Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രിയങ്കയുടെ തേരോട്ടവും രാഹുലിന്റെ സ്വീകാര്യതയും കോൺഗ്രസിനെ വീണ്ടും അഹങ്കാരികൾ ആക്കിയോ? പ്രതിപക്ഷ സഖ്യ ശ്രമം പരാജയപ്പെടുന്നത് കോൺഗ്രസിന്റെ ദുർവാശി മൂലം; പ്രധാന സംസ്ഥാനങ്ങളിൽ ഒറ്റക്കുതന്നെ മത്സരം; മുൻകൂട്ടി പ്രഖ്യാപിച്ച സഖ്യങ്ങൾ ഉള്ളിടത്തു പോലും സീറ്റ് തർക്കം തുടരുന്നു: ഇങ്ങനെ പോയാൽ മോദി വിരുദ്ധ പോരാട്ടം എവിടെ ചെന്നു നിൽക്കും?

പ്രിയങ്കയുടെ തേരോട്ടവും രാഹുലിന്റെ സ്വീകാര്യതയും കോൺഗ്രസിനെ വീണ്ടും അഹങ്കാരികൾ ആക്കിയോ? പ്രതിപക്ഷ സഖ്യ ശ്രമം പരാജയപ്പെടുന്നത് കോൺഗ്രസിന്റെ ദുർവാശി മൂലം; പ്രധാന സംസ്ഥാനങ്ങളിൽ ഒറ്റക്കുതന്നെ മത്സരം; മുൻകൂട്ടി പ്രഖ്യാപിച്ച സഖ്യങ്ങൾ ഉള്ളിടത്തു പോലും സീറ്റ് തർക്കം തുടരുന്നു: ഇങ്ങനെ പോയാൽ മോദി വിരുദ്ധ പോരാട്ടം എവിടെ ചെന്നു നിൽക്കും?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ബിജെപിക്കും സംഘപരിവാറിനും എതിരെ വലിയ പ്രതിപക്ഷ നിരയെന്നും മഹാ ഗഡ്ബന്ധൻ എന്നുമെല്ലാം ആഹ്വാനം നടത്തിയാണ് അതിന് നേതൃത്വം നൽകുമെന്ന മട്ടിൽ തിരഞ്ഞെടുപ്പിന് ഏറെ മുന്നേ തന്നെ കോൺഗ്രസ് രംഗത്തിറങ്ങിയത്. പക്ഷേ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥിതി മാറുകയാണ് രാജ്യത്തെന്നാണ് ഏറ്റവും പുതിയ വിലയിരുത്തലുകൾ.

കർണാടകത്തിൽ തിരഞ്ഞെടുപ്പിന് പിന്നാലെ ജനതാദളുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് ബിജെപിയിൽ നിന്ന് അധികാരം പിടിക്കുന്ന കാഴ്ച കണ്ടതോടെയാണ് പ്രതിപക്ഷ വിശാലസഖ്യമെന്ന ആശയം വന്നത്. യുപിയിലെ കക്ഷികളായ എസ്‌പി, ബിഎസ്‌പി എന്നിവർക്കൊപ്പം മമതയും കെജ്രിവാളും സിപിഎമ്മും ഉൾപ്പെടെ എല്ലാ കക്ഷികളും കൈകോർക്കുമെന്ന നിലയിൽ എത്തി. സോണിയക്ക് പിന്തുണ അറിയിച്ച് മായാവതിയും മമതയും നിന്നതോടെ ബിജെപിക്ക് എതിരെ വലിയ മുന്നേറ്റം രാജ്യത്ത് ഉണ്ടാകുമെന്ന വിലയിരുത്തലുകളും വന്നു.

പക്ഷേ, ഇപ്പോൾ രാഹുലും പ്രിയങ്കയും പ്രചരണ രംഗത്ത് സജീവമാകുമ്പോൾ കോൺഗ്രസ് അമിത ആത്മവിശ്വാസത്തിൽ സഖ്യങ്ങൾ ഉപേക്ഷിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. യുപിയിൽ മായവതിയും അഖിലേഷും കോൺഗ്രസിനെ ഒഴിവാക്കി സഖ്യമുണ്ടാക്കി. അവിടെ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി ഇറങ്ങുന്നത്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസിന് കഴിഞ്ഞ തവണ കിട്ടിയത് വെറും രണ്ടു സീറ്റ് മാത്രമാണ്.

ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 73 സീറ്റാണ് യുപിയിൽ നേടിയത്. ഇവിടെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിലും എസ്‌പിയും ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാൻ മടിച്ചുനിന്ന കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടായി. ഇതിന് പിന്നാലെയാണ് ഈ സ്ഥിതി തിരിച്ചറിഞ്ഞ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നു പാർട്ടികളും ബിജെപിക്ക് എതിരെ ഒരുമിക്കുമെന്ന പ്രഖ്യാപനം വന്നത്. പക്ഷേ, ഒടുവിൽ കോൺഗ്രസിനെ ഒഴിവാക്കി മായാവതിയും അഖിലേഷും കൈകോർത്തു. ഇതോടെ കോൺഗ്രസ് പ്രിയങ്കയെ രംഗത്തിറക്കി കിഴക്കൻ യുപിയിൽ എങ്കിലും കുറച്ച് സീറ്റുകൾ നേടാൻ പരിശ്രമിക്കുകയാണ്. എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ന്യൂനപക്ഷ, മുസ്‌ളീം വോട്ടുകളിൽ എസ്‌പിയും ബിഎസ്‌പിയും നോട്ടമിടുമ്പോൾ ബിജെപി സ്റ്റൈലിൽ സവർണവോട്ടുകൾ നോക്കിയാണ് കോൺഗ്രസിന്റേയും നീക്കം. ഇങ്ങനെയായാൽ വോട്ടുകൾ വിഭജിച്ചുപോകുകയും നിയമസഭാ തിരഞ്ഞെടുപ്പു കാലത്തെ പോലെ തന്നെ ബിജെപിക്ക് വിജയിക്കാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

മഹാരാഷ്ട്രയിലും മഹാസഖ്യമില്ല

സമാന സ്ഥിതി തന്നെയാണ് രണ്ടാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലും ഉണ്ടായിരിക്കുന്നത്. ഇവിടെ ശരദ്പവാറിന്റെ എൻസിപിയുമായി മാത്രമാണ് കോൺഗ്രസ് സഖ്യം. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കർഷകരുടെ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവന്ന ഇടതുപാർട്ടികൾക്ക് വലിയ പിന്തുണയുണ്ട്. ഇവിടെ ഇടതുപിന്തുണ തേടാതെയും കുറച്ചൊക്കെ വോട്ടുകൾ ഉള്ള എസ്‌പിയുമായും ബിഎസ്‌പിയുമായും അടുക്കാതെയും കൂടെ നിൽക്കാൻ താൽപര്യം അറിയിച്ചിട്ടുപോലും മറ്റു ചെറുപാർട്ടികളെ കൂട്ടാതെയുമാണ് കോൺഗ്രസ് മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം, മറുവശത്ത് അവസാനംവരെ ഉടക്കിനിന്ന ശിവസേനയെ ഒറ്റ സന്ദർശനത്തിൽ കയ്യിലെടുത്താണ് അമിത്ഷായുടെ കളി. 48 സീറ്റുകളുള്ള സംസ്ഥാനത്ത് പകുതിയോളം വിട്ടുകൊടുത്താണ് ബിജെപി ഒത്തുതീർപ്പുണ്ടാക്കിയത്. ഇതോടെ അവർ ഭൂരിഭാഗം സീറ്റുകളിലും വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞതവണ യുപിയിലെ പോലെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും തകർന്നുപോയിരുന്നു കോൺഗ്രസ് ഇവിടെയും.

പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ദളിത്-ന്യൂനപക്ഷ-പിന്നോക്കസമുദായ കൂട്ടുകെട്ടായ വഞ്ചിത് ബഹുജൻ അഗാഡിയെ (വിബിഎ), ഇടതുപാർട്ടികൾ, ബിഎസ്‌പി, എസ്‌പി എന്നീ പാർട്ടികൾക്കെല്ലാംകൂടി 15 ശതമാനത്തിലേറെ വോട്ടുണ്ട്. ഇവരെ ഒപ്പംനിർത്തിയാൽ കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഭൂരിപക്ഷം സീറ്റും നേടാനാകും. കർഷക സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സിപിഐ എമ്മിന് ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്. വിബിഎയുമായി സീറ്റ് ചർച്ചയ്ക്കുപോലും കോൺഗ്രസ്-എൻസിപി സഖ്യം തയ്യാറായില്ല. പല സീറ്റിലും അവരുടെ സാന്നിധ്യം കോൺഗ്രസിന് തിരിച്ചടിയാകും.

ഇതോടൊപ്പം എസ്‌പി-ബിഎസ്‌പി സഖ്യം മഹാരാഷ്ട്രയിലും 48 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനാ്ൽ യുപിക്ക് സമാനമായ സാഹചര്യം മഹാരാഷ്ട്രയിലും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാം മുന്നണിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്‌പി നേതാവ് അബു അസിം ആസ്മി എംഎൽഎ പറഞ്ഞു. മുസ്ലിങ്ങളെയും ദളിതരെയും കോൺഗ്രസ് അവഗണിക്കുകയാണെന്നും ബിജെപിയുടെ അതേ നയം തന്നെയാണ് കോൺഗ്രസിന് എന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ സഖ്യത്തിന് കോൺഗ്രസ്-എൻസിപി ധാരണയായെങ്കിലും സീറ്റ് വിഭജനം ബാക്കിയാണ്. കോൺഗ്രസ് 12 സീറ്റിലും എൻസിപി 16ലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സീറ്റുള്ള ഇവിടെ കോൺഗ്രസ് 26 ആവശ്യപ്പെടുന്നു.

ബംഗാളിലും ബീഹാറിലുമെല്ലാം സഖ്യത്തിൽ വിള്ളൽ

ഇടതുപക്ഷവുമായി ധാരണയിൽ വരെ എത്തിയെങ്കിലും ബംഗാളിൽ ഇടതുപാർട്ടികളെ കൂട്ടാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 42 സീറ്റുകളുള്ള സംസ്ഥാനത്ത് മമതയുടെ പാർട്ടിയും ബിജെപിയും നേർക്കുനേർ പോരാടുമ്പോൾ മൂന്നാം മുന്നണി എന്ന നിലയിലാണ് കോൺഗ്രസ് ഇടതുപക്ഷവുമായി സഖ്യസാധ്യത തേടിയത്. എന്നാൽ അവസാന നിമിഷം ധാരണയിൽ മാറ്റം വന്നതോടെ ഇടതുമുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി. 38 സീറ്റിൽ ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിനൊപ്പം ഇരു പാർട്ടികളും തമ്മിലുള്ള ധാരണ പൊളിഞ്ഞതോടെ ശേഷിക്കുന്ന രണ്ട് സീറ്റിലും കൂടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി.

മാൾഡ നോർത്തിലും ജംഗിപൂരിലുമാണ് ഇപ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളാണ് ഇവ രണ്ടും. ബീഹാറിലും ബിജെപി ശക്തമായ സഖ്യം ഉണ്ടാക്കി കഴിഞ്ഞു. നിതീഷ്‌കുമാറിനും രാംവിലാസ് പസ്വാനം അവർ ചോദിച്ചതുപോലെ സീറ്റ് നൽകിയാണ് ബിജെപി ഇവിടെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. എന്നാൽ ലാലുവിന്റെ പാർട്ടിയുമായി സഖ്യത്തിന് ഇറങ്ങുന്ന കോൺഗ്രസിന് ഇക്കുറിയും കാര്യങ്ങൾ എളുപ്പമാവില്ല ബീഹാറിൽ. കോൺഗ്രസ്, ആർജെഡി എന്നിവയുൾപ്പെടെ 6 കക്ഷികളുള്ള പ്രതിപക്ഷ സഖ്യത്തിൽ സീറ്റ് വിഭജനം ഇനിയും പൂർത്തിയായിട്ടില്ല. കോൺഗ്രസുമായി ഇന്നലെ ഡൽഹിയിൽ ചർച്ച നടത്തിയ ആർജെഡി നേതാവ് തേജസ്വി യാദവ് അന്തിമ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് വ്യക്തമാക്കി. 40 സീറ്റുള്ള ഇവിടെ ആർജെഡി 19 ൽ മൽസരിച്ചേക്കും. കോൺഗ്രസ് 11 സീറ്റ് ആവശ്യപ്പെടുന്നു; 9 നൽകാമെന്നാണ് ആർജെഡി നിലപാട്.

പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങി ഹൈക്കമാൻഡ്

ഏതായാലും സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ സഖ്യ രൂപീകരണം കീറാമുട്ടിയായതോടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ഹൈക്കമാൻഡ് ഊർജിതമാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിലെങ്കിലും നീക്കുപോക്കുകൾക്ക് പാർട്ടി വഴങ്ങിയേക്കുമെന്നാണ് സൂചനകൾ. എത്രയും വേഗം സീറ്റ് വിഭജനം പൂർത്തിയാക്കാൻ സംസ്ഥാന ഘടകങ്ങൾക്കു ദേശീയ നേതൃത്വം നിർദ്ദേശം നൽകി. എന്നാൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ആന്ധ്ര, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റയ്ക്കു മൽസരിക്കാനാണു കോൺഗ്രസ് നീക്കം. ഇവിടെ പരമാവധി സീറ്റ് നേടി പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുലിനെ അവരോധിക്കുക എന്ന തന്ത്രത്തിലേക്കാണ് കോൺഗ്രസ് മാറുന്നതെന്നാണ് വിലയിരുത്തലുകൾ. എങ്കിലേ അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി പദത്തിലേക്ക് മറ്റ് പേരുകൾ വരുന്നതിന് മുകളിൽ രാഹുലിന്റെ പേര് എത്തിക്കാനാകൂ എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. മമതയോ മായാവതിയോ പ്രധാനമന്ത്രിയാകാൻ താൽപര്യം പറഞ്ഞാലും പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിന് പ്രധാനമന്ത്രി പദം അവകാശപ്പെടാനാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

യുപിയിൽ കൂട്ടിനു ചെറുകക്ഷികൾ

യുപിയിൽ എസ്‌പി ബിഎസ്‌പി ആർഎൽഡി പ്രതിപക്ഷ സഖ്യത്തിൽ നിന്നു വിട്ടുനിന്ന പാർട്ടി, ചെറുകക്ഷികളായ മഹാൻ ദൾ, അപ്നാദൾ എന്നിവയുമായി സഖ്യത്തിനു കൈകൊടുത്തിട്ടുണ്ട്. രണ്ടായി നിൽക്കുന്ന അപ്നാദളിലെ അനുപ്രിയ പട്ടേൽ വിഭാഗത്തിനു സഖ്യത്തിനു താൽപര്യമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് അവരെ അടുപ്പിച്ചിട്ടില്ല. ഇതിന് പിന്നാലെ എൻഡിഎയ്‌ക്കൊപ്പം തുടരാൻ അനുപ്രിയ തീരുമാനിച്ചു. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാദൾ വിഭാഗവുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് പിലിബിത്ത്, ബസ്തി മണ്ഡലങ്ങൾ അവർക്കു മാറ്റിവച്ചു. പ്രിയങ്ക ഗാന്ധിയുടെ താരപ്രഭാവത്തിൽ ആത്മവിശ്വാസമുണ്ടെങ്കിലും 80 സീറ്റുള്ള സംസ്ഥാനത്ത് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത് പരമാവധി 15 സീറ്റ് മാത്രമാണ്. എന്നാൽ എസ്‌പിയും ബിഎസ്‌പിയും പിടിക്കുന്ന സീറ്റുകൾ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനെ പിന്തുണച്ച് എത്തുമെന്നാണ് ഹൈക്കമാൻഡിന്റെ പ്രതീക്ഷ.

ജാർഖണ്ഡ്, ഒഡീഷ, തെലങ്കാന, വടക്കുകിഴക്ക്, ഡൽഹി

ജാർഖണ്ഡ് വികാസ് മോർച്ച, ജാർഖണ്ഡ് മുക്തി മോർച്ച എന്നിവയുമായി ഝാർഖണ്ഡിൽ കോൺഗ്രസ് സഖ്യത്തിനു ധാരണയായെങ്കിലും സീറ്റ് വിഭജനം പാതിവഴിയിലാണ്. ഒഡീഷയിൽ ഒരു സീറ്റ് (ഭുവനേശ്വർ) സിപിഎമ്മിനു നൽകുന്നതു സംബന്ധിച്ച് അണിയറ ചർച്ചകൾ നടക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിച്ച ടിഡിപിയുമായി തെലങ്കാനയിൽ സഖ്യം തുടരുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ പ്രാദേശിക കക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുന്നു.

ഡൽഹിയിൽ കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി തർക്കം ആം ആദ്മിയുമായുള്ള സഖ്യത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ സഖ്യത്തിന് അനുകൂലമാണ്. ഇരുകക്ഷികളും ഒന്നിച്ചു നിന്നില്ലെങ്കിൽ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്നും അതു ബിജെപിക്കു ഗുണം ചെയ്യുമെന്നും വാദിക്കുന്ന അദ്ദേഹം, സഖ്യത്തെ അനുകൂലിക്കുന്ന ജില്ലാ ഘടകം പ്രസിഡന്റുമാരുടെ ഒപ്പുകൾ ശേഖരിച്ചു രാഹുൽ ഗാന്ധിക്കു സമർപ്പിച്ചു. ഒരുകാരണവശാലും സഖ്യം അംഗീകരിക്കില്ലെന്നു കാട്ടി പാർട്ടി ഡൽഹി ഘടകം പ്രസിഡന്റ് ഷീലാ ദീക്ഷിത് രാഹുലിനു കത്തു നൽകിയതോടെ സ്ഥിതി സങ്കീർണമായി. 7 സീറ്റുള്ള ഡൽഹിയിൽ 3 എണ്ണം കോൺഗ്രസിനു വിട്ടുകൊടുക്കാൻ തയാറാണെന്നാണ് ആം ആദ്മി പാർട്ടിയുടെ രഹസ്യ വാഗ്ദാനം.

പ്രതീക്ഷയോടെ മറ്റു സംസ്ഥാനങ്ങൾ

അതേസമയം, ഉറച്ച സഖ്യങ്ങൾ തീർത്താണ് കോൺഗ്രസ് മുന്നേറ്റം. ഇതിൽ വലിയ പ്രതീക്ഷ നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യവും കർണാടകത്തിൽ ദേവഗൗഡ ദളും കൂടെയുണ്ടെന്നത് വലിയ നേട്ടമാണ്.

ഇതിന് പുറമെ കാശ്മീരിലും പ്രതിപക്ഷ കക്ഷികളുമായുള്ള സീറ്റ് വിഭജനം കോൺഗ്രസ് പൂർത്തിയാക്കി. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായുള്ള 40 സീറ്റിൽ ഡിഎംകെ 20ലും കോൺഗ്രസ് 10ലും മൽസരിക്കും. സിപിഎം, സിപിഐ, മുസ്ലി ലീഗ്, എംഡിഎംകെ, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, വിസികെ എന്നിവയ്ക്കായി ബാക്കിയുള്ള സീറ്റുകൾ മാറ്റിവയ്ക്കും. 28 സീറ്റുള്ള കർണാടകയിൽ കോൺഗ്രസ് 20ലും ജെഡിഎസ് എട്ടിലും മൽസരിക്കും.

ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസുമായുള്ള സീറ്റ് വിഭജനം ഇന്നലെ പൂർത്തിയായി. കോൺഗ്രസ് രണ്ടിലും (ജമ്മു, ഉധംപുർ) നാഷനൽ കോൺഫറൻസ് (ഫാറൂഖ് അബ്ദുല്ല ശ്രീനഗർ) ഒന്നിലും മൽസരിക്കും. ലഡാക്കിന്റ കാര്യത്തിൽ ചർച്ച തുടരുകയാണ്. ബാരാമുള്ള, അനന്ത്‌നാഗ് മണ്ഡലങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ സൗഹൃദ മൽസരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP