്ദ്രൻ; 'നീ രണ്ടര വർഷം ഭരിച്ചു ഇനി ഞാൻ രണ്ടര വർഷം ഭരിക്കട്ടെ'യെന്ന ജനതാദൾ എസ് മനോഭാവം ഭരണത്തെ കീഴമേൽ മറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ

ഇതൊന്നും ഇടത് രീതിക്ക് യോജിച്ചതല്ല; മന്ത്രിമാരെ ഇങ്ങനെ പകുതിക്ക് വച്ച് മാറ്റുന്നതൊന്നും സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല; ഘടകകക്ഷി സംവിധാനത്തിൽ അത് അംഗീകരിക്കേണ്ടി വരുന്നുവെന്ന് എം വിഗോവിന്ദൻ; അഞ്ചുവർഷം തന്നെ ഒരുമന്ത്രിക്ക് പോരാത്തപ്പോൾ ഈ വീതംവയ്പ് തീർത്തും മോശമെന്ന് എൻ.കെ.പ്രേമചന്ദ്രൻ; 'നീ രണ്ടര  വർഷം ഭരിച്ചു ഇനി ഞാൻ രണ്ടര  വർഷം ഭരിക്കട്ടെ'യെന്ന ജനതാദൾ എസ് മനോഭാവം ഭരണത്തെ കീഴമേൽ മറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ

എം.മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്ന് പുറത്തുപറഞ്ഞെങ്കിലും അൽപം പരിഭവത്തോടെയാണ് ജലവിഭവ മന്ത്രിസ്ഥാനത്ത് നിന്ന് മാത്യു.ടി.തോമസിന്റെ പടിയിറക്കം. പകരം കെ.കൃഷ്ണൻകുട്ടി പുതിയ മന്ത്രിയാകുമ്പോൾ ജെഡിഎസിലെ തർക്കവും അധികാരമാറ്റവുമൊക്കെ അനവസരത്തിലാണെന്ന് വിമർശനങ്ങളും ശക്തമാണ്. രണ്ടര വർഷം പകുത്തെടുത്തുള്ള മന്ത്രിമാറ്റം കാബിനെറ്റ് ജനാധിപത്യത്തിന്റെ അന്തസത്തയും നിലനിൽപ്പും ചോദ്യം ചെയ്യുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. കാരണം കൂടാതെ മന്ത്രിമാരെ മാറ്റുന്നത് വകുപ്പിലെ ഭരണം കീഴ്മേൽ മറിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിംഗിൾ പോയിന്റ് ലീഡർഷിപ്പും, സിംഗിൾ പോയിന്റ് അജണ്ടയുമാണ് ഭരണത്തെ മോശമാക്കുന്നത് എന്നാണ് എൽഡിഎഫ് ഭരണത്തെ കുറിച്ചുള്ള വിമർശകരുടെ ആരോപണം. 'നീ രണ്ടര വർഷം സുഖിച്ചു ഇനി ഞാൻ രണ്ടര വർഷം സുഖിക്കട്ടെ എന്ന സമീപനത്തിൽ എന്തുപൊതുതാൽപര്യമെന്നാണ് ചോദ്യം. മന്ത്രി എന്നത് സുഖിക്കാനുള്ള പദവിയാണോ എന്നാണ് ചോദ്യം ഉയരുന്നത്. ഇനി അതിനുവേണ്ടി ഒരു സത്യപ്രതിജ്ഞാ ചടങ്ങുകൂടി വേണം. എല്ലാം അനവസരത്തിൽ ഉള്ളത്. ജനതാദളിനെ സംബന്ധിച്ച് എല്ലാ കാലയളവിലും മന്ത്രിമാരെ മാറ്റിയ പാരമ്പര്യമാണ് ഉള്ളത്. ഒരു കാലത്തും മന്ത്രിമാർക്ക് സ്ഥിരതയില്ലാത്ത പാർട്ടിയാണ് ജനതാദൾ എസ്.

ഒരു ദിവസം മാത്രം വനംമന്ത്രിയായിരുന്ന ശേഷം രാജിവെച്ച എംപി.വീരേന്ദ്രകുമാറിന്റെ കാര്യം മുതലുള്ള ചരിത്രം ഇതാണ് വ്യക്തമാകുന്നത്. മന്ത്രിസ്ഥാനം തന്നെ പപ്പാതിവെച്ച് വീതിക്കുന്നത് തന്നെ അപമാനകരമായ കാര്യമാണ്. ഇതൊന്നും ഇടത് രീതി്ക്ക് എന്ന് മാത്രമല്ല ജനാധിപത്യ സംവിധാനത്തിന് തന്നെ യോജിക്കുന്ന കാര്യമല്ല. ഒരു സർക്കാരിൽ ഒരു മന്ത്രി വന്നാൽ അത് പഠിച്ച് വരാൻ തന്നെ ഒരു വർഷം എടുക്കും. ഒരു ആശയരൂപീകരണം വേണം. ഭാവന വേണം. കാര്യങ്ങൾ അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്. ' ഒരു പൊളിറ്റിക്കൽ എക്സിക്യൂട്ടീവിന് അവരുടേതായ ഒരു ദർശനം ഉണ്ടാകും. അവരുടേതായ ഭാവന ഉണ്ടാകും. വകുപ്പിൽ അതെല്ലാം പ്രതിഫലിക്കും, ബ്യൂറോക്രാറ്റിന്റെ കാഴ്ചപ്പാടിന് അപ്പുറത്ത് ജനകീയമായ എന്നാൽ നയപരമായ ഒരു കാഴ്ചപാടു ആണ് ഇങ്ങിനെ വരുന്നത്. നൂതനമായ ആശയങ്ങൾ കാണും. ഭാവന കാണും. എല്ലാം രൂപപ്പെടണം. അതിനു സമയം എടുക്കും. ഈ ഘട്ടത്തിലാണ് പുതിയ മന്ത്രി വരുന്നത്.

അഞ്ച് വർഷം തന്നെ പരിമിതമാണ്, അപ്പോഴാണ് രണ്ടര വർഷം കൊണ്ട് വീതം വെയ്‌പ്പ് വരുന്നത്. അതുകൊണ്ടാണ് ഇത് വളരെ മോശപ്പെട്ട കാര്യം എന്ന് വിലയിരുത്തപ്പെടുന്നത്- മുൻ ജലവിഭവവകുപ്പ് മന്ത്രിയും ഇപ്പോഴത്തെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അഞ്ച് വർഷം തന്നെ ഒരു കാലയളവ്. അത് ആരുടെതായാലും പങ്കു വയ്ക്കപ്പെടരുത്. ഭരണഘടനയും നിയമനിർമ്മാണ സഭയും അഞ്ചു വർഷം എന്ന ഒരു കാലാവധി ഫിക്‌സ് ചെയ്തിരിക്കുന്നതാണ്. മിനിമം അഞ്ചു വർഷം എന്ന കാലാവധി ഇതിനാണ് ഫിക്‌സ് ചെയ്തിരിക്കുന്നത്. അധികാരം പങ്കുവയ്ക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണം. ഒരു മന്ത്രിയെ തിരഞ്ഞെടുത്താൽ ആ മന്ത്രി അഞ്ചു വർഷത്തേക്ക് ഇരിക്കണം. ഇതുതന്നെ ഒരു മിനിമം കാലാവധിയാണ്. ഈ കാലാവധി തന്നെ തീർത്തും പരിമിതമാണ്- പ്രേമചന്ദ്രൻ പറയുന്നു.

അമേരിക്കയിൽ രണ്ടു തവണയാണ് കാലാവധി. ഇവിടെ ഒരു തവണ. അതും അഞ്ചു വർഷം. ഇത് വലിയ കാലഘട്ടമല്ല. അപ്പോഴാണ് രണ്ടു വർഷം കൊണ്ട് ഒരു കാരണമില്ലാതെ മന്ത്രിയെ മാറ്റുന്നത്. പുതുതായി വരുന്ന മന്ത്രിക്ക് മുൻ മന്ത്രിയുടെ രീതികളോട് ആശയങ്ങളോട് കാഴ്ചപ്പാടുകളോട് എല്ലാം വിയോജിപ്പ് കാണും. വകുപ്പിലെ ഭരണം മാറും. സെറ്റപ്പ് ആകെ മാറും. മുൻഗണന പോലും മാറും. ഇവിടെ മന്ത്രി മാറേണ്ട സാഹചര്യമില്ല. പാർട്ടിക്ക് വേണ്ടിയാണ് മന്ത്രിയെ മാറ്റുന്നത്. പാർട്ടിക്ക് വേണ്ടിയാണ് മാത്യു ടി തോമസിനെ ജലവിഭവവകുപ്പ് മന്ത്രിയാക്കിയത്. ഇവിടെ വ്യക്തിഗതമായ അധികാരമാണ് പ്രശ്‌നം. പൊതുതാത്പര്യമോ, രാജ്യ താത്പര്യമോ സംസ്ഥാന താൽപര്യമോ അല്ല. ഇത്തരം ഒരു ഏർപ്പാടിൽ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്-രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

'ഈ രീതിയിലുള്ള മന്ത്രിമാറ്റം ഇടത് രീതിക്ക് യോജിച്ചതല്ല. ഇത് സിപിഎം തീരുമാനിച്ചതല്ല. ഘടകകക്ഷികളുടെ തീരുമാനമാണ്. മന്ത്രിമാരെ ഇങ്ങിനെ പകുതി ഘട്ടത്തിൽ മാറ്റുന്നത് ഒന്നും സിപിഎമ്മിന് രുചിക്കുന്ന കാര്യമല്ല. പക്ഷെ ഘടകകക്ഷി സംവിധാനത്തിൽ അവർ മന്ത്രി മാറ്റം വേണമെന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ടി വരുന്നു-സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മറുനാടനോട് പറഞ്ഞു. അഞ്ച് വർഷത്തെ കാബിനെറ്റിൽ ചില കാര്യങ്ങളാൽ ഒരു മന്ത്രിക്ക് മാറേണ്ട ആവശ്യം വന്നേക്കാം. അത് വളരെ ആവശ്യം വേണ്ട ഘട്ടത്തിൽ. വ്യക്തിപരമായ അധികാരം സംരക്ഷിക്കലാണോ പൊതുപ്രവർത്തനത്തിന്റെ ലക്ഷ്യം എന്ന് രണ്ടു പ്രതികരണങ്ങളിൽ നിന്നും ചോദ്യം ഉയരുന്നു. ഒരിക്കലൂം പിന്തുടരേണ്ട കീഴ് വഴക്കമല്ല ഈ സർക്കാർ തുടരുന്നത്.

ഭരിക്കാൻ മിനിമം അഞ്ചു വർഷം വേണം എന്നുള്ളതുകൊണ്ടാണ് ഭരണ ഘടനയിൽ അഞ്ചു വർഷ പരിധി എന്ന് വയ്ക്കുന്നത്. പക്ഷെ അഴിമതി, കഴിവുകേട് പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോൾ മന്ത്രി മാറേണ്ടി വരും. ഇവിടെ ഒരു കാര്യവുമില്ലാതെയാണ് മന്ത്രി മാറുന്നത്. കഴിവുകേടോ, അഴിമതിയോ ഒന്നും മാത്യു.ടി. തോമസിന്റെ പേരിൽ ആരോപിക്കപ്പെട്ടിട്ടില്ല. ഇവിടെ നിലവിൽ സംസ്ഥാന ഭരണം നിശ്ചലമാണ്. ആ ഘട്ടത്തിലാണ് മന്ത്രിമാറ്റം പോലുള്ള കാര്യങ്ങൾ കൂടി ഒപ്പം വരുന്നത്. സംസ്ഥാന ഭരണം നിശ്ചലമാകുമ്പോൾ ഞെട്ടിപ്പോകുന്നത് മന്ത്രിമാരുടെ അടുത്ത് കാര്യങ്ങളുമായി എത്തുന്നവരാണ്. ഇങ്ങിനെ ഞെട്ടിയവരാണ് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ.

പ്രളയവുമായി ബന്ധപ്പെട്ടു ആളുകൾക്ക് വീട് വച്ച് നൽകാം എന്ന് പറഞ്ഞാണ് ഇവർ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കാണാൻ എത്തിയത്. മന്ത്രി പറഞ്ഞത് കെട്ടിയപ്പോൾ ഇവർ ഞെട്ടി. ചന്ദ്രശേഖരന്റെ റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് വരുന്ന വീട് വെച്ച് നൽകൽ ചോദിച്ചപ്പോൾ അതിനായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കാണാനാണ് മന്ത്രി ചന്ദ്രശേഖരൻ നിർദ്ദേശിച്ചത്. ലത്തീൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സൊസൈറ്റിയാണ് ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി. വീട് വെച്ച് നൽകലിന്റെ മാനദണ്ഡങ്ങൾ അറിയാനാണ് ഇവർ റവന്യൂമന്ത്രിയെ കാണാനെത്തിയത്. ആളുകൾക്ക് വീട് വെച്ച് നൽകാൻ ഇവർ സന്നദ്ധരുമായിരുന്നു.

പ്രളയവും ദുരിതാശ്വാസവും എല്ലാം റവന്യൂമന്ത്രിയുടെ വകുപ്പിൽ പെട്ട കാര്യമാണ്. അതുകൊണ്ടാണ് ഇവർ റവന്യൂ മന്ത്രിയുടെ അടുക്കൽ എത്തിയത്. വി എസ് അച്യുതാനന്ദന്റെ കാലത്ത് ഈ സ്ഥിതിവിശേഷം ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വകുപ്പുകൾ അതത് മന്ത്രിമാരുടെ കയ്യിൽ ഭദ്രമായിരുന്നു. പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിരുന്നില്ല. വി എസ് ആണെങ്കിൽ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെട്ടിരുന്നുമില്ല. ഇപ്പോൾ കാബിനെറ്റ് ജനാധിപത്യത്തിന്റെ അന്തസന്തയും നിലനിൽപ്പുമാണ് മന്ത്രിമാരുടെ അനവസരത്തിലുള്ള മാറ്റവും വകുപ്പുകളിലുള്ള ഇടപെടൽ വഴിയും ചോദ്യം ചെയ്യപ്പെടുന്നത്. അതേ സമയം ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു രാജി നൽകിയിട്ടുണ്ട്. മാത്യു ടി തോമസിന്റെ ഒഴിവിൽ കെ.കൃഷ്ണൻ കുട്ടിയുടെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ നാളെ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP