Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം; ചാലക്കുടിയിലും ആലപ്പുഴയിലും വിജയം പ്രതീക്ഷിക്കുന്ന എൽഡിഎഫിന് തൃശൂരിൽ ലക്ഷ്യം ബിജെപിക്ക് മുന്നിൽ രണ്ടാമതെത്തുക; മധ്യകേരളത്തിൽ ആറു സീറ്റുകളുടെ വോട്ടിങ് പാറ്റേണുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇങ്ങനെ

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം; ചാലക്കുടിയിലും ആലപ്പുഴയിലും വിജയം പ്രതീക്ഷിക്കുന്ന എൽഡിഎഫിന് തൃശൂരിൽ ലക്ഷ്യം ബിജെപിക്ക് മുന്നിൽ രണ്ടാമതെത്തുക; മധ്യകേരളത്തിൽ ആറു സീറ്റുകളുടെ വോട്ടിങ് പാറ്റേണുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മധ്യകേരളത്തിലെ ആറു മണ്ഡലങ്ങളിലും മുൻതൂക്കം യുഡിഎഫിനാണ്. എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ്. ആലപ്പുഴയും ചാലക്കുടിയും മാത്രമാണ് ഇടത് പ്രതീക്ഷകളിലുള്ളത്. തൃശൂരിൽ മൂന്നാംസ്ഥാനത്ത് എത്താതിരിക്കാനുള്ള കണക്ക് കൂട്ടലിലുമാണ്. മധ്യകേരളത്തിലെ ആറു സീറ്റിലും വിജയം യുഡിഎഫ് അവകാശപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

കൊച്ചയിൽ ഹൈബി ഈഡനും കോട്ടയത്ത് തോമസ് ചാഴിക്കാടനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ജയം ഉറപ്പിച്ചതായാണ് വിലയിരുത്തൽ. കൊച്ചിയിൽ ഹൈബിയുടെ വ്യക്തിമികവാണ് തുണയാകുന്നത്. കോട്ടയത്ത് കെഎം മാണി തരംഗ ആഞ്ഞെടിക്കുന്നുണ്ട്. ഇടുക്കിയിൽ കസ്തൂരി രംഗൻ പ്രതിഷേധത്തിന്റെ ചൂട് കുറഞ്ഞതും പിജെ ജോസഫിന്റെ ഇടപെടലും ഡീനിന് കരുത്താണ്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരത്തിൽ നിന്ന് മാറിയത് കോൺഗ്രസിന് ക്ഷീണമായി. എങ്കിലും ഷാനിമോൾ ഉസ്മാൻ വീറോടെ പൊരുതി. ഇവിടെ സിപിഎം വിജയം പ്രതീക്ഷിക്കുമ്പോൾ കോൺഗ്രസിന്റെ കണക്കു കൂട്ടലും വിജയ തീരത്തേക്കാണ് കടക്കുന്നത്. ചാലക്കുടി യുഡിഎഫ് മണ്ഡലമാണെന്നും അവിടെ കോൺഗ്രസിന്റെ അതിശക്തനായ നേതാവ് ബെന്നി ബെഹന്നാൻ ജയിക്കുമെന്നും വിലയിരുത്തലുകൾ വലത് കേന്ദ്രത്തിൽ സജീവമാണ്.

ചാലക്കുടിയിലും ആലപ്പുഴയിലും തൃശൂരിലും മൽസരം കടുപ്പമായിരുന്നെന്ന് സമ്മതിക്കുമ്പോഴും പൊതു വോട്ടിങ് തരംഗത്തിന്റെ ആനുകൂല്യത്തിൽ ജയിച്ചു കയറുമെന്ന വിലയിരുത്തലും യുഡിഎഫുകാർ പങ്കുവയ്ക്കുന്നു. മൂന്നിടത്തും ന്യൂനപക്ഷ വോട്ടുകളിലാണ് യുഡിഎഫ് പ്രതീക്ഷ. ഇതിൽ തൃശൂരിൽ സുരേഷ് ഗോപി ഇഫക്ടുമുണ്ട്. ന്യൂനപക്ഷവോട്ടുകളെ ടി എൻ പ്രതാപന് അനുകൂലമാക്കാൻ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലൂടെ ആയി. ബിജെപി വിരുദ്ധ വികാരം തൃശൂരിൽ കോൺഗ്രസിന് മികച്ച വിജയം നൽകും. പ്രതാപന്റെ ഇമേജും ഇതിന് കാരണമായെന്നാണ് യുഡിഎഫ് പറയുന്നത്. തൃശൂരിൽ ബിജെപി ജയിക്കുമെന്ന് പറയുന്നുണ്ട്. എങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കും അറിയാം.

പരമ്പരാഗത യുഡിഎഫ് കോട്ടകളിൽ ഉണ്ടായേക്കാവുന്ന തിരിച്ചടി ഇടതുമുന്നണിയും മുന്നിൽ കാണുന്നുണ്ട്. ഇടുക്കിയിലും എറണാകുളത്തും സ്ഥാനാർത്ഥികളുടെ വ്യക്തിമികവും കോട്ടയത്ത് യുഡിഎഫിലെ പ്രശ്‌നങ്ങളും ഇടതുപ്രതീക്ഷയാണ്. എന്തുവന്നാലും ചാലക്കുടിയും ആലപ്പുഴയും ഇക്കുറി കൂടെപ്പോരുമെന്നു തന്നെയാണ് ഇടതുനേതൃത്വത്തിന്റെ കണക്കെടുപ്പ്. യാക്കോബായ സഭയുടെയും കിഴക്കമ്പലത്തെ ട്വന്റി ട്വന്റി കൂട്ടായ്മയുടെയും നിലപാടാണ് ചാലക്കുടിയിൽ ഇന്നസെന്റിന് സിപിഎം വിജയം പ്രതീക്ഷിക്കാൻ കാരണം. സ്ഥാനാർത്ഥി മികവും സംഘടനാ മേൽക്കൈയുമാണ് ആലപ്പുഴ ജയിക്കുമെന്നുറപ്പിക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്. എഎം ആരിഫിന് പിന്നിൽ മുസ്ലിം സമുദായം അണിനിരക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ രാഹുൽ തരംഗത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ. എന്തുവന്നാലും ജയിക്കുമെന്ന് ഷാനിമോളും പറയുന്നു.

അവസാന കണക്കെടുപ്പിൽ തൃശൂരിൽ യുഡിഎഫിനു തന്നെയാണു നേരിയ മേധാവിത്വം. ജയിച്ചില്ലെങ്കിലും യുഡിഎഫിനു പിന്നിൽ രണ്ടാം സ്ഥാനമെങ്കിലും ബിജെപി പ്രതീക്ഷിക്കുന്നു. യുഡിഎഫ് വോട്ടുകൾ ബിജെപി പിടിച്ചാൽ ജയിച്ചു കയറാമെന്ന മുന്നനുഭവം സിപിഐയ്ക്കുണ്ട്. എന്നാൽ ഇത്തവണ പ്രതാപന്റെ വ്യക്തി മികവ് സിപിഐയുടെ രാജാജി മാത്യു തോമസിന് വിനയാണ്. അതുകൊണ്ട് തന്നെ ബിജെപി പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ പ്രതാപന് കിട്ടിയെന്നാണ് വിലയിരുത്തൽ. ഇവിടെ ബിജെപിക്ക് പിന്നിൽ മൂന്നാമതാകുമോ എന്ന ഭയം സിപിഐയ്ക്കുണ്ട്. പാർലമെന്റിലെ ഏക സിപിഐ സിറ്റിങ് സീറ്റാണ് തൃശൂർ. സി എൻ ജയദേവനെ മാറ്റിയാണ് ഈ സീറ്റ് രാജാജിക്ക് നൽകിയത്. അതുകൊണ്ട് തന്നെ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഇടത് സ്ഥാനാർത്ഥി പോകുന്നത് സിപിഐയിലും പ്രശ്‌നങ്ങളുണ്ടാക്കും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത് 3.89 ലക്ഷം വോട്ടാണ്. എൽഡിഎഫ് സർക്കാരിനും മോദി സർക്കാരിനും എതിരെയുള്ള വികാരം യുഡിഎഫിനെ തുണയ്ക്കുമെന്നു യുഡിഎഫ് വിലയിരുത്തൽ. 25,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ഉണ്ടാകുമെന്നാണു പ്രതീക്ഷ. പുതുക്കാട് ഒഴികെയുള്ള 6 മണ്ഡലത്തിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. പുതുക്കാട് പരമാവധി 3000 വോട്ടിന്റെ കുറവാണു കണക്കാക്കുന്നത്. ഗുരുവായൂരിലും തൃശൂരിലും 7000 വോട്ടുവരെ ലീഡ് കിട്ടും. ഇരിങ്ങാലക്കുടയിലും മണലൂരിലും ഒല്ലൂരിലും 2000 വോട്ടും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരത്തോടൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നു യുഡിഎഫ് വിലയിരിത്തുന്നു.

തൃശൂർ, ഒല്ലൂർ, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിൽ ഇതു പ്രകടമാണ്. സ്ത്രീ വോട്ടു കൂടിയതും ഇതുമൂലമാണ്. ശബരിമല പ്രശ്‌നം ഹിന്ദു സമൂഹത്തിനിടയിലുണ്ടാക്കിയ അതൃപ്തി എൽഡിഎഫിനോടുള്ള പ്രതിഷേധമാകുകയും അതു യുഡിഎഫ് അനുകൂല വോട്ടാകുകയും ചെയ്യുന്നുണ്ട്. ബിജെപി പ്രതീക്ഷിക്കുന്നത് 3.8 ലക്ഷം വോട്ടുകളാണ്. എന്നാൽ മൂന്ന് ലക്ഷം മാത്രമേ കിട്ടാനിടയുള്ളൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തൃശൂർ, പുതുക്കാട്, നാട്ടിക, ഒല്ലൂർ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മുന്നേറ്റമാണു നടത്തിട്ടുള്ളത്. സുരേഷ് ഗോപി പാർട്ടി പ്രതീക്ഷിച്ചതിലും എത്രയോ ഉയരത്തിൽ പ്രചാരണത്തെ എത്തിച്ചുവെന്നത് വസ്തുതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP