Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്‌സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്

അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്‌സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നാഥനില്ലാ കളരിയാണ്. ദേശീയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാകുന്നില്ല. രാഹുൽ ഗാന്ധി അനാഥമാക്കിയ കോൺഗ്രസിൽ നയപരമായ തീരുമാനമെടുക്കാൻ ആളില്ല. ഇത് കാരണം കോൺഗ്രസ് ലോക്‌സഭയിലും ഏകോപനമില്ലാതെ വലയുകയാണ്. കർണ്ണാടകയിലെ പ്രതിസന്ധിയിൽ ഡികെ ശിവകുമാർ ആളും അർത്ഥവുമായി മുന്നിൽ നിൽക്കുന്നതു കൊണ്ട് മാത്രമാണ് പ്രതിസന്ധിയിൽ ഇപ്പോഴും ബിജെപിക്ക് പൂർണ്ണ മുതലെടുപ്പ് നടത്താനാകാത്തത്. മധ്യപ്രദേശിലും രാജസ്ഥാനിലും സമാന അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നുണ്ട്. അവിടെ നീക്കം തുടങ്ങിയാൽ പ്രതിരോധിക്കാൻ കോൺഗ്രസിൽ ആരുമില്ല. നേതൃപദവിയിൽ ആളെ കിട്ടാത്തതാണ് ഇതിന് കാരണം.

കോൺഗ്രസ് അധ്യക്ഷനാകാൻ യുവാക്കളും മുതിർന്നവരും തമ്മിൽ തല്ലാണ്. ഇതാണ് പ്രശ്‌നം വഷളാക്കുന്നത്. കഴിഞ്ഞ ദിവസം ലോക്‌സഭയിലും ഇതു തന്നെയാണ് വിനയായത്. കഴിഞ്ഞ ദിവസം എൻഐഎ ഭേദഗതി ബിൽ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയോ വിട്ടുനിൽക്കുകയോ വേണമെന്ന് എംപിമാരിൽ ഒരു വിഭാഗം വാദിച്ചപ്പോൾ, ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണമെന്നായിരുന്നു കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നിലപാട്. എന്നാൽ, വോട്ടെടുപ്പിനു തൊട്ടുമുൻപ് കേരളത്തിൽ നിന്നുള്ള കെ. മുരളീധരനും ആന്റോ ആന്റണിയും പുറത്തുപോയി. ബിജെപിയുടെ ബില്ലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായായിരുന്നു ഇത്.

സഭയിൽ പാർട്ടി എംപിമാർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് സോണിയ ഗാന്ധി മുൻപ് ആവശ്യപ്പെട്ടിരുന്നു. ഓരോ ദിവസത്തെയും നിലപാട് തീരുമാനിക്കാൻ രാവിലെ സഭ ചേരുന്നതിനു മുൻപ് എംപിമാർ യോഗം ചേരണമെന്നും നിർദ്ദേശിച്ചിരുന്നു. അധീർ രഞ്ജൻ ചൗധരിയുടെ പിടിപ്പുകേടാണ് ഏകോപനമില്ലായ്മയ്ക്കു കാരണമെന്ന് എംപിമാർക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. സർക്കാർ അവതരിപ്പിച്ച ബില്ലിലെ പോരായ്മകൾ പരിഹരിക്കേണ്ടതു പ്രതിപക്ഷത്തിന്റെ കടമയാണെന്നും ഭരണകൂടത്തെ കണ്ണടച്ചു പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണു സഭ വിട്ടതെന്നു മുരളീധരൻ വ്യക്തമാക്കി. ഇതോടെ കോൺഗ്രസിലെ ഏകോപനമില്ലായ്മ വലിയ രീതിയിൽ ചർച്ചയായി. ലോക്‌സഭയിൽ പാർട്ടി നയം ആരു തീരുമാനിക്കുമെന്നിടത്താണ് പ്രശ്‌നം.

മുരളീധരൻ സഭ മനപ്പൂർവ്വം ബഹിഷ്‌കരിച്ചപ്പോൾ ആന്റോ ആന്റണി പറയുന്നത് വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. പാർട്ടി നിലപാടിനു വിരുദ്ധമായി സഭ ബഹിഷ്‌കരിച്ചതല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ചില ഔദ്യോഗിക പരിപാടികൾ മൂലം പുറത്തുപോയതാണെന്നും ആന്റോ പ്രതികരിച്ചു. ഏതായാലും അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വം ലോക്‌സഭയിൽ കോൺഗ്രസിന് തുണയാകില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രശ്‌നം. ബംഗാളിൽ നിന്നു ചൗധരിക്ക് കോൺഗ്രസിലെ എംപിമാരിൽ ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല. കൂടുതൽ കരുത്തുള്ള നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് വേണമെന്നാണ് കോൺഗ്രസ് എംപിമാരുടെ ആവശ്യം. ബിജെപി സർക്കാരിന്റെ ബില്ലിനെ പിന്തുണയ്ക്കണമെന്ന ചൗധരിയുടെ തീരുമാനം ഞെട്ടലായെന്ന് പറയുന്ന എംപിമാരും ഉണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധ്യക്ഷ പദവിയിൽ രാഹുലിന്റെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വം ഗോവയും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ ദുർബലമാക്കി. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കൽപ്പിക്കുന്ന യുവനേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, മോത്തിലാൽ വോറ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ സജീവമാണ്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിരവധി വെല്ലുവിളികളാണ് കോൺഗ്രസിന് മുമ്പിലുള്ളത്.

രാഹുൽ ഗാന്ധിയുടെ രാജിക്ക് പിന്നാലെ രണ്ടായി വിഭജിച്ചിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന തലമുറയും ടീം രാഹുലും. ഇരു വിഭാഗങ്ങളിലെ നേതാക്കളും രാഹുൽ ഗാന്ധിയോട് അടുപ്പം പുലർത്തുന്നവരാണെങ്കിലും യുവനിരയ്ക്ക് രാഹുൽ ഗാന്ധിയുടെ പൂർണ പിന്തുണയുണ്ട്. 77കാരനായ മല്ലികാർജ്ജുൻ ഖാർഗെയോ 78 കാരനായ സുശീൽ കുമാർ ഷിൻഡെയോ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് പാർട്ടിയിലെ യുവനിരയ്ക്ക് അംഗീകരിക്കാനാകില്ല. ഊർജ്ജസ്വലനായ യുവനേതാവ് വേണം ഇനി കോൺഗ്രസിനെ നയിക്കാനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും മുൻ കേന്ദ്രമന്ത്രി കരൺ സിംഗും അഭിപ്രായപ്പെട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്‌റ എന്നിവരുടെ പേരുകളാണ് യുവനിരയിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. സിന്ധ്യയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസം ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന്റെ വിജയശിൽപ്പിയായിരുന്ന സച്ചിൻ പൈലറ്റിനും ഏറെ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ മിലിന്ദ് ദേവ്‌റയും ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടി പദവികളിൽ നിന്നും രാജി സമർപ്പിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവിന് പിന്നാലെ 3 അധികാര കേന്ദ്രങ്ങളാണ് കോൺഗ്രസിലുള്ളതെന്നാണ് കണക്കാക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി. ഇതും കോൺഗ്രസിന് പ്രതിസന്ധിയാണ്. അതിനിടെ വീണ്ടും സോണിയയെ അധ്യക്ഷയാക്കാനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. പ്രിയങ്കയെ പാർട്ടിയുടെ നേതൃത്വം ഏൽപ്പിക്കാൻ കൂടിയാണ് സോണിയയെ വീണ്ടും അധ്യക്ഷയാക്കാൻ ചിലർ ചരടുവലിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേതൃത്വം നേരിടുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡൽഹിയിലെ 280 കോൺഗ്രസ് കമ്മിറ്റികൾ ഡൽഹി അധ്യക്ഷ ഷീല ദീക്ഷിത് പിരിച്ചിവിട്ടിരുന്നു. ഇത് വലിയ പൊട്ടിത്തെറികൾക്കായിരുന്നു മുൻപ് വഴിവെച്ചത്. ഇതൊന്നും പരിഹരിക്കാൻ കോൺഗ്രസിന് ഇന്ന് നാഥനില്ല.

നെഹ്രു കുടുംബത്തിലെ ആരെങ്കിലും ഏറ്റെടുത്താൽ മാത്രമേ കോൺഗ്രസിനെ ദേശീയ തലത്തിൽ ഐക്യത്തോടെ നയിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. 20 വർഷത്തോളം കോൺഗ്രസ് അധ്യക്ഷ പദവിയിലുണ്ടായിരുന്നു സോണിയാ ഗാന്ധി. 2017ലാണ് അവർ ഒഴിഞ്ഞത്. പകരം രാഹുൽ അധ്യക്ഷനായി. 1998 മുതൽ 2017വരെ കോൺഗ്രസിനെ നയിച്ചത് സോണിയയാണ്. ഇതിനിടെ കോൺഗ്രസ് രണ്ടുതവണ രാജ്യം ഭരിക്കുകയും ചെയ്തു. എന്നാൽ 2017 ഡിസംബറിൽ സോണിയ ഒഴിയുകയും പകരം രാഹുൽ ഗാന്ധി അധ്യക്ഷനാകുകയും ചെയ്തെങ്കിലും ദേശീയ തലത്തിൽ വൻ ശക്തിയായി പാർട്ടിയെ പിടിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. ഒരുകാലത്ത് കോൺഗ്രസിന് ശക്തമായ പിന്തുണ നൽകിയിരുന്ന യുപിയിൽ നിന്ന് ഒരു സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. 52 സീറ്റ് മാത്രം നേടി പ്രതിപക്ഷ നേതൃ പദവി പോലുമില്ലാതെയാണ് കോൺഗ്രസ് ഇപ്പോൾ നിൽക്കുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചപ്പോൾ നേതൃത്വം കാര്യമാക്കിയില്ല. അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിച്ച് രാജി പിൻവലിപ്പിക്കാമെന്ന് കരുതി. പക്ഷേ, രാഹുൽ ഉറച്ച നിലപാടിലായിരുന്നു. ഇതാണ് പ്രതിസന്ധിക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP