Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തല പൊക്കാനാവാത്ത നാണക്കേട് സംഭവിച്ചെങ്കിലും വോട്ട് വിഹിതമോ സീറ്റ് വിഹിതമോ കുറയാതെ നിലനിർത്താൻ ശിവസേനയ്ക്കാവും; വടികളായത് ഉദ്ദവ് താക്കറേയും ശിവസേനയുമെങ്കിലും ഏറ്റവും വലിയ നഷ്ടം കോൺഗ്രസിന് തന്നെ; താൽകാലിക സുഹൃത്തുക്കളായ ശിവസേനയുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാവില്ലെന്ന് ആശങ്കപ്പെട്ട് കോൺഗ്രസ്; അപ്രതീക്ഷിതമായി 44 സീറ്റുകൾ നേടിയ കോൺഗ്രസിന് ഉറ്റ മിത്രം നഷ്ടമായതോടെ മഹാരാഷ്ട്രയിലെ നിലനിൽപ്പ് തന്നെ അപകടത്തിലാകും

തല പൊക്കാനാവാത്ത നാണക്കേട് സംഭവിച്ചെങ്കിലും വോട്ട് വിഹിതമോ സീറ്റ് വിഹിതമോ കുറയാതെ നിലനിർത്താൻ ശിവസേനയ്ക്കാവും; വടികളായത് ഉദ്ദവ് താക്കറേയും ശിവസേനയുമെങ്കിലും ഏറ്റവും വലിയ നഷ്ടം കോൺഗ്രസിന് തന്നെ; താൽകാലിക സുഹൃത്തുക്കളായ ശിവസേനയുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാവില്ലെന്ന് ആശങ്കപ്പെട്ട് കോൺഗ്രസ്; അപ്രതീക്ഷിതമായി 44 സീറ്റുകൾ നേടിയ കോൺഗ്രസിന് ഉറ്റ മിത്രം നഷ്ടമായതോടെ മഹാരാഷ്ട്രയിലെ നിലനിൽപ്പ് തന്നെ അപകടത്തിലാകും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ നാണക്കേട് ശിവസേനയ്ക്കാണ്. താക്കറെ കുടുംബത്തിന് അധികാരത്തോട് താൽപ്പര്യമില്ലെന്ന പൊതുവിശ്വാസമാണ് ഉദ്ദവ് താക്കളെ തകർത്തെറിഞ്ഞത്. മകൻ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ അച്ഛൻ ഒടുവിൽ മുഖ്യമന്ത്രിയാകാൻ സമ്മതിച്ചു. ശിവസേനയ്ക്ക് കോൺഗ്രസും എൻസിപിയും പിന്തുണ നൽകുമെന്ന് ഉറപ്പിച്ചായിരുന്നു ഇത്. അമിത് ഷായെ കളിയാക്കിയും പരിഹസിച്ചും എല്ലാം തങ്ങൾക്ക് അനുകൂലമാണെന്ന് വീമ്പു പറയുകയും ചെയ്തു. മുഖ്യമന്ത്രി കസേരയിൽ ശിവസൈനികൻ എത്തുമെന്നും ഉറപ്പു പറഞ്ഞു. എല്ലാം മോഹങ്ങളാകുമ്പോൾ ശിവസേന തല പൊക്കാനാവാത്ത നാണക്കേടിലേക്ക് പോകും. അപ്പോഴും ശിവസേനയ്ക്ക് അടിത്തറ കോട്ടമുണ്ടാകില്ലെന്ന് ആശ്വസിക്കാം. എന്നാൽ കോൺഗ്രസിന് എല്ലാമെല്ലാം മഹാരാഷ്ട്രയിൽ നഷ്ടമാകുകയാണ്. ശരത് പവാറിന്റെ എൻസിപിയിലെ പ്രശ്‌നങ്ങൾ അതാണ് സൂചന നൽകുന്നത്.

മന്ത്രിസഭാ രൂപീകരണത്തിൽ പങ്കില്ലെന്ന് ശരത് പവാർ പറയുമ്പോഴും അജിത് പവാർ കൂടുമാറുമ്പോൾ എൻസിപിയിലെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം പോകുമെന്ന് ഉറപ്പാണ്. ഭാവിയിൽ ശരത് പവാറും മകൾ സുപ്രീയാ സുലേയും പോലും ബിജെപിയുമായി അടുക്കാനും സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ എൻസിപി പൂർണ്ണമായും ബിജെപിക്കൊപ്പമാകും. അങ്ങനെ വന്നാൽ കോൺഗ്രസിന് മഹാരാഷ്ട്രയിൽ അടിത്തറ ഇളകും. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റുകൾ കിട്ടിയിരുന്നു. നേതാവ് പോലുമില്ലാത്ത കോൺഗ്രസിന് മാന്യമായ സീറ്റ് നൽകിയത് ശരത് പവാറുമായുള്ള ചങ്ങാത്തമാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസിനേക്കാൾ അടിത്തറ പവാറിന്റെ പാർട്ടിക്കുണ്ട്. ഇത് കൂടി നഷ്ടമായാൽ കോൺഗ്രസ് മഹാരാഷ്ട്രയിൽ സംപൂജ്യരാകും. എന്നാൽ ശിവസേനയ്ക്ക് തങ്ങളുടെ കോട്ടകൾ നിൽനിർത്താനാകും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. അന്നും ശിവസേനയ്ക്ക് 50ഓളം സീറ്റ് ലഭിച്ചിരുന്നു. എന്നാൽ സഖ്യമില്ലാതെ മത്സരിച്ചാൽ കോൺഗ്രസിന് ക്ലച്ച് പിടിക്കാൻ കഴിയില്ല. അത്രയും ഗ്രൂപ്പിസവും പ്രശ്‌നവും കോൺഗ്രസിലുണ്ട്. അതു കൂട്ടാൻ മാത്രമേ ഇപ്പോഴത്തെ എൻസിപിയിലെ പ്രശ്‌നങ്ങൾ വഴിയൊരുക്കൂ.

മഹാരാഷ്ട്രയിലെ ബിജെപി എൻസിപി സഖ്യ സർക്കാരിനെ കുറിച്ച് അറിയില്ലെന്ന് എൻസിപി നേതാവ് ശരത് പവാർ പ്രതികരിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ശരത് പവാർ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം എൻസിപിയുടെ അറിവോടെയല്ലെന്നാണ് ശരത് പവാർ പറയുന്നത്. ബിജെപിയുമായി ചേർന്നുള്ള സർക്കാർ രൂപീകരണം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോൺഗ്രസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. അജിത് പവാറിന്റെ നീക്കങ്ങൾ പാർട്ടിയോ താനോ അറിഞ്ഞിരുന്നില്ലെന്നും ശരദ് പവാർകൂട്ടിച്ചേർത്തു. ബിജെപിയുമായി സഖ്യം ചേരാൻ എൻസിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവായ പ്രഫുൽ പട്ടേലും രംഗത്തെത്തി. അജിത് പവാറിന്റെ നീക്കങ്ങളെ തള്ളി എൻസിപി കേരള ഘടകവും രംഗത്തെത്തി. എന്നാൽ ഇതെല്ലാം മുഖം വികൃതമാകാതിരിക്കാനുള്ള നീക്കമാണെന്നാണ് കോൺഗ്രസ് കരുതുന്നത്. എൻസിപിയെ നഷ്ടമായി എന്ന തരത്തിൽ തന്നെയാണ് അവരുടെ പ്രതികരണങ്ങൾ.

മഹാരാഷ്ട്രയിൽ ഒരു പ്രതീക്ഷയും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി പോലും പ്രചരണത്തിൽ സജീവമായില്ല. പവാറായിരുന്നു ഓടി നടന്ന് പ്രതിപക്ഷത്തിന് വേണ്ടി വോട്ട് പിടിച്ചത്. പല ചാനലുകളും ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പോലും പ്രവചിച്ചു. എന്നാൽ ഫലം വന്നപ്പോൾ അതിശക്തമായ മത്സരം പ്രതിപക്ഷം കാഴ്ച വച്ചുവെന്ന് വ്യക്തമായി. ഇതോടെ ശിവസേന മലക്കം മറിഞ്ഞു. എല്ലാം നിയന്ത്രിച്ചത് ശരത് പവാറായിരുന്നു. പവാറിനെ പിണക്കാൻ മടിച്ചാണ് കോൺഗ്രസ് ശിവസേനയെ പിന്തുണയ്ക്കാൻ പോലും തയ്യാറായത്. എന്നാൽ അവസാന നിമിഷം എൻസിപി ക്യാമ്പ് തന്നെ പണി കൊടുത്തു. ഇത് മഹാരാഷ്ട്രയിലെ അടിവേര് ഇളക്കുമെന്ന് കോൺഗ്രസിന് അറിയാം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പല കോൺഗ്രസ് നേതാക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറിയിരുന്നു. ഇത് ഇനിയും കൂട്ടാനാകും പുതിയ രാഷ്ട്രീയ സാഹചര്യവും കളമൊരുക്കുക. അമിത് ഷായോട് കളിച്ചാൽ പണി കിട്ടുമെന്ന പാഠമാണ് ഈ രാഷ്ട്രീയ നാടകം ഒളിച്ചു വയ്ക്കുന്നത്.

ശിവസേനയെ കൂടെ നിർത്തിയാൽ കോൺഗ്രസിന് മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കാനാകും. എന്നാൽ തീവ്ര ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര. അയോധ്യയിലും മറ്റും ആർ എസ് എസിനേക്കാൾ കടുത്ത നിലപാടാണ് ഉദ്ദവിന്റേത്. ഇങ്ങനെ വർഗ്ഗീയതയുമായി നടക്കുന്ന ശിവസേനയെ കൂടുതൽ കാലം ഒപ്പം നിർത്തിയാൽ മറ്റിടങ്ങളിലെ ന്യൂനപക്ഷ വോട്ട് കോൺഗ്രസിന നഷ്ടമാകും. മഹാരാഷ്ട്രയിൽ ബിജെപിയേക്കാൾ ന്യൂനപക്ഷങ്ങൾ ശത്രുക്കളായി കാണുന്നത് ശിവസേനയെയാണ്. അതും കോൺഗ്രസിന് തലവേദനയാകും. അതുകൊണ്ട് തന്നെ ശിവസേനയെ ഭാവിയിലെ സഖ്യകക്ഷിയായി കാണാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ടു കൂടിയാണ് എൻസിപിയുടെ നിലപാട് മാറ്റം കോൺഗ്രസിന് പ്രതിസന്ധിയാകുന്നത്.

ഒറ്റരാത്രികൊണ്ട് മഹാരാഷ്ട്രയിൽ നടന്ന അതിനാടകീയനീക്കത്തിൽ രാഷ്ട്രീയ പാർട്ടികൾ ഞെട്ടൽ രേഖപ്പെടുത്തുമ്പോഴും ഇതിന് പിന്നിൽ നടന്ന അണിയറ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ രാത്രി വൈകിയും എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ ദേവേന്ദ്ര ഫഡ്‌നാവിസുമായി ഫോണിൽ ചർച്ച നടത്തിയെന്നും പുലർച്ചയോടെ ബിജെപി - എൻസിപി സഖ്യമന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസിനെയും ശിവസേനയെയും പിന്തള്ളി ബിജെപിയും എൻസിപിയും ഭരണത്തിലേക്ക് വരുമ്പോൾ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്ത് വന്ന സമയവും ഇതിനിടെ ശ്രദ്ധേയമാകുന്നു. പുലർച്ചെ 5:47ഓടെയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടത്. ഇതേ സമയത്തും ഫട്‌നാവീസും ശരത് പവാറും ഫോണിൽ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലുള്ള അനിശ്ചിതത്വം നീണ്ടു പോകുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി ഉത്തരവ് പുറത്ത് വന്ന് മണിക്കൂറുകൾക്കകം ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഒറ്റ രാത്രികൊണ്ടുള്ള സർക്കാർ രൂപീകരണവും സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപ് രാഷ്ട്രപതിഭരണം പിൻവലിച്ചതും അമത് ഷായുടെ തിരക്കഥയായിരുന്നു. കഴിഞ്ഞ രാത്രി ഒമ്പത് മണി വരെ ശരദ് പവാർ ദേവേന്ദ്ര ഫഡ്നാവിസുമായി ഫോണിൽ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നുച്ചയ്ക്ക് കോൺഗ്രസും ശിവസേനയും എൻസിപിയും മന്ത്രിസഭാരൂപീകരണത്തെ കുറിച്ച് വീണ്ടും ചർച്ച നടത്താനിരിക്കുന്നതിനിടെയാണ് നാടകീയ നീക്കം. ഇവിടെ ശ്രദ്ധേയമാകുന്നത് അജിത് പവാറിന്റെ നീക്കമാണ്. ശരദ് പവാർ നടത്തിയ എല്ലാ ചർച്ചകളിലും അജിത് പവാറിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഈ നീക്കത്തെ ചതിയെന്നാണ് വിശേഷിപ്പിച്ചത്. ശരത് പവാർ അറിയാതെ അനന്തിരവൻ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് കോൺഗ്രസിനും അറിയാം. എൻസിപിയിൽ നിന്ന് 20ഓളം എംഎൽഎമാർ അജിത് പവാറിനൊപ്പം ബിജെപിക്കൊപ്പം ചേർന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ ആരൊക്കെയെന്ന് വ്യക്തമല്ല. 56 എംഎൽഎമാരാണ് എൻസിപിക്ക് ഉണ്ടായിരുന്നത്. ശരദ് പവാറിന് അജിത് പവാറിന്റെ തീരുമാനത്തിൽ പങ്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. ഇതും പവാറിനെ ബിജെപി ക്യാമ്പിലെത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ്.

ശരദ് പവാറിന്റെ മരുമകനും എൻസിപി നേതാവുമായ അജിത് പവാർ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത് എൻസിപി പിളർത്തിക്കൊണ്ടാണ് എന്ന സൂചന വരുമ്പോഴും ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളും ഫഡ്നാവിസുമായി കഴിഞ്ഞ രാത്രി നടത്തിയ ചർച്ചയും ഗവർണർ പദവി ലഭിച്ചേക്കുമെന്ന് നേരത്തെ പുറത്ത് വന്ന സൂചനയും സംശയമായി അവശേഷിക്കുന്നു. ഈ നീക്കങ്ങൾക്ക് എല്ലാം പിന്നിൽ ആരുടെയോ വ്യക്തമായ പ്ലാനിങ്ങും തിരക്കഥ ഉണ്ടായിരുന്നുവെന്ന സൂചന ശക്തമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP