Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥി-യുവജന-മഹിളാ സംഘടനകൾ നിർജ്ജീവം; നോക്കുകൂലിയുമായി സിഐടിയുവിന്റേത് വെറുപ്പിക്കൽ രാഷ്ട്രീയം; സിപിഐ സംഘടനകൾ ഉള്ളത് കടലാസിൽ മാത്രം; പുകസയെ കാണുന്നത് ഫേസ്‌ബുക്കിലും; പോഷക സംഘടനകളുടെ പ്രവർത്തനം സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവമാവുകയും ചെയ്തു; ശബരിമലയിൽ പ്രതിരോധം തീർക്കുന്നതിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്പൂർണ്ണ പരാജയം; 20ൽ 19ലും തോറ്റത് അടിത്തറയിലെ ഇളക്കം കൊണ്ടു തന്നെ; തോൽവിയെ സിപിഎം വിലയിരുത്തുമ്പോൾ

വിദ്യാർത്ഥി-യുവജന-മഹിളാ സംഘടനകൾ നിർജ്ജീവം; നോക്കുകൂലിയുമായി സിഐടിയുവിന്റേത് വെറുപ്പിക്കൽ രാഷ്ട്രീയം; സിപിഐ സംഘടനകൾ ഉള്ളത് കടലാസിൽ മാത്രം; പുകസയെ കാണുന്നത് ഫേസ്‌ബുക്കിലും; പോഷക സംഘടനകളുടെ പ്രവർത്തനം സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവമാവുകയും ചെയ്തു; ശബരിമലയിൽ പ്രതിരോധം തീർക്കുന്നതിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്പൂർണ്ണ പരാജയം; 20ൽ 19ലും തോറ്റത് അടിത്തറയിലെ ഇളക്കം കൊണ്ടു തന്നെ; തോൽവിയെ സിപിഎം വിലയിരുത്തുമ്പോൾ

എ എസ് സൂര്യ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പോഷക സംഘടനകളുടെ പ്രവർത്തനം സഹായിച്ചില്ലെന്നു മാത്രമല്ല, ഉപദ്രവമായെന്നും പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. സിപിഐയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ എഐവൈഎഫും എഐഎസ്എഫും കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി അനുകൂല ഘടകങ്ങളുണ്ടായിട്ടും യുവജന വിദ്യാർത്ഥി മഹിളാ സംഘടനകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. യുവജന വിദ്യാർത്ഥി സംഘടനകളിലുള്ളവർ സ്വന്തം നിലയ്ക്കു പ്രചാരണങ്ങൾക്കിറങ്ങാതെ പാർട്ടിയുടെ നിഴലിൽ പാർട്ടിക്കാർക്കൊപ്പമായിരുന്നു പ്രചാരണം നടത്തിയത്. ഓരോ മണ്ഡലത്തിലും വിജയത്തിനു ഘടകമായേക്കാവുന്ന പുതിയ വോട്ടർമാരുണ്ടായിട്ടും ഇവരെ സ്വാധീനിക്കാൻ സംഘടനകൾക്കു കഴിഞ്ഞില്ല.

എല്ലാ ദിവസവും ആശുപത്രികളിൽ ഉച്ചഭക്ഷണം എത്തിക്കുന്ന ബൃഹത്തായ പ്രശംസ പിടിച്ചു പറ്റിയ പരിപാടി നടത്തിയ ഡിവൈഎഫ്ഐ ഈ പ്രവർത്തനത്തിലൂടെ വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചാരണം പേരിനു മാത്രമായി ഒതുങ്ങി. യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന പ്രചാരണ തന്ത്രങ്ങൾ മെനയാനായില്ല. നേതാക്കളാകട്ടെ ഫെയ്സ് ബുക്ക് പോസ്റ്റുകളിലും പൊതുയോഗ പ്രസംഗങ്ങളിലുമായി ഒതുങ്ങി. പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴിയും വ്യാജ പ്രചാരണങ്ങൾ വഴിയും ജനങ്ങളെ വെറുപ്പിക്കുകയും ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ത്രീകളുടെ പൊതുവായ പ്രശ്നങ്ങൾ പ്രചാരണത്തിനെടുത്തില്ല. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സ്ത്രീപക്ഷ പദ്ധതികളൊന്നും തന്നെ വനിതാ വോട്ടർമാർക്കിടയിൽ എത്തിക്കാനായില്ല.ശബരിമല യുവതീ പ്രവേശന വിഷയം ഉയർത്തി ബിജെപിയും കോൺഗ്രസും നടത്തിയ പ്രചാരണങ്ങളെ മറു പ്രചാരണങ്ങളിലൂടെ തടയാനും മഹിളാ അസോസിയേഷനു കഴിഞ്ഞില്ല. സിപിഎം സംസ്ഥാന തലത്തിൽ സ്ത്രീ പുരുഷ തുല്യത മുദ്രാവാക്യമായി ഉയർത്തിയെങ്കിലും അസോസിയേഷൻ നേതൃത്വത്തിനു പ്രചാരണം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ജില്ലാ നേതൃത്വം പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനോ വിലയിരുത്തുന്നതിനോ കൃത്യമായ യോഗങ്ങൾ പോലും ചേർന്നില്ലെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു.

എസ്എഫ്ഐക്കാർ പ്രചാരണ രംഗത്തു ഗുണം ചെയ്തില്ലെന്നു മാത്രമല്ല നെഗറ്റീവ് ഇംപാക്റ്റ് സൃഷ്ടിക്കുകയും ചെയ്തു.ക്യാമ്പസുകളിൽ നടത്തിയ അക്രമങ്ങൾ വോട്ടർമാർക്കിടയിൽ അവമതിപ്പുണ്ടാക്കുകയും ചെയ്തു. ഫേസ്‌ബുക്ക് പേജുകളിൽ നടത്തിയ വെല്ലുവിളികളും നേതൃ പ്രീണനവും നെഗറ്റീവായി. പല നേതാക്കളുടെയും ഫെയ്സ് ബുക്ക് പേജുകളിൽ വന്ന പോസ്റ്റുകൾ എതിർപക്ഷത്തിന് ആയുധമായി. എറണാകുളത്തും ഇടുക്കിയിലും അഭിമന്യുവിന്റെ രക്തസാക്ഷിത്വവും തുടർ പ്രവർത്തനങ്ങളും പ്രചാരണത്തിനുപയോഗിക്കാമായിരുന്നിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ല. എഐഎസ്എഫ് ആകട്ടെ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നിടങ്ങളിൽ പോലും കളത്തിലിറങ്ങിയില്ല. പലരും സ്ഥാനാർത്ഥിയോടൊപ്പം വാഹനത്തിനുള്ളിലായിരുന്നു കഴിഞ്ഞത്. സോഷ്യൽ മീഡിയ ചുമതലയെന്ന പേരിൽ വാഹനങ്ങൾക്കുള്ളിൽ മണ്ഡലം ചുറ്റുകയായിരുന്നു പ്രധാനികളെല്ലാം.

എല്ലാ തെരഞ്ഞെടുപ്പു കാലത്തും സാംസ്‌കാരിക സാഹിത്യ നായകരെ ഇടതുപക്ഷത്തിനായി കളത്തിലിറക്കുന്നതിന് നേതൃത്വം നൽകുന്നത് പുകസ എന്ന പുരോഗമന കലാസാഹിത്യ സംഘമായിരുന്നു. എന്നാൽ ഇത്തവണ പുകസ നേതാക്കൾ പോലും പാർട്ടിയുടെ പ്രചാരണത്തിനൊപ്പം പോയതല്ലാതെ സ്വന്തം നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല. ശബരിമല വിഷയത്തിൽ സർക്കാരിനുണ്ടായ തിരിച്ചടി മറികടക്കുന്നതിനുള്ള കാര്യമായ ഒരു പ്രചാരണവും പുകസ നടത്തിയില്ല. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു നിർജീവ അവസ്ഥ തെരഞ്ഞെടുപ്പു കാലത്ത് പുകസയ്ക്കുണ്ടായതെന്നാണ് വിലയിരുത്തൽ.

സിഐടിയുവിന്റെ ചുമട്ടു തൊഴിലാളി വിഭാഗമാണ് പ്രാദേശിക തലത്തിൽ പ്രചാരണങ്ങളിൽ ഏറ്റവും സജീവമാകാറുള്ളത്. ഇത്തവണ അവർ പ്രീതീക്ഷിച്ചത്ര ഉണർന്നു പ്രവർത്തിച്ചില്ല. സിഐടിയുവിന്റെ പേരിൽ തൊഴിൽ കാർഡ് സംഘടിപ്പിച്ചവരിൽ ഭൂരിഭാഗവും പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നുവെന്നത് സിപിഎം ഗൗരവ്വത്തോടെ കാണുന്നു. ഇതിനു പുറമെ പ്രാദേശിക തലത്തിൽ സിഐടിയുക്കാർ സ്വീകരിച്ച ധാർഷ്ട്യവും നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കി.

തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം പ്രാദേശിക കമ്മിറ്റികൾ ചേർന്നു തുടങ്ങിയിട്ടുണ്ട്. ഏരിയാ ജില്ലാ അവലോകനങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ ചർച്ചയാകും. ഏറ്റവും ഒടുവിൽ ജൂണിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണമായ തെരഞ്ഞെടുപ്പ് അവലോകനം നടക്കും. ഇതിന് ശേഷം പോഷക സംഘടനകളിലും സർവീസ് സംഘടനകളിലും നേതൃത്വത്തിൽ മാറ്റങ്ങൾ കൊണ്ടു വരാനായിരിക്കും ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP