Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ ആദ്യ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്കും സുധീരനും ചെന്നിത്തലയ്ക്കും സാധ്യത നിലനിർത്തി ഹൈക്കമാൻഡ് ഇടപെടൽ; വിജയത്തിന് ശേഷം ശക്തി തെളിയിക്കുന്നവർക്ക് മുഖ്യമന്ത്രി പദവി

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ ആദ്യ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്കും സുധീരനും ചെന്നിത്തലയ്ക്കും സാധ്യത നിലനിർത്തി ഹൈക്കമാൻഡ് ഇടപെടൽ; വിജയത്തിന് ശേഷം ശക്തി തെളിയിക്കുന്നവർക്ക് മുഖ്യമന്ത്രി പദവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളെ കേരളത്തിലെ കോൺഗ്രസിലെ സ്ഥിരം ശൈലി. എന്നാൽ, വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കാര്യമായ സന്ദേഹങ്ങളൊന്നും ഉണ്ടാകാറില്ല. കഴിഞ്ഞ തവണ രമേശ് ചെന്നിത്തല മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി തന്നെയാകും മുഖ്യമന്ത്രി എന്ന കാര്യം എല്ലാവർക്കും ഉറപ്പുള്ള കാര്യമായിരുന്നു. മുൻകാലങ്ങളിൽ ആയിരുന്നെങ്കിൽ അധികാരം കിട്ടുമ്പോൾ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിലും ഏകദേശ വ്യക്തത ഉണ്ടായിരുന്നു. എന്നാൽ, ഇത്തവണ കോൺഗ്രസിലെ കാര്യങ്ങളെല്ലാം കയ്യാലപ്പുറത്താണ്. ഉമ്മൻ ചാണ്ടിയാണ് നിലവിലെ മുഖ്യമന്ത്രി എങ്കിലും അഴിമതി ആരോപണങ്ങളുടെ ചുഴിയിൽപ്പെട്ട അദ്ദേഹതതിന് പഴയപോലെ പിന്തുണ കോൺഗ്രസിന് അകത്തും ജനങ്ങൾക്കിടയിലും ഇല്ല. അതുകൊണ്ട് തന്നെ സുധീരനെയും ചെന്നിത്തലയെയും മത്സര രംഗത്തിറക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് പദ്ധതിയിടുന്നത്. അധികാരം കിട്ടിയാൽ മാത്രം ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. ഇതോടെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത ആശങ്കയാണ് രൂപപ്പെട്ടിരിക്കുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി തന്നെ കോൺഗ്രസിനെ നയിക്കുമെന്ന് പരസ്യമായി എ ഗ്രൂപ്പ് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഈ നിലപാട് തള്ളി. പ്രചാരണത്തിനു കൂട്ടായ നേതൃത്വം മതിയെന്നു ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തീരുമാനിക്കുമെന്നു പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി തന്നെ വ്യക്തമാക്കി. ഇതോടെ കേരളത്തിലെ തിരഞ്ഞെടുപ്പിലെ കടിഞ്ഞാൺ ആന്റണിയുെട കൈയിൽ തന്നെയാകുമെന്നാണ് വ്യക്തമാകുന്നത്.

ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ നിലവിലുള്ള മുഖ്യമന്ത്രിയെത്തന്നെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന രീതി ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. അസമിൽ തരുൺ ഗൊഗോയ്, ഡൽഹിയിൽ ഷീലാ ദീക്ഷിത് എന്നിവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി ഇങ്ങനെ നിശ്ചയിച്ചിരുന്നു. ഇതേ മാതൃകയിൽ കേരളത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുമെന്നാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്. എന്നാൽ, ഉമ്മൻ ചാണ്ടിയെ ഇനിയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ആത്മഹത്യാപരമാണെന്ന പൊതുവിലയരുത്തലാണ് ഹൈക്കമാൻഡിന് ഉള്ളത്. മാത്രമല്ല, ഇങ്ങനെ ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കാട്ടിയാൽ അത് തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും വിലയിരുന്നു.

ഹൈക്കമാൻഡ് അംഗീകാരമില്ലാതെയാണ് ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താൻ എ ഗ്രൂപ്പ് ശ്രമിക്കുന്നത്. അടുത്തയാഴ്ച ഡൽഹിയിലെത്താൻ കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ കൂട്ടായ നേതൃത്വമെന്ന നിർദ്ദേശമാകും ഹൈക്കമാൻഡ് നൽകുക. കൂട്ടായ നേതൃത്വമെന്നു ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നതു പാർട്ടിയിലെ ഐക്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒപ്പം, ഉമ്മൻ ചാണ്ടിയുടെ പേരു മാത്രം പ്രഖ്യാപിച്ചാൽ അഴിമതി കേസുകൾ മാത്രം പ്രചാരണവിഷയമാകുമെന്നും ഭൂരിപക്ഷ സമുദായ വോട്ട് ചോരുമെന്നും എഐസിസി കരുതുന്നു. തെരഞ്ഞടുപ്പിനു ശേഷം ആരാകും നേതാവ് എന്നു തീരുമാനിക്കാനുള്ള അധികാരം ഈ നിലപാടിലൂടെ ഹൈക്കമാൻഡിന്റെ കൈകളിലെത്തുകയാണ്.

തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ഘടകകക്ഷികളുടെ മനസറിയാനും കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമം നടത്തും. ഇതെല്ലാം കൂടി വരുമ്പോൾ ഭൂരിപക്ഷം തന്നയാകും കോൺഗ്രസ് പരിഗണിക്കുക. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ഗ്രൂപ്പ് ബലാബലം തന്നെ ആവർത്തിക്കപ്പെടുമെന്ന സൂചനയുമുണ്ട്. മറിച്ച് ഭരണം കിട്ടാത്ത പക്ഷം പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടിയും ചരടുവലികൾ ഉണ്ടാകും. ഈ ഘട്ടത്തിലും തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത് തന്നെയാകും. ഫലത്തിൽ നേതൃകാര്യം സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെ പക്ഷത്താകുമ്പോൾ മണ്ണും ചാരി നിൽക്കുന്നവർ അധികാരസ്ഥാനത്തേക്ക് പോകുമോ എന്ന ആശങ്കയും കോൺഗ്രസ് നേതാക്കൾക്കുണ്ട്.

വി എം സുധീരനോടും മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെടും. പരമാവധി മികച്ച സ്ഥാനാർത്ഥികളെ നിറുത്തി കൂടുതൽ സീറ്റുകളിൽ ജയിക്കൻ വേണ്ടിയും ന്യൂനപക്ഷ മുഖവു മാറ്റാൻ വേണ്ടിയാണ് സുധീരനെ മത്സരിപ്പിക്കുന്നത്. എന്നാൽ, ഈ തീരുമാനത്തോട് സുധീരൻ മനസു തുറന്നിട്ടില്ല. മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഇല്ലെന്നാണ് സുധീരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

സുധീരൻ മത്സരിക്കണമെന്ന നിർബന്ധമാണ് എകെ ആന്റണിക്കുള്ളത്. സംസ്ഥാനത്ത തെരഞ്ഞെടുപ്പ് ചുമതല ഗുലാം നബി ആസാദിനാണ്. എങ്കിലും ആന്റണി തന്നെയാകും എല്ലാം തീരുമാനിക്കുക. എല്ലാം ആന്റണിയോട് ആലോചിക്കണമെന്ന നിർദ്ദേശം ആസാദിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇതുകൊണ്ട് കൂടിയാണ് സുധീരന്റെ മത്സര രംഗത്തെ സാന്നിധ്യം എഴുതി തള്ളാൻ കഴിയാത്തത്. തൃശൂരിലെ സുരക്ഷിത മണ്ഡലം സുധീരന് നൽകണമെന്നാണ് ആവശ്യം. എന്നാൽ സിറ്റിങ് എംഎൽഎമാരൊന്നും ഒഴിയാൻ സാധ്യതയുമില്ല. ഇതു മനസ്സിലാക്കിയാണ് സുധീരൻ മത്സരത്തിനില്ലെന്നി് ഹൈക്കമാണ്ടിനെ അറിയിച്ചത്. ചെന്നിത്തലയും ചാണ്ടിയും ഇടപെടുമ്പോൾ എല്ലാം മാറുമെന്നാണ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ. ഇതു തന്നെയാണ് ആന്റണിയും ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈക്കമാണ്ടിന്റെ പ്രത്യേക അനുമതിയോടെ കെപിസിസി അധ്യക്ഷനായിരുന്ന ചെന്നിത്തല മത്സരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുധീരനെ ചുറ്റിയള്ള ഊഹാപോഹങ്ങൾ.

അതിസൂക്ഷ്മമായ സ്ഥാനാർത്ഥി നിർണയമാകും പാർട്ടി നടത്തുക. ആരോപണ വിധേയരേയും എംഎ!ൽഎ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാത്താവരെയും മാറ്റിനിറുത്തമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ആരോപണവിധേയരുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മറ്റുചില പ്രധാന നേതാക്കളുമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും സീറ്റ് ലഭിക്കും. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകുന്ന സ്ഥാനാർത്ഥി പട്ടികയാകും തയാറാക്കുകയെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണയം ഒഴിവാക്കി വിജയസാധ്യത മാനദണ്ഡമാക്കണമെന്നാകും സുധീരന്റെ ആഗ്രഹം. എന്നാൽ, സുധീരൻ ഇക്കാര്യത്തിൽ എത്ര കടുംപിടിത്തം പിടിച്ചാലും എയും ഐയും അംഗീകരിക്കില്ല.

ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായേക്കും. സംസ്ഥാനത്തെ മണ്ഡലങ്ങളുടെ സ്ഥിതിയെക്കുറിച്ച് എ.ഐ.സി.സി രഹസ്യ സർവെ നടത്തിയെന്നാണ് വിവരം. യു.ഡി.എഫിന്റെ വിജയ സാധ്യത വിലയിരുത്തിയതുകൂടാതെ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ചും സർവെ നടത്തിയിട്ടുണ്ടത്രേ. സിറ്റിങ് എംഎൽഎമാരുടെ പ്രകടനവും വിലയിരുത്തിയെന്നാണ് അറിവ്. സ്ഥാനാർത്ഥി പട്ടിക കെപിസിസി കൈമാറുമ്പോൾ ഈ സർവെ ഫലത്തിന്റെ അടിസ്ഥാനത്തിൽകൂടിയാകും കോൺഗ്രസ് നേതാക്കളെക്കൂടാതെ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ചലച്ചിത്ര നടൻ സിദ്ദിഖ് എന്നിവരുടെ പേരുകളും സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP