Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

140 സീറ്റുകൾക്ക് അപ്പുറത്തേക്ക് കടക്കാനാവില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ്; ഏറ്റവും വലിയ ഒറ്റശക്തിയുമാകില്ല; സഖ്യശ്രമത്തിന് ചുവപ്പു കൊടി കാട്ടി പ്രധാന പ്രതിപക്ഷ പാർട്ടികൾ; പ്രധാനമന്ത്രി പദത്തിനായുള്ള അവകാശവാദം രാഹുൽ ഉപേക്ഷിക്കും; രാഹുലിന്റെ ലക്ഷ്യം മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് തടയുന്നതിലേക്ക് ചുരുങ്ങുന്നു; എല്ലാവരേയും ഒരുമിപ്പിക്കാൻ സോണിയയും സജീവമാകും; തൂക്കു പാർലമെന്റ് എന്ന് ഉറപ്പായതോടെ മമതയുടേയും മായവതിയുടേയും സാധ്യത ഉയർന്നു

140 സീറ്റുകൾക്ക് അപ്പുറത്തേക്ക് കടക്കാനാവില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ്; ഏറ്റവും വലിയ ഒറ്റശക്തിയുമാകില്ല; സഖ്യശ്രമത്തിന് ചുവപ്പു കൊടി കാട്ടി പ്രധാന പ്രതിപക്ഷ പാർട്ടികൾ; പ്രധാനമന്ത്രി പദത്തിനായുള്ള അവകാശവാദം രാഹുൽ ഉപേക്ഷിക്കും; രാഹുലിന്റെ ലക്ഷ്യം മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നത് തടയുന്നതിലേക്ക് ചുരുങ്ങുന്നു; എല്ലാവരേയും ഒരുമിപ്പിക്കാൻ സോണിയയും സജീവമാകും; തൂക്കു പാർലമെന്റ് എന്ന് ഉറപ്പായതോടെ മമതയുടേയും മായവതിയുടേയും സാധ്യത ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിയെ പുറത്താക്കി കേന്ദ്രത്തിൽ അധികാരം പിടിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ്. എന്നാൽ മോദിക്കും ബിജെപിക്കും ഭൂരിപക്ഷം കിട്ടില്ലെന്നും കോൺഗ്രസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ചെറു പാർട്ടികളെ കൂട്ടുപിടിച്ച് എൻഡിഎയ്ക്ക് അംഗബലം കൂട്ടി വീണ്ടും അധികാരത്തിലെത്താൻ മോദി ശ്രമിക്കുമെന്ന് തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ഇത് തടയുകയാണ് പ്രധാന ദൗത്യമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉപേക്ഷിക്കും. പകരം പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള ബദലിന് ശ്രമിക്കും.

മെയ് 21 ന് കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനർജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. ഇരുവർക്കും പ്രധാനമന്ത്രി പദമോഹമുണ്ട്. കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്. അതായത് 150 സീറ്റെങ്കിലും കിട്ടിയാൽ മാത്രമേ കോൺഗ്രസിനെ പിന്തുണയ്ക്കാൻ മായവാതിയും മമതയും തയ്യാറാകൂ. അല്ലാത്ത പക്ഷം ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പ്രാദേശിക കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകട്ടേ എന്നാണ് അവരുടെ നിലപാട്.

കോൺഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് തൃണമൂലം ബി എസ് പിയും എസ് പിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോൺഗ്രസിന് ലഭിക്കുന്നതിൽ ഇവർക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും, മമതാ ബാനർജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. ഇത് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള നീക്കമാണ് എല്ലാവരും നടത്തുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനർജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളിൽ ഇവർ സൂചിപ്പിച്ചിട്ടുമുണ്ട്. ഇത് മനസ്സിലാക്കിയാണ് മോദിയെ പുറത്താക്കലാണ് പ്രധാന ദൗത്യമെന്ന് കോൺഗ്രസ് തിരിച്ചറിയുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാർട്ടികൾക്ക് വിട്ടുനൽകി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തും. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കർണാടക മോഡലിൽ സർക്കാരിൽ പങ്കാളിയാകുന്ന സഖ്യത്തെ കുറിച്ചും ആലോചനയുണ്ട്. മമതയേയും മായവതിയേയും വരെ പിന്തുണയ്ക്കാൻ തയ്യാറാകും. എസ് പിയും ബി എസ് പിയും ചേർന്ന് യുപിയിൽ 40 സീറ്റിൽ അധികം നേടിയാൽ മായവതിയെ മുഖ്യമന്ത്രിയാക്കേണ്ടി വരും. മമതയുടെ മനസ്സിൽ ബംഗാളിൽ നിന്ന് തൃണമൂലിന് 33 സീറ്റ് കിട്ടുമെന്നാണ്. അങ്ങനെ വന്നാൽ തൃണമൂലാകും ഏറ്റവും വലിയ പ്രാദേശിക പാർട്ടി. പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെ കോൺഗ്രസിനെ അകറ്റുന്ന സർക്കാരാണ് മമതയുടെ മനസ്സിൽ.

നിലവിലെ കണക്കുകൂട്ടലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. പരമാവധി 120 മുതൽ 140 സീറ്റുവരെയെ കോൺഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സർവേയിൽ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകൾ അവലോകനം ചെയ്താണ് കണ്ടെത്തൽ. 140 സീറ്റിൽ കൂടുതൽ നേടിയാൽ മാത്രം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ മതിയെന്ന തീരുമാനത്തിലായിരുന്നു കോൺഗ്രസ്. പുതിയ അവലോകനങ്ങളുടെ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രധാനമന്ത്രി പദത്തിൽ അവകാശ വാദം വേണ്ടെന്ന് വയ്ക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ സർക്കാരിൽ പങ്കാളിയാകും.

മോദിയെ പുറത്താക്കാൻ സോണിയയും സജീവമാകും

1996 ൽ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇത് വേണ്ടെന്നതാണ് പാർട്ടിയിലെ പൊതു നിലപാട്. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കും. മായവതി, മമത. ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവർ. ഇവരുടെ പാർട്ടികൾക്ക് അവരുടെ സംസ്ഥാനത്ത് ഏകപക്ഷീയ വിജയം കിട്ടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പ്രചാരണത്തിൽ സജീവമായിരുന്നില്ലെങ്കിലും, കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സജീവ ഇടപെടൽ നടത്തും.

വിശാല പ്രതിപക്ഷ യോഗം സോണിയ വിളിക്കും, എസ്‌പി, ബിഎസ്‌പി, തൃണമൂൽ, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ്, ബിജെഡി, ഇടതു കക്ഷികൾ എന്നിവയെ സോണിയ തന്നെ ക്ഷണിക്കും, പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമതയെയും മായാവതിയെയും ഒപ്പം നിർത്താൻ സോണിയ തന്നെ ഇടപെടണമെന്നു കോൺഗ്രസ് വിലയിരുത്തുന്നു. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനാണു ടിആർഎസിലേക്കും വൈഎസ്ആർ കോൺഗ്രസിലേക്കുമുള്ള പാലം. സ്വന്തം സീറ്റ് നില 100 110ൽ ഒതുങ്ങിയാൽ, പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി സർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകാൻ പോലും മടിക്കില്ല.

ബിജെപി ഒറ്റയ്ക്ക് 200 സീറ്റിനു മുകളിലെത്തിയാൽ, പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റുമെന്നും എൻഡിഎയിലെ മറ്റു കക്ഷികളുടെ ബലത്തിൽ മോദി തന്നെ വീണ്ടും ഭരണത്തിലെത്തുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അപ്പോൾ കയ്യാലപ്പുറത്തുള്ള ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് നിലപാട് നിർണ്ണായകമാകും. അതു തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസിനു പുറമേയുള്ള യുപിഎ കക്ഷികൾ (ഡിഎംകെ, ആർജെഡി, എൻസിപി, ജെഡിഎസ്, ജാർഖണ്ഡ് മുക്തി മോർച്ച, ജാർഖണ്ഡ് വികാസ് മോർച്ച, നാഷനൽ കോൺഫറൻസ്) ചുരുങ്ങിയത് 50 സീറ്റ് നേടുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

എസ്‌പി, ബിഎസ്‌പി, തൃണമൂൽ, ടിഡിപി, ഇടത് കക്ഷികൾ എന്നിവ നേടിയേക്കാവുന്ന 70 80 സീറ്റ് ഒരുകാരണവശാലും എൻഡിഎയിലേക്കു പോവില്ലെന്നു വിലയിരുത്തുന്ന കോൺഗ്രസ്, ബാക്കിയുള്ള നാൽപതോളം സീറ്റുകൾ (ടിആർഎസ്, വൈഎസ്ആർ, ബിജെഡി) ഏതു ഭാഗത്തേക്കും മാറും. ഈ സാഹചര്യം മനസ്സിലാക്കിയാണ് കോൺഗ്രസ് നീക്കങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP