Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ തരംഗം സൃഷ്ടിക്കാനായെങ്കിലും സിറ്റിങ് സീറ്റിൽ ദേശീയ അധ്യക്ഷൻ തോറ്റുതുന്നം പാടിയതിന്റെ ഞെട്ടൽ മാറാതെ കോൺഗ്രസ്; പരമ്പരാഗത സീറ്റെന്ന ഖ്യാതിയും പ്രിയങ്കയുടെ പ്രചരണവും മഹാസഖ്യത്തിന്റെ പിന്തുണയും രാഹുലിന് തുണയാകാതെ പോയതിന്റെ കാരണങ്ങളിൽ പ്രധാനം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെ; ഗാന്ധി കുടുംബം എന്തു തന്നു എന്ന ചോദ്യത്തിനുത്തരമായി അമേഠി സ്മൃതി ഇറാനിക്ക് നൽകിയത് ചരിത്ര വിജയം; പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടി തിരിച്ചു വരുമോ അതോ വിസ്മൃതിയിലേക്കു കൂപ്പുകുത്തുമോ

കേരളത്തിൽ തരംഗം സൃഷ്ടിക്കാനായെങ്കിലും സിറ്റിങ് സീറ്റിൽ ദേശീയ അധ്യക്ഷൻ തോറ്റുതുന്നം പാടിയതിന്റെ ഞെട്ടൽ മാറാതെ കോൺഗ്രസ്; പരമ്പരാഗത സീറ്റെന്ന ഖ്യാതിയും പ്രിയങ്കയുടെ പ്രചരണവും മഹാസഖ്യത്തിന്റെ പിന്തുണയും രാഹുലിന് തുണയാകാതെ പോയതിന്റെ കാരണങ്ങളിൽ പ്രധാനം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ തന്നെ; ഗാന്ധി കുടുംബം എന്തു തന്നു എന്ന ചോദ്യത്തിനുത്തരമായി അമേഠി സ്മൃതി ഇറാനിക്ക് നൽകിയത് ചരിത്ര വിജയം; പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാർട്ടി തിരിച്ചു വരുമോ അതോ വിസ്മൃതിയിലേക്കു കൂപ്പുകുത്തുമോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് കാഴ്‌ച്ചവെച്ചതെങ്കിലും ദേശീയ തലത്തിൽ പാർട്ടി നേരിട്ട വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും ഉടനൊന്നും മുക്തമാകാൻ നേതൃത്വത്തിന് കഴിയില്ല. പാർട്ടി ഏറ്റവുമധികം തിരിച്ചടി നേരിട്ടത് അമേഠിയിൽ കോൺഗ്രസ് അധ്യക്ഷന്റെ പരാജയത്തോടെയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് നാൽപ്പത്തിനാലായിരത്തി എൺപത്തിരണ്ട് വോട്ടുകൾക്കാണ് രാഹുൽഗാന്ധി പരാജയപ്പെട്ടത്.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ അമേഠിയിൽ ലീഡ് നില മാറിമറിയുകയായിരുന്നു. ഏറ്റവുമൊടുവിൽ സ്മൃതി ഇറാനി രാഹുലിന് മേൽ ആധികാരിക വിജയം ഉറപ്പിച്ചു. ദേശീയ ശ്രദ്ധ ആകർഷിച്ച അമേഠിയിൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കായിരുന്നു പ്രചരണ ചുമതല. അമേഠി ഉൾപ്പെടെയുള്ള മേഖലയിൽ പ്രിയങ്ക വൻ പ്രചരണമാണ് കാഴ്‌ച്ചവെച്ചത്.

അമേഠി കൂടാതെ രാഹുൽ മത്സരിക്കാൻ തെരഞ്ഞെടുത്ത വയനാട്ടിൽ നാല് ലക്ഷത്തിലധികം വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ അമേഠിയിൽ പരാജയ ഭീതിയിലാണ് തെക്കേ ഇന്ത്യയിലേക്ക് വന്നത് എന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ആ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം.

ഒരുപക്ഷേ വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചില്ലായിരുന്നു എങ്കിൽ കോൺഗ്രസ് അധ്യക്ഷന് പാർലമെന്റ് കാണാനേ കഴിയില്ലായിരുന്നു. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം. കേരളത്തിൽ രാഹുൽ തരംഗം ഒരുപരിധി വരെ പ്രതിഫലിക്കാനും വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വഴിയൊരുക്കി.

2004 മുതൽ അമേഠിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത് രാഹുൽ ഗാന്ധിയാണ്. കഴിഞ്ഞ മൂന്നു തവണയും എതിരാളികളേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ രാഹുൽ ഇത്തവണ പരാജയം എന്താണെന്നറിഞ്ഞു. ജനങ്ങൾക്കു മുന്നിൽ ന്യായ് പോലുള്ള പദ്ധതികൾ അവതരിപ്പിച്ചിട്ടും, സ്വന്തം സഹോദരി പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കിയിട്ടും പരാജയത്തിൽ നിന്നും രക്ഷനേടാൻ രാഹുലിന് ആയില്ല. കേരളത്തിൽ വയനാട് എന്ന സുരക്ഷിത മണ്ഡലം ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വാതിൽ തന്നെ ഇതോടെ കൊട്ടിയടക്കപ്പെടുമായിരുന്നു.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനഹിതം മാനിക്കുന്നു എന്നും ഒപ്പം അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു എന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഒപ്പം സ്മൃതി ഇറാനിക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.

രാഹുലിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കാലം തൊട്ട് ഗാന്ധി കുടുംബത്തിന്റെ കുത്തകയായിരുന്ന മണ്ഡലത്തിലെ തോൽവിക്ക് പ്രധാന കാരണമായി പറയപ്പെടുന്നത് ഉത്തരേന്ത്യയാകെ അലയടിച്ച ഹിന്ദു വോട്ടുകളുടെ ഏകീകരണവും മണ്ഡലത്തിലെ പൊതുപിന്നോക്ക അവസ്ഥയുമാണ്. ഇത്രയും കാലം ഗാന്ധി കുടുംബം ഭരിച്ചിട്ടും ഈ നാട്ടുകാർ എന്തു നേടി എന്നു ചോദിച്ചാണ് സ്മൃതി ഇറാനി വോട്ടു പിടിച്ചത്. ഇതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതും പ്രശ്‌നം സങ്കീർണമാക്കി.

സ്മൃതി ഇറാനിയെ പേടിച്ചോടിയെന്നും മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് മത്സരിച്ചു എന്നതും ശരിക്ക് മുതലെടുത്ത് മുസ്ലിം വെറിയിലൂടെ ഭൂരിപക്ഷ വോട്ട് ഏകീകരിക്കാനുള്ള സംഘപരിവാർ തന്ത്രവും ഇവിടെ ഫലം കണ്ടു. പക്ഷേ ഈ തോൽവി കോൺഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും ചേർന്ന് രൂപീകരിച്ച മഹാസഖ്യവും ഇവിടെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. അരലക്ഷം വോട്ടിനെങ്കിലും രാഹുൽ ജയിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ അവസാന നിമിഷം വരെയും കരുതിയിരുന്നത്. അമേഠിയിലും വയനാട്ടിലും രാഹുൽ ജയിക്കുമ്പോൾ രാഹുൽ വയനാടിനെ തെരഞ്ഞെടുക്കുമെന്നും അമേഠിയിൽ പ്രിയങ്ക സ്ഥാനാർത്ഥിയാകും എന്നും വരെ പ്രചരണങ്ങളുണ്ടായിരുന്നു.

അമേഠിയിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് ഇനിയെങ്കിലും ഒരു ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസ് തയ്യാറാകുമോ അതോ ദേശീയ രാഷ്ട്രീയത്തിൽ തന്നെ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമാകുമോ എന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP