ഉറിക്ക് തിരിച്ചടി നൽകിയ മാതൃകയിൽ പുൽവാമയ്ക്ക് ബദലായി ബലാക്കോട്ടിലെ സർജിക്കൽ സ്ട്രൈക്ക്; കാശ്മീരിലെ ഇടപെടലുകൾക്ക് പിന്നാലെ നടത്തുന്നത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പ്രഖ്യാപനം; ലക്ഷ്യം യുദ്ധത്തിന് ഇന്ത്യ സർവ്വ സജ്ജമെന്ന സന്ദേശം പാക്കിസ്ഥാന് നൽകുക തന്നെ; അതിർത്തിയിൽ പ്രകോപനം തുടർന്നാൽ എന്തു വേണമെന്ന് മോദിയും അമിത് ഷായും തീരുമാനിക്കും; നടപ്പാക്കുന്നത് 20 വർഷമായി ഫയലിൽ ഉറങ്ങി കിടന്ന തീരുമാനം; 'സർവ്വ സൈനാധിപനാകുക' മോദി തന്നെ: വിറയ്ക്കുന്നത് പാക്കിസ്ഥാനും
August 16, 2019 | 07:23 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പ്രകോപനങ്ങൾ പല രീതിയിൽ ഉയരുന്ന കാലത്തു പരമ്പരാഗത ശൈലി മോദി സർക്കാർ പിന്തുടരാൻ ഇല്ല. വികസിത രാജ്യങ്ങളുടെ മാതൃക പിന്തുടരുന്ന സൈനിക കരുത്താകുക. ഉരുക്കുമുഷ്ടിയുള്ള നേതാവാകാനാണ് ശ്രമം. എല്ലാത്തിനും പിന്തുണയുമായി അമിത് ഷായും ഉണ്ട്. മോദിയും അമിത് ഷായും ചേർന്ന് സൈന്യത്തെ മാറ്റി കുറിക്കുകയാണ്. പാക്കിസ്ഥാന്റെ ഭീഷണിയെ സമർത്ഥമായി നേരിടാനാകും ശ്രമം. 73ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ മൂന്നു സേന വിഭാഗങ്ങളെയും ഏകോപിപ്പിക്കാൻ ഒരു മേധാവി. 'ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ' (സിഡിഎസ്) എന്ന പുതിയ പദവി. ഇന്ത്യൻ മിലിട്ടറി സംവിധാനത്തിൽ കാതലായ മാറ്റമാണ് കൊണ്ടു വരുന്നത്.
നിലവിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അധ്യക്ഷനായ പ്രതിരോധ ആസൂത്രണ സമിതിയാണ് (ഡിപിസി) പ്രധാനമന്ത്രിക്കു സൈനിക കാര്യങ്ങളിൽ ഉപദേശം നൽകുന്നത്. മൂന്നു സേന മേധാവിമാരും സമിതിയിൽ അംഗങ്ങളാണ്. ഐഎഎസ്/ ഐപിഎസ്/ഐഎഫ്എസ് ഉദ്യോഗസ്ഥരാണു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയിലേക്കു വരുന്നത്. ഇവർക്ക് യുദ്ധ തന്ത്രങ്ങളിൽ പ്രാവീണ്യമില്ല. ഇത് മാറ്റാനാണ് പുതി. നീക്കം. 'ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ' എന്നും പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തും. ഇതിലൂടെ അതിർത്തിയിലെ പ്രശ്നങ്ങളിൽ അതിവേഗ തീരുമാനവും എടുക്കും. ഇത് കൂടുതൽ കാര്യക്ഷ്മമായ ഏകോപനത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിലൂടെ ഇന്ത്യൻ ഉദ്ദേശിക്കുന്നതും പാക്കിസ്ഥാൻ വ്യക്തമായ സന്ദേശം നൽകുകയെന്നതാണ്. സേനയുടെ മൊത്തം നിയന്ത്രണം പ്രധാനമന്ത്രിക്ക് കീഴിൽ വരുന്ന തരത്തിലാകും തീരുമാനം നടപ്പാക്കുക.
മോദി നടപ്പാക്കുന്നത് ഇരുപത് വർഷമായി ഫയലിൽ ഉറങ്ങിക്കിടക്കുന്ന ശുപാർശയാണ് ഇത്. സൈന്യത്തിന് ഒരു മേധാവി എന്ന പ്രഖ്യാപനത്തിലൂടെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നത്. കര, നാവിക, വ്യോമ സേനാമേധാവികളുടെ തലപ്പത്താണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അഥവാ സി.ഡി.എസ്. മൂന്ന് സേനകളെയും ഏകോപിപ്പിക്കുന്നതും സേനകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശം നൽകുന്നതും സി.ഡി.എസ് ആയിരിക്കും. എന്നാൽ, സി.ഡി.എസ് സൂപ്പർ ചീഫാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. 1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം രൂപീകരിച്ച കെ.സുബ്രഹ്മണ്യൻ സമിതിയാണ് സി.ഡി.എസിനെ നിയമിക്കണമെന്ന് ആദ്യം ശുപാർശ ചെയ്തത്. എന്നാൽ കാര്യമായ തുടർനടപടികൾ ഉണ്ടായില്ല. നിലവിൽ മൂന്ന് സേനാമേധാവിമാർ ഉൾപ്പെട്ട ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുണ്ട്. മൂന്ന് സേനാമേധാവിമാരിൽ മുതിർന്നയാളാണ് ഇതിന്റെ ചെയർമാൻ. സി.ഡി.എസിനെ നിയമിക്കുന്നതിനോട് വ്യോമസേനയ്ക്ക് നേരത്തെ എതിർപ്പുണ്ടായിരുന്നു.
യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളിൽ സിഡിഎസ് (അല്ലെങ്കിൽ സമാനസ്വഭാവമുള്ള പദവി) ഉണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന പദവി സൃഷ്ടിച്ചെടുത്ത എ.ബി. വാജ്പേയിയുടെ (19 നവംബർ 1998) പിൻഗാമിയായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സൃഷ്ടിച്ചെടുത്ത് മോദിയും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ നിയമിച്ചാണ് മോദി വാജ്പേയിയുടെ തീരുമാനത്തിന് കൂടുതൽ കരുത്ത് നൽകിയത്. ഇന്ത്യൻ ചാര സംഘടനയുടെ ഒരുകാലത്തെ എല്ലാമെല്ലാമായിരുന്ന ഡോവൽ കൃത്യമായി കരുക്കൾ നീക്കിയപ്പോൾ അസാധ്യമെന്ന് കരുതിയ പലതും സംഭവിച്ചു. സൈന്യത്തിന് ഏകീകൃത നേതൃത്വം കൊണ്ടു വന്ന് കൂടുതൽ കാര്യക്ഷ്മമായി യുദ്ധ തന്ത്രങ്ങൾ മെനയാനാണ് നീക്കം. ഉറിയിലെ തീവ്രവാദ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് സർജിക്കൽ സ്ട്രൈക്കിലൂടെയാണ്. പുൽവാമയിലേക്ക് ആക്രമണമെത്തിയപ്പോൾ ഇന്ത്യൻ വായുസേന ബലാക്കോട്ടിലേക്ക് തുരുതുരാ ബോംബുകൾ വർഷിച്ചു. രണ്ടാം മോദി സർക്കാരും പാക്കിസ്ഥാനെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കാശ്മീരിലെ ഇടപെടലും ഇതിന്റെ ഭാഗമാണ്. അത്തരമൊരു ഇടപെടൽ കൂടുതൽ കാര്യക്ഷ്മമാക്കാനാണ് സർവ്വ സൈന്യാധിപനെ നിയോഗിക്കുന്നത്.
മൂന്ന് സേനാവിഭാഗങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ആർമിയും നേവിയും എയർഫോഴ്സും. ഇതിനെല്ലാം വ്യത്യസ്തമായ ഭരണമാണുണ്ടായത്. ഓരോ സേനയ്ക്കും മൂന്ന് തലവന്മാർ. ഇവരുടെ ഏകോപനം ഉറപ്പാക്കിയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രതിരോധം തീർത്തത്. ഈ സംവിധാനമാണ് മാറ്റി മറിക്കുന്നത്. ഇനി മൂന്ന് സേനയും ഒരു കുടക്കീഴിലാകും. ഇത് നിയന്ത്രിക്കാൻ ഒരു മേധാവി. മൂന്ന് സൈനിക തലവന്മാർക്കും മുകളിൽ ഒരു അധികാര കേന്ദ്രം ഉണ്ടാകുമ്പോൾ സൈനിക നീക്കങ്ങളിൽ തീരുമാനം വേഗം എടുക്കാമെന്നാണ് മോദി സർക്കാരിന്റെ നിലപാട്. ഇത് ഞെട്ടിക്കുന്ന പാക്കിസ്ഥാനെയാണ്. ഇന്ത്യ യുദ്ധ സജ്ജമാകുന്നതിന്റെ സൂചനകൾ ഇതിൽ ഒളിച്ചിരിപ്പുണ്ട്. കാശ്മീരിൽ സ്വയം ഭരണം ഇന്ത്യ എടുത്തു കളയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതും മോദി ചെയ്തു. അതിന് ശേമാണ് 'ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ' (സിഡിഎസ്) എന്ന പുതിയ പദവിയുടെ പ്രഖ്യാപനം.
പട്ടാള അട്ടിമറിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞാണ് മൂന്ന് സൈനിക വിഭാഗങ്ങളേയും പ്രത്യേകം പ്രത്യേകമായി നിലകൊള്ളാൻ അനുവദിക്കുന്നത്. 'ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് 'വരുമ്പോൾ ഇത് മാറി മറിയും. എല്ലാ സൈനിക യൂണിറ്റിന്റേയും നിയന്ത്രണം ഒരാളിലേക്ക് എത്തും. ജനാധിപത്യത്തെ അട്ടിമറിച്ച് സൈനിക ഭരണത്തിനുള്ള സാധ്യതയാണ് ഇത് ഉണ്ടാക്കുക. എന്നാൽ ഈ ഭീതി മോദിക്കും അമിത് ഷായ്ക്കും ഇല്ല. അട്ടിമറിക്കുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അവർ തിരിച്ചറിയുന്നു. ഇതുകൊണ്ട് കൂടിയാണ് പുതിയ പദവി സൃഷ്ടിക്കുന്നതും. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പകർന്ന് നൽകുന്ന ആത്മവിശ്വാസവും മോദിയുടെ പ്രഖ്യാപനങ്ങളിൽ പ്രതിഫലിക്കുന്നു.
പ്രതിരോധരംഗത്തെ നിർണായക പരിഷ്ക്കരണം ആണിയത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലേക്കു കുറച്ചു കൂടി ശ്രദ്ധിച്ചാൽ സിഡിഎസ് രൂപീകരണത്തിന്റെ പശ്ചാത്തലം മനസിലാക്കാൻ കഴിയും. 'ഇന്നു യുദ്ധത്തിന്റെ സ്വഭാവം മാറി. സാങ്കേതികമായ ഒരുപാട് മുന്നേറ്റങ്ങൾ പ്രതിരോധരംഗത്തുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കും മുന്നോട്ടുപോയേ മതിയാകൂ. മൂന്നു സേന വിഭാഗങ്ങളുടെയും കൃത്യമായ ഏകോപനം ആവശ്യമാണ്. ഈ സാഹചര്യത്തിൽ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തുകയാണെന്നാണ് മോദി പറയുന്നത്. 'ഒന്നിച്ച് നിൽക്കുക. സൈന്യത്തിന്റെ ഓരോ തട്ടിലും ഏകോപനം ഏറെ മുൻതൂക്കം നൽകേണ്ട ഘടകമാണ്. പല നിറങ്ങളിൽ, പല ഭാഷകളിൽ വൈവിധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന നമ്മൾ ഒരുകൊടിക്കുകീഴിൽ അണിനിരക്കുന്നു. അത്തരം ഒരു ഏകോപനം സൈന്യത്തിലും വേണം.'-ഇതാണ് മോദി ആഗ്രഹിക്കുന്നത്.
സിഡിഎസ് എന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്. കാർഗിൽ യുദ്ധത്തിൽ നേരിട്ട പ്രതിസന്ധികളാണ് ഈ ആവശ്യത്തിലേയ്ക്ക് എത്തിച്ചത്. മഞ്ഞുമൂടിയ ചെങ്കുത്തായ മലനിരകളിൽ കടമ്പകളും തിരിച്ചടികളും ജീവത്യാഗങ്ങളും ഒരുപാടു പിന്നിട്ടതിന് ശേഷമാണ് കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ വെന്നിക്കൊടി പാറിച്ചത്. കാർഗിൽ അനുഭവപാഠങ്ങളുടെ പശ്ചാത്തലത്തിൽ കെ. സുബ്രഹ്മണ്യം കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഡിഎസ് എന്ന നിർദ്ദേശം ഉയർന്നുവന്നത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പിതാവാണ് കെ. സുബ്രഹ്മണ്യം. ജയശങ്കർ വിദേശകാര്യമന്ത്രിയായിരിക്കുമ്പോൾ അത് സംഭവിക്കുകയും ചെയ്യുന്നു. 2001ൽ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അധ്യക്ഷനായ മന്ത്രിസഭാ സമിതി സിഡിഎസിന് ശുപാർശ ചെയ്തു.
കാർഗിൽ യുദ്ധാനന്തരം സേനയിലെ ഏകോപനങ്ങൾക്കു രണ്ടു സംവിധാനങ്ങളുണ്ട്. ഒന്ന്, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ( സേന വിഭാഗങ്ങളും പ്രതിരോധ, വിദേശകാര്യമന്ത്രാലയവും ഉൾപ്പെടുന്നത്). രണ്ട്, ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മറ്റി(മൂന്ന് സേന മേധാവികൾ ഉൾപ്പെട്ട കമ്മറ്റി. മുതിർന്ന സേനമേധാവി അധ്യക്ഷനാകും. നരേഷ് ചന്ദ്ര കർമസമിതിയുടെ ശുപാർശയാണിത്) ഇതു കൂടാതെയാണ് സിഡിഎസ് വരുന്നത്.
2018ൽ പാർലമെന്റിൽ സിഡിഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് ചോദ്യം ഉയർന്നിരുന്നു. രാഷ്ട്രീയകക്ഷികളുമായി ചർച്ച നടന്നുവരികയാണെന്ന് അന്നു പ്രതിരോധ സഹമന്ത്രിയായിരുന്ന സുഭാഷ് ഭാംറെ മറുപടി നൽകി. അന്തരിച്ച ഗോവ മുന്മുഖ്യമന്ത്രി മനോഹർ പരീക്കർ പ്രതിരോധമന്ത്രിയായിരിക്കെ ഇക്കാര്യത്തിൽ ഏറെ താൽപര്യമെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ദേശീയ സുരക്ഷ സമിതി സെക്രട്ടേറിയറ്റും കഴിഞ്ഞ കുറച്ചധികം നാളുകളായി ഇതിന്റെ പിന്നാലെയായിരുന്നു. പ്രധാനമന്ത്രിയുമായി അജിത് ഡോവൽ പലതവണ ചർച്ച നടത്തുകയും ചെയ്തു.
സിഡിഎസ് സർവസൈന്യാധിപനല്ല. രാഷ്ട്രപതിയാണ് ഇന്ത്യയുടെ സർവസൈന്യാധിപൻ. രാജ്യത്തിന്റെ ഭരണനേതൃത്വത്തിനും സേനാവിഭാഗങ്ങൾക്കും ഇടയിലെ ഏറ്റവും സുപ്രധാന കണ്ണിയാണ് സിഡിഎസ്. കാബിനറ്റ് സെക്രട്ടറിക്കോ, കേന്ദ്ര സഹമന്ത്രിക്കോ തുല്യമായ പദവിയാകാനാണു സാധ്യത. പഞ്ച നക്ഷത്ര റാങ്കോ, നാലര നക്ഷത്ര റാങ്കോ നൽകിയേക്കാം (സേന മേധാവിമാർക്കു നാല് നക്ഷത്രമാണ്). കരസേന മേധാവി ബിപിൻ റാവത്തിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. വ്യോമസേന മേധാവി ബി.എസ് ധനോവയാണ് സീനിയറെങ്കിലും സെപ്റ്റംബർ 30ന് അദ്ദേഹം വിരമിക്കും. സൈനിക കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും മുഖ്യ ഉപദേഷ്ടാവ് സിഡിഎസായിരിക്കും.
യുദ്ധവേളയിൽ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിലെ മുൻനിരക്കാരനാകുമെങ്കിലും ഓപ്പറേഷനൽ കമാൻഡ് അധികാരമുണ്ടാകില്ല. കാര്യങ്ങൾ ആത്യന്തികമായി പ്രധാനമന്ത്രിയുടെ കൈകളിൽ ഭദ്രമായിരിക്കും. പട്ടാള അട്ടിമറിയുണ്ടാകുമെന്ന ആശങ്ക വേണ്ട. ആണവായുധങ്ങൾ പ്രയോഗിക്കുന്ന വേളയിൽ സിഡിഎസിന്റെ നിർദ്ദേശങ്ങൾ നിർണായകമായിരിക്കും. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മറ്റിയുടെ തലവൻ സിഡിഎസ് ആകുമെങ്കിലും മൂന്നു സേനാമേധാവികൾക്കും പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും ആശയവിനിമയം സാധ്യമാകും.
ഒന്നാം മോദി സർക്കാരിൽ ആദ്യ രണ്ടു വർഷം പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറും സിഡിഎസിനായി വാദിച്ചു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയേറ്റിന് സിഡിഎസുമായി മുന്നോട്ടു പോകാൻ അനുമതി നൽകി. എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയാണ് ഇപ്പോഴുള്ള മൂന്ന് സേനാ മേധാവികളിൽ സീനിയറെങ്കിലും സെപ്റ്റംബർ 31 ന് വിരമിക്കുമെന്നതിനാൽ ചീഫ് ഓഫ് ഡിഫൻസായി അദേഹത്തെ പരിഗണിക്കാനിടയില്ല. കരസേനാ മേധാവി ബിപിൻ റാവത്തിന് ഡിസംബർ 31 വരെ കാലാവധിയുള്ളതും മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും അനുകൂല ഘടകമാണ്.
