Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിയുടെ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം; കോൺഗ്രസുകാർ മാണിയുടെ മകനു പണി കൊടുത്തപ്പോൾ മുഖം മിനുങ്ങിയത് പിണറായിയുടേത്; അജ്മാനിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസ് വോട്ടിന്റെ ഒഴുക്കലിലൂടെയും തുണയായി; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം; സിപിഎം തകർന്നടിയുമെന്ന് കരുതിയവർക്ക് ഞെട്ടൽ കൊടുത്ത പാലാ ഫലത്തിൽ ആഹ്ലാദം ഇടതിന് തന്നെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവിയുടെ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം; കോൺഗ്രസുകാർ മാണിയുടെ മകനു പണി കൊടുത്തപ്പോൾ മുഖം മിനുങ്ങിയത് പിണറായിയുടേത്; അജ്മാനിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസ് വോട്ടിന്റെ ഒഴുക്കലിലൂടെയും തുണയായി; സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം; സിപിഎം തകർന്നടിയുമെന്ന് കരുതിയവർക്ക് ഞെട്ടൽ കൊടുത്ത പാലാ ഫലത്തിൽ ആഹ്ലാദം ഇടതിന് തന്നെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഇത് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പാലായിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാലായിൽ എങ്ങനേയും ഭൂരിപക്ഷം 25,000 കടത്താനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം എന്നായിരുന്നു വിലയിരുത്തൽ. കേരളാ കോൺഗ്രസിന്റെ പടലപിണക്കങ്ങൾ ജോസ് ടോമിന്റെ വിജയത്തെ സ്വാധീനിക്കില്ലെന്നും ഏവരും കരുതി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19ഉം ജയിച്ച ആത്മവിശ്വാസമായിരുന്നു കോൺഗ്രസിന്റേയും യുഡിഎഫിന്റേയും കൈമുതൽ. എന്തുവന്നാലും പാലായിൽ ഇടതുപക്ഷം തകരുമെന്ന് ഏവരും വിലയിരുത്തി. മറുനാടൻ നടത്തിയ സർവ്വേയിൽ മാത്രമാണ് പാലായിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചത്. അതിനും അപ്പുറത്തേക്കായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വാധീനം. മാണിയുടെ മരണത്തിൽ ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ മറ്റൊരു മാണിയെ പാലാക്കാർ നെഞ്ചിലേറ്റി. ഇതോടെ തിളങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമലയിൽ വിശ്വാസികളെ പിണക്കിയെന്ന പേരുദോഷം സർക്കാരിനെ വിട്ടൊഴിയുകയാണ്. പാലായിലെ ഈ വിജയം പിണറായി സർക്കാരിന് നൽകുന്നത് പുതിയ ഇന്നിങ്സിനുള്ള കരുത്താണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ്ണ തോൽവി നൽകിയ ആശങ്കയ്ക്ക് വിരാമമിട്ട് സിപിഎം ഇനി ആത്മവിശ്വാസത്തോടെ അഞ്ചിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് ഇറങ്ങും. കോട്ടയത്ത് കോൺഗ്രസുകാരുടെ പ്രധാന ശത്രു എന്നും മാണിയും കേരളാ കോൺഗ്രസുമായിരുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മരണത്തിന് ശേഷം മകൻ ജോസ് കെ മാണിയെ തകർക്കാൻ കോൺഗ്രസുകാർ വോട്ട് മറിച്ചുവെന്നും ആരോപണമുണ്ട്. കേരളാ കോൺഗ്രസിനെ തകർത്ത് കോട്ടയത്തെ ഒന്നാം നമ്പർ പാർട്ടിയാകാൻ കോൺഗ്രസുകാർ മാണിയുടെ മകനു പണി കൊടുത്തപ്പോൾ മുഖം മിനുങ്ങിയത് പിണറായിയുടേതെന്നതാണ് വസ്തുത. അജ്മാനിലെ ജയിലിൽ കുടുങ്ങിയ തുഷാർ വെള്ളാപ്പള്ളിയെ രക്ഷിച്ചതിന്റെ ഗുണം ബിഡിജെഎസ് വോട്ടിന്റെ ഒഴുകലിലൂടേയും ഇടതുപക്ഷത്തിന് തുണയായി. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി ചിരിക്കാം. കോൺഗ്രസിന് ഇനി വരാനിരിക്കുന്നത് വമ്പൻ പ്രതിസന്ധിയുടെ നാളുകളാണ്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ശനിയാഴ്ച ഒരു വർഷം തികയുകയാണ്. പന്ത്രണ്ടുവർഷം നീണ്ട സംഭവബഹുലമായ നിയമപോരാട്ടത്തിനു ശേഷമായിരുന്നു ശബരിമലക്കേസിൽ സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനിടെ ഓരോദിവസവും ശബരിമല വാർത്തകളിൽ നിറഞ്ഞുനിന്നു. ഇവിടെല്ലാം പിണറായി സർക്കാരായിരുന്നു പ്രതിക്കൂട്ടിൽ. ശബരിമലയിൽ യുവതികളെത്തിയതോടെ ആളിപടർന്ന വിശ്വാസ വികാരത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് വമ്പൻ തിരിച്ചടി നേരിട്ടു. സിപിഎം കാര്യ ഗൗരവത്തോടെ വിലയിരുത്തൽ നടത്തി. തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചു. സഭാ തർക്കത്തിൽ കരുതലോടെ എടുത്ത നിലപാടും കത്തോലിക്കരെ ഇടതുപക്ഷത്തെ എതിരാളികളായി കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നില്ല. പാലായിലെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം മാണി സി കാപ്പനിലൂടെ പരമ്പരാഗത ക്രൈസ്തവ വോട്ടുകളും പിണറായി സ്വന്തമാക്കി. ഇതാണ് പാലായിലെ വിജയത്തിലെ യഥാർത്ഥ മാജിക്ക്.

ശബരിമലയിൽ വിശ്വാസികളെ പിണക്കിയ സിപിഎമ്മിന് ഇനി തിരിച്ചുവരവില്ലെന്ന് പലരും കരുതി. ഇവിടെയാണ് സമർത്ഥമായ കരുനീക്കത്തോടെ സിപിഎം തിരിച്ചു വരുന്നത്. ശബരിമലയിൽ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കാനും മറ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ നീക്കങ്ങളും വിജയിച്ചു. ബിനോയ് കോടിയേരി വിവാദങ്ങൾ സിപിഎമ്മിനേയോ ഇടതുപക്ഷത്തേയോ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് മാണി സി കാപ്പന്റെ വിജയം. ഈഴവ വോട്ടുകൾ വീണ്ടും ഇടതു മുന്നണിയിൽ എത്തുകയാണ്. ഇതിന് കാരണം എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഇടപെടലാണ്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിലെ ജയിലിലായതും പിണറായി രക്ഷപ്പെടുത്താൻ നടത്തിയ പരസ്യ നീക്കവും എസ് എൻ ഡി പിയെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു. ഇതും മാണി സി കാപ്പന് വോട്ടായി മാറി. ബിജെപിക്ക് വോട്ട് കുറയാനുള്ള കാരണങ്ങളിൽ ഒന്നും ബിഡിജെഎസിന്റെ മലക്കം മറിച്ചലാണ്. അങ്ങനെ സിപിഎമ്മിന് പുതിയൊരു രാഷ്ട്രീയ സുഹൃത്തിനെ കിട്ടാനുള്ള സാധ്യതയാണ് പാലായിലെ ഉപതെരഞ്ഞെടുപ്പ് കൊണ്ടു വരുന്നത്.

എന്തുവന്നാലും പാലായിൽ മാണി തരംഗം വോട്ടാകുമെന്ന് കോൺഗ്രസ് കരുതി. അതുകൊണ്ടാണ് സർക്കാരിനെതിരെ നിരന്തര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. പ്രളയത്തിലും സർക്കാർ പരാജയമാണെന്ന് ആഞ്ഞടിച്ചു. കിഫ്ബിയിലും കിയാലിലും നിരന്തര ആരോപങ്ങളെത്തി. ബിനോയ് കോടിയേരിയുടെ വിഷയം ഇതിന് പുതിയ തലം നൽകി. അങ്ങനെ സർക്കാരിനെതിരെ പതിവിലും കൂടുതൽ ആരോപണങ്ങൾ ചെന്നിത്തല ചർച്ചയാക്കി. ഇതിലൊക്കെ പലപ്പോഴും ധനമന്ത്രി തോമസ് ഐസക് പ്രതിരോധത്തിലുമായി. ധൂർത്ത് വിവാദങ്ങളും ആളിക്കത്തിച്ചു. എന്നാൽ ഇതൊന്നും പാലായിൽ ഏശിയില്ല. സമുദായിക സമവാക്യങ്ങളും കേരളാ കോൺഗ്രസിന് കൈവിട്ടു. ഇതോടെ വിജയം ഇടതു പക്ഷത്തിനായി. അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന് കൊഴുപ്പ് പകർന്ന് സർക്കാർ അനുകൂല തരംഗം ആളിക്കത്തിക്കാൻ പിണറായിയെ സഹായിക്കുന്നതാണ് പാലായിലെ വിജയം.

കേരളത്തിലെ ഏറ്റവും അംഗീകാരമുള്ള നേതാവായിരുന്നു കെ എം മാണി. പാലായുടെ 50 കൊല്ലത്തെ ജനപ്രതിനിധി. വികസനമെല്ലാം പാലായിൽ എത്തിച്ച ജനനായകൻ. അതുകൊണ്ട് തന്നെ മാണിയുടെ മരണം പാലായുടെ വേദനയായിരുന്നു. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് നേതാവിന്റെ മരണത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ സഹതാപം ആഞ്ഞടിക്കേണ്ടതായിരുന്നു. ഇതാണ് പാലായിൽ കാണാതെ പോയതും ഇടതു പക്ഷത്തിന് വിജയമൊരുക്കിയതും. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നതിന് ആർക്കും കൃത്യമായ ഉത്തരമില്ല. വോട്ട് മറിക്കലിന്റെ സാധ്യത ഏറെ കൂടുതലുമാണ്. അങ്ങനെ പാലായിലെ യുഡിഎഫ് തോൽവി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലും മാറ്റമുണ്ടാക്കും. ബിഡിജെഎസിനേയും പിസി ജോർജിന്റെ ജനപക്ഷത്തേയും ഈ ഫലം സ്വാധീനിക്കും. ഇതിനൊപ്പം പിജെ ജോസഫിനും ജോസ് കെ മാണിക്കും ഇനി സഹകരണവും അസാധ്യമാകും. ഇതെല്ലാം ബാധിക്കുക യുഡിഎഫിനേയും ബിജെപിയേയുമാകും. അതുകൊണ്ട് തന്നെ മുന്നണി രാഷ്ട്രീയത്തിൽ ചെറിയ പൊളിച്ചെഴുതലുകളും ഇനി സംഭവിച്ചേക്കാം.

പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. രാമപുരം, കടനാട്, മേലുകാവ് എന്നീ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ 2956 വോട്ടിന്റെ ലീഡാണ് മാണി സി.കാപ്പൻ ഉയർത്തുന്നത്. യു.ഡി.എഫ് ഏറെ പ്രതീക്ഷയർപ്പിച്ച മണ്ഡലങ്ങളിലാണ് ഇപ്പോൾ എൽ.ഡി.എഫ് കുതിപ്പ് തുടരുന്നത്. യു.ഡി.എഫ്-8174, എൽ.ഡി.എഫ്-8931, ബിജെപി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. 2016ൽ കെ.എം മാണിയും 2019ൽ തോമസ് ചാഴിക്കാടനും മുന്നിട്ടുനിന്ന പഞ്ചായത്തിലാണ് മാണി സി.കാപ്പന്റെ കുതിപ്പ്. ഇതിന് സമാനമാണ് ബാക്കിയെല്ലായിടത്തും സംഭവിച്ചതും. യുഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നു. ഇത് സിപിഎം പോലും പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കായിരുന്നു. മാണി സി കാപ്പൻ പോലും ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തിലെ വിജയമാണ് പ്രതീക്ഷിച്ചത്. വോട്ട് ചോർച്ച വലതിലും ബിജെപിയിലും ഉണ്ടായതാണ് ഇതിന് കാരണം.

പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു കഴിഞ്ഞു. ബിജെപി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. ശബരിമല പ്രശ്നത്തിൽ സിപിഎം വോട്ടുകൾ വൻ തോതിൽ ബിജെപിയിലേക്ക് ഒഴുകി. ഇതായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിന് ശേഷം ചില നടപടികൾ എടുത്തു. ഇതോടെ വിശ്വാസ സമൂഹം സിപിഎമ്മിന് വോട്ട് ചെയ്തുവെന്ന വിലയിരുത്തലിലേക്ക് പാലാ ഉപതെരഞ്ഞെടുപ്പ് എത്തിക്കുകയാണ്. ഇത് വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും സിപിഎമ്മിന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും.

പാലാ വോട്ടെണ്ണലിൽ തുടക്കംമുതൽ ഉണ്ടായ മുന്നേറ്റം തന്റെ വ്യക്തിപരമായ ജയമല്ലെന്നും എൽഡിഎഫിന്റെ കൂട്ടായ വിജയമാണെന്ന് മാണി സി കാപ്പൻ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്റെ വിജയത്തിൽ ഏറെ നിർണായകമായെന്ന് മാണി സി കാപ്പൻ പറയുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തനം ഏകോപിപ്പിച്ചതാണ് മാണി സി കാപ്പന് തുണയായത്. ഒരു ഘട്ടത്തിൽ പോലും യു ഡി എഫിന്റെ ജോസ് ടോമിനു ലീഡുയർത്താനോ കാപ്പനു പോന്ന എതിരാളിയെന്ന നിലയിൽ ശക്തി തെളിയിക്കാനോ സാധിച്ചില്ല. ബി ഡി ജെ എസ്, ജോസഫ് വിഭാഗങ്ങളുടെ വോട്ട് കിട്ടിയെന്ന് കാപ്പൻ പ്രതികരിച്ചു. വോട്ട് മറിച്ച് ജോസ് പക്ഷമെന്ന് പി ജെ ജോസഫ് ആരോപിച്ചു. വോട്ടെണ്ണൽ അവസാനിക്കുന്നതിനു മുന്നേ അടിതുടങ്ങി കേരള കോൺഗ്രസ് (എം) പുതിയ വാർത്തകളും ഉണ്ടാക്കുന്നു. ഇതും മാണി സി കാപ്പന്റെ ഇഫക്ടാണ്. ഇടതുപക്ഷത്തിന് യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ഇതിലൂടെ കഴിയുകയും ചെയ്യുന്നു.

ജോസ് കെ. മാണി വിഭാഗത്തിന്റെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ലഭിച്ചതെന്ന് കേരള കോൺഗ്രസ് നേതാവ് പി. ജെ ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്തിലടക്കം മാണി സി കാപ്പന് ലഭിച്ചിരിക്കുന്ന വലിയ ലീഡ് കേരള കോൺഗ്രസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. രാമപുരത്ത് ബിജെപി വോട്ടുകൾ എൽഡിഎഫിന് ലഭിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. കള്ളൻ കപ്പലിൽത്തന്നെയാണെന്നും ജോസ് ടോം പ്രതികരിച്ചു. തനിക്ക് കിട്ടിയ ലീഡ് യുഡിഎഫിന്റെ വോട്ടുകളാണെന്ന് മാണി സി കാപ്പനും പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ഭിന്നത ഗുണംചെയ്‌തെന്ന് മാണി സി കാപ്പൻ പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് തനിക്ക് കിട്ടി. വെള്ളാപ്പള്ളിയുടെ പിന്തുണ എസ്എൻഡിപി വോട്ട് ലഭിക്കാൻ ഇടയാക്കി. ബിജെപി വോട്ട് തനിക്ക് ലഭിച്ചില്ല-ഇങ്ങനെയാണ് മാണി സി കാപ്പന്റെ പ്രതികരണം.

ഫലസൂചനകൾ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ളതാണെന്നും എന്താണ് സംഭവിച്ചതെന്ന് പറയാറായിട്ടില്ലെന്നും കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് മത്സരിച്ചതെന്നും ആ നിലയ്ക്കുള്ള പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഫലം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാലായിലെ തിരിച്ചടി സംബന്ധിച്ച് പാർട്ടി അന്വേഷിക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. പാലായിലെ മാണി സി കാപ്പന്റെ മുന്നേറ്റം ജനങ്ങൾ ഇടത് പക്ഷ അനുകൂലമായി ചിന്തിച്ച് തുടങ്ങിയതിന്റെ ലക്ഷണമാണെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു കഴിഞ്ഞു. പരമ്പരാഗത യുഡിഎഫ് സ്വാധീന മേഖലകളിൽ പോലും മാണി സി കാപ്പൻ മുന്നേറുന്നത് ട്രെൻഡ് വ്യക്തമാക്കുന്നുവെന്നും ഇടത് മുന്നണി കൺവീനർ പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പൻ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിർത്തി. ഇത് സിപിഎമ്മിന് വലിയ ആശ്വാസമാണ്. പാലായിലെ വിജയം സമ്പൂർണ്ണമായും ഇടതു പക്ഷത്തിന് സ്വന്തമാകുന്നത് അതുകൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP