Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുവോട്ടുകൾ മൂന്ന് സ്ഥാനാർത്ഥിക്കായി വിഭജിക്കപ്പെട്ടപ്പോൾ യുഡിഎഫിനൊപ്പമുണ്ടായിരുന്ന പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ പിടിച്ചെടുക്കാൻ സിപിഎമ്മിന് കഴിഞ്ഞു; ഓർത്തഡോക്‌സ് സഭയുടെ അകമഴിഞ്ഞ പിന്തുണയും വെള്ളാപ്പള്ളി സഹായവും തുണയായി; യുഡിഎഫ് നേതാക്കൾ തമ്മിൽ പഴിച്ചു നടന്നപ്പോൾ ഒരിക്കലും തെറ്റാത്ത കണക്കുകളോടെ എൽഡിഎഫ് വോട്ടർമാർക്കിടയിൽ പിടിമുറുക്കി; പിണറായി സർക്കാരിനെതിരായ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ ഫലം

ഹിന്ദുവോട്ടുകൾ മൂന്ന് സ്ഥാനാർത്ഥിക്കായി വിഭജിക്കപ്പെട്ടപ്പോൾ യുഡിഎഫിനൊപ്പമുണ്ടായിരുന്ന പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ പിടിച്ചെടുക്കാൻ സിപിഎമ്മിന് കഴിഞ്ഞു; ഓർത്തഡോക്‌സ് സഭയുടെ അകമഴിഞ്ഞ പിന്തുണയും വെള്ളാപ്പള്ളി സഹായവും തുണയായി; യുഡിഎഫ് നേതാക്കൾ തമ്മിൽ പഴിച്ചു നടന്നപ്പോൾ ഒരിക്കലും തെറ്റാത്ത കണക്കുകളോടെ എൽഡിഎഫ് വോട്ടർമാർക്കിടയിൽ പിടിമുറുക്കി; പിണറായി സർക്കാരിനെതിരായ വിവാദങ്ങളെല്ലാം തള്ളിക്കളഞ്ഞ ഫലം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആർക്കും ജയിക്കാവുന്ന മണ്ഡലമായിരുന്നു ചെങ്ങന്നൂർ. പരമ്പരാഗതമായി കോൺഗ്രസിന് കരുത്തുള്ള മണ്ഡലം. ബിജെപിക്കും സംഘടനാ കരുത്തുള്ള സ്ഥലം. അതുകൊണ്ടാണ് ചെങ്ങന്നൂരിലെ സജി ചെറിയാന്റെ വിജയം പിണറായി വിജയൻ സർക്കാരിന് കരുത്താകുന്നത്. പിണറായി അധികാരത്തിലെത്തിയ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളും മലപ്പുറത്തായിരുന്നു. ഇവിടെ മുസ്ലിം ലീഗിന്റെ കോട്ടയാണ്. അതുകൊണ്ട് തന്നെ ഏവരും പ്രതീക്ഷിച്ചതു പോലെ യുഡിഎഫ് ജയിച്ചു. എന്നാൽ ചെങ്ങന്നൂരിൽ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ശക്തമായ ത്രികോണ പോരിന്റെ ചൂട് അവിടെ അടിച്ചു. അവിടെയാണ് തളരാതെ വാടാതെ വൻ ഭൂരിപക്ഷവുമായി സിപിഎമ്മിന്റെ ആലപ്പുഴയിലെ അമരക്കാരനായ സജി ചെറിയാൻ നിയമസഭയിലേക്ക് ജയിച്ചെത്തുന്നത്.

ജാതി സമവാക്യങ്ങളെല്ലാം കരുതലോടെ സജി ചെറിയാൻ അനുകൂലമാക്കിയിരുന്നു. ഇതിനൊപ്പം ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന രീതിയിലെ സംഘടനാ സംവിധാനത്തിലെ മേൽകോയ്മയും സജി ചെറിയാന് തുണയായി. വരാപുഴ കസ്റ്റഡി മരണം, പൊലീസിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങൾ, ഇതിനെല്ലാം പുറമേ വോട്ടെടുപ്പ് ദിനമെത്തിയ ദുരഭിമാനക്കൊലയും. ഇതെല്ലാം സജി ചെറിയാൻ അതിജീവിക്കുകയാണ്. ഇതോടെ പിണറായി സർക്കാരിന് മൂന്നാം വർഷത്തിലേക്ക് ചുവടു വയ്ക്കാൻ പുതു ആവേശവും കിട്ടുന്നു. പിണറായി വിജയനും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും തികഞ്ഞ ആത്മവിശ്വാസത്തിലേക്ക് കടക്കും. ഭരണത്തിന്റെ വിലയിരുത്തലായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ ഉയർത്തിക്കാട്ടിയവരും നിരാശരാകും. ക്രൈസ്തവ വോട്ടുകളും വെള്ളാപ്പള്ളിയും തന്നെയാണ് സജി ചെറിയാന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്.

കഴിഞ്ഞ തവണ നായർ വോട്ടുകളായിരുന്നു സിപിഎമ്മിലെ രാമചന്ദ്രൻ നായർക്ക് വിജയമൊരുക്കിയത്. ഇത്തവണ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും മനസ്സ് കൊണ്ട് പിന്തുണച്ചത് സജി ചെറിയാനെ ആയിരുന്നു. മുന്നോക്ക സംവരണത്തിന് തയ്യാറായ പിണറായി സർക്കാരിനെ പുകഴ്‌ത്തുകയും ചെയ്തു. ഇതിലൂടെ നായർ വോട്ടുകൾ ഒലിച്ചു പോകാതിരിക്കുന്നുവെന്ന് സിപിഎം ഉറപ്പാക്കി. സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിലൂടെ ക്രൈസ്തവ വോട്ടുകളും ഉറപ്പിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണയോടെ പോരാട്ടം ഏകപക്ഷീയവുമായി. അങ്ങനെ സാമുദായിക അടിയൊഴുക്കുകളെല്ലാം സജി ചെറിയാൻ അനുകൂലമാക്കി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജി ചെറിയാൻ നേട്ടമുണ്ടാക്കാനായി. ഇതും എല്ലാ സമൂദായവും സജി ചെറിയാനെ പിന്തുണച്ചുവെന്നതിന് തെളിവാണ്.

പ്രതീക്ഷിച്ചതു പോലെ ഹൈന്ദവ വോട്ടുകൾ മൂന്ന് സ്ഥാനാർത്ഥിക്കും വീതം വച്ചു പോയി. ഇതിൽ ഈഴവ വോട്ടുകൾ ഏറെയും ഒഴുകിയെത്തിയത് സജി ചെറിയാന് തന്നെയാണ്. ഇതിനുള്ള നിർദ്ദേശം വെള്ളാപ്പള്ളി എസ് എൻ ഡി പി യൂണിയനിന്റെ ഭാരവാഹികൾക്ക് നൽകിയിരുന്നു. ഇത് എല്ലാ അർത്ഥത്തിലും സിപിഎമ്മിന് വമ്പൻ വിജയമൊരുക്കി. കഴിഞ്ഞ തവണ ബിജെപി പക്ഷത്തേക്ക് പോയ ഈഴവ വോട്ടുകൾ അങ്ങനെ സിപിഎമ്മിന് സ്വന്തമായി. നായർ വോട്ടുകളുടെ വിഭജനം രണ്ട് കൊല്ലം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് സമാനമായി തന്നെ ഇത്തവണയും വിഭജിക്കപ്പെട്ടു. ഇതിനിടെയിൽ വിജയം നിർണ്ണയിച്ചത് ക്രൈസ്തവ വോട്ടുകളാണ്. ക്രിസ്ത്യാനിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സിപിഎം ലക്ഷ്യമിട്ടത് അങ്ങനെ യാഥാർത്ഥ്യമാവുകയും ചെയ്തു.

സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് നീതി ഉറപ്പാക്കുമെന്ന് പിണറായി സർക്കാർ വാക്ക് കൊടുത്തിട്ടുണ്ട്. ഇത് കാരണം ഓർത്തഡോക്‌സുകാരെല്ലാം സജി ചെറിയാന് പിന്നിൽ അണിനിരന്നു. ഇതിലൂടെ കോൺഗ്രസിന് പരമ്പരാഗത വോട്ട് ബാങ്ക് നഷ്ടമാവുകയും ചെയ്തു. ഉമ്മൻ ചാണ്ടി നടത്തിയ സജീവ ഇടപെടൽ പോലും ക്രൈസ്തവരെ വിജയകുമാറിലേക്ക് അടുപ്പിച്ചില്ല. സിഎസ്‌ഐക്കാരിനാണ് സജി ചെറിയാനെന്ന പ്രചരണം വിലപോകാത്ത തരത്തിൽ കത്തോലിക്കരും സിപിഎമ്മിന് വോട്ട് കുത്തി. വിജയകുമാറിന് അയ്യപ്പസേവാ സംഘവുമായുള്ള ബന്ധവും ഇതിന് കാരണമായി. വിജയകുമാറിനെ ആർഎസ്എസ് നേതാവായി ഉയർത്തിക്കാട്ടിയുള്ള പ്രചരണവും ന്യൂനപക്ഷ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിച്ചു. ഓർത്തഡോക്‌സുകാരിയായ ശോഭനാ ജോർജിനെ ഒപ്പം കൂട്ടാനുള്ള നീക്കവും ഫലിച്ചു. ഇതും സജി ചെറിയാന് വോട്ടുകളെത്തിച്ചു.

ശോഭന ജോർജ് രണ്ടു പ്രാവശ്യം കോൺഗ്രസ് എംഎൽഎ ആയതും ഓർത്തഡോക്‌സ് പക്ഷത്തിന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ളപ്പോഴായിരുന്നു. ഒരു തവണ കോൺഗ്രസ് (എസ്) ടിക്കറ്റിൽ ഇടതു മുന്നണിയിൽ നിന്നും ജയിച്ച മാമൻ ഐയിപ്പും ഓർത്തഡോക്‌സ് വിശ്വാസിയായിരുന്നു. ഇതെല്ലാം മനസ്സിൽ വച്ചായിരുന്നു ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്ത്രങ്ങൾ ഒരുക്കിയത്. ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുമ്പോൾ ക്രൈസ്തവ വോട്ടുകൾ ആർ്ക്കു കിട്ടുമെന്നതായിരുന്നു നിർണ്ണായകമായി സിപിഎം വിലയിരുത്തി. ക്രൈസ്തവ മേഖലകൾ കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കി. ഇതെല്ലാം ചെങ്ങന്നൂരിന്റെ മനസ്സിനെ സ്വാധീനിച്ചു.

2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7,983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ കെ.കെ.രാമചന്ദ്രൻ നായർ വിജയിച്ചത്. എട്ടു ഗ്രാമപ്പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ലീഡുനേടി. ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പുലിയൂർ, വെൺമണി, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളാണ് എൽ.ഡി.എഫിന് രക്ഷയായത്. ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാട് ഗ്രാമപ്പഞ്ചായത്തിലും യു.ഡി.എഫ്. മേൽക്കൈ നേടി. തിരുവൻവണ്ടൂർ ഗ്രാമപ്പഞ്ചായത്തിൽ എൻ.ഡി.എ.യായിരുന്നു മുന്നിൽ. ഇത്തവണ തിരുവൻണ്ടൂരിൽ സിപിഎം മുന്നിലെത്തി. ബാക്കി എല്ലായിടത്തും സജി ചെറിയാനും. 26 ശതമാനമുള്ള ക്രൈസ്തവരുടെ വോട്ട് സജി ചെറിയാന് കിട്ടിയതിന് തെളിവ് തന്നെയാണ് ഇത്. ഇവിടെ 24 ശതമാനമാണ് നായർ വോട്ടർമാരുണ്ടായിരുന്നത്. ഈഴവർ 19ഉം. ക്രൈസ്തവരിൽ തന്നെ മലങ്കര, മാർത്തോമാ, സി.എസ്‌ഐ. വിഭാഗങ്ങളും പെന്തക്കോസ്ത് വിഭാഗങ്ങളും വ്യത്യസ്തസമീപനം പുലർത്തുന്നവരാണ്. ഇത്തവണ ഇവരെല്ലാം സജി ചെറിയാനെ തുണച്ചുവെന്ന് വേണം കരുതാൻ.

1957 മുതൽ ചെങ്ങന്നൂരിൽ 15 നിയസഭാ തിരഞ്ഞെടുപ്പുകളാണ് നടന്നത്. ഒമ്പതു പ്രാവശ്യം വിജയിച്ചത് യു.ഡി.എഫാണ്. അഞ്ചു പ്രാവശ്യം എൽ.ഡി.എഫും. 1965-ൽ കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് കെ.ആർ.സരസ്വതിയമ്മയിലൂടെ വിജയം നേടി. ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ബിജെപി. ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് 2016-ലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP