Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാറിലും ബാർകോഴയിലും മുങ്ങിയ മുഖ്യമന്ത്രിയുമായി ഇനിയും മുന്നോട്ടു പോണോ? ചെന്നിത്തലയെ അമരത്തെത്തിച്ച് നേതൃമാറ്റ ആവശ്യം ശക്തമാക്കാൻ ഉറച്ച് ഐ ഗ്രൂപ്പ്; ജനസമ്പർക്കം മറയാക്കി ഇമേജ് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും; രണ്ട് ഗ്രൂപ്പുകൾക്കും ഭയം സുധീരനുള്ള ഹൈക്കമാൻഡ് പിന്തുണ

സോളാറിലും ബാർകോഴയിലും മുങ്ങിയ മുഖ്യമന്ത്രിയുമായി ഇനിയും മുന്നോട്ടു പോണോ? ചെന്നിത്തലയെ അമരത്തെത്തിച്ച് നേതൃമാറ്റ ആവശ്യം ശക്തമാക്കാൻ ഉറച്ച് ഐ ഗ്രൂപ്പ്; ജനസമ്പർക്കം മറയാക്കി ഇമേജ് തിരിച്ചുപിടിക്കാൻ ഉമ്മൻ ചാണ്ടിയും; രണ്ട് ഗ്രൂപ്പുകൾക്കും ഭയം സുധീരനുള്ള ഹൈക്കമാൻഡ് പിന്തുണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നിനുപിറകേ മറ്റൊന്നായി അഴിമതി ആരോപണങ്ങൾ, മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഴുപ്പലക്കൽ, കോടതിയിൽ നിന്നും നേരിടേണ്ടി വന്ന രൂക്ഷമായ പരാമർശങ്ങൾ.. മുമ്പൊരു സർക്കാറും ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി സർക്കാർ നേരിടേണ്ടി വന്നത്രെയും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല്. സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായുള്ള ബന്ധം തെരുവുകളെ പ്രക്ഷോഭത്തിൽ മുക്കി. പിന്നീടാണ് ബാർകോഴ കേസും ഉയർന്നു പൊങ്ങിയത്. ഇതോടെ കോൺഗ്രസും കേരളാ കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ വൻ ഉലച്ചിൽ തന്നെ ഉണ്ടായി. കെ എം മാണി നേരിട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയരുകയും വിജിലൻസ് കേസെടുക്കുകയും ചെയ്തിട്ടും മന്ത്രിമാത്രം രാജിവച്ചില്ലെ. ഇതോടെ മന്ത്രിസഭയുടെ തന്നെ പ്രതിച്ഛായ തീർത്തും മോശമായി. കോൺഗ്രസ് രാഷ്ട്രീയത്തിലെ പാരമ്പര്യം അനുസരിച്ച് ബാറ്റൺ അടുത്തയാൾക്ക് കൈമാറേണ്ട വിധത്തിലുള്ള എല്ലാ സാഹചര്യവും നിലനിൽക്കുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ ബുദ്ധിമാൻ അതിന് എളുപ്പം തയ്യാറല്ലെന്ന് മാത്രം. വിവാദങ്ങൾ എത്രയുണ്ടായാലും മുഖ്യമന്ത്രിക്കസേര വിടില്ലെന്ന വാശിയിൽ ഉമ്മൻ ചാണ്ടി തുടരുമ്പോൾ നേതൃമാറ്റ ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകാർ രംഗത്തെത്തി.

മന്ത്രിസഭയുടെ കാലാവധി ഒരു വർഷത്തോളം മാത്രം ബാക്കിനിൽക്കേ ഉമ്മൻ ചാണ്ടി രാജിവച്ച് രമേശ് ചെന്നിത്തലയ്ക്ക ബാറ്റൺ കൈമാറണമെന്ന ആവശ്യം ഐ ഗ്രൂപ്പ് പൊതു ആവശ്യമായി ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. കോഴ വിവാദങ്ങളിൽ മുങ്ങി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ പോയെന്നും അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തണമെങ്കിൽ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കി മുഖംമിനുക്കൽ നടപടി വേണമെന്നുമാണ് ഐ ഗ്രൂപ്പുകാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം രമേശ് മുമ്പ് നടത്തിയ ഡൽഹി യാത്രയിൽ ഹൈക്കമാൻഡിനെ അറിയിച്ചതായും സൂചനയുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വളരെ മോശമാണെന്നും കോൺഗ്രസ് നേരിടുന്നത് കനത്തവെല്ലുവിളിയാണെന്നുമാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

ബാർകോഴ കേസിനെ മറയാക്കി നേതൃമാറ്റം ലക്ഷ്യമിട്ടിരുന്ന രമേശ് ചെന്നിത്തല ഈ വിഷയം തന്നെയാണ് ഇപ്പോഴും ഉന്നയിക്കുന്നത്. ബാർകോഴയിൽ മുഖ്യപ്രതിസ്ഥാനത്ത് നിൽക്കുന്നത് ഇപ്പോൾ എക്‌സൈസ് മന്ത്രി കെ ബാബുവാണ്. എ ഗ്രൂപ്പിന്റെ പ്രബല നേതാവായ ബാബു ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥൻ കൂടിയാണ്. കോഴയിൽ കുടുങ്ങി ബാബു രാജിവച്ചാൽ അത് മുഖ്യമന്ത്രിക്ക് ഏൽക്കേണ്ടുന്ന കനത്ത തിരിച്ചടിയാകും. കൂടാതെ നേരത്തെ കെ എം മാണിയുടെ രാജി ആവശ്യപ്പെടാതിരുന്നതിലുള്ള ധാർമ്മികതയും ചോദ്യം ചെയ്യപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോപണ വിധേയനായ ബാബുവിനെതിരെയും കേസെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആദ്യം മൂന്ന് മന്ത്രിമാർക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും കോടതിയിൽ നൽകിയ മൊഴിയിൽനിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിനുപിന്നിൽ ഐ ഗ്രൂപ്പിന്റെ ഇടപെടൽ എ പക്ഷം കാണുന്നു. ിജു രമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചപ്പോൾത്തന്നെ അദ്ദേഹത്തിനെതിരെ 'ക്വിക്ക് വെരിഫിക്കേഷൻ' വന്നു. തുടർന്ന് കേസുമെടുത്തു. എ്‌നാൽ ബാബു പത്ത് കോടി വാങ്ങിയെന്ന് ആരോപണം ഉണ്ടായിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. എന്നിട്ടും സംസ്ഥാനത്തെ മുഴുവൻ ബാറുകാരുടെയും മൊഴിയെടുത്ത് അന്വേഷണത്തിന്റെ വ്യാപ്തി വളർത്തി. ബിജുവിന്റെ മൊഴി പിന്നീട് മാറ്റാനാവാത്ത വിധം മജിസ്‌ട്രേട്ടിനുമുമ്പിൽ നൽകിച്ചു.

കേസ് ഈവിധം പുരോഗമിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ്സിൽ ഒരുവിഭാഗം കരുതുന്നു. മന്ത്രി ബാബുവിനും മറ്റുമെതിരെ ആരോപണം ഇതിന്റെ തുടർച്ചയായാണ്. സരിതയുടെ കത്ത് പുറത്തായതിനു പിന്നിൽ യു.ഡി.എഫിൽനിന്ന് അകന്നവരുടെ കൈകാണുന്നു. ചുരുക്കത്തിൽ, സർക്കാർ ആകെ പ്രതിസന്ധിയിലാണെന്നുവരുത്താൻ മുന്നണിക്കുള്ളിലുള്ളവരും മുന്നണി വിട്ടവരും കൈകോർക്കുന്നു എന്ന തോന്നലുണ്ട്. രാഷ്ട്രീയ ധാർമ്മികത എന്ന വാക്കിനുള്ള പ്രസക്തി പോലും ഉമ്മൻ ചാണ്ടി സർക്കാൽ ഇല്ലാതാക്കിയെന്ന പൊതുവികാരം കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. അഴിമതിയിൽ മുങ്ങിയ മന്ത്രിമാരെ ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്നു എന്ന പൊതുവികാരമാണ് എല്ലായിടത്തുമുള്ളത്.

സോളാർ, ബാർ കോഴ കേസുകൾ, പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണം തുടങ്ങി ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കെപിസസി യോഗത്തിൽ ഇക്കാര്യം വിഡി സതീശൻ എംഎൽഎ തുറന്നടിച്ചിരുന്നു. ഇത് ഐഗ്രൂപ്പുകാരുടെ കൂടി ആശിർവാദത്തോടെയാണെന്നാണ് വിലയിരുത്തൽ. ഇങ്ങനെ എല്ലാ അർത്ഥത്തിലും മുഖം നഷ്ടപ്പെട്ട ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകണമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.

മുഖ്യമന്ത്രിയും നിലവിലുള്ള കോൺഗ്രസ് മന്ത്രിമാരും മാറി, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പുതിയ ടീമെന്ന ആശയമാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നത്. ഐ പക്ഷത്തെ ഈ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും എ ഗ്രൂപ്പ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. ആരോപണവിധേയരായ മന്ത്രിമാർ മാറേണ്ടിവന്നാൽത്തന്നെ മുഖ്യമന്ത്രിയെന്തിന് രാജിവെക്കണമെന്നാണവരുടെ ചോദ്യം. പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോവുകയെന്നല്ലാതെ നേതൃമാറ്റ ചർച്ചകൾ യു.ഡി.എഫിന്റെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടിലാക്കും. കൂടാതെ ഘടകക്ഷികൾ തന്നെ മറുകണ്ടം ചാടാൻ അവസരം നോക്കി നിൽക്കുകയാണ്. ബാർകോഴയിൽ കേസെടുത്തതിന്റെ പേരിൽ രമേശിനോടുള്ള നീരസം കേരളാ കോൺഗ്രസിനുണ്ട്. അതുകൊണ്ട് രമേശ് മുഖ്യമന്ത്രി ആകുന്നതിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് അനുകൂലിക്കില്ല.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ.എസ്‌പി.ക്ക് നൽകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഗ്രൂപ്പുകൾ തമ്മിലുള്ള ഉരകല്ലായി മാറാം. കെ. മുരളീധരന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതുതന്നെ അത് നിഷേധിക്കപ്പെടുന്ന പക്ഷം ഗ്രൂപ്പ് വികാരം ആളിക്കത്തിക്കാനാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, ജനസമ്പർക്ക പരിപാടിയുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങിയ മുഖ്യമന്ത്രി തന്റെ ഇമേജ് തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ ജനസമ്പക്കത്തെ കുറിച്ച് നല്ലവാർത്തകൾ ജനങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വരാനിരിക്കുന്ന നാളുകളിൽ സംസ്ഥാനത്തിന്റെ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്ത് നല്ല ഭരണമെന്ന പൊതു ഇമേജ് ഉണ്ടാക്കാനും ശ്രമമുണ്ട്.

അതേസമയം പരസ്പ്പരം പോരടിച്ച എ ഗ്രൂപ്പും ഐ ഗ്രൂപ്പും നിലകൊള്ളുമ്പോൾ മൗനം പാലിച്ചിരിക്കയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. തർക്കം കൊഴുത്താൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ വി എം സുധീരനെ മുന്നിൽ നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചേക്കുമോ എന്ന ഭയം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. അതുകൊണ്ട് കൈവിട്ട കളി വേണ്ടെന്നാണ് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ധാരണ. എ കെ ആന്റണി കേരളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ആന്റണിയേക്കാൾ രണ്ട് ഗ്രൂപ്പിനും പേടി സുധീരന്റെ നേതൃത്വത്തെയാണ്. എന്നാൽ, സുധീരന്റെ പേര് നിർദ്ദേശിച്ചാൽ ഇരുഗ്രൂപ്പുകളും ഒരുമിച്ച് എതിർത്ത് തോൽപ്പിക്കുമെന്ന കാര്യം ഉറപ്പാണ് താനും.

നേരത്തെ പി സി ജോർജ്ജിനെ ഉപയോഗിച്ച് ബാര്‌കോഴ കേസ് ഉയർത്തിയതിന് പിന്നിൽ രമേശ് ചെന്നിത്തലയുടെ നീക്കങ്ങളായിരുന്നു എന്ന കാര്യം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. യുഡിഎഫിന് നിരന്തരം തലവേദന ഉണ്ടാക്കിയിട്ടുണ്ട് ജോർജ്ജിനെ ഒരുഘട്ടത്തിലും തള്ളിപ്പറയാൻ രമേശ് തയ്യാറായിരുന്നില്ല. ഇപ്പോൾ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി കസേരയിൽ നിന്നും മാറ്റിയില്ലെങ്കിൽ അടുത്തതവണ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ തനിക്ക് സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് ചെന്നിത്തലയ്ക്ക്. എന്നാൽ, പലപ്പോഴും മുസ്ലിംലീഗും ഘടകക്ഷികളും ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ച് നിൽക്കുന്നതാണ്, ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം പൂവണിയാതിരിക്കാൻ പ്രധാനകാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP