Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹികെട്ട പിണറായി പൊട്ടിത്തെറിച്ചു; തിരിച്ചടിക്കാനൊരുങ്ങി പന്ന്യനും; സിപിഐ(എം)-സിപിഐ ബന്ധം നീങ്ങുന്നതു വഴിപിരിയലിലേക്ക്: വിജയിക്കുന്നതു മാണിക്കു പകരം സിപിഐയെ ചൂണ്ടയിൽ കോർത്ത ഉമ്മൻ ചാണ്ടിയുടെ കൂർമബുദ്ധി

സഹികെട്ട പിണറായി പൊട്ടിത്തെറിച്ചു; തിരിച്ചടിക്കാനൊരുങ്ങി പന്ന്യനും; സിപിഐ(എം)-സിപിഐ ബന്ധം നീങ്ങുന്നതു വഴിപിരിയലിലേക്ക്: വിജയിക്കുന്നതു മാണിക്കു പകരം സിപിഐയെ ചൂണ്ടയിൽ കോർത്ത ഉമ്മൻ ചാണ്ടിയുടെ കൂർമബുദ്ധി

തിരുവനന്തപുരം: ബാർ കോഴ ആരോപണം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പല മാറ്റങ്ങൾക്കും വഴിവയ്ക്കുമെന്ന സൂചനയാണു കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ സംഭവങ്ങൾ നൽകുന്നത്. അഡ്ജസ്റ്റുമെന്റ് സമരമാണു സിപിഎമ്മിന്റേതെന്നു വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനു കടുത്ത ഭാഷയിലാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മറുപടി നൽകിയത്.

ഇതോടെ എൽഡിഎഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സിപിഐ മുന്നണി വിട്ടേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായിട്ടുണ്ട്. കെ എം മാണിയെ വെട്ടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരുക്കിയ തന്ത്രത്തിൽ കുരുങ്ങിയ സിപിഐ എന്തിനും തയ്യാറായി നിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. മാണി മറുകണ്ടം ചാടിയാൽ ആ നിമിഷം എൽഡിഎഫിൽ നിന്നു വിട്ടുപോകാനുള്ള നീക്കത്തിലാണ് സിപിഐ ഇപ്പോൾ.

'അഡ്ജസ്റ്റ്‌മെന്റ്' ചെയ്യുന്ന പാർട്ടി തങ്ങളല്ലെന്നും സിപിഐക്കാണ് അഡ്ജസ്റ്റ്‌മെന്റ് ചരിത്രമു്ള്ളതെന്നുമാണു കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞത്. കോൺഗ്രസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഓർമയിൽ ജീവിക്കുന്നവരാണ് സിപിഐയിലെ പല നേതാക്കളും. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാത്തയാളാണു പന്ന്യൻ രവീന്ദ്രനെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. 'അഡ്ജസ്റ്റ്‌മെന്റ് സമരം' എന്നു പറഞ്ഞതു ബോധപൂർവമാണെന്ന് കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിനെത്തുടർന്നാണു പിണറായി രൂക്ഷമായി പ്രതികരിച്ചത്. പിണറായിക്കു മറുപടി നൽകാൻ ഇന്നു പന്ന്യൻ രവീന്ദ്രൻ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. ഇരുപാർട്ടികളും തമ്മിലുള്ള വലിയ പോരിലേക്കാണ് ബാർ കോഴ വിഷയം ചെന്നെത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പല മാറ്റങ്ങളും കാണേണ്ടിവരുമെന്ന ശക്തമായ സൂചന തന്നെയാണ് ഇരു പാർട്ടി നേതാക്കളും നൽകുന്നത്. ഇടതുപാളയത്തിലേക്കു മാണി എത്തിച്ചേർന്നാൽ പിന്നെ മുന്നണിയിലെ തങ്ങളുടെ സ്ഥാനം എന്താകുമെന്ന തിരിച്ചറിവ് സിപിഐക്കുണ്ട്. ഇതുതന്നെയാണ് അവരെ പ്രകോപിപ്പിക്കുന്നതും. സന്ദർഭം മുതലെടുത്തു തന്ത്രശാലിയായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇട്ട ഇരയിൽ കുടുങ്ങിയ സിപിഐ തങ്ങളുടെ പഴയ കോൺഗ്രസ് ബന്ധം പുതുക്കാനുള്ള ആലോചനയിലാണെന്നാണു സൂചന. പുതിയ ബാന്ധവങ്ങൾക്കു രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുമ്പോൾ ആർക്കാണു നേട്ടം ആർക്കാണു നഷ്ടം എന്നതു കാത്തിരുന്നു തന്നെ കാണേണ്ടിവരും.

കോൺഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ പി കെ വാസുദേവൻ നായർ സർക്കാരിന്റെ കാര്യം വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ ഓർമിപ്പിച്ചതുതന്നെ സിപിഐ മറുകണ്ടം ചാടുമെന്ന സാധ്യത മുന്നിൽക്കണ്ടാണ്. കേരളത്തിൽ അടിയന്തരാവസ്ഥക്കാലത്തിന്റെ സംരക്ഷകനായിരുന്നു മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോനെന്നും പിണറായി പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നവർ സിപിഎമ്മിൽ ഇല്ല, സിപിഐയിലാണോ എന്നു സംശയിച്ചാൽ തെറ്റു പറയാൻ പറ്റില്ലെന്നു പിണറായി പറഞ്ഞതിന്റെ പൊരുളിതാണ്. അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന് ആക്ഷേപിച്ച സിപിഐ ആണ് അത് ഏതു സമരമാണെന്നു വ്യക്തമാക്കേണ്ടത്. ഞങ്ങളാരും അങ്ങനെ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു. സമരങ്ങൾ അവസാനിപ്പിച്ചതു കൂട്ടായി ആലോചിച്ചാണ്. മറിച്ചു പറഞ്ഞത് ആരായാലും അതു വീൺവാക്കാണ്. അവരുടെ നേതാക്കളാരെങ്കിലും അഡ്ജസ്റ്റ്‌മെന്റിനു പോയോ എന്ന് അവർതന്നെ പറഞ്ഞാലേ അറിയൂ. സംഭവിക്കരുതാത്തതു പലതും സംഭവിച്ചു എന്നു സ്വയം വിളിച്ചുപറയുന്ന ഒരു പാർട്ടിയാണു സിപിഐയെന്നും തിരുവനന്തപുരത്തെ പേമെന്റ് സീറ്റ് വിവാദം ഉദ്ദേശിച്ച് പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP