Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ പീഡനത്തിലെ ക്രൈംബ്രാഞ്ച് കേസ് ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കോ'? ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ മൂന്നിടത്ത് സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവർ; മത്സരിക്കാൻ പത്രിക നൽകിയാൽ ഹൈബിയും അടൂർ പ്രകാശും അനിൽ കുമാറും കേസിന്റെ വിവരങ്ങൾ മൂന്ന് തവണ പത്രത്തിൽ പരസ്യം ചെയ്യേണ്ടി വരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുണയായ സോളാർ പാർലമെന്റിലും വീണ്ടും തുണയാകുമോ?

സോളാർ പീഡനത്തിലെ ക്രൈംബ്രാഞ്ച് കേസ് ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കോ'? ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ മൂന്നിടത്ത് സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവർ; മത്സരിക്കാൻ പത്രിക നൽകിയാൽ ഹൈബിയും അടൂർ പ്രകാശും അനിൽ കുമാറും കേസിന്റെ വിവരങ്ങൾ മൂന്ന് തവണ പത്രത്തിൽ പരസ്യം ചെയ്യേണ്ടി വരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുണയായ സോളാർ പാർലമെന്റിലും വീണ്ടും തുണയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതു മുന്നണിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിച്ചതിൽ പ്രധാന വിഷയമായി മാറിയത് സോളാർ വിവാദമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവർ ഈ വിവാദത്തിൽ കുരുങ്ങി. ഇപ്പോൾ നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് സോളാറുമായി ബന്ധപ്പെട്ട് പീഡന കേസിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തത്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയ ഹൈബി ഈഡൻ, അടൂർ പ്രകാശ്, അനിൽകുമാർ എന്നിവർക്കെതിരെ ഇപ്പോൾ കേസെടുത്തതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്.

എറണാകുളം മണ്ഡലത്തിൽ നിലവിലുള്ള എംപി കെ വി തോമസിനേക്കാൾ വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയാണ് ഹൈബി ഈഡൻ എന്ന് വ്യക്തമായിരുന്നു. ഇതോടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഹൈബിയെ മത്സരിപ്പിക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് ആകട്ടെ ആലപ്പുഴയിലോ ആറ്റിങ്ങൾ മണ്ഡലത്തിലോ മത്സരിക്കുമെന്ന കാര്യം ഉറപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ആലത്തൂർ മണ്ഡലത്തിലേക്കാണ് കെ പി അനിൽ കുമാറിന്റെ പേര് പരിഗണിക്കപ്പെട്ടത്. ഈ മൂന്ന് പേരും സ്ഥാനാർത്ഥികളായ സിപിഎമ്മിനും ശരിക്കും ഭീഷണി ഉയരുമായിരുന്നു. ഈ സാധ്യത മുന്നിൽ കണ്ടാണ് രാഷ്ട്രീയ തീരുമാനമെന്ന നിലയിൽ മൂന്ന് പേർക്കുമെതിരെ പീഡന കേസ് എടുത്തത് എന്നു വ്യക്തമാണ്. ഇത് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കായി' വിലയിരുത്തുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്ന് പേരും സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്നോട്ടു പോയേക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ നിർദ്ദേശം വന്നതിന് ശേഷമാണ് ഇവർക്കെതികെ ക്രിമിനൽ കേസ് എടുത്തത് എന്നതും വ്യക്തമാണ്. സോളാറിലെ വ്യവസായ സംരംഭക നൽകിയ പരാതി പ്രകാരം ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അടൂർ പ്രകാശിനും അനിൽകുമാറിനുമെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനുമാണ് കേസ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കേസുകൾ സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ഇതോടെ ഇവർ സ്ഥാനാർത്ഥികളായാൽ പീഡന കേസുകൾ പത്രങ്ങളിൽ പരസ്യപ്പെടുത്തേണ്ടി വരും.

കോൺഗ്രസ് ലിസ്റ്റിലെ ശക്തമായ സ്ഥാനാർത്ഥികളാണ് ഇവർ എന്നതിനാൽ മത്സര രംഗത്തേക്കുള്ള ബ്ലോക്കിടലാണ് ഈ കേസ് എന്നത് വ്യക്തം. ശബരിമല വിഷയം അടക്കം തെരഞ്ഞെടുപ്പിൽ ചർച്ച ആകാതിരിക്കാൻ സിപിഎം ശ്രമം നടത്താറുണ്ട്. പരമാവധി സീറ്റുകൾ കേരളത്തിൽ നിന്നും വിജയിക്കാൻ ശ്രമിക്കുന്ന സിപിഎം കോൺഗ്രസിനെ തടയിടാൻ തന്നെയാണ് ശ്രമിക്കുന്നത്. സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത സമയം തന്നെയാണ് ഇതിൽ നിർണായകമായത്.

സോളാർ പാനലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാർ കമ്പനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സോളാർ തട്ടിപ്പിനെ തുടർന്ന് യുവതി 2013 ൽ പൊലീസ് പിടിയിലായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു സോളാർ അഴിമതി വിവാദം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർക്കെതിരെ പീഡന, ബലാത്സംഗ കേസുകൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. യുവതി എ.ഡി.ജി.പി എസ്. അനിൽകാന്തിന് സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിലും കെ സി വേണുഗോപാൽ ഡൽഹിയടക്കം പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഉമ്മൻ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസുകൾ ചുമത്തിയിട്ടുണ്ട്. കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനാണ് കേസ്. നേരത്തെ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെയും ആരോപണം ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വീണ്ടുമൊരു ഇലക്ഷൻ കാലത്ത് സോളാർ ആയുധമാക്കുന്ന നടപടിക്കെതിരെ ഇടതു മുന്നണിക്കുള്ളിലും അമർഷം പുകയുന്നുണ്ട്.

വിശ്വാസ്യതയില്ലാത്ത സ്ത്രീയെന്നു ഹൈക്കോടതി വിശേഷിപ്പിച്ച ഒരു സ്ത്രീയെ രാഷ്ട്രീയ ആയുധമാക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഘടകകക്ഷി നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നത്. നാഴികയ്ക്ക് നാല്പത് വട്ടം മൊഴി മാറ്റുന്ന സ്ത്രീ എന്നാണ് ഈ കേസിലെ പരാതിക്കാരിയെ ഹൈക്കോടതി വിലയിരുത്തിയത്. ഇതുപോലുള്ള ഒരു സ്ത്രീയുടെ മൊഴിത്തുമ്പിൽ ഇടതു മുന്നണി തൂങ്ങേണ്ടിയില്ലായിരുന്നു. മീ ടൂവിൽ മുകേഷിനെതിരെയും, സ്ത്രീ പീഡനക്കേസിൽ പി.കെ.ശശിക്കെതിരെയും ആരോപണം വന്നപ്പോൾ നിയമപരമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ വീണ്ടും സോളാർ കേസ് പൊക്കിക്കൊണ്ടു വരുന്നതിലെ നയവൈകല്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ബിജെപിക്ക് എതിരെയും കോൺഗ്രസിന് എതിരെയും ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങൾ ഒട്ടനവധിയുണ്ട്. അതൊന്നും ഉപയോഗിക്കാതെ ലൈംഗിക അപവാദ കേസിൽ തൂങ്ങുന്നത് തെരഞ്ഞെടുപ്പിൽ എത്രകണ്ട് ഗുണം ചെയ്യുമെന്ന കാര്യത്തിലും സംശയമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ലൈംഗിക അപവാദം ഇടതുമുന്നണി ഉപയോഗിച്ച് കഴിഞ്ഞു. ഉപയോഗിക്കാവുന്നതിന്റെ മാക്‌സിമം ഉപയോഗിച്ച മുന തേഞ്ഞ ആയുധമായാണ് ഇപ്പോൾ പരാതിക്കാരിയുള്ളത്. ഇന്ത്യയെ ബാധിക്കുന്ന വലിയ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയമാണ്. ആ സമയത്ത് സരിതയെ കൊണ്ടുവന്നാൽ ജനങ്ങൾ അത് തള്ളിക്കളയും. റാഫേൽ സിബിഐ പ്രശ്‌നങ്ങൾ മുൻനിരയിൽ നിൽക്കുമ്‌ബോഴാണ് ലൈംഗിക അപവാദം ഒപ്പം നിർത്തുന്നത്. ഇത് ശരിയായ നീക്കമല്ലെന്നും ഒരു വിഭാഗം ഇടതു നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP