Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു

വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് മാണി ഇടതുപക്ഷത്ത് എത്തിയാൽ സിപിഐ വലതു മുന്നണിയിലുമെത്തും. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ കാതലായ മാറ്റം ഇതുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കെ എം മാണിയെ എൽഡിഎഫിലേക്ക് എത്തിക്കാൻ സിപിഎം കരുനീക്കം ശക്തമാക്കിയത് സിപിഐ തിരിച്ചറിയുന്നു. ഇതോടെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ കോൺഗ്രസുമായി ചർച്ച തുടങ്ങിയത്.

എന്നാൽ സിപിഐയിലെ കെഇ ഇസ്മായിൽ പക്ഷം ഇതിന് എതിരുമാണ്. അങ്ങനെ സിപിഐയുടെ മുന്നണി മാറ്റ ചർച്ചകൾ സജീവമാകുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ എം മാണി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പോടെ ഇടത് ക്യാമ്പിൽ മാണി കയറിക്കൂടും. പുറത്തു നിന്നുള്ള പിന്തുണയാകും ആദ്യം സിപിഎം സ്ഥാനാർത്ഥിക്ക് നൽകുക. പിന്നീട് മുന്നണിയിലെ ഔദ്യോഗിക ഘടക കക്ഷിയും.

കെ.എം. മാണിയും കാനം രാജേന്ദ്രനുമായുള്ള ഏറ്റുമുട്ടലിൽ മാണിക്കു രഹസ്യപിന്തുണയുമായി സിപിഎം. നേതൃത്വം രംഗത്തുണ്ട്. കാനം-മാണി പോരിൽ പരസ്യമായി പ്രതികരിക്കരുതെന്നു സിപിഎം നേതാക്കൾക്ക് നിർദ്ദേശവും കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം. നേതാക്കൾക്കെതിരേ സിപിഐ. വിവിധ വിഷയങ്ങളിൽ രൂക്ഷവിമർശനമുയർത്തിയിരുന്നു.

ഇതിനിടെയാണു കേരളാ കോൺഗ്രസി(എം)നെ ഇടതുമുന്നണിൽ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ കാനം കടുത്ത നിലപാടെടുത്തത്. എന്നാൽ, സിപിഐ. എതിർത്താലും മാണി തയ്യാറെങ്കിൽ എൽ.ഡി.എഫിൽ എടുക്കാൻതന്നെയാണു സിപിഎമ്മിന്റെ തീരുമാനം. ഇതോടെയാണു മാണിക്കെതിരേ കാനം രംഗത്തുവന്നത്. ബാർ കോഴയും ബജറ്റ് ചോർച്ചയുമാണു സിപിഐ. ഉന്നയിച്ചത്.

റിസർവ് ബാങ്കിലും മാണിയുടെ വീട്ടിലും നോട്ട് എണ്ണൽ യന്ത്രങ്ങളുണ്ടെന്നായിരുന്നു കാനത്തിന്റെ പരിഹാസം. ഇതിനു മറുപടിയായാണു പാലായിലെ വസതിയിൽ ഇന്നലെ മാണി പ്രതികരിച്ചത്. നിരവധി പ്രഗത്ഭർ ഇരുന്ന കസേരയുടെ മാന്യത കളയരുതെന്നു കാനത്തെ മാണി ഉപദേശിച്ചു. കേരളാ കോൺഗ്രസ് വെന്റിലേറ്ററിലാണെന്ന കാനത്തിന്റെ പരിഹാസത്തെ സിപിഐ. ശവക്കുഴിയിലാണെന്ന മറുപടിയുമായാണു മാണി നേരിട്ടത്.

സിപിഎം. പുറന്തള്ളുന്നവരെ ഏറ്റുവാങ്ങുന്ന പാർട്ടിയുടെ നേതാവിൽനിന്ന് ഇതിൽക്കൂടുതൽ നിലവാരം പ്രതീക്ഷിക്കുന്നില്ലെന്നു കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ഡോ. എൻ. ജയരാജ് എംഎ‍ൽഎ. കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സ്വന്തം പാർട്ടിക്കു ലഭിച്ച സീറ്റ് വിൽക്കുന്നവരാണു സിപിഐക്കാരെന്നും ജയരാജ് പരിഹസിച്ചു. അങ്ങനെ കേരളാ കോൺഗ്രസ് നിലപാട് വിശദീകരിക്കുകയാണ്. ഇനി യുഡിഎഫിലേക്കില്ലെന്ന് മാണി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മാണിയുടെ യാത്ര ഇടതുമുന്നണിയിലേക്കെന്നു വ്യക്തമായതോടെ സിപിഐയെ യു.ഡി.എഫിലെത്തിക്കാൻ കോൺഗ്രസിനും താൽപ്പര്യം ഏറെയാണ്. കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് കാനവുമായി ചർച്ച നടത്തിയെന്നാണ് സൂചന. ഒരേ മുന്നണിയിൽ പ്രവർത്തിച്ച ചരിത്രം ആവർത്തിക്കുന്നതിനു തടസമില്ലെന്ന നിലപാടാണു കോൺഗ്രസ് നേതൃത്വത്തിന്റേത്.

സികെ ചന്ദ്രപ്പന്റെ വിശ്വസ്തനായിരുന്നു കാനം. കോൺഗ്രസുമായി സഹകരണം ആകാമെന്നതായിരുന്നു ചന്ദ്രപ്പന്റെ എക്കാലത്തേയും നിലപാട്. ദേശീയ തലത്തിൽ ഇത് സിപിഐയ്ക്ക് ഗുണകരമാകുമെന്ന് ചന്ദ്രപ്പൻ വിലയിരുത്തിയിരുന്നു. ചന്ദ്രപ്പന്റെ വിയോഗ ശേഷം സിപിഐ സെക്രട്ടറിയായ കാനവും ഇതേ മനസ്സുകാരനായിരുന്നു. എന്നാൽ ഇടതുപക്ഷ ഐക്യത്തിന്റെ പേരിൽ മൗനം തുടർന്നു. ഇതിനിടെയാണ് മാണിയുടെ വിഷയം വീണു കിട്ടുന്നത്.

19 എംഎ‍ൽഎമാരുമായി എൽ.ഡി.എഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സിപിഐയോട് സിപിഎമ്മിന് താൽപ്പര്യക്കുറവുണ്ട്. മാണിയെ കൊണ്ടു വരുന്നത് ഇതിന് വേണ്ടിയാണ്. അഴിമതിക്കാരനായ മാണിയുമായി സഹകരിക്കാനില്ലെന്ന് തുറന്നു പറഞ്ഞ് കാനം ഇടതുപക്ഷം വിടും. മാണിയെത്തിയാൽ ഒരു നിമിഷം നിൽക്കില്ലെന്ന് കാനം സിപിഐയിലെ വിശ്വസ്തരെ അറിയിച്ചു കഴിഞ്ഞു. സിപിഎമ്മിന്റെ ദയാദാക്ഷിണ്യത്തിനു വഴങ്ങി മുന്നണിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു കാനം പറയുന്നു.

സിപിഐയിലെ ബഹുഭൂരിപക്ഷവും കാനത്തിനൊപ്പമാണ്. കെ ഇ ഇസ്മായിൽ പക്ഷം ദുർബ്ബലവും. അതുകൊണ്് തന്നെ കാനം യുഡിഎഫിലെത്തും. മാണിയും വീരേന്ദ്രകുമാറും മുന്നണി വിട്ടതോടെ വലതു പക്ഷത്ത് മാന്യമായ സ്ഥാനം സിപിഐയ്ക്ക് ഉറപ്പാണ്. ഇപ്പോൾ ജയിച്ച നിയമസഭാ സീറ്റുകളെല്ലാം തുടർന്നും ലഭിക്കും. തൃശൂർ ലോക്‌സഭാ സീറ്റും ഉറപ്പാണ്. അതിനാൽ കളം മാറാമെന്നാണ് കാനത്തിന്റെ പക്ഷം.

ഇടതു പക്ഷത്ത് മാണി ഗ്രൂപ്പ് കൂടി എത്തുന്നതോടെ മുന്നണിയിൽ തങ്ങളുടെ പ്രാധാന്യം ഇല്ലാതാകുമെന്നു സിപിഐ. തിരിച്ചറിയുന്നു. മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശത്തെ സിപിഐ. നഖശിഖാന്തം എതിർക്കുന്നത് ഇതുകൊണ്ടാണ്. പക്ഷേ സിപിഎം ഉറച്ച നിലപാടിലാണ്. ഇത് കാനത്തെ പ്രകോപിപ്പിക്കാനാണെന്നും സിപിഐ വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP