Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരിയുടെ കുറ്റസമ്മതവും സിപിഎമ്മിന് കുരിശ്ശായി; നിർദ്ദോഷമായ ഒരു ഫ്‌ളോട്ട് ഇളക്കിയത് സിപിഎമ്മിന്റെ അടിത്തറ; എസ്എൻഡിപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ; ഏന്തു ചെയ്യണമെന്ന് അറിയാതെ പാർട്ടി

കോടിയേരിയുടെ കുറ്റസമ്മതവും സിപിഎമ്മിന് കുരിശ്ശായി; നിർദ്ദോഷമായ ഒരു ഫ്‌ളോട്ട് ഇളക്കിയത് സിപിഎമ്മിന്റെ അടിത്തറ; എസ്എൻഡിപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ; ഏന്തു ചെയ്യണമെന്ന് അറിയാതെ പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായുള്ള ഭിന്നതകൾ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി സജീവമാകാനായിരുന്നു സിപിഐ(എം) നീക്കം. ഉൾപാർട്ടി പ്രശ്‌നങ്ങൾ മാറ്റിവച്ചുള്ള ഫോർമുലയ്ക്ക് സിപിഐ(എം) കേന്ദ്ര നേതൃത്വം തന്നെ തയ്യാറാക്കുകയും ചെയ്തു. ബിജെപിയോട് അടുക്കുന്ന ഈഴവ വിഭാഗത്തെ തിരികെ പാർട്ടിയോ അടുപ്പിക്കണമെന്ന തന്ത്രപരമായ സമീപനത്തിനും സിപിഐ(എം) ശ്രമിച്ചു. ഇതിന് വേണ്ടി മാത്രമാണ് ഓണാഘോഷത്തിന്റെ സമാപനം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അവതരിപ്പിച്ചത്. ഈഴവ ഹൃദയങ്ങളെ തൊട്ടുണർത്താൻ ശ്രീനാരായണ ഗുരുവിന്റെ സാധ്യതകളും തേടി. അങ്ങനെയാണ് ഓണാഘോഷ സമാപന ഘോഷയാത്രയിൽ ഗുരുവിന്റെ നിശ്ചല ദൃശ്യമെത്തിയത്. എന്നാൽ സിപിഎമ്മിന്റെ ആഗ്രഹമല്ല നടന്നത്. ഈ നിശ്ചല ദൃശ്യവും വിവാദമായി. നാരായണ ഗുരുവിനെ സിപിഐ(എം) അപമാനിച്ചുവെന്ന തരത്തിലേക്കാണ് ചർച്ചകൾ പോകുന്നത്.

എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് സിപിഐ(എം). ഈഴവ മനസ്സുകളെ സ്വാധീനിച്ച് സിപിഎമ്മിന് തിരിച്ചടി നൽകുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇതിനിടെയിൽ ഇഠതു മുന്നണിയിലെ ഘടക കക്ഷിയായ സിപിഐയും ഈ വിഷയത്തിൽ സിപിഎമ്മിനെ കൈവിട്ടു. അങ്ങനെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പുതിയ പതിപ്പിൽ സിപിഎമ്മിന് അടിതെറ്റി. ശ്രീനാരായണ ഗുരുവിന്റെ ഫ്‌ളോട്ട് ഇളക്കുന്നത് സിപിഎമ്മിന്റെ അടിത്തറയാണ്. ബിജെപിയുമായി അടുക്കാൻ ആഗ്രഹിക്കുന്ന വെള്ളാപ്പള്ളിക്കും കൂട്ടർക്കും കിട്ടിയ നല്ല അവസരം കൂടിയാണ് പുതിയ വിവാദം. ഈ സാഹചര്യത്തിലാണ് എസ് എൻ ഡി പിക്കാരെ തെരുവിലേക്ക് ഇറക്കി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. കോട്ടയത്തെ പിണറായി വിജയന്റെ സമ്മേളന സ്ഥലത്ത് പോലും പ്രതിഷേധം ഉയർന്നു. ഈ സമര മാതൃക ഇനിയും തുടരും.

കണ്ണൂരിലെ തളിപ്പറമ്പിൽ പ്രദർശിപ്പിച്ച നിശ്ചലദൃശ്യത്തിനെതിരെയാണ് പ്രതിഷേധം പടരുന്നു. തളിപ്പറമ്പിലെ കൂവോട്ട് സിപിഐ(എം) നേതൃത്വത്തിലുള്ള ബാലസംഘവും ക്‌ളബുകളും ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീകൃഷ്ണജയന്തി നാളിൽ സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ഗുരുദേവനെ കുരിശിൽ തറയ്ക്കുന്ന വിവാദ നിശ്ചലദൃശ്യം പ്രദർശിപ്പിച്ചത്. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന മഹത്തായ ഗുരു സന്ദേശത്തെ അവഹേളിക്കുന്ന തരത്തിൽ 'പല ജാതി, പല മതം, പല ദൈവം' എന്ന് എഴുതി വയ്ക്കുകയും തലയ്ക്ക് മുകളിൽ തൃശൂലം നാട്ടുകയും ചെയ്തു. ലോകാരാദ്ധ്യനായ ഗുരുദേവനെ ഇത്തരത്തിൽ നിന്ദിച്ചതിനെതിരെ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരിൽ നിന്ന് മാത്രമല്ല, സമൂഹത്തിന്റെ നാനാ മണ്ഡലങ്ങളിൽ നിന്നും വമ്പിച്ച പ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉയർന്നത്.

എസ്.എൻ.ഡി.പി യോഗ നേതൃത്വം ബിജെപിയും സംഘപരിവാറുമായി അടുക്കാൻ ശ്രമിക്കുന്നതായി ആരോപിക്കുന്ന സിപിഐ(എം) ഇതിന് തടയിടാനുള്ള രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പറയുന്ന നിശ്ചല ദൃശ്യം കടന്ന കൈയായിപ്പോയെന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. വാദങ്ങൾ ചെവിക്കൊണ്ടു മദപ്പോരുകൾ കണ്ടും മോദസ്ഥിതനായി മല പോലെ വസിച്ച ഗുരുവിനെ സങ്കുചിത രാഷ്ട്രീയപ്പോരിലേക്ക് വലിച്ചിഴച്ചതിലെ അനൗചിത്യം പരക്കെ വിമർശിക്കപ്പെട്ടു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വിശദീകരണവുമായെത്തി. ഫ്‌ളോട്ട് ഒഴിവാക്കേണ്ടതാണെന്നും പറഞ്ഞു. പ്രാദേശികമായി തയ്യാറാക്കിയ ഫ്‌ളോട്ടിൽ സിപിഐ(എം) നേതൃത്വത്തെ മുഴുവൻ കുറ്റം പറയുന്നതിലെ ദുരൂഹതയും അവർ ഉയർത്തിക്കാട്ടുന്നു.

ജാഗ്രതക്കുറവ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും, ശ്രീനാരായണീയരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കുമെന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെയും പ്രതികരണങ്ങൾ തെറ്റ് സമ്മതിക്കലാണ്. അതേസമയം, നടപടിയെ പാടെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാകട്ടെ, സംഘപരിവാറിനോടും യോഗം നേതൃത്വത്തോടുമുള്ള എതിർപ്പിന്റെ ആവിഷ്‌കാരമായി സംഭവത്തെ ചിത്രീകരിക്കാനാണ് സിപിഐ(എം) ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് പരസ്യമായി സിപിഎമ്മിനെതിരെ പ്രതിഷേധവുമായി എസ് എൻ ഡി പി എത്തുന്നത്. രാഷ്ട്രീയ പാർട്ടിയായി മാറിയാൽ വെല്ലുവിളികളെ ഏറ്റെടുക്കാൻ എത്രത്തോളം കഴിയുമെന്ന് പരീക്ഷിക്കുക കൂടിയാണ് വെള്ളാപ്പള്ളിയും കൂട്ടരും.

ഗുരുദേവനെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയെ ഇന്നലെ കൊല്ലത്ത് ചേർന്ന എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശക്തമായി അപലപിച്ചിട്ടുണ്ട്. ഗുരുദേവനെ അവഹേളിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. സിപിഐ(എം) നേതൃത്വം മാപ്പ് പറയണമെന്ന് വെള്ളാപ്പള്ളിയും ആവശ്യപ്പെടുന്നു. ശിവഗിരി മഠവും വെള്ളാപ്പള്ളിയും തമ്മിലെ അകൽച്ച പകൽപോലെ വ്യക്തമാണ്. ബിജെപിയോട് അടുക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തെ ശിവഗിരി എതിർത്തിരുന്നു. സിപിഎമ്മിന് അനുകൂലമായായിരുന്നു പ്രതികരണം. എന്നാൽ ഫ്‌ളോട്ട് വിഷയത്തിൽ മഠത്തിനും സിപിഎമ്മിനെ പിന്തുണയ്ക്കാൻ കഴിയുന്നില്ല.

ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംഭവത്തിൽ ഉത്തരവാദികളായ സിപിഐ(എം) നേതാക്കൾക്കെതിരെ നടപടിക്കു സാധ്യതയുണ്ടെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി തലത്തിൽ വരുത്തിയ പിഴവിനു വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടറി തന്നെ നേരിൽ വരുന്നത് അപൂർവമാണ്. തളിപ്പറമ്പിൽ തന്നെ വാർത്താ സമ്മേളനം നടത്തിയതും ഉത്തരവാദികളായ പാർട്ടി പ്രവർത്തകരെ വിളിപ്പിച്ച് നേരിൽ സംസാരിച്ചതും സംഭവം പാർട്ടി സംസ്ഥാന നേതൃത്വം അതീവ ഗൗരവത്തിൽ തന്നെയാണ് എടുത്തതെന്നതിന്റെ സൂചനകളാണുള്ളത്. എസ്എൻഡിപിയുമായുള്ള സമീപകാലത്തെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ കൂവോട് സംഭവം സംസ്ഥാനതലത്തിൽ വിവാദമായത് പാർട്ടി നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്.

ഇതോടൊപ്പം ഘോഷയാത്രയിൽ ശ്രീകൃഷ്ണന്റെയും മറ്റും ദൈവിക വേഷങ്ങളും അണിനിരന്നതും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. മതപരമായ ദൃശ്യങ്ങൾ ഘോഷയാത്രയിൽ ഉണ്ടാകരുതെന്നു കർശന നിർദ്ദേശമായിരുന്നു പാർട്ടി നേതൃത്വം നൽകിയത്. ഘോഷയാത്രകൾ ആരംഭിക്കുന്നതിനു മുൻപ് ഇക്കാര്യം നേതൃത്വം ഉറപ്പുവരുത്തിയിരുന്നു. എന്നിട്ടും പാർട്ടി കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ വേഷം ഉൾപ്പെടെ അവതരിപ്പിച്ചു. കൂവോട് ശ്രീനാരായണഗുരുവിന്റെ നിശ്ചല ദൃശ്യം അരങ്ങേറിയത് സിപിഐ(എം) ഏരിയ നേതൃത്വവും അറിഞ്ഞിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതു വിവാദമായപ്പോഴാണു പലരും ഇത് അറിഞ്ഞത് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP