Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പീഡന പരാതിയിൽ കാലിടറി പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ട് കാലം മണ്ണാർക്കാട്ടെ പാർട്ടിയെ കൈവെള്ളയിലിട്ട് കൊണ്ട് നടന്ന നേതാവ്; വിഭാഗീയത കത്തിയാളിയ നാളുകളിൽ വി എസ് വിഭാഗത്തെ തറപറ്റിച്ച് ഔദ്യൗഗിക പക്ഷത്തിന്റെ കൈകളിൽ പാലക്കാട് ജില്ലയെ എത്തിച്ചവരിൽ പ്രമുഖൻ; അടിയന്തരാവസ്ഥക്കാലത്ത് രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ സഹപാഠി; വിവാദങ്ങളുടെ കളിത്തോഴനെങ്കിലും പി കെ ശശിക്കെതിരെ പാർട്ടി അച്ചടക്കമെന്ന വാൾ നേരിടേണ്ടി വന്നത് ഒരിക്കൽ മാത്രം

പീഡന പരാതിയിൽ കാലിടറി പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ട് കാലം മണ്ണാർക്കാട്ടെ പാർട്ടിയെ കൈവെള്ളയിലിട്ട് കൊണ്ട് നടന്ന നേതാവ്; വിഭാഗീയത കത്തിയാളിയ നാളുകളിൽ വി എസ് വിഭാഗത്തെ തറപറ്റിച്ച് ഔദ്യൗഗിക പക്ഷത്തിന്റെ കൈകളിൽ പാലക്കാട് ജില്ലയെ എത്തിച്ചവരിൽ പ്രമുഖൻ; അടിയന്തരാവസ്ഥക്കാലത്ത് രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ സഹപാഠി; വിവാദങ്ങളുടെ കളിത്തോഴനെങ്കിലും പി കെ ശശിക്കെതിരെ പാർട്ടി അച്ചടക്കമെന്ന വാൾ നേരിടേണ്ടി വന്നത് ഒരിക്കൽ മാത്രം

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ കാലിടറി പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ട് കാലം മണ്ണാർക്കാട്ടെ പാർട്ടിയെ കൈവെള്ളയിലിട്ട് കൊണ്ട് നടന്ന നേതാവ്. വിവാദങ്ങൾ എക്കാലത്തും പി.കെ ശശിയെ പിന്തുടർന്നെങ്കിലും പാർട്ടി അച്ചടക്കമെന്ന വാൾ നേരിടേണ്ടി വന്നത് ഒരിക്കൽ മാത്രമാണ്. രണ്ടാമതൊരിക്കൽ കൂടി പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായി ആറു മാസത്തെ സസ്‌പെൻഷൻ നേരിടേണ്ടി വന്നത് വിഭാഗീയത കത്തിയാളിയ നാളുകളിൽ വി എസ് വിഭാഗത്തിന്റെ കോട്ടയായിരുന്ന പാലക്കാട് ജില്ല കമ്മിറ്റിയെ ഔദ്യോഗിക വിഭാഗത്തിന്റെ കൈയിലെത്തിക്കാൻ പ്രയത്‌നിച്ച നേതാക്കളിൽ പ്രമുഖനാണ്. പാർട്ടി ഒരിക്കലും തന്നെ കൈവിടില്ല എന്ന അമിതാവേശമാണ് ശശിയെ കുരുക്കിൽ ചാടിച്ചത് എന്ന് പറയേണ്ടി വരും. ആരോപണത്തെ നേരിടാനുള്ള കമ്യുണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞെങ്കിലും ഒടുവിൽ പാർട്ടി കോടതിയുടെ വിധിക്ക് മുന്നിൽ കീഴടങ്ങേണ്ടി വരികയാണുണ്ടായത്.

കഴിഞ്ഞ ഡിസംബറിൽ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫിസിന്റെ മുകളിലത്തെ നിലയിൽവച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക അതിക്രമ പരാതിയിലെ പ്രധാന ഭാഗം. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു. എന്നാൽ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ച വിഷയത്തെ മാത്രമാണ് പാർട്ടി അന്വേഷണ കമ്മീഷൻ ഗൗരവത്തിൽ എടുതതത് എന്നാണ് റിപ്പോർട്ടുകൾ.

പ്രധാന പരാതി പാർട്ടി മുക്കി എന്നും ആക്ഷേപമുണ്ട്. ശശിക്കെതിരെ കടുത്ത നടപടി ഇല്ലാത്ത പക്ഷം പരാതിക്കാരി പൊലീസിനെ സമീപിക്കും എന്നതും അവസാന ഘട്ടത്തിൽ മുതിർന്ന നേതാവായ വി എസ്സിന്റെ ഇടപെടലും നടപടി കടുപ്പിക്കാൻ ഇടയാക്കി എന്നാണ് അനുമാനം. ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെങ്കിലും അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ ആദ്യം മുതലുള്ള നിഗമനം.

മുൻ മന്ത്രി ശിവദാസ മേനോനിൽ നിന്ന് പാർട്ടി അധികാരതിന്റെ ബാറ്റൺ മൂന്ന് പതിറ്റാണ്ട് മുമ്പ് കൈപ്പറ്റിയ ശേഷം മണ്ണാർക്കാട്ടെ പാർട്ടിയിൽ തന്റെ തീരുമാനങ്ങൾക്കപ്പുറം ഒരു വിരലനക്കം പോലും അനുവദിക്കാത്ത നേതാവാണ് ശശി. തന്നെക്കാൾ വളരും എന്ന് തോന്നിയ എല്ലാവരെയും ഒതുക്കിയായിരുന്നു ശശിയുടെ തേരോട്ടം. 'ഒരു പ്രധാന നേതാവിന്റെ തല ഉരുളുമെന്നു' ജില്ലയിലെ ചില പ്രമുഖ നേതാക്കൾ പാർട്ടി കേന്ദ്രങ്ങളിൽ പ്രചരിപ്പിച്ചിരുന്നതായി പി.കെ.ശശി അന്വേഷണ കമ്മിഷനു മൊഴി നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ലൈംഗിക അതിക്രമ പരാതി ഗൂഢാലോചനയുടെ ഭാഗമാണ് എന്ന വാദത്തിന് പിൻബലം നൽകുന്നതായിരുന്നു. എന്നാൽ പാർട്ടി ഓഫിസിലെ സി സി ടി വി പരിശോധന ഉൾപ്പടെ സകല അടവുകളും പയറ്റി നോക്കിയിട്ടും തനിക്കെതിരെ ഗൂഢാലോചന നടന്നതായി ശശിക്ക് തെളിയിക്കാനായില്ല. ഇതോടെയാണ് അവസാനം ഗത്യന്തരമില്ലാതെ പാർട്ടി നടപടിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നത്.

അടിയന്തരാവസ്ഥക്കാലത്ത് രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ സഹപാഠിയായി മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിൽ സംഘടന പ്രവർത്തനം ആരംഭിച്ച ശശി രാഷ്ട്രീയത്തിലെ പടവുകൾ ഓരോന്നായി കയറുമ്പോഴും വിവാദങ്ങൾ പുറകെ തന്നെ ഉണ്ടായിരുന്നു. പലതും പാർട്ടിയെ പ്രതിരോധത്തിലാക്കി. മലബാർ സിമന്റസിലെ വിവാദവുമായി ബന്ധപ്പെട്ട് ശശിയുടെ പേര് ഉയർന്ന് കേട്ടതും ഷൊർണൂരെന്ന ഉറച്ച മണ്ഡലത്തിനായി ഔദ്യോഗിക വിഭാഗത്തിലെ തന്നെ പി.കെ. സുധാകരനുമായുള്ള തർക്കവും ജില്ലയിലെ മുന്നണി സംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കിയ സിപിഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജുമായുള്ള ആരോപണ പ്രത്യാരോപണങ്ങളും എല്ലാം ഉണ്ടായപ്പോഴും പാർട്ടി ശശിയുടെ കൂടെയുണ്ടായിരുന്നു.

പാർട്ടി അച്ചടക്കമെന്ന വാൾ ഒരിക്കൽ മാത്രമാണ് നേരിടേണ്ടി വന്നത്. 1991-92 കാലത്താണ് നടപടിക്ക് വിധേയനായത്. മണ്ണാർക്കാട്ടെ പ്രാദേശിക വിഭാഗീയ പ്രവർത്തനത്തിന്റെ പേരിൽ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടിവന്നു. അതിന് ശേഷം ശശിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല തന്നെക്കാൾ ഉയരത്തിലെത്തും എന്ന് തോന്നിയ എല്ലാവരെയും വെട്ടിനിരത്തുകയും ചെയ്തു. അങ്ങനെ മൂന്നു പതിറ്റാണ്ട് കാലം മണ്ണാർക്കാട്ടെ പാർട്ടിയിലെ കിരീടം വെക്കാത്ത രാജാവായി പ്രവർത്തിച്ച നേതാവാണ് ഒടുവിൽ പീഡന പരാതിയിൽ കാലിടറി പടിയിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP