Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുൽ ഗാന്ധി പിണറായിക്കൊപ്പം..! ചെന്നിത്തലയും ടീമും ബിജെപിക്കൊപ്പം..! ശബരിമല യുവതി പ്രവേശന വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്തെത്തിയത് കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന വിമർശനം കടുത്തതോടെ; സംഘപരിവാർ സമാന നിലപാടിനൊപ്പം നീങ്ങിയാൽ ലോക്‌സഭയിൽ തിരിച്ചടിയാകുമെന്നും കേന്ദ്രനേതൃത്വത്തിന് ഭയം; രാഹുലിനൊപ്പമെന്ന് എഐസിസി വക്താവ് ആനന്ദ് ശർമ്മയും വ്യക്തമാക്കിയതോടെ കെപിസിസിയിൽ അടിമുടി ആശയക്കുഴപ്പം

രാഹുൽ ഗാന്ധി പിണറായിക്കൊപ്പം..! ചെന്നിത്തലയും ടീമും ബിജെപിക്കൊപ്പം..! ശബരിമല യുവതി പ്രവേശന വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്തെത്തിയത് കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന വിമർശനം കടുത്തതോടെ; സംഘപരിവാർ സമാന നിലപാടിനൊപ്പം നീങ്ങിയാൽ ലോക്‌സഭയിൽ തിരിച്ചടിയാകുമെന്നും കേന്ദ്രനേതൃത്വത്തിന് ഭയം; രാഹുലിനൊപ്പമെന്ന് എഐസിസി വക്താവ് ആനന്ദ് ശർമ്മയും വ്യക്തമാക്കിയതോടെ കെപിസിസിയിൽ അടിമുടി ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കളം നിറഞ്ഞു കളിച്ച് നിലവിൽ നേട്ടം കൊയ്യുന്നത് ബിജെപിയും സിപിഎമ്മുമാണ്. വിശ്വാസികൾക്കൊപ്പം എന്ന നിലപാട് കൈക്കൊണ്ട് ബിജെപി സുപ്രീംകോടതി വിധിക്കെതിരെ നിലപാട് കൈക്കൊണ്ടപ്പോൾ അതിന് എതിരായ നിലപാട് സിപിഎം കൈക്കൊണ്ടത്. പാർട്ടിയുടെയും സർക്കാറിന്റെയും നിലപാട് യുവതികളെ പ്രവേശിപ്പിക്കാം എന്നാണെന്ന് മുഖ്യമന്ത്രി പിണറായി പൊതുയോഗങ്ങളിലൂടെ ആവർത്തിച്ചു വിളിച്ചു പറഞ്ഞു. മറുവശത്ത് സംഘപരിവാർ നടത്തുന്ന വർഗീയതയെ പ്രതിരോധിക്കാൻ സാധിക്കാത്ത വിധം പ്രതിരോധത്തിലായി കോൺഗ്രസ് പാർട്ടി.

ഇതിനിടെയാണ് രാഹുൽ ഗാന്ധി തന്റെ വ്യക്തിപരമായ നിലപാട് എന്താണെന്ന് വ്യക്തമാക്കിയത്. യുവതീപ്രവേശനം അനുവദിക്കണെന്നതായിരുന്നു രാഹുലിന്റെ നിലപാട്. ഇതോടെ രാഹുൽഗാന്ധി പിണറായിക്കൊപ്പം..! ചെന്നിത്തലയും ടീമും ബിജെപിക്കൊപ്പം..! എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. ഈ നിലപാട് കെപിസിസി നേതൃത്വത്തിനും തിരിച്ചടി സമ്മാനിക്കുന്നതായി മാറി. എന്തുസംഭവിക്കുന്നുവെന്ന് ഒരെത്തും പിടിയുമില്ലാതെ കോൺഗ്രസ ശബരിമല വിഷയത്തിൽ ആർഎസ്എസ് അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കെപിസിസിക്കെതിരേ രാഹുൽഗാന്ധിയും രംഗത്തെത്തിയത്.

വൈകാരിക വിഷയമായതിനാൽ അതിനെ ആ രീതിയിൽ സമീപിക്കണമെന്ന കെപിസിസി തീരുമാനത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഇതോടെ ദേശീയ നേതൃത്വത്തിന്റെ പൂർണമായ സമ്മതത്തോടെയല്ല കെപിസിസി ബിജെപിക്ക് സമാനമായ ആരോപണങ്ങളും നിലപാടുകളും സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായി. രമേശ് ചെന്നിത്തലയും കെ സുധാകരനുമടക്കം ഒരു വിഭാഗം ശക്തമായ നിലപാടാണ് ശബരിമല വിഷയത്തിൽ സ്വീകരിച്ചിരുന്നത്. ഇതെല്ലാം ബിജെപിയും ആർഎസ്എസും സ്വീകരിച്ചിരുന്ന നിലപാടുകൾക്ക് സമാനവുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ ദോഷം ചെയ്യുന്നതാണ് ഈ നിലപാടെന്നാണ് ദേശീയ നേതൃത്വം പറയാതെ പറയുന്നത്.

ഇതോടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടെടുത്ത നിലപാടിൽ കുരുങ്ങി ശ്വാസം മുട്ടുകയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാൽ വിശ്വാസികൾക്കൊപ്പമെന്നും ഉള്ള ആർക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാവുന്ന നിലപാടല്ല കേരളത്തിലെ കോൺഗ്രസിന് ശബരിമല വിഷയത്തിൽ. വിശ്വാസി സമരത്തിനൊപ്പം കൊടി പിടിച്ച് ഇറങ്ങിയിട്ടില്ല ഇതുവരെയെങ്കിലും തങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. ത്രിശങ്കുവിലായ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കണം. തന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമാണ് എന്നും ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസിനോട് രാഹുൽ ഗാന്ധി പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളായ കെ സുധാകരനും അജയ് തറയിലും രാജ്‌മോഹൻ ഉണ്ണിത്താനുമെല്ലാം സ്ത്രീ പ്രവേശനത്തിനെതിരെ ഘോരഘോരം വാദിക്കുന്നവരാണ്. ആർത്തവം അശുദ്ധമാണ് എന്ന് പോലും പറഞ്ഞ നേതാവാണ് കെ സുധാകരൻ. അദ്ദേഹം വർക്കിങ് പ്രസിഡന്റാണ് താനും. ഈ നിലപാടിനെയാണ് രാഹുൽ ഇപ്പോൾ തള്ളിപ്പറഞ്ഞിരിക്കുന്നത്. ശബരിമല സമരക്കാരൻ രാഹുൽ ഈശ്വറിന്റെ രോമത്തിൽ പോലും പൊലീസ് തൊടില്ലെന്ന് പറഞ്ഞ് ഐക്യം പ്രകടിപ്പിച്ച നേതാവാണ് അജയ് തറയിൽ. ഈ നിലപാട് തന്നെ സംഘപരിവാർ അനുകൂലമാണെന്ന വാദമുയർന്നു. ഇതോടെ കടുത്ത പ്രതിസന്ധിയിലായി കോൺഗ്രസ്.

ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി ബിജെപി വളരാൻ ശ്രമിക്കുമ്പോൾ അതിൽ കൃത്യമായ നിലപാട് പറയാൻ കെപിസിസിക്ക് കഴിയുന്നില്ല. എന്നാൽ മറുവശത്ത് ബിജെപി അജണ്ടയെ തുറന്നെതിർപ്പ് പിണറായി താരമാകുന്നു. ന്യൂനപക്ഷങ്ങൾ അടക്കം ഈ നിലപാടിനൊപ്പം നിൽക്കുകയാണ് ചെയ്യുന്നത്. സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന വിടി ബൽറാമിനെ പോലുള്ള അപൂർവ്വം ചിലരും കോൺഗ്രസിലുണ്ട്. ഒരു ഘട്ടത്തിൽ രാഹുൽ ഈശ്വർ അല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ് എന്ന് പോലും ബൽറാമിന് പറയേണ്ടതായി വന്നിട്ടുണ്ട്.

ശബരിമല വിഷയത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌യുവും പരസ്യ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. രാഹുലിന്റെ പ്രസ്താവന വിവാദമായതോടെ എഐസിസി അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്കൊപ്പമാണെന്നും ആനന്ദ് ശർമ്മ വ്യക്തമാക്കി. ഇതോടെ ശബരിമല വിഷയത്തിൽ എഐസിസിയും കെപിസിസിയും രണ്ട് തട്ടിൽ തന്നെയാണ്. എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് കോൺഗ്രസ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എന്ന നിലപാട് കൈക്കൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP