Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണം ഒഴുക്കി അധികാരം പിടിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന് അവസാനം കുറിക്കാൻ ഉറച്ച് നരേന്ദ്ര മോദി; കള്ളപ്പണം വെളുപ്പിക്കൽ ബിസിനസാക്കി നടത്തുന്ന കടലാസു പാർട്ടികൾ ഉൾപ്പെടെ വെട്ടിലായി; വമ്പൻ സംഭാവനകൾ ഡിജിറ്റലാക്കാനും പാർട്ടികൾ നികുതി റിട്ടേൺ കൊടുക്കാനുമുള്ള നിബന്ധന വച്ചതോടെ നടപ്പാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും

കള്ളപ്പണം ഒഴുക്കി അധികാരം പിടിക്കുന്ന രാഷ്ട്രീയ തന്ത്രത്തിന് അവസാനം കുറിക്കാൻ ഉറച്ച് നരേന്ദ്ര മോദി; കള്ളപ്പണം വെളുപ്പിക്കൽ ബിസിനസാക്കി നടത്തുന്ന കടലാസു പാർട്ടികൾ ഉൾപ്പെടെ വെട്ടിലായി; വമ്പൻ സംഭാവനകൾ ഡിജിറ്റലാക്കാനും പാർട്ടികൾ നികുതി റിട്ടേൺ കൊടുക്കാനുമുള്ള നിബന്ധന വച്ചതോടെ നടപ്പാകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം സംഭാവനകൾ സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തിരിക്കുകയാണ്. അതോടെ ഈ പുതിയ നീക്കം കള്ളപ്പണത്തിനെതിരെ കറൻസി നിരോധനത്തിന് ശേഷം നടക്കുന്ന മറ്റൊരു ശക്തമായ നടപടിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

കറൻസി നിരോധനം രാജ്യത്ത് പൊടുന്നനെ നടപ്പാക്കിയതോടെ തിരിച്ചടി നേരിട്ടത് കള്ളപ്പണം ഒളിപ്പിക്കുന്ന മുതലാളിമാർക്ക് മാത്രമല്ല. മാസങ്ങൾക്കിപ്പുറം അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ പണമെറിഞ്ഞ് വിജയംകൊയ്യാമെന്ന പ്രതീക്ഷയിൽ നിന്ന പല മുൻനിര രാഷ്ട്രീയ പാർട്ടികൾക്ക് കൂടിയായിരുന്നു. യുപിയും പഞ്ചാബും ഗോവയും ഉത്തരാഖണ്ഡും മണിപ്പൂരും തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന കാലത്താണ് നോട്ടുനിരോധനം വന്നത്. ഇതോടെ തിരഞ്ഞെടുപ്പുകാലത്ത് കോടികൾ പൊടിച്ച് വോട്ടുകൾ വിലയ്ക്കുവാങ്ങാൻ കരുതിയിരുന്നവർക്ക് അത് വലിയ തിരിച്ചടിയായി മാറി.

രാജ്യത്ത് കള്ളപ്പണം വൻതോതിൽ ഒഴുകിയെത്തുന്നത് രാഷ്ട്രീയപാർട്ടികളിലേക്കാണെന്നത് എല്ലാക്കാലത്തും പരസ്യമായ രഹസ്യമാണ്. പാർട്ടിഫണ്ടിലേക്ക് വമ്പൻ കോർപ്പറേറ്റുകൾ ഉൾപ്പെടെ സംഭാവന നൽകുന്നതും അതിന് നികുതിയിളവ് നേടിയെടുക്കുന്നതും കാലങ്ങളായുള്ള ശീലവും. അതുകൊണ്ടുതന്നെ കള്ളപ്പണക്കാർക്കെതിരെ രാജ്യത്തെ സർക്കാരുകൾ കടുത്ത നടപടിയിലേക്ക് നീങ്ങാൻ മടിക്കുകയും ചെയ്തു. എന്നാൽ അതിനെതിരെ ശക്തമായ നീക്കമാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ പുതിയ ബജറ്റിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്ന വിലയിരുത്തൽ വലിയ ചർച്ചയായി കഴിഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കൽ ഇനിയങ്ങോട്ട് സുതാര്യമായി തന്നെ നടത്തേണ്ടിവരും. സംഭാവപിരിക്കലിന് കർക്കശ നിയന്ത്രണമാണ് ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഒരാളിൽ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക രണ്ടായിരം രൂപ മാത്രമായിരിക്കും. അതിനു മുകളിലുള്ള തുക രാഷ്ട്രീയ പാർട്ടികൾ ചെക്കായോ ഡിജിറ്റൽ പണമായോ വേണം സംഭാവനകൾ സ്വീകരിക്കാൻ. അംഗീകൃത പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കും. രാഷ്ട്രീയ രംഗം കള്ളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാൻ നടപടികൾ ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിൽ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

മുൻനിര രാഷ്ട്രീയ പാർട്ടികൾ പോലും ശരിയായി കണക്കുകാണിക്കാറില്ലെന്നും രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കാൻവേണ്ടി മാത്രം കടലാസുപാർട്ടികൾ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളും കറൻസി നിരോധനത്തിന് പിന്നാലെ അടുത്തിടെ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ നടക്കുന്ന ഇത്തരം കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനുമാണ് പുതിയ ബജറ്റ് നിർദ്ദേശത്തോടെ തടയിടുന്നത്. രാഷ്ട്രീയ പാർട്ടികൾ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സംഭാവനകളിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ 20,000 രൂപയായിരുന്നു രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സ്വീകരിക്കാവുന്ന സംഭാവന. ഇതാണ് രണ്ടായിരം രൂപയായി കുറച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥകൾ ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മുന്നറിയിപ്പും അരുൺ ജെയ്റ്റ്‌ലി നൽകിയിട്ടുണ്ട്. ഉറവിടം വ്യക്തമാകാതെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് വർധിച്ചുവരുകയാണെന്ന് വിലയിരുത്തിയാണ് ഈ നടപടി. 2004-15 കാലത്തെ 11വർഷത്തിനിടയിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് 7,833 കോടി രൂപ ഉറവിടം വ്യക്തമാക്കാത്ത സംഭാവനയായി ലഭിച്ചെന്നായിരുന്നു അടുത്ത് പുറത്തുവന്ന റിപ്പോർട്ട്.

ഇത്തരത്തിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് കോൺഗ്രസ്സിനും ബിജെപിക്കും ആയിരുന്നുവെന്നും ഡൽഹിയിലെ തിങ്ക് താങ്ക് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റേതായി പുറത്തുവന്ന കണക്കിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ബജറ്റിൽ ബിജെപി സർക്കാർ ഇത്തരത്തിൽ ഒരു സമീപനം രാഷ്ട്രീയ പാർട്ടികളുടെ പണമിടപാടുകൾ നിയന്ത്രിക്കാൻ സ്വീകരിച്ചത് ശക്തമായ നീക്കമായി വിലയിരുത്തപ്പെടുകയാണ്.

പ്രാദേശിക പാർട്ടികൾക്ക് ലഭിച്ച പണം കൂടി കൂട്ടിയാൽ ഉറവിടം വ്യക്തമാക്കാത്ത പണം 11,367 കോടി വരുമെന്നും എഡിആർ കണക്കിൽ പറഞ്ഞിരുന്നു. ലഭിച്ച സംഭാവനയിൽ 1835.63 കോടി രൂപയുടെ ഉറവിടം മാത്രമേ പാർട്ടികൾ വ്യക്തമാക്കിയിട്ടുള്ളൂ. അതായത് പതിനാറ് ശതമാനം. മെംബർഷിപ്പ് തുക, സ്വത്ത് വിൽപ്പന, ബാങ്ക് പലിശ, പ്രസിദ്ധീകരണങ്ങളും വിൽപ്പന തുക, പാർട്ടി ലെവി എന്നിവയിൽ നിന്നും പാർട്ടികൾക്ക് 1698.73 കോടി രൂപ ലഭിച്ചു. പതിഞ്ച് ശതമാനം വരുമിത്.
പതിനൊന്ന് വർഷത്തിനിടെ കോൺഗ്രസ്സിന് ലഭിച്ച മൊത്തം സംഭാവനയുടെ 83 ശതമാനത്തിന്റെ(3,323.39 കോടി രൂപ) ഉറവിടവും വ്യക്തമല്ല. ബിജെപിക്ക് ലഭിച്ച സംഭാവനകളിൽ ഇത് 2,125.91 കോടി വരും. മൊത്ത സംഭാവനയിൽ 69 ശതമാനം. പ്രാദേശിക പാർട്ടികളിൽ സമാജ് വാദി പാർട്ടിക്ക് ലഭിച്ച മൊത്തം സംഭാവനകളിൽ 94 ശതമാനത്തിന്റേയും(766.27 കോടി) ശിരോമണി അകാലിദളിന്റെ 86 ശതമാനത്തിന്റേയും(88.06 കോടി) ഉറവിടം അജ്ഞാതമാണ്.

കള്ളപ്പണം വെളുപ്പിച്ച് രാജ്യത്ത് 200 കടലാസു പാർട്ടികൾ

അതേസമയം, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രാജ്യത്ത് 200 രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഈ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നികുതി ബോർഡിനെ സമീപിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കള്ളപ്പണ വേട്ടയുടെ ഭാഗമായി കറൻസിനിരോധനം കൊണ്ടുവന്നതിന് പിന്നാലെയാണ് കമ്മീഷനും ഇത്തരത്തിൽ ഒരു കണക്കെടുത്തത്. ഇത്തരം കടലാസു പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. 2005 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളാണ് ഇവയെന്നും സംഭാവന നൽകുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്നതിന്റെ മറവിൽ ഈ പാർട്ടികൾ പലതും വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നതായും നേരത്തെ തന്നെ സംശയമുയർന്നിരുന്നു.

കള്ളപ്പണത്തിലൂടെ രാജ്യത്ത് കെട്ടിപ്പടുത്ത സമാന്തര സമ്പദ് വ്യവസ്ഥ വളരുന്നത് രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെയാണ് എന്ന് പകൽപോലെ വ്യക്തമായിട്ടും ഇത്തരമൊരു നടപടിയിലേക്ക് ആരും നീങ്ങിയിരുന്നില്ല. കള്ളപ്പണക്കാരുടെ സംരക്ഷകരായി രാഷ്ട്രീയക്കാർ മാറുന്നതും ഈ സാഹചര്യത്തിലാണെന്നും വ്യക്തമായിരുന്നു. ഇതോടെയാണ് ഇതിന് അറുതിവരുത്താനുള്ള നടപടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും ഇപ്പോൾ തുടക്കം കുറിച്ചത്. 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന ഓരോ സംഭാവനയ്ക്കും കൃത്യമായി വിവരം നൽകണമെന്നു വരുമ്പോൾ ഇപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും കള്ളപ്പണക്കാരും ചേർന്നുള്ള അവിശുദ്ധ ബന്ധം തകരുമെന്നും പതിയെ ഇല്ലാതാകുമെന്നും തിരഞ്ഞെടുപ്പു കമ്മീഷനും വിലയിരുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ബജറ്റിലൂടെ നടപ്പായിരിക്കുന്നതും.

രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കപ്പെടുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നതും അംഗീകരിക്കാനാകില്ല. അത്തരം പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇൻകം ടാക്‌സ് റിട്ടേൺസ് സമർപ്പിക്കാൻ പോലും തയ്യാറാകാത്ത പാർട്ടികളുണ്ട്. റിട്ടേൺസ് സമർപ്പിച്ചാലും അതിന്റെ പകർപ്പ് ഞങ്ങൾക്ക് അയക്കാറുമില്ല തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പാർട്ടി എന്ന ലേബലിൽ ലഭിക്കുന്ന ആദായ നികുതി വകുപ്പ് ഇളവിന്റെ ആനുകൂല്യം മുതലെടുത്താണ് പാർട്ടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നത്. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതോട് ഈ അനുകൂല്യം ഇല്ലാതെയാകും. പാർട്ടികളുടെ പണമിടപാടുകളെ സംബന്ധിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ കേന്ദ്രനികുതി ബോർഡിനോട് ആവശ്യപ്പെട്ടത്. നിലവിൽ ഏഴ് ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളും 1786 രജിസ്‌ട്രേഡ് പാർട്ടികളുമാണ് രാജ്യത്തുള്ളത്. നിലവിൽ അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായി തടസ്സങ്ങളൊന്നുമില്ല.

എന്നാൽ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29 സി പ്രകാരം അപ്രഖ്യാപിതവും ഭാഗികവുമായ നിരോധനമുണ്ട്. പക്ഷെ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾക്കൊപ്പം സത്യവാങ്മൂലം നൽകണമെന്ന് നിയമത്തിലുണ്ട്. അതിനാൽ തന്നെ ഇത്തരം സംഭാവനകളുടെ കണക്കുകൾ മാത്രമേ എല്ലാ കക്ഷികളും നൽകാറുമുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാകാനാണ് വഴിയൊരുങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP