Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് വർഷത്തെ ഭരണം സർവ്വതും മുടിച്ചെന്ന് പറഞ്ഞിട്ടും കയ്യിലിരുന്ന വോട്ട് കൂടി ഒലിച്ചു പോയി; എൽഡിഎഫ് തരംഗത്തിൽ നഷ്ടപ്പെട്ട യുഡിഎഫ് മണ്ഡലം പടിച്ചെടുക്കാൻ കഴിയാത്ത നിരാശ മാറാതെ യുഡിഎഫ്; ചോദ്യം ചെയ്യപ്പെടുന്നത് രമേശ് ചെന്നിത്തലയുടെ കഴിവുകെട്ട നേതൃത്വം; മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നിരാശയിൽ ഉമ്മൻ ചാണ്ടിയും

രണ്ട് വർഷത്തെ ഭരണം സർവ്വതും മുടിച്ചെന്ന് പറഞ്ഞിട്ടും കയ്യിലിരുന്ന വോട്ട് കൂടി ഒലിച്ചു പോയി; എൽഡിഎഫ് തരംഗത്തിൽ നഷ്ടപ്പെട്ട യുഡിഎഫ് മണ്ഡലം പടിച്ചെടുക്കാൻ കഴിയാത്ത നിരാശ മാറാതെ യുഡിഎഫ്; ചോദ്യം ചെയ്യപ്പെടുന്നത് രമേശ് ചെന്നിത്തലയുടെ കഴിവുകെട്ട നേതൃത്വം; മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നിരാശയിൽ ഉമ്മൻ ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂരിലാണ് ചെന്നിത്തല. അതായത് രമേശ് ചെന്നിത്തലയുടെ കുടുംബ വീട് ഉൾപ്പെട്ട നിയമസഭാ മണ്ഡലം. ഉമ്മൻ ചാണ്ടിയുടെ അച്ഛന്റെ വീടും ഈ മണ്ഡലത്തിൽ. അതുകൊണ്ട് തന്നെ എങ്ങനേയും ജയിച്ച് കയറാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പഠിച്ച പണി പതിനെട്ടും നോക്കി. ഹൈന്ദവ നേതാവിനെ സ്ഥാനാർത്ഥിയാക്കി ബിജെപി വോട്ടുകൾ ചോർത്താനും തന്ത്രമൊരുക്കി. ഇതും പൊളിഞ്ഞു. ഡി വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനെ കൈവിടുകയും ചെയ്തു. എങ്ങനേയും ജയിക്കാൻ കെ എം മാണിയെ പാലായിലെ വീട്ടിൽ പോയി ചെന്നിത്തലയും ചാണ്ടിയും കണ്ടെതും വെറുതെയായി. സജി ചെറിയാന്റെ വിജയം 20000 കടക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് യുഡിഎഫാണ്.

കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ ആളില്ലെന്നതാണ് പ്രധാന പ്രശ്‌നം. കെപിസിസി അധ്യക്ഷ പദവിയിലുള്ള എംഎം ഹസന് പ്രവർത്തകെ ഉത്തേജിപ്പിക്കാനാകുന്നില്ല. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് സർക്കാരിനെതിരെ വിഷയങ്ങൾ ഉയർത്താനും കഴിയുന്നില്ല. സോളാർ വിവാദത്തിൽ കുടുങ്ങിയ സൈഡിലേക്ക് മാറ്റപ്പെട്ട ഉമ്മൻ ചാണ്ടിയും ചെങ്ങന്നൂരിൽ ഫലം കണ്ടില്ല. വിജയകുമാറിനെ എങ്ങനേയും വിജയിപ്പിക്കാൻ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്താണ് ഉമ്മൻ ചാണ്ടിയും പ്രവർത്തിച്ചത്. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിലേക്ക് അടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രങ്ങൾക്ക് കഴിയുന്നു. ഇടത് മുന്നണിയിൽ വ്യക്തമായ മേൽകൈ സിപിഎമ്മിനുണ്ട്. ഇതുപയോഗിച്ച് ഇടത് സംഘടനാ സംവിധാനത്തെ പൂർണ്ണമായും നിയന്ത്രിക്കുകയാണ് പിണറായി. സിപിഐയെ പിണക്കാതെ മുന്നോട്ട് പോകാനുള്ള ശ്രമം ചെങ്ങന്നൂരിൽ വിജയിപ്പിച്ചെടുക്കുകയും പിണറായി ചെയ്തിരിക്കുന്നു. ഇതും കോൺഗ്രസിന് വലിയ തലവേദനയായി മാറും.

അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ചെങ്ങന്നൂരിലെ വിജയം സിപിഎമ്മിനും പിണറായിക്കും കരുത്താകും. ഇതുവരെ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇനി ചർച്ചയാക്കിയാൽ സജി ചെറിയാന്റെ വിജയത്തിലൂടെ അതിനെ പ്രതിരോധിക്കാൻ പിണറായിക്ക് കഴിയും. അതുകൊണ്ട് തന്നെ പൊലീസിനെതിരെ പ്രതിപക്ഷത്തിന് പഴയ കാര്യങ്ങൾ ഇനി പറയാനാകില്ല. അതേ സമയം ജയിച്ചിരുന്നുവെങ്കിൽ സിപിഎമ്മിനെ കടന്നാക്രമിക്കാൻ കോൺഗ്രസിന് കഴിയുമായിരുന്നു. കഴിഞ്ഞ ദിവസം തന്നെ തന്റെ വീട്ടിൽ പോലും തെരഞ്ഞെടുപ്പ് നോട്ടീസ് ആരും കൊണ്ടു തന്നില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാർ തന്നെ ആരോപിച്ചിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാർ ചില ലക്ഷ്യത്തോടെ പ്രവർത്തിച്ചുവെന്ന പരാതി വിജയകുമാറിനുണ്ട്.

കോൺഗ്രസിന്റെ സംഘടനാ സംവിധാനം പൂർണ്ണമായും തകർന്നുവെന്നതിന് തെളിവാണ് വിജയകുമാറിന്റെ പ്രസ്താവന. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സജീവമായിട്ടും ഇത് സംഭവിച്ചുവെന്നതാണ് പ്രധാന പ്രശ്‌നം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് 15 സീറ്റോളം ജയിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ മോഹത്തിന് തിരിച്ചടിയാണ് ചെങ്ങന്നൂരിലെ കനത്ത തോൽവി. രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഐ ഗ്രൂപ്പിൽ പോലും വിരുദ്ധാഭിപ്രായം സജീവമാണ്. പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തൽ കൂടിയാകും ചെങ്ങന്നൂരിലെ ഫലമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തെ പറഞ്ഞിരുന്നു. ഇത് വീണ്ടും ചർച്ചയായി ഉയർത്താനും ഹൈക്കമാണ്ടിന്റെ ശ്രദ്ധയിലെത്തിക്കാൻ സംസ്ഥാനത്തെ യുവ തുർക്കികളായ നേതാക്കൾ തന്നെ ശ്രമിക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉടൻ മാറ്റമുണ്ടാകും. ഇതിനെ സ്വാധീനിക്കാൻ ചെന്നിത്തലയ്ക്ക് ഇനി കഴിയാതെ പോവുകയും ചെയ്യും. കർണ്ണാടകയിൽ ഭരണം പിടിച്ച ഊർജ്ജവുമായി മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. ഈ സമയത്താണ് കേരളത്തിൽ തകർന്നടിയുന്നത്. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയം നേടിയത് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമാണ്. അതുകൊണ്ട് തന്നെ ന്യായീകരണം നിരത്താൻ കോൺഗ്രസിന് കഴിയുകയില്ല.. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂരിപക്ഷമാണ് സജി ചെറിയാന് ലഭിച്ചിരിക്കുന്നത്. 1980 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുക്കുമ്പോൾ 1987ൽ മാമൻ ഐപ്പും 2016ൽ കെകെ രാമചന്ദ്രൻനായരുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചത്.

ഇതിൽ മാമൻ ഐപ്പ് 1987ൽ നേടിയ 15,703 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു ഇതുവരെ മണ്ഡലത്തിന്റ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. എന്നാൽ സജി ചെറിയാന്റെ മിന്നും വിജയം ആ റെക്കോർഡിനേയും മറികടന്നിരിക്കുകയാണ്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിലാണ് സിപിഎമ്മിന്റെ ഈ നേട്ടം. ഇതിന് ന്യായങ്ങൾ നിരത്തി പ്രതിരോധിക്കാൻ ഉമ്മൻ ചാണ്ടിക്കുമാകില്ല. എ ഗ്രൂപ്പിന്റെ പൂർണ്ണ സഹകരണം പ്രവർത്തനത്തിൽ ഉണ്ടായില്ലെന്ന പരാതി വിജയകുമാറിനുണ്ട്.

2009 മുതൽ നടന്ന എല്ലാ നിമയസഭ ഉപതെരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച ചരിത്രമാണ് യുഡിഎഫിനുള്ളത്. സർക്കാരിനെതിരെ ആരോപണങ്ങളും പ്രക്ഷോഭങ്ങളുമായി ഇടതു മുന്നണി രംഗത്തിറങ്ങിയ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയം യുഡിഎഫിനൊപ്പം നിന്നു. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടർന്ന് പിറവം മണ്ഡലത്തിലാണ് ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് സ്ഥാനാർത്ഥിയാവുകയും വിജയം നേടുകയും ചെയ്തു. അടുത്തത് എൽഡിഎഫിന്റെ സകല പ്രതീക്ഷകളെയും അസ്ഥാനത്താക്കിയ തെരഞ്ഞെടുപ്പ് നടന്നത് തിരുവനന്തപുരത്തെ നെയ്യാറ്റിൻക്കര മണ്ഡലത്തിലാണ്. സിപിഎം ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ആർ. ശെൽവരാജ് എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം എതിർ ചേരിയിൽ ചേർന്നു വീണ്ടും നിയമസഭയിലെത്തി.

എൽഡിഎഫിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ശെൽവരാജിനു യുഡിഎഫിൽ നിന്നപ്പോൾ ലഭിച്ചു. സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് അരുവിക്കര മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അഴിമതി ആരോപണങ്ങളിൽ ഉഴറിയ യുഡിഎഫിനെതിരേ ഇടതുപക്ഷം ശക്തമായ പ്രചാരണങ്ങൾ അഴിച്ചു വിട്ട തെരഞ്ഞെടുപ്പിലും വിജയം പക്ഷേ, യുഡിഎഫിനൊപ്പം തന്നെ നിന്നു. ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥ് സിപിഎമ്മിലെ ശക്തനായ നേതാവ് എം. വിജയകുമാറിനെയാണ് പരാജയപ്പെടുത്തിയത്. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കി ഇടതുമുന്നണി അധികാരത്തിൽ എത്തി.

ഈ സർക്കാരിന്റെ കാലത്ത് ആദ്യ ഉപതെരഞ്ഞെടുപ്പിന് വേദിയൊരുക്കിയത് വേങ്ങരയാണ്. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവെച്ച ഒഴിവിലായിരുന്നു വേങ്ങര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP