Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയും ബിജെപിയും ഇനി മുഖ്യ ശത്രുവല്ല! സ്മൃതി ഇറാനി ജയിച്ചാലും രാഹുൽ തോൽക്കണം; പേടിച്ചോടിയ രാഹുൽ കേരളത്തിൽ ന്യൂനപക്ഷത്തിന്റെ തണൽ തേടുന്നു; മോദി വിരുദ്ധ പ്രചരണം അവസാനിപ്പിച്ച് 'അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു' എന്ന പോസ്റ്ററുമായി സിപിഎം; സാക്ഷരത 52 ശതമാനവും ആളോഹരി വരുമാനം പതിനായിരത്തിൽ താഴെയുമുള്ള അമേഠിയിൽ നല്ല സിനിമാ തിയേറ്റർ പോലുമില്ലെന്നും പ്രചരിപ്പിച്ച് സൈബർ സഖാക്കൾ: ഒറ്റരാത്രി കൊണ്ട് സിപിഎം ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകനെ വില്ലനാക്കിയത് ഇങ്ങനെ

മോദിയും ബിജെപിയും ഇനി മുഖ്യ ശത്രുവല്ല! സ്മൃതി ഇറാനി ജയിച്ചാലും രാഹുൽ തോൽക്കണം; പേടിച്ചോടിയ രാഹുൽ കേരളത്തിൽ ന്യൂനപക്ഷത്തിന്റെ തണൽ തേടുന്നു; മോദി വിരുദ്ധ പ്രചരണം അവസാനിപ്പിച്ച് 'അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു' എന്ന പോസ്റ്ററുമായി സിപിഎം; സാക്ഷരത 52 ശതമാനവും ആളോഹരി വരുമാനം പതിനായിരത്തിൽ താഴെയുമുള്ള അമേഠിയിൽ നല്ല സിനിമാ തിയേറ്റർ പോലുമില്ലെന്നും പ്രചരിപ്പിച്ച് സൈബർ സഖാക്കൾ: ഒറ്റരാത്രി കൊണ്ട് സിപിഎം ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിന്റെ നെടുനായകനെ വില്ലനാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത് വരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാടുന്ന ശക്തനായ പോരാളിയായിരുന്നു സിപിഎമ്മിന്. രാഹുൽ ഗാന്ധിയെ പുകഴ്‌ത്തി പറഞ്ഞ സിപിഎം ദേശീയ നേതാക്കൾ വരെയുണ്ട്. രാഹുൽ മിടുക്കനാണെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്നവരുടെ കൂട്ടത്തിൽ ഇടതു ബുദ്ധിജീവികളും ഉണ്ടായിരുന്നു. എല്ലാം ഇന്നലെ 11 മണിയോടെ തകിടം മറിഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം അങ്കലാപ്പിലായി. കേരളം മാത്രമാണ് അവശേഷിക്കുന്ന സിപിഎം മരീചിക. ആ മരീചികയിലെ അവശേഷിക്കുന്ന വെള്ളവും മോഷ്ടിക്കാനെത്തിയ വ്യക്തിയെ പോലെയാണ് രാഹുൽ ഗാന്ധിയെ സിപിഎം നേതാക്കളുടെയും അണികളും നോക്കിക്കാണുന്നത്. രാഹുൽ തരംഗത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റുമെന്ന നില വന്നതോടെ കേരളത്തിലെ സിപിഎം മരീചിക സംരക്ഷിക്കാൻ മോദിയെ പോലെ രാഹുലിനെയും മുഖ്യ എതിരാളിയായി കാണുകയാണ് സിപിഎം. അതിനായി കോൺഗ്രസിനെയും രാഹുലിനെയും ദാക്ഷിണ്യമില്ലാതെ ആക്രമിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.

രാഹുലിന്റെ മണ്ഡലമായ അമേഠിയുടെ പിന്നോക്കാവസ്ഥയും, രണ്ടിടത്തും ജയിച്ചാൽ വയനാടിനെ കൈയൊഴിയുമെന്നുമുള്ള പ്രചാരണവും ശക്തമാക്കകയാണ്. ഇത് കൂടാതെ, മോദിയല്ല മുഖ്യശത്രുവെന്ന ലൈനിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. അമേഠിയിൽ സ്മൃതി ഇറാനി വിജയിക്കണമെന്ന ആഹ്വാനം പോലും നടത്തുന്ന സിപിഎമ്മുകാരുണ്ട്. ചുരക്കത്തിൽ ഫാസിസത്തിനെതിരാ പോരാട്ടം എന്നത് മറന്ന് ബിജെപിക്ക് കൂടി വഴിവെട്ടുന്ന വിധത്തിലേക്കാണ് സിപിഎം പ്രചരണം ഒരുങ്ങുന്നത്.

ഇതുവരെ മോദിയെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിൽ എൽഡിഎഫിന്റെ പ്രചാരണം നീങ്ങിയിരുന്നത്. എന്നാൽ പൊടുന്നനെ വിമർശനത്തിന്റെ കുന്തമുന രാഹുൽ ഗാന്ധിക്കുനേരെ തിരിക്കേണ്ടിവന്ന ഗതികേടിലാണ് ഇടതുപക്ഷം. രാഹുൽ വിമർശനംകൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്ററും ബാനറും ലഘലേഖകളും എൽഡിഎഫ് അടിക്കുന്നുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമനിയിൽ രാഹുൽ ഗാന്ധിയെ 'പപ്പുമോൻ' എന്ന് വിളിച്ച് അധിക്ഷേപിച്ചത് ഒരു സൂചന മാത്രമായിരുന്നു. ഇനി അതിലും കൂടുതൽ വരാനിരിക്കുന്നു എന്നാണ് അറിയുന്നത്. രാഹുൽ തരംഗത്തിൽ കനത്ത തിരിച്ചടിയുണ്ടാവുമെന്ന ഭീതിയിൽ ഇടതുമുന്നണി തങ്ങളുടെ സകല ഫോക്കസും രാഹുലിനുനേരെ തിരിച്ചുവെക്കുന്നത്.

സിപിഎം സൈബർ വിങ്ങും പ്രചാരണത്തിൽ സജീവമായി ഉണ്ട്്. പിണറായി അടക്കമുള്ള നേതാക്കൾ വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ സിപിഎം ആവർത്തിക്കുന്ന ഒളിച്ചിടി എന്ന ആരോപണം ഉന്നയിക്കും. ഇന്നലെ തന്നെ സിപിഎം നേതാക്കളുടെ വാക്കുകൾ സംഘപരിവാറുകാർ ദേശീയ തലത്തിൽ ആഘോഷമാക്കുന്ന അവസ്ഥയുണ്ടായിരുന്നു. ദേശാഭിമാനിയുടെ പപ്പു പ്രയോഗം സംഘപരിവാർ അനുകൂല ചാനലുകളിലെ തലക്കെട്ടുകളുമായി. കാര്യങ്ങൾ വ്യക്തമാകുന്നത് ഇങ്ങനെയാണ്, രാഹുലിന്റെ രംഗപ്രവേശത്തോടെ കേരളത്തിൽ യുഡിഎഫ് എതിരിടേണ്ടത് ബിജെപിയെയും സിപിഎമ്മിനെയും മൊത്തത്തിലാണ് എന്നുതന്നെയാണ്.

രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയിൽ എതിരാളികൾ പതിച്ച പോസ്റ്ററാണ് എൽഡിഎഫ് വയനാട്ടിലും വ്യാപകമായി ചർച്ചയാക്കുന്നത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു. അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നാണ്' ഈ പോസ്റ്ററിലുള്ളത്. രാജ്യത്ത് കർഷക പ്രക്ഷോഭങ്ങൾ ഉണ്ടായപ്പോൾ അമേഠിയിലെ കർഷകരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പോസ്റ്റർ പതിക്കുന്നതിന് മുമ്പ് രാഹുൽ പ്രദേശത്തെത്തിയത്. ഇതൊഴിച്ച് നിർത്തിയാൽ എം പിയായ രാഹുൽ ഒരു വർഷത്തോളമായിരുന്നു അവിടെയെത്തിയിട്ട്. ഈ അവസരത്തിലാണ് പോസ്റ്ററുകൾ പതിച്ചത്. അതാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.

അടുത്തിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മണ്ഡലത്തിലെത്തിയ രാഹുലിനെതിരെ കർഷകർ പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഒരു ചതിയുടെ ചരിത്രമാണ് ഈ പ്രതിഷേധത്തിന് പിന്നിലുണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ജയിൻ സഹോദരന്മാർ കസൂറിലെ വ്യാവസായിക മേഖലയിൽ 65.57 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ സൈക്കിൾ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാൻ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ലേലം പിടിച്ചു. എന്നാൽ കോടതി ലേലം റദ്ദാക്കുകയും യു പി വ്യവസായ വികസന കോർപ്പറേഷന് ഭൂമി തിരികെ നൽകാനും ഉത്തരവിട്ടു. എന്നാൽ രേഖകളിൽ ഉടമസ്ഥാവകാശം കോർപ്പറേഷനാണെങ്കിലും ഭൂമി കൈയാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് തന്നെയാണ്. ഇതിനെതിരെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് വന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചു നൽകുകയോ അല്ലെങ്കിൽ തങ്ങൾക്ക് ജോലി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് അന്ന് രാഹുൽ ഗാന്ധിക്കെതിരെ മണ്ഡലത്തിൽ ഉയർന്നത്. സിപിഎം പുറത്തിറക്കുന്ന ലഘുലേഖയിൽ ഈ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ എം പി തന്നെ വയനാട് മണ്ഡലത്തെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുള്ളവരാണ് ഇവിടുത്തുകാർ. അതുകൊണ്ട് തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിന്റെ ഭൂരിപക്ഷം വളരെ കുറയുകയും ചെയ്തു. ഇത്തരമൊരു പ്രദേശത്തേക്കാണ് ദേശാടന പക്ഷിയാവാൻ രാഹുലിന്റെ വരവെന്നാണ് എൽഡിഎഫ് വിമർശനം. വയനാട്ടിൽ ഉടനീളം ഇക്കാര്യം സജീവ ചർച്ചയാക്കണമെന്നും കുടുംബയോഗങ്ങളിൽ പ്രത്യേകം എടുത്തു പറയണമെന്നും എൽഡിഎഫ് നിർദ്ദേശമുണ്ട്. മാത്രമല്ല രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് സീറ്റ് കൈ ഒഴിയുമെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു.

രാഹുലെത്തിയാൽ വയനാട് ദേശീയ ശ്രദ്ധ നേടുമെന്നും വയനാടിന്റെ ടൂറിസം രംഗത്തും ആദിവാസി മേഖലയിലുമെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നുമെല്ലാം കോൺഗ്രസ് നേതാക്കളുടെ വാദത്തിനും അമേഠിയെ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫിന്റെ മറുപടി. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്നു കണ്ടു നോക്കണമെന്നാണ് ഇടതു നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തുമൊക്കെ അമേഠി വൻ പരാജയമാണ്. വ്യവസായം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത് വളരെ പിന്നിലാണ് ഈ സ്റ്റാർ മണ്ഡലം. ജോലി സാധ്യതകളും ഇവിടെ വളരെ കുറവാണ്. വൈദ്യുതി, കുടിവെള്ളം, ശുചിത്വം എന്നിവയുടെ കാര്യത്തിലും ഏറെ പരിതാപകരമായ അവസ്ഥ. കേരളത്തിലെ ഏത് ജില്ലകളിലും സാക്ഷരതാ നിരക്ക് 90 ശതമാനത്തിന് മുകളിലാണ്. എന്നാൽ വെറും 52 ശതമാനമാണ് അമേഠിയിലെ സാക്ഷരതാ നിരക്ക്.

ആദിവാസി മേഖലയായിട്ടും കുഞ്ഞുങ്ങൾ മരണപ്പെടുന്നത് വയനാട്ടിൽ അപൂർവ്വമാണ്. എന്നാൽ അമേഠിയിലെ ശിശുമരണ നിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അമേഠിയിലെ ആളോഹരി വരുമാനം യു പിയിലെ മറ്റു ജില്ലകളേക്കാൾ പിറകിൽ പതിനായിരം രൂപയിൽ താഴെയുമാണ്. കേരളത്തിൽ അൽപ്പം പിന്നോക്കം നിന്നിരുന്ന വയനാട് ഇന്ന് മറ്റേത് മണ്ഡലങ്ങളുമായും കിടപിടക്കുന്ന സൗകര്യങ്ങളുള്ള ജില്ലയാണ്. നല്ല റോഡുകളുമൊക്കെ വയനാട്ടിൽ ഉണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ മികച്ച വളർച്ചയാണ് വയനാട്ടിലുള്ളതെന്നാണ് എൽഡിഎഫ് വാദം. അമേഠി മണ്ഡലത്തിൽ ഒരു നല്ല സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നു.

രാഹുലിന്റെ പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നുവെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. ഇതടക്കമുള്ള ഒരു വലിയ കുറ്റപത്രമാണ് സിപിഎം രാഹുലിനെതിരെ തയ്യാറാക്കുന്നത്.

തമിഴ്‌നാട്ടിലടക്കം തങ്ങൾ കോൺഗ്രസിനൊപ്പം മൽസരിക്കുന്നത് മതേതരത്വം എന്ന ഒറ്റ ആശയത്തിൽ പുറത്താണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പറയുന്നത്.'ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്ന കാര്യത്തിൽ അന്നും ഇന്നും മാറ്റമില്ല. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് ബിജെപിയുടെതും. എപ്പോഴും കോൺഗ്രസിനും ബിജെപിക്കും എതിരായ ബദൽ ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ബിജെപിയെ തടയുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് ദേശീയതലത്തിൽ ഞങ്ങൾക്ക് കോൺഗ്രസിനോടുള്ള താൽപ്പര്യം. അല്ലാതെ കോൺഗ്രസ് ഇവിടെ സോഷ്യലിസം കൊണ്ടുവരും എന്നൊന്നും ആരും കരുതുന്നില്ല. എതിരാളികൾ ആരെന്ന് നോക്കിയല്ല ഞങ്ങൾ പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതുകൊണ്ട് ഞങ്ങളുടെ സ്ട്രാറ്റജി മാറ്റേണ്ട കാര്യമില്ല. ഈ വിഷയങ്ങളൊക്കെ ഞങ്ങൾ ആദ്യമേ പറയുന്നതാണ്' - എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാഹുലിന്റെ വരവ് ന്യൂനപക്ഷ സമുദായങ്ങളിൽ കോൺഗ്രസിന് അനുകൂലമായ ട്രൻഡ് ഉണ്ടാക്കുമെന്ന ആശങ്ക സിപിഎമ്മൽ ശക്തമായുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് മൃദുഹിന്ദുത്വ കക്ഷികളാണെന്ന രീതയിലേക്ക് സിപിഎം പ്രചാരണം മാറ്റുകയാണ്. പശുവിനെ ആരാധിക്കുന്ന കാര്യത്തിലും, ഗോ ഹത്യകളിലുമൊക്കെ ബിജെപിയുടെ നിലപാട് തന്നെയാണ് കോൺഗ്രസിനുമെന്ന രീതിയിലേക്ക് പ്രചാരണം മാറ്റാനാണ് സിപിഎമ്മിന്റെ നീക്കം. അടുത്തകാലത്തായി കോൺഗ്രസ് നേതാക്കൾ വ്യാപകമായി ബിജെപിയിലേക്ക് കാലുമാറിയത് ചൂണ്ടിക്കാട്ടി, കോൺഗ്രസിനു ചെയ്യുന്ന ഓരോ വോട്ടും ഫലത്തിൽ ബിജെപിക്ക് ഉള്ളതാവുമെന്ന പ്രചാരണത്തിനാണ് ഇനി സിപിഎം ഒരുങ്ങുക. ഈ രീതിയിലുള്ള ലഘുലേഖകളും പോസ്റ്ററുകളുമൊക്കയാണ് സിപിഎം ഇപ്പോൾ മാറ്റിയടിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്, രാഹുൽ തംരംഗത്തിൽ സിപിഎം നിലംപിരാശാകാതെ പിടിച്ചു നിൽക്കുക എന്നു മാത്രം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP