Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി-പിണറായി വിരുദ്ധതയും രാഹുലിന്റെ സാന്നിധ്യവും ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ ആഭ്യന്തര യുദ്ധം; ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷവും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയും അടിച്ചു മാറ്റിയാൽ കേരളത്തിലെ കോൺഗ്രസ് തമ്മിൽ തല്ലി തീരും; തരംഗത്തിലും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഠിനപ്രയത്‌നം ചെയ്തില്ലെങ്കിൽ പിണറായിയുടെ കരുത്തിൽ വിയർക്കും; ജയിച്ചാലും തോറ്റാലും കോൺഗ്രസിനെ കാത്തിരിക്കുന്നത് കഠിനമായ വഴികൾ

മോദി-പിണറായി വിരുദ്ധതയും രാഹുലിന്റെ സാന്നിധ്യവും ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ ആഭ്യന്തര യുദ്ധം; ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷവും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയും അടിച്ചു മാറ്റിയാൽ കേരളത്തിലെ കോൺഗ്രസ് തമ്മിൽ തല്ലി തീരും; തരംഗത്തിലും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഠിനപ്രയത്‌നം ചെയ്തില്ലെങ്കിൽ പിണറായിയുടെ കരുത്തിൽ വിയർക്കും; ജയിച്ചാലും തോറ്റാലും കോൺഗ്രസിനെ കാത്തിരിക്കുന്നത് കഠിനമായ വഴികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ തരംഗം കേരളത്തിൽ ആഞ്ഞടിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പാലക്കാട് ഒഴികെ എല്ലാ സീറ്റീലും വിജയ പ്രതീക്ഷയിലുമാണ്. വടകരയിൽ കെ മുരളീധരനെ നിർത്തിയ അപ്രതീക്ഷിത നീക്കമുൾപ്പെടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പതിവിലും കരുതൽ കോൺഗ്രസ് എടുത്തു. മോദി വികാരം ആളിക്കത്തിച്ച് ന്യൂനപക്ഷത്തെ അടുപ്പിച്ചു. ശബരിമലയുടെ കാറ്റ് എങ്ങോട്ട് വീശിയെന്ന് കോൺഗ്രസിന് ഇനിയും ഉറപ്പില്ല.

കേരളത്തിൽ 15ൽ കുറയാതെ സീറ്റിൽ ജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ലീഗ് കോട്ടയും കേരളാ കോൺഗ്രസിന്റെ കോട്ടയവും അടിയുറച്ച് യുഡിഎഫിനൊപ്പം നിൽക്കും. കോൺഗ്രസിന് എത്ര സീറ്റ് കിട്ടുമെന്നതാണ് ഇനി നിർണ്ണായകം. ജയിച്ചാലും തോറ്റാലും കോൺഗ്രസിന് മുന്നിലുള്ളത് കഠിനമായ രാഷ്ട്രീയ വഴികളാണ്. 2014ലെ ലോക്സഭയിലെ മുൻതൂക്കം കേരളത്തിൽ കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ അത് പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകുമെന്നതാണ് വസ്തുത. ജയിച്ചാലും അടുത്ത നിയമസഭയിൽ മുൻതൂക്കം നേടാൻ കരുതലോടെ തന്നെ ഓരോ ചുവടും വയ്ക്കണം. അല്ലെങ്കിൽ അടിതെറ്റാനുള്ള സാധ്യത ഏറെയാണ്.

കേരളത്തിൽ ശബരിമല ചർച്ചയായതിനാൽ വർഗ്ഗീയ ധ്രുവീകരണം ലോക്സഭയിലേക്ക് ഉറപ്പായിട്ടുണ്ട്. മോദി വിരുദ്ധതയും രാഹുൽ തരംഗവും ന്യൂനപക്ഷങ്ങളെ കോൺഗ്രസിനൊപ്പം അടുപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം ഹിന്ദു വോട്ടുകൾ കൂടി കിട്ടിയാലേ കേരളം തൂത്തു വാരാൻ കോൺഗ്രസിന് കഴിയൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ഒഴികെ ന്യൂനപക്ഷത്തിനൊപ്പം ഭൂരിപക്ഷവും യുഡിഎഫിന് പിന്നിൽ അണിനിരന്നു എന്നാണ് യുഡിഎഫ് പ്രതീക്ഷ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വലിയ തോതിൽ ന്യൂനപക്ഷം കോൺഗ്രസിനെ തുണച്ചുവെന്നും കരുതുന്നു. എന്നാൽ ഈ വിലയിരുത്തലുകൾ അപ്രസക്തമാക്കി കേരളത്തിൽ ഉടനീളം ബിജെപി ഹൈന്ദവ വോട്ടുകൾ പിടിക്കുകയും ന്യൂനപക്ഷം കൈവിടുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയും. ഇവിടെ ഇടതുപക്ഷമാകും വിജയി.

ഇതുണ്ടായാൽ പിന്നെ കോൺഗ്രസിന് കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാത്ത അവസ്ഥ വരും. നേതാക്കൾ പരസ്പരം പഴിചാരും. ഇതിനിടെ സിപിഎം അതിശക്തരായി മാറുകയും ചെയ്യും. ബിജെപിയെ പ്രതിരോധിക്കാൻ ന്യൂനപക്ഷം സിപിഎമ്മിന് പിന്നിൽ അണിനിരക്കുകയും ചെയ്യും. മുസ്ലിം ലീഗ് പോലും കോൺഗ്രസിനെ കൈവിടാനും സാധ്യത തെളിയും.

കോൺഗ്രസിന് ഭൂരിപക്ഷം കൈവിടുമോ?

മോദി-പിണറായി വിരുദ്ധതയും രാഹുലിന്റെ സാന്നിധ്യവും മികച്ച സ്ഥാനാർത്ഥികളും പോരടിച്ചിട്ടും കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വമ്പൻ ആഭ്യന്തര യുദ്ധമാണ്. ഗ്രൂപ്പ് പോരും മുറുകും. പല സീറ്റുകളിലും നേതാക്കളുടെ പിടിവാശികൾ പ്രശ്നമായിരുന്നു. ഗ്രൂപ്പ് വീതം വയ്ക്കലാണ് നടന്നതെന്നും ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. പ്രവർത്തിക്കാതെ മാറി നിന്ന നേതാക്കളെ പലയിടത്തും തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നിയമസഭയിലേത് പോലെ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷവും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയും അടിച്ചു മാറ്റിയാൽ പ്രശ്നം അതിരൂക്ഷമാകും. ഇത് കാരണമാണ് നിയമസഭയിൽ പുരോഗമന വോട്ടുകളുടെ പിൻബലത്തിൽ സിപിഎം ജയിച്ചു കയറിയത്. ഈ മാതൃക ലോക്സഭയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം കരുക്കൾ നീക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ 8 സീറ്റ് പോലും കിട്ടിയാൽ അത് വിജയമായി ഇടതുപക്ഷം ആവർത്തിക്കും. ഇത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കും. ബിജെപിക്ക് വോട്ട് ശതമാനത്തിൽ ഉണ്ടാകുന്ന വളർച്ചയും കോൺഗ്രസിന്റെ കഴിവു കേടായി ചിത്രീകരിക്കും. ഇത് കോൺഗ്രസിന് ഒപ്പമുള്ള ന്യൂനപക്ഷത്തെ ഇടതിനോട് അടുപ്പിക്കുകയും ചെയ്യും.

ലോക്സഭയിൽ മോദി വിരുദ്ധ വികാരത്തിന്റെ പുറത്ത് യുഡിഎഫ് തരംഗം ഉണ്ടായാൽ പോലും ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഠിന പ്രയത്നം കോൺഗ്രസിന് ചെയ്യേണ്ടി വരും. ശബരിമലയിലും മറ്റും എടുത്ത നിലപാടുകൾ ഉയർത്തി ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ എന്തു വന്നാലും പിണറായി ഇനിയും ശ്രമിക്കും. അധികാരത്തിന്റെ കരുത്തുപയോഗിച്ച് ന്യൂനപക്ഷത്തെ അടുപ്പിക്കാൻ പദ്ധതികളും നടപ്പാക്കും. കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുമാകും. കേരളത്തിനൊപ്പം കേന്ദ്രത്തിൽ അധികാരം പിടിക്കുന്ന തരത്തിലെ മുന്നേറ്റം കോൺഗ്രസിനുണ്ടായില്ലെങ്കിൽ രാഹുലിനോട് ന്യൂനപക്ഷത്തിന് താൽപ്പര്യവും കുറയും.

രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ഇടതുപക്ഷത്തേക്ക് ചായുകയും ചെയ്യും. മുസ്ലിം ലീഗ് അടക്കമുള്ളവർക്കും പ്രതീക്ഷ പോകും. ഇതെല്ലാം കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയാലും കോൺഗ്രസിന് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. അതിനാൽ ജയിച്ചാലും തോറ്റാലും കടുത്ത വെല്ലുവിളിയാണ് കോൺഗ്രസിന് മുന്നിലുള്ളത്.

തോറ്റൽ മുല്ലപ്പള്ളിയും ചെന്നിത്തലയും പ്രതിക്കൂട്ടിലാകും

കേരളം കോൺഗ്രസ് തൂത്തുവാരിയാൽ സ്ഥിതി മാറും. ന്യൂനപക്ഷത്തിനൊപ്പം ഭൂരിപക്ഷവും കോൺഗ്രസിനെ കൈവിട്ടില്ലെന്ന് വാദിക്കാനും കഴിയും. എന്നാൽ ന്യൂനപക്ഷത്തിന് കരുത്തുള്ള ബിജെപിക്ക് സ്വാധീനമില്ലാത്ത മേഖലയിലെ മാത്രം വിജയം കോൺഗ്രസിന് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളെ തിരിച്ചു പിടിച്ച് നിയമസഭയിൽ ഭരണതുടർച്ചയുറപ്പാക്കാൻ പിണറായിക്ക് വീണ്ടും അവസരമൊരുക്കുന്നതാകും ഇത്.

സിപിഎമ്മിനും ഇടതുപക്ഷത്തിനും കിട്ടുന്ന വോട്ട് വിഹിതത്തിൽ വലിയ കുറവ് വന്നില്ലെങ്കിൽ അടിയൊഴുക്കുകളെ ഭരണത്തിന്റെ തണലിൽ അതിജീവിച്ച് കരുത്തനായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോകും. ഇത് കോൺഗ്രസിന് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് വിഹിതം കൂടും. രാഹുൽ തരംഗമില്ലാത്ത കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതിന്റെ ആനുകൂല്യം കരുത്തനായ നേതാവായ പിണറായി വിജയന് കിട്ടാനും സാധ്യയുണ്ട്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകൾക്ക് അതീതനായി ഹൈക്കമാണ്ട് നിയോഗിച്ച വ്യക്തിയാണ്. ഇതിനെ എയും ഐയും ഇപ്പോഴും എതിർക്കുന്നു. കേരളത്തിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ അതിനെ മുല്ലപ്പള്ളിയുടേയും രമേശ് ചെന്നിത്തലയുടേയും കഴിവ് കേടായി എ ഗ്രൂപ്പ് വ്യാഖ്യാനിക്കും. ഉമ്മൻ ചാണ്ടിയിലേക്ക് നേതൃത്വം എത്തിക്കാനുള്ള ശ്രമവും നടത്തും. എന്നാൽ ഗ്രൂപ്പ് കളിച്ച് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും വാശി കാട്ടിയ ഉമ്മൻ ചാണ്ടിയേയും അതിന് കൂട്ടു നിന്ന മുല്ലപ്പള്ളിയേയും കടന്നാക്രമിക്കാനാകും ചെന്നിത്തല പക്ഷത്തിന്റെ ശ്രമം. വടകരയിൽ കെ മുരളീധരനും കണ്ണൂരിൽ കെ സുധാകരനും ജയിക്കുമോ എന്നതടക്കമുള്ള വിഷയങ്ങളും കോൺഗ്രസിനെ സ്വാധീനിക്കും.

ആലപ്പുഴയിലും പാലാക്കാടും കോൺഗ്രസ് തോറ്റാൽ അത് ആ ജില്ലകളിലും പൊട്ടിത്തെറിക്ക് വഴിവയ്ക്കും. കെവി തോമസ്. പിജെ കുര്യൻ തുടങ്ങിയ നേതാക്കൾ ഏത് നിമിഷവും കോൺഗ്രസിനെതിരെ കലാപവുമായി എത്താൻ സാധ്യത ഏറെയാണ്. ഈ അവസരം മുതലെടുക്കാൻ സിപിഎമ്മും ബിജെപിയും ചാടി വീഴുമെന്നതും കോൺഗ്രസിന് ഭാവിയിൽ തലവേദനയായി മാറും.

ശബരിമലയിൽ ആശയക്കുഴപ്പം

സംസ്ഥാനത്ത് ശക്തമായ പോളിങ് നടന്നത് അനുകൂലമാകുമെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ പാർട്ടികളും. പോളിങ്ങിൽ അഞ്ചു ശതമാനം വരെ വർദ്ധനയുണ്ടായിട്ടുണ്ട്. പ്രധാനമായിട്ടും ശക്തമായ രാഷ്ട്രീയപോരാട്ടം നടന്ന മണ്ഡലങ്ങളിലാണ് പോളിങ് വർദ്ധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെട്ടത് വർഗ്ഗീയതയാണ്. മാത്രമല്ല ബിജെപിയുടെ സാന്നിദ്ധ്യം കൂടി വരുമ്പോൾ പോളിങ് ശതമാനം വർദ്ധിക്കുന്നത് വിധിനിർണ്ണയത്തിന് അടിസ്ഥാനമാക്കാനാവില്ലെന്നും ശബരിമല വിഷയമാണ് പോളിങ് വർദ്ധനയ്ക്ക് കാരണമെന്ന ഉറച്ച നിലപാടിലാണ് ബിജെപി. പത്തനംതിട്ട മണ്ഡലത്തിലുൾപ്പെടെ പോളിങ് ശതമാനം വർദ്ധിച്ചത് ഇതിന്റെ സൂചനയാണെന്നാണ് അവർ പറയുന്നത്. നാലുമുതൽ ആറു വരെ സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസം അവരും വച്ചുപുലർത്തുന്നുണ്ട്. ഇത് സംഭവിച്ചാലും ന്യൂനപക്ഷം കരുതലുകളെടുക്കും. ഇതും കോൺഗ്രസിന് ഭൂരിപക്ഷ സമുദായത്തിലുള്ള വോട്ട് ചോർച്ചയുടെ ഫലമായി വിലയിരുത്തും. ഇത് കാരണം നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഇടതുപക്ഷത്തേക്ക് ചേർന്ന് നിൽക്കാൻ ന്യൂനപക്ഷത്തെ ഇത് പ്രേരിപ്പിക്കും.

നല്ലരീതിയിലുള്ള വിജയം തങ്ങൾക്കുണ്ടാകുമെന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നുണ്ട്. ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. ഇത് സംഭവിച്ചാലാകും കോൺഗ്രസിൽ കലാപം ഇരട്ടിയാവുക. ശബരിമല വിഷയത്തിൽ പ്രസ്താവനകളിൽ മാത്രമാണ് കോൺഗ്രസ് നേതാക്കൾ ശ്രദ്ധിച്ചത്. കെ സുധാകരനെ പോലുള്ളവർ അതിശക്തമായി രംഗത്ത് വന്നെങ്കിലും മുല്ലപ്പള്ളി അതിനെ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം കോൺഗ്രസിൽ ചർച്ചയാകാൻ സിപിഎമ്മിന് നേട്ടമുണ്ടായാൽ അത് വഴിയൊരുക്കും.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടും. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും മാറ്റണമെന്ന വികാരവും സജീവമാകും. ഇതിനൊപ്പം ആടി നിൽക്കുന്ന നേതാക്കളെ തട്ടിയെടുത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ മോദി ക്യാമ്പും ശ്രമിക്കും. ഉത്തരേന്ത്യയിലും മറ്റും വിജയിച്ച് പരീക്ഷിച്ച മാതൃകയ്ക്ക് കേരളത്തിൽ സുവർണ്ണാവസരം കണ്ടെത്താനാകും ഇതിലൂടെ മോദിയും കൂട്ടരും ശ്രമിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നുപോയ കോൺഗ്രസിന് ശക്തി വീണ്ടെടുക്കാൻ ലോക്സഭയിൽ വൻ വിജയം അനിവാര്യമാകുന്നത് അതിനാലാണ്. നിലമെച്ചപ്പെടുത്തിയാൽ അത് യു.ഡി.എഫിന് പുത്തനുണർവായിരിക്കും നൽകുക. ചിലഘടകങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പാർട്ടി നേതൃത്വം സമ്മതിക്കുന്നുണ്ട്. ഫണ്ടും മറ്റും ഒരുക്കുന്നതിൽ പാർട്ടി സംഘടനാ സംവിധാനം അമ്പേ പരാജയപ്പെട്ടതും കോൺഗ്രസിൽ ഇപ്പോഴേ ചർച്ചയാണ്.

പരമ്പരാഗതമായി യു.ഡി.എഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷവോട്ടുകളിൽ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി വിള്ളൽ വീണിരുന്നു. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ പോലും യു.ഡി.എഫിന്റെ എല്ലാ പ്രതിരോധങ്ങളേയും മുന്നൊരുക്കങ്ങളെയും തകർത്തുകൊണ്ട് ക്രിസ്തീയ ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങളെയൊന്നാകെ ഒപ്പം നിർത്താൻ പിണറായിക്ക് കഴിഞ്ഞിരുന്നു. ശബരിമല വിഷയം വന്നതോടെ എൻ.എസ്.എസ് പൂർണ്ണമായും ഇടതുമുന്നണിയുമായി അകന്നു. അതുപോലെ പള്ളിതർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്ക്കും അതൃപ്തിയുണ്ടാക്കാനായിട്ടുണ്ട്. എന്നാൽ ഇതൊന്നും പൂർണ്ണമായും അനുകൂലമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒന്നര വർഷത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വരും. അതു കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ നിയമസഭാതെരഞ്ഞെടുപ്പും .

അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തിൽ ചുവടുറപ്പിക്കാൻ കോൺഗ്രസിന് നിർണ്ണായകമാണ്. അതിൽ കോൺഗ്രസിനെ വലയ്ക്കുന്നത് സംഘടനാസംവിധാനത്തിലുള്ള പോരായ്മകളാണ്. ഈ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. എന്നാൽ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം സൃഷ്ടിച്ച ആവേശത്തിൽ അത് മറികടക്കാനായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP