Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ടുമാസം മുമ്പ് ആദിത്യനാഥിന്റെ ഉരുക്ക് കോട്ടയായ ഗോരഖ്പൂരിൽ തുടക്കം; മേയിൽ കർണ്ണാടകയിൽ അരക്കിട്ടുറപ്പിച്ചു; പത്ത് ലോക്സഭാ സീറ്റുകളിലേക്കും പിന്നീട് നാല് ലോക്സഭാ സീറ്റുകളിലേക്കും നടത്തിയ പരീക്ഷണം പിന്നാലെ വിജയിച്ചു; മഹാരാഷ്ട്രയിലും ബീഹാറിലും പോലും വിജയം ഉറപ്പിച്ച് മുമ്പോട്ട്; ഒടുവിൽ കർണ്ണാടകയിലൂടെ പരീക്ഷണം പൂർണ്ണമാകുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തളിർക്കുന്നത് പുത്തൻ പ്രതീക്ഷകൾ; പ്രതിപക്ഷ ഐക്യം ഉണ്ടെങ്കിൽ കാവിക്കൊടി ഒരിടത്തും പറക്കില്ലെന്ന് ഉറപ്പായി

എട്ടുമാസം മുമ്പ് ആദിത്യനാഥിന്റെ ഉരുക്ക് കോട്ടയായ ഗോരഖ്പൂരിൽ തുടക്കം; മേയിൽ കർണ്ണാടകയിൽ അരക്കിട്ടുറപ്പിച്ചു; പത്ത് ലോക്സഭാ സീറ്റുകളിലേക്കും പിന്നീട് നാല് ലോക്സഭാ സീറ്റുകളിലേക്കും നടത്തിയ പരീക്ഷണം പിന്നാലെ വിജയിച്ചു; മഹാരാഷ്ട്രയിലും ബീഹാറിലും പോലും വിജയം ഉറപ്പിച്ച് മുമ്പോട്ട്; ഒടുവിൽ കർണ്ണാടകയിലൂടെ പരീക്ഷണം പൂർണ്ണമാകുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തളിർക്കുന്നത് പുത്തൻ പ്രതീക്ഷകൾ; പ്രതിപക്ഷ ഐക്യം ഉണ്ടെങ്കിൽ കാവിക്കൊടി ഒരിടത്തും പറക്കില്ലെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുറത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങളൊന്നും 2019ൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നൽകുന്നില്ല. ഇതിനൊപ്പമാണ് കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് തിരിച്ചടിയായെത്തുന്നത്. ഇത് എല്ലാ അർത്ഥത്തിലും പ്രതീക്ഷയാകുന്നത് കോൺഗ്രസിനാണ്. മോദിയെ പുറത്താക്കി അധികാരം പിടിച്ചെടുക്കാനാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചറിയുകയാണ്. വിശാല സഖ്യത്തിന്റെ നേതാവായി മാറി ഇന്ത്യയുടെ ഭാവി നേതാവായി രാഹുലിന് മാറാൻ അവസരമൊരുക്കുന്നതാണ് കർണ്ണാടകയിലെ ജനവധി, ബിജെപിക്കെതിരെ വിശാല മുന്നണിക്കായി കർണ്ണാടകയിൽ രാഹുൽ നടത്തിയ വിട്ടുവീഴ്ചയാണ് എല്ലാ നേട്ടത്തിനും കാരണം. സീറ്റുകൾ കുറവുള്ള ജെഡിയുവിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയ പരീക്ഷണം കർണ്ണാടകയ്‌ക്കൊപ്പം രാജ്യത്തുടനീളം കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്.

രാജസ്ഥാനിലും മധ്യപ്രദേശിലും കൂടെ ജയിച്ചാൽ എല്ലാം എളുപ്പമാകും. രാജസ്ഥാനിൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം പോലും കിട്ടിയേക്കും. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം. ചത്തീസ്ഗഡിലും മുൻതൂക്കം നേടിക്കൊടുക്കുന്നതാണ് കർണ്ണാടകയിലെ ജനവിധി. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ പോലും കോൺഗ്രസ് തകർത്ത് മുന്നേറി. മിസോറാമിൽ ഭരണം നിലനിർത്തി കാണിച്ചു കൊടുത്താൽ രാഹുൽ തന്നെയാകും പ്രതിപക്ഷത്തിന്റെ നേതാവ്. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ഏൽപിച്ച അപ്രതീക്ഷിത പ്രഹരത്തിലാണ് ബിജെപി ക്യാംപ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന പ്രവചനങ്ങൾക്ക് തടയിടുന്നതാണ് കാവിക്കോട്ടയായ ഈ തിരിച്ചടി. നേരത്തെ യുപിയിൽ ഗൊരഖ്പുറിലടക്കം ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റിയുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ തോൽവിയോടെ തുടങ്ങിയതായിരുന്നു ബിജെപിയുടെ തിരിച്ചടിക്കാലം.

യുപിയിൽ ബദ്ധശത്രുകളായിരുന്ന എസ്‌പിയും ബി.എസ്‌പിയും തമ്മിൽ കൈകോർത്തതോടെ ലഭിച്ച വിജയം പ്രാദേശിക പാർട്ടികളുടെ ഐക്യനീക്കങ്ങളും ശക്തമാക്കി. ഇതിനൊപ്പമാണ് കർണ്ണാകയിലും സംഭവിച്ചത്. തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി നേടിയയെടുത്ത അനുകൂല അന്തരീക്ഷം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന സന്ദേശമാണ് ഉപതിരഞ്ഞെടുപ്പ് നൽകുന്നത്.യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം ആഞ്ഞടിച്ചിരുന്നു. എന്നാൽ എസ് പിയും ബിഎസ് പിയും ഒരുമിച്ചപ്പോൾ സംസ്ഥാനത്ത് 20 വർഷത്തോളമായി ബിജെപി കൈവശം വച്ച ഗൊരഖ്പുർ സീറ്റ് തോൽക്കുന്ന അവസ്ഥയുണ്ടായി. യുപിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിലാവട്ടെ ലാലുപ്രസാദ് യാദവും മകൾ മിസ ഭാരതിയും ജയിലിൽ പോയതിനു ശേഷവും ജനപിന്തുണ നേടിയത് പ്രചാരണ നേതൃത്വം ഏറ്റെടുത്ത തേജസ്വി യാദവിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു. ബീഹാറിലെ ഈ തോൽവിയും ബിജെപിക്ക് അപ്രതീക്ഷിതമായിരുന്നു.

28 വർഷം സംഘപരിവാറിന്റെ കുത്തകയായിരുന്ന ഗോരഖ്പുർ ലോക്സഭാ മണ്ഡലം, അതും 19 വർഷം യോഗി ആദിത്യനാഥല്ലാതെ ആരും ജയിച്ചില്ല. ബി.എസ്‌പി.യുടെ പരസ്യവും കോൺഗ്രസിന്റെ രഹസ്യവുമായ പിന്തുണയോടെ സമാജ്വാദി പാർട്ടി (എസ്‌പി.) സ്ഥാനാർത്ഥി പ്രവീൺ കുമാർ അവിടെ ജയിച്ചു. ഫുൽപുർ ലോക്സഭാ മണ്ഡലവും ഈ 'സൗഹൃദ' കൂട്ടായ്മയിൽ ബിജെപി.ക്കു കൈവിട്ടുപോയി. നേട്ടമുണ്ടാക്കിയതു സമാജ്വാദിയാണെങ്കിലും ഫലത്തിൽ മൊത്തം പ്രതിപക്ഷമായിരുന്നു. യു.പി.യിൽനിന്ന് കർണാടകയിൽ. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഉപാധികളൊന്നുമില്ലാതെ ജെ.ഡി.എസുമായി സഖ്യത്തിലായി. ആ കൂട്ടുകെട്ടിൽ കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിപോലും ബിജെപി.യെ അധികാരത്തിലേറാൻ തുണച്ചില്ല. പിന്നീട് 10 സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി തോറ്റും.

എസ്‌പി.യും ബി.എസ്‌പി.യും ആർ.എൽ.ഡി.യും രഹസ്യ പിന്തുണയുമായി കോൺഗ്രസും അണിനിരന്നപ്പോൾ യു.പി. വീണ്ടും ബിജെപി.ക്കു മുറിവേല്പിച്ചു. കൈരാന ലോക്സഭാ മണ്ഡലത്തിൽ ആർ.എൽ.ഡി. അപ്രതീക്ഷിത അട്ടിമറി നടത്തി. ശിവസേന എതിരായപ്പോൾ മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിലും ബിജെപി.ക്കു തോറ്റു. ബിഹാറിലെ ജോകിഹാട്ട് നിയമസഭാ മണ്ഡലത്തിൽ ജെ.ഡി.യു. സ്ഥാനാർത്ഥിയെ ആർ.ജെ.ഡി.യുടെ ഷാനവാസ് അലം പരാജയപ്പെടുത്തിയത് 41,000-ത്തിലധികം വോട്ടിനാണ്. 2014-ൽ ബിജെപി.യുടെ വിജയത്തിനു കളമൊരുക്കിയത് ഐക്യമില്ലാത്ത പ്രതിപക്ഷമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറുകയാണ്. വിശാല പ്രതിപക്ഷം എല്ലാ സംസ്ഥാനത്തും രൂപപ്പെടുന്നു. ഓരോയിടത്തും പ്രധാന പാർട്ടി അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. അങ്ങനെ വരുമ്പോൾ കൂടുതൽ സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള സാധ്യത കോൺഗ്രസിനാണ്. വലിയ കുതിപ്പ് 2019ൽ കോൺഗ്രസിന് നേടാനാകും. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നേട്ടമുണ്ടായാൽ അത് കേന്ദ്രത്തിൽ രാഹുലിനെ നേതാവാക്കി മാറ്റും.

ചെറുകക്ഷികളെ ഒപ്പം നിർത്താൻ തയാറാകണമെന്നതാണു കർണാടക കോൺഗ്രസിനു നൽകുന്ന പാഠം. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി വലിയ സംസ്ഥാനങ്ങളിൽ കൂടി അതുണ്ടായാലേ പ്രതിപക്ഷ ഐക്യം യാഥാർഥ്യമാകൂ. 2014ൽ കർണാടകയിലെ 28 സീറ്റിൽ പതിനേഴും ബിജെപിക്കായിരുന്നു. കോൺഗ്രസിന് ഒൻപതും ദളിനു രണ്ടും സീറ്റാണ് അന്നു കിട്ടിയത്. കർണാടകയിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഴുതിത്ത്ത്തള്ളുന്ന സമീപനവും കോൺഗ്രസിനും ദളിനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളും പാളി. നേതാക്കളുടെ പരസ്പരധാരണയില്ലായ്മ എതിരായി. രാമനഗരയിൽ സ്ഥാനാർത്ഥി മറുപക്ഷത്തേക്കു പോകുന്ന ദുഃസ്ഥിതിയും നേരിട്ടു. ഇതെല്ലാം ബിജെപിയുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു, രാഹുൽ ഗാന്ധി കൈക്കൊണ്ട വിട്ടുവീഴ്ചാ മനോഭാവമാണ് ഇതിനെല്ലാം കാരണമായത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആവശ്യപ്പെട്ടു കഴിഞ്ഞു. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കുമാരസ്വാമി പറഞ്ഞു. പാർട്ടിയെ പിന്തുണച്ച കോൺഗ്രസിനെ തിരിച്ചും പിന്തുണക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിലെ വിജയം 2019 ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജെ.ഡി(എസ്)- കോൺഗ്രസ് സഖ്യമായി മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനപിന്തുണ നേടുന്നതിനായി അവർക്ക് ഉപകാരപ്രദമായ പദ്ധതികൾ കൊണ്ടുവരും. ഇത് വിജയിച്ച സന്തോഷത്തിലുള്ള വെറും വാഗ്ദാനമല്ല. ഈ വിജയം ജനങ്ങൾ തങ്ങളിലർപ്പിച്ച ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ഇങ്ങനെ പ്രാദേശിക നേതാക്കൾ പരസ്യ പിന്തുണയുമായെത്തുന്നത് രാഹുലിന് തുണയാണ്.

പെട്രോൾ വില ഉയരുന്നതും റാഫേലും കോൺഗ്രസിന് പുതിയ പ്രതീക്ഷയാണ്. മോദിയെ തകർത്ത് മുന്നോട്് പോകാൻ ഇത് തുണയാകുമെന്നാണ് രാഹുലിന്റെ വിലയിരുത്തൽ. ഇത്തരം പ്രചരണത്തിനൊപ്പം പ്രതിപക്ഷ ഐക്യം കൂടിയുണ്ടെങ്കിൽ രാജ്യത്തൊരിടത്തും കാവിക്കൊടിക്ക് മുന്നേറാനാകില്ല. ഈ സാധ്യത പരമാവധി ഉപയോഗിക്കാനാണ് കോൺഗ്രസിന്റേയും നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP