Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല എന്നൊരക്ഷരം പിണറായി കേൾക്കേ പറയാൻ ധൈര്യമുള്ളവർ സിപിഎമ്മിൽ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച് സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നിൽ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയിൽ അണികളും; ദേശാഭിമാനിയിലെ കോടിയേരിയുടെ മുൻകൂർ ലേഖനവും വിവാദത്തിൽ; സിപിഎം നവോത്ഥാന വഴിയിൽ യാത്ര തുടരുമ്പോൾ

ശബരിമല എന്നൊരക്ഷരം പിണറായി കേൾക്കേ പറയാൻ ധൈര്യമുള്ളവർ സിപിഎമ്മിൽ ഇല്ല; അയ്യപ്പസന്നിധിയിലെ ആചാര ലംഘനത്തിൽ സർക്കാരിന് തെറ്റുപറ്റിയില്ലെന്ന് വിശദീകരിച്ച് സംസ്ഥാന സമിതിയും; വിശ്വാസികളെ അകറ്റിയതിന് പിന്നിൽ സംഘപരിവാറിന്റെ കള്ളക്കളി മാത്രം; സത്യം സത്യമായി പറയാത്തത് ഇനിയും തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്കയിൽ അണികളും; ദേശാഭിമാനിയിലെ കോടിയേരിയുടെ മുൻകൂർ ലേഖനവും വിവാദത്തിൽ; സിപിഎം നവോത്ഥാന വഴിയിൽ യാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ സിപിഎം വിമർശിക്കില്ല. തോൽവിക്ക് കാരണമായി നിലപാടിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതൃത്വത്തിന് നിർദ്ദേശം നൽകി. നവോത്ഥാനത്തെ തള്ളി പറയുന്നവർ പാർട്ടിയിൽ ഒറ്റപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇത് മനസ്സിലാക്കി സിപിഎം സംസ്ഥാന സമിതി യോഗത്തിലും നേതാക്കളാരും ശബരിമല ചർച്ചയാക്കിയില്ല. വിശ്വാസികളെ തെറ്റിധരിപ്പിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇതാണ് സിപിഎമ്മിന് തോൽവി പിണയാൻ കാരണം. അടുത്ത ഉപതെരഞ്ഞെടുപ്പിലും നവോത്ഥാനം ചർച്ചയാക്കാനാണ് പിണറായി വിജയന്റെ നീക്കം.

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശബരിമലയിൽ സർക്കാരിനെ കുറ്റപ്പെടുത്തിയില്ല. മറ്റൊരു നിലപാട് ഈ വിഷയത്തിൽ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. സ്ത്രീ - പുരുഷ സമത്വം ഇടതുപക്ഷ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കോൺഗ്രസും ബിജെപിയും ആദ്യം സ്വാഗതം ചെയ്യുകയാണുണ്ടായത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അത് മാത്രമാണ് ചെയ്തതത്. ചില സമുദായ സംഘടനകളാണ് ആദ്യം എതിർപ്പുമായി രംഗത്തെത്തിയത് ഇതോടെ സുവർണാവസരമായിക്കണ്ട് ചിലർ രംഗത്തെത്തുകയും കോൺഗ്രസും ബിജെപിയും സമരത്തിൽ പങ്കാളികളാവുകയും ചെയ്തു. പിന്നീട് വലിയ തോതിലുള്ള പ്രചാരവേല നടന്നുവെന്ന് കോടിയേരി പറയുന്നു.

എന്നാൽ പ്രചാര വേല കൊണ്ട് മാത്രം സിപിഎമ്മിനെ തകർക്കാനാകുമോ എന്നതാണ് അണികളുടെ ചോദ്യം. പിണറായിയെ ഭയന്ന് തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പുകളിലും വമ്പൻ തോൽവിയുണ്ടാകും. വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപി അതിശക്തമായ മത്സരമുയർത്തും. അങ്ങനെയുണ്ടായാൽ ബിജെപിയെ തോൽപ്പിക്കാൻ രണ്ടിടത്തും സിപിഎമ്മിന് വോട്ട് മറിക്കേണ്ടിയും വരും. ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കരുതെന്നാണ് സിപിഎമ്മിലെ പിണറായി വിരുദ്ധർ അടക്കം പറയുന്നത്. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പോലും ഭയക്കുന്നു. നേതാക്കളാരും പരസ്യമായി ഇത് തുറന്നു പറയുന്നുമില്ല. ഇത് സിപിഎമ്മിനെ തകർക്കുമെന്ന ഭയം അണികൾക്കുണ്ട്. ബംഗാളിലെ പാർട്ടിക്കുണ്ടായ അവസ്ഥ കേരളത്തിലുണ്ടാകുമോ എന്നതാണ് ആശങ്ക.

എന്നാൽ ശബരിമലയിലെ തെറ്റ് തുറന്നു പറയില്ലെന്ന സൂചനയാണ് കോടിയേരിയും നൽകുന്നത്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി നവോദ്ധാന സംഘടനകളുടെ യോഗം വിളിച്ചത്. നവോദ്ധാന സംരക്ഷണ സമിതിയാണ് വനിതാ മതിൽ സംഘടിപ്പിച്ചത്. വനിതാ മതിൽ വൻ വിജയമായിരുന്നു. ഇത് ആർഎസ്എസ്സിന്റെ അജണ്ട തകർക്കാനിടയാക്കി. ഇതോടെ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ആർഎസ്എസ്സിന്റെ അജണ്ട വിജയിക്കാതെപോയി. എന്നാൽ, ജനുവരി ഒന്നിനുശേഷം വേണ്ടത്ര പ്രചാരം നടത്താൻ കഴിയാതെപോയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെന്ന് കോടിയേരി പറഞ്ഞു.

ജനുവരി ഒന്നിനുശേഷം തുടർ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. ഈ അവസരം ആശയക്കുഴപ്പം സൃഷ്ടിക്കാൻ എതിരാളികൾ ഉപയോഗിച്ചു. വീടുവീടാന്തരം കയറി പ്രചാരണം നടത്താൻ കോൺഗ്രസും ആർഎസ്എസ്സും മറ്റുള്ളവരും ശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഈ അവസരത്തിൽ വീടുകൾ തോറും കയറി നടത്തിയ ബിജെപി - കോൺഗ്രസ് പ്രചാരണം തടയാൻ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതുമൂലം ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞു. പ്രചാരണത്തിൽ കുടുങ്ങി വിശ്വാസികളായ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്തുവെന്നാണ് വിലയിരുത്തൽ. വിശ്വാസ വികാരത്തെ വൃണപ്പെടുത്തിയതിന്റെ ഫലമാണ് തോൽവിയെന്ന് ഇപ്പോഴും സിപിഎം അംഗീകരിക്കുന്നില്ല.

വിശ്വാസികൾക്കിടയിൽ പ്രവർത്തിച്ച് ജനവിശ്വാസം വീണ്ടെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ. ഇത്തവണ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തി. ബിജെപി തോറ്റാലും ഇടതുപക്ഷം ജയിക്കരുതെന്ന നിലപാട് ആർഎസ്എസ് സ്വീകരിച്ചു. ആദ്യം സിപിഎമ്മിനെ കീഴ്പ്പെടുത്തണമെന്നതാണ് ആർഎസ്എസ് സ്വീകരിച്ചിട്ടുള്ള തന്ത്രമെന്നും സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ആർഎസ്എസ് വോട്ടുകൾ കോൺഗ്രസിന് ഒഴുകി. ഇതിനൊപ്പം ന്യൂനപക്ഷ ഏകീകരണവും. ഇതോടെ തകർച്ച പൂർണ്ണമായി. മുഖ്യമന്ത്രി പിണറായിയുടെ നയങ്ങൾ ഇതിനെ സ്വാധീനിച്ചിട്ടില്ലെന്നാണ് സിപിഎം പറഞ്ഞു വയ്ക്കുന്നത്.

അതിനിടെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി അവലോകനം ചെയ്യാൻ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്ന ദിവസം, മുഖപത്രത്തിൽ പിണറായി വിജയനും സർക്കാരിനും പ്രതിരോധം തീർത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചത് വിവാദമായി. സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട പോലും ഹൈജാക്ക് ചെയ്യുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചത് ശബരിമല വിഷയത്തിലടക്കം ആരോപണങ്ങൾ ഉയരാതെ പിണറായി വിജയനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിമർശനം. ഇതും സംസ്ഥാന സമിതി യോഗത്തിലെ വിമർശനങ്ങൾ ഉയർത്താൻ ആഗ്രഹിച്ചവരെ പിന്നോട്ട് വലിച്ചിരുന്നു.

മുൻ കാലങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും ചേർന്നതിന് ശേഷമാണ് യോഗ തീരുമാനങ്ങളെ കുറിച്ച് മുഖപത്രത്തിൽ സെക്രട്ടറിയുടെ ലേഖനം പ്രസിദ്ധീകരിക്കാറുള്ളതെന്നും എന്നാൽ ഇക്കുറി പിണറായി വിജയനെ പൂർണമായും പിന്തുണച്ച് യോഗത്തിന് മുൻപ് തന്നെ ലേഖനം വന്നത് പാർട്ടി നേതൃത്വം സ്തുതിപാഠകരായി അധഃപതിച്ചതിന്റെ തെളിവാണെന്നുമാണ് ആക്ഷേപം. ഇതോടെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സംസ്ഥാന സമിതി യോഗം തന്നെ അപ്രസക്തമായിയെന്നും വിലയിരുത്തലുണ്ട്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചത് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായില്ലെന്നും, മതന്യൂന പക്ഷങ്ങളുടെ മോദി പേടിയും, രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമാണ് തിരിച്ചടിക്ക് കാരണമെന്നുമാണ് ലേഖനത്തിൽ കോടിയേരി വെളിപ്പെടുത്തുന്നത്. മാധ്യമങ്ങൾക്കും വിമർശനം ഉണ്ട്.

മോദിപ്പേടി കാരണം കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണം വരട്ടെ എന്ന ബോധം സുനാമി കണക്ക് അലയടിച്ചുയർന്നു. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഈ പ്രവണതയ്ക്ക് ശക്തി പകരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായാണ് വോട്ടർമാരിൽ ഗണ്യമായ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി ചാഞ്ഞത്. യുഡിഎഫ് വിജയത്തിനുള്ള മുഖ്യകാരണം ഇതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനോട് ചായ് വ് ാട്ടുക എന്നത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. ആ സ്വഭാവത്തിനൊപ്പം മോദിപ്പേടികൂടി കടന്നുവന്നു. ജനവിധിയെ നിർണയിച്ച ഏറ്റവും പ്രധാന കാരണം ശബരിമല വിഷയമാണെന്ന അഭിപ്രായം അടിച്ചേൽപ്പിക്കുന്നതിനുവേണ്ടി കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ നടക്കുന്നുണ്ട്. എൽഡിഎഫിനെപ്പറ്റി വിശ്വാസികളിൽ ഒരുവിഭാഗത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.. തുടങ്ങിയവയാണ് ലേഖനത്തിലെ പരാമർശങ്ങൾ. ഈ നിലപാടുകൾ തന്നെയാണ് സംസ്ഥാന സമിതിയും ചർച്ച ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP