Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടൂർ പ്രകാശും കെ ബാബുവും കെ സി ജോസഫും മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തത്തിന് വഴങ്ങി ആരോപണ വിധേയർക്ക് സീറ്റ് നൽകും; പരിഗണിക്കുന്നത് വിജയസാധ്യത മാത്രം; തർക്ക സീറ്റുകളിൽ തോറ്റാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് സുധീരൻ; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

അടൂർ പ്രകാശും കെ ബാബുവും കെ സി ജോസഫും മത്സരിക്കും; ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തത്തിന് വഴങ്ങി ആരോപണ വിധേയർക്ക് സീറ്റ് നൽകും; പരിഗണിക്കുന്നത് വിജയസാധ്യത മാത്രം; തർക്ക സീറ്റുകളിൽ തോറ്റാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് സുധീരൻ; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരോപണ വിധേയരായ മന്ത്രിമാരെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. ആരോപണ വിധേയരായ മന്ത്രിമാരും മത്സര രംഗത്തുണ്ടാകുമെന്ന സൂചന ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായ കടുംപിടുത്തത്തിന് ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. വിജയസാധ്യത മാത്രം പരിഗണിച്ചു കൊണ്ട് തർക്കമുണ്ടായ അഞ്ച് മണ്ഡലങ്ങളിലും സിറ്റിങ് എംഎൽഎമാർക്ക് തന്നെ സീറ്റു നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഈ സീറ്റുകളിൽ സ്ഥാനാർത്ഥി തോറ്റാൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് വ്യക്തമാക്കിയാണ് സുധീരന്റെ നിലപാടിനെ ഹൈക്കമാൻഡ് തള്ളിയത്.

കെപിസിസി അധ്യക്ഷൻ വി എം. സുധീരന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് സ്ഥാനാർത്ഥിത്വം സംശയത്തിലായ മന്ത്രിമാരായ കെ.ബാബു, അടൂർ പ്രകാശ്, കെ.സി. ജോസഫ് എന്നിവരുൾപ്പെടെ അഞ്ചുപേർക്കും മൽസരിക്കാൻ സീറ്റ് നൽകുമെന്നാണ് വിവരം. ഡോമിനിക് പ്രസന്റേഷൻ, ബെന്നി ബഹനാൻ എന്നിവരാണ് സുധീരന്റെ എതിർപ്പ് മറിടകന്ന് സീറ്റു നേടിയ മറ്റു രണ്ടുപേർ. കോൺഗ്രസിന്റെ 39 സിറ്റിങ് എംഎൽഎമാരിൽ 34 പേരും ഇക്കുറി മൽസരിക്കും. ഒഴിവാക്കപ്പെട്ട അഞ്ചുപേരിൽ നാലുപേരും തൃശൂർ ജില്ലയിൽ നിന്നാണ്. ടി എൻ പ്രതാപൻ, സി എൻ ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, പി എ മാധവൻ എംഎൽഎ എന്നിവാണ് ഇവർ, ഇവരെ കൂടാതെ ആര്യാടൻ മുഹമ്മദും മാറി നിൽക്കും.

സ്ഥാനാർത്ഥി പട്ടികയിലെ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്‌നിക് ചർച്ചകൾക്കായി തമിഴ്‌നാട്ടിലേക്ക് പോയിരിക്കയാണ്. അദ്ദേഹം തിരിച്ച് മടങ്ങിയെത്തിയ ശേഷമേ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഡൽഹി ചർച്ചകൾ നേരത്തെ അവസാനിച്ചിരിക്കുന്നു. പട്ടികയിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തിൽ ആരോപണവിധേയരായവർ മൽസരരംഗത്തേക്ക് വരുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി നിലപാടെടുത്തപ്പോൾ തിരഞ്ഞെടുപ്പു വിജയമാണ് പ്രധാനമെന്ന നിലപാടിലാണ് സോണിയ ഗാന്ധി. അതുകൊണ്ടാണ് സുധീരന്റെ നിർദ്ദേശത്തെ സോണിയ തള്ളിയതും ആരോപണ വിധേയരായവർക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതും.

അടൂർ പ്രകാശ്, കെ ബാബു, കെ സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവരെ മാറ്റണമെന്നായിരുന്നു സുധീരൻ ആവശ്യപ്പെട്ടത്. എന്നാൽ ഇവരിൽ ആരെയും മാറ്റാൻ സാധിക്കില്ലെന്ന കടുംപിടുത്തം ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയോട് നേരിട്ട് വ്യക്തമാക്കി. അങ്ങനെയാണെങ്കിൽ താൻ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. ഇതോടെ പാർട്ടി പിളർന്നേക്കുമെന്ന വിധത്തിൽ പോലും കാര്യങ്ങൾ നീണ്ടതോടെയാണ് എല്ലാവരെയും മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായത്. ലീഗിനെയും കൂട്ടുപിടിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചതും അവസാനം കാര്യങ്ങൾ നേടിയെടുത്തതും.

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യമാണ്. വിജയത്തിനാവശ്യമായതെന്താണോ അതു ചെയ്യണമെന്ന നിർദ്ദേശമാണ് സോണിയ മുന്നോട്ടുവച്ചത്. കേരളത്തിലെ സീറ്റു തർക്കം ഇത്രയും നീണ്ടതിൽ കോൺഗ്രസ് ഹൈക്കമാൻഡിൽ കടുത്ത അതൃപ്തി നിലനിൽക്കേ തന്നെയാണ് ഇപ്പോൽ തീരുമാനം കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിഭാഗം വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാനാവില്ലെന്നും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതേ തുടർന്നാണ് കടുംപിടുത്തത്തിൽ നിന്ന് സുധീരൻ പിന്മാറിയത്.

ഇതോടെ മുഖ്യമന്ത്രിയുടെ മനസ്സ് അനുകൂലമാക്കി സ്ഥാനാർത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതിനിടെ ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ മുഖവിലയ്ക്ക് എടുക്കണമെന്ന് ഹൈക്കമാണ്ടിനോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും മംഗളകരമായി അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് ചർച്ചയിലൂടെ ഉമ്മൻ ചാണ്ടിയും ഹൈക്കമാണ്ടും തമ്മിൽ തെറ്റിയെന്നാണ് ചെന്നിത്തലയ്ക്കുള്ളത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ കക്ഷി നേതാവായി തനിക്ക് മാറാനാകുമെന്നാണ് ചെന്നിത്തലയുടെ പക്ഷം.

കോൺഗ്രസിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് സുധീരൻ അറിയിച്ചുു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഹൈക്കമാൻഡിന് മുന്നിൽ വച്ച നിർദ്ദേശങ്ങളിൽ മാറ്റമില്ല. എല്ലാവരുടേയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് കേട്ടു. ഇനി യുക്തമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് കരുതുന്നതെന്നും സുധീരൻ പറഞ്ഞു.ഏതെങ്കിലും വ്യക്തിയോടോ വ്യക്തികളോടോ ഒരു വിരോധവുമില്ല. പാർട്ടിയുടെ നന്മയെ കരുതിയാണ് ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിയോജിപ്പുണ്ടായാലും അന്തിമ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകർ ബാദ്ധ്യസ്ഥരാണ്. കേരളത്തിലെ പാർട്ടിയുടെ പ്രസിഡന്റെന്ന നിലയ്ക്ക് ഹൈക്കമാൻഡിന്റ തീരുമാനം നടപ്പാക്കേണ്ട ബാദ്ധ്യത തനിക്കാണെന്നും സുധീരൻ പറഞ്ഞു. ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിനാൽ കേരളത്തിലെ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. ജയസാദ്ധ്യതയുള്ള മികച്ച സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കാനാണ് ശ്രമിച്ചത്. പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്താനും ശ്രമം നടത്തിയെന്നും സുധീരൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് നീണ്ടുപോകുന്നത് നല്ലതല്ല. പട്ടിക പ്രഖ്യാപിച്ചാൽ മാത്രമെ സ്ഥാനാർത്ഥികൾക്ക് പ്രചാരണ പരിപാടികളിലേക്ക് കടക്കാനാവു. അതിനാൽ തന്നെ ഹൈക്കമാൻഡ് ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനും എതിരെ ജനവിധി ഉണ്ടാക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്റെ പ്രഥമ പരിഗണനയെന്നും സുധീരൻ പറഞ്ഞു. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേരുണ്ടാവില്ലെന്ന് സുധീരൻ പറഞ്ഞു. മത്സരിക്കാൻ താൽപര്യമില്ലെന്ന് ജനരക്ഷാ യാത്രയുടെ സമാപനത്തിന്റെ അടുത്ത ദിവസം തന്നെ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കിനേയും ഗുലാംനബി ആസാദിനേയും അറിയിച്ചിരുന്നുവെന്നും സുധീരൻ വെളിപ്പെടുത്തി. കയ്പമംഗലം സീറ്റ് ചോദിച്ച് ടി.എൻ.പ്രതാപൻ എംഎ!ൽഎ കത്തെഴുതിയിട്ടില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കോൺഗ്രസിലെ പ്രശ്‌നങ്ങൾക്കിടയിൽ മുസ്ലിംലീഗ് ഇടപെട്ടതിൽ അപാകതയില്ല. യു.ഡി.എഫിന്റെ അഭിഭാജ്യ ഘടകമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നേരത്തെ അറിയിച്ചിരുന്നു. ചർച്ചകൾ പൂർത്തിയായെന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ കൊച്ചിയിലെത്തിയ ശേഷം എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത ഉമ്മൻ ചാണ്ടി നിഷേധിച്ചു. പ്രത്യേക യോഗമെന്നും ചേർന്നിട്ടില്ലെന്നും നേതാക്കളെ കാണുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പിടിവാശിയിൽ ഹൈകമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സുധീരൻ വിട്ടുവീഴ്ചക്ക് തയാറായപ്പോൾ ഉമ്മൻ ചാണ്ടി കർക്കശ നിലപാട് സ്വീകരിച്ചുവെന്നാണ് ഹൈക്കമാൻഡിലെ പൊതുവികാരം.

മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നായിരുന്നും കൊച്ചിയിൽ ഇന്ന് ചേർന്ന എ ഗ്രൂപ്പ് യോഗത്തിലും മുഖ്യമന്ത്രി കൈക്കൊണ്ട നിലപാട്. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാർ പ്രവർത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. തനിക്കെതിരെയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നതിനു മുൻപാണ് യോഗത്തിൽ പങ്കെടുത്തത്. കെ. ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിന് ശേഷമാണ് മന്ത്രിമാരെ ആരെയും മാറ്റേണ്ടെന്ന തീരുമാനം ഉണ്ടായതയത്.

അതിനിടെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞു. തന്റെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന് ചോദ്യത്തിന് മറുപടിയായിസുധീരൻ പറഞ്ഞു. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം ഹൈക്കമാൻഡിന് ബോധ്യപ്പെട്ടു. എന്നാൽ നടപ്പാക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടായേക്കാം. തിരഞ്ഞെടുപ്പായതിനാൽ പ്രതിസന്ധിയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് തീരുമാനം   പൂർണമായും അംഗീകരിക്കും. ഇത് ആരുടെയും ജയമോ പരാജയമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP