Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിന്; അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി; പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ തട്ട് കിട്ടിയത് അഹങ്കാരത്തിന്റെ പത്തിക്ക് തന്നെ

നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിന്; അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടി; പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ തട്ട് കിട്ടിയത് അഹങ്കാരത്തിന്റെ പത്തിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആലത്തൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്നു. പലപ്പോഴും രക്ഷസാക്ഷി സ്ഥാനാർത്ഥികളെയാണ് ഈ കോട്ടയിൽ കോൺഗ്രസ് മത്സരത്തിനിറക്കിയിരുന്നത്. അതുകൊണ്ട് തന്നെ രമ്യാ ഹരിദാസിനെ കോഴിക്കോട് നിന്ന് ആലത്തൂരിൽ എത്തിച്ചപ്പോഴും ആരും ജയിക്കുമെന്ന് കരുതിയില്ല. പക്ഷേ പാട്ടും പ്രസംഗവുമായി ആലത്തൂരിൽ രമ്യയെത്തിയപ്പോൾ സിപിഎമ്മിന് നെഞ്ചിടിപ്പ് തുടങ്ങി. ആലത്തൂരിന്റെ പെങ്ങളൂട്ടിയായി രമ്യ മാറി. ഇതോടെ സൈബർ സഖാക്കൾക്ക് സംഭവം പിടിക്കാതെയായി. രമ്യയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ വികാരങ്ങൾ നിറഞ്ഞപ്പോൾ സൈബർ സഖാക്കൾ ആക്രമണവുമായെത്തി. ഇതോടെ അറിഞ്ഞോ അറിയാതെയോ രമ്യയെ കളിയാക്കി ദീപാ നിശാന്തിന്റെ പോസ്റ്റ് എത്തി. ഇതോടെ രമ്യ താരമായി. ആലത്തൂരിലെ ജനത രമ്യയെ മാറോട് അണച്ചു. രമ്യ പെങ്ങളൂട്ടിയുമായി. വൻ വിജയവും ആലത്തൂരിൽ സ്വന്തമാക്കി ലോക്‌സഭയിലേക്ക്.

നന്ദിയുണ്ട് ടീച്ചറേ.. നന്ദിയുണ്ട്...! ആലത്തൂരിന്റെ മണിമുത്തായി രമ്യ ഹരിദാസ് ഉജ്ജ്വല വിജയം നേടുമ്പോൾ യുഡിഎഫുകാർ നന്ദി പറയുന്നത് അതുകൊണ്ട് തന്നെ രമ്യ പാട്ടുപാടി വോട്ടുപിടിച്ചതിനെ അവഹേളിച്ച ദീപാ നിശാന്തിനായിരുന്നു. അശ്ലീല പരാമർശം നടത്തിയ എ വിജയരാഘവനും സൈബർ ലോകത്ത് ആക്ഷേപം ചൊരിഞ്ഞ സിപിഎം പോരാളികളും രമ്യയുടെ വിജയത്തിന്റെ മാറ്റുകൂട്ടുകയായിരുന്നു ചെയ്തത്. പാട്ടുംപാടി പുഷ്പ്പം പോലെ പെങ്ങളൂട്ടി വിജയിച്ചു കയറിയപ്പോൾ അഹങ്കാരത്തിന്റെ പത്തിക്കാണ് തട്ടു കിട്ടുന്നത്. കുഞ്ഞാലിക്കുട്ടിയെ കണ്ട് ചർച്ച നടത്തിയ രമ്യയെ കളിയാക്കിയായിരുന്നു വിജരാഘവന്റെ പരാമർശം. ഈ വിഷയത്തിൽ കേസ് പോലുമെടുക്കാൻ പൊലീസ് മടിച്ചു. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. ഇതിനൊപ്പമാണ് രമ്യാ ഹരിദാസിനെ കളിയാക്കി ദീപാ നിശാന്തും എത്തിയത്. ഇതോടെ ആലത്തൂരിന്റെ സ്വന്തം സ്ഥാനാർത്ഥിയായി രമ്യ മാറി. ഈ സാഹചര്യത്തിലാണ് ദീപാ നിശാന്തിന് നന്ദി പറയുന്നത്.

രമ്യ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച എഴുത്തികാരി ദീപാ നിഷാന്തിനെതിരേ വലിയ രോഷമാണ് സോഷ്യൽ മീഡിയകളിൽ ഉയർന്നത്. 'ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നതെന്ന സാമാന്യബോധം വോട്ടഭ്യർഥന നടത്തുന്നവർ പുലർത്തമെന്ന' ദീപയുടെ ഫേസ്‌ബുക്ക് കുറിപ്പായിരുന്നു വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അനിൽ അക്കര, ശബരിനാഥൻ, വിടി ബൽറാം, പിസി വിഷ്ണുനാഥ് തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനെതിരേ ശബ്ദമുയർത്തുകയും ചെയ്തു. ദീപയുടെ പരിഹാസ പോസ്റ്റിന് മറുപടിയിയുമായി രമ്യ ഹരിദാസും രംഗത്തെത്തിയിട്ടുണ്ട്. വലിയൊരു ആശയപരമായ യുദ്ധത്തിന് തയ്യാറെടുത്തിരിക്കുകയാണ് ഞാൻ. എന്റെ പാട്ട്, പ്രസംഗം, സ്വഭാവം, സമീപനം എന്നിവയെല്ലാം ഈ യുദ്ധത്തിൽ എന്റെ ആയുധങ്ങളാണ്. വലിയ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ ആ ആയുധങ്ങൾ പല തരത്തിലാണ് ആളുകൾ സ്വീകരിക്കുക. ആലത്തൂരിലെ ജനങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ ഞാൻ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാൻ ആര് വിചാരിച്ചാലും കഴിയില്ല - രമ്യ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതും ജനങ്ങൾ ഉൾക്കൊണ്ടു. ഇതോടെയാണ് ആലത്തൂരിൽ താരമായി രമ്യ മാറിയത്.

രമ്യാ ഹരിദാസിനെ പരിഹസിച്ചതിൽ തുടങ്ങിയ വിവാദത്തിലെ ദീപാ നിശാന്തും വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരുന്നു. ദീപാ നിശാന്തിന് അനിൽ അക്കരെ ഫെയ്സ് ബുക്കിൽ ഒരുകളിയാക്കൽ മറുപടി കുറിച്ചിരുന്നു. ദീപയുടെ അച്ഛനെ ആദരിച്ച ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിക്കുന്ന പോസ്റ്റ് മിനിറ്റുകൾക്ക് അകം ദീപയുടേതായി വന്നു. ഇതു രണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടനൽകുകയാണ്. രമ്യാ ഹരിദാസിനെ കളിയാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇതുവരെ ദീപ മറുപടി പറഞ്ഞിട്ടില്ല. ഇങ്ങനെ ഈ വിഷയം സജീവമാക്കി നിർത്താൻ ദീപ പ്രത്യേകം ശ്രദ്ധിച്ചു. ഇത് ഗുണം ചെയ്തത് രമ്യാ ഹരിദാസിനാണ്. സോഷ്യൽ മീഡിയയിലും മറ്റും രമ്യയ്ക്ക് പെങ്ങളൂട്ടി പരിവേഷം ലഭിക്കാൻ ഇതിലൂടെ രമ്യയ്ക്ക് കഴിഞ്ഞു.

രമ്യാ ഹരിദാസിന്റെ പ്രചാരണത്തിനെ വിമർശിച്ചു കൊണ്ടുള്ള അദ്ധ്യാപിക ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക് പോയത് തിരിച്ചടിയായെന്ന് സിപിഎം ആ ഘട്ടത്തിൽ തന്നെ വിലയിരുത്തിയിരുന്നു. കവിതാ മോഷണവുമായി ബന്ധപ്പെട്ട് ദീപ വലിയ വിവാദങ്ങളിൽ ചെന്നു പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നവോത്ഥാനം പ്രസംഗിച്ച് നടക്കുന്നതിനിടെയായിരുന്നു ദീപയുടെ കവിതാ മോഷണം ചർച്ചയായത്. ഇത്തരത്തിൽ മോഷണം നടത്തിയ വ്യക്തി രമ്യാ ഹരിദാസിനെ പോലെയുള്ള സ്ത്രീയെ ആക്ഷേപിച്ചത് വലിയ ചർച്ചകൾക്ക് ഇടനൽകുകയും ചെയ്തു. ഇതെല്ലാം രമ്യയ്ക്ക് അനുകൂല തരംഗം ആലത്തൂരിൽ ഉണ്ടാക്കി. ഇതോടെ ശബരിമലയിലെ സിപിഎം വിരുദ്ധ വികാരം മുഴുവൻ രമ്യയ്ക്ക് വോട്ടുകളായി മാറി.

സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലായി. കോൺ?ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ അതിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്നു രമ്യ ഹരിദാസ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു രമ്യ. രാഹുൽ ബ്രിഗേഡിലെ മികച്ച പോരാളികളിലൊരാളായിട്ടാണ് രമ്യയെ കോൺഗ്രസ് പാർട്ടി വിലയിരുത്തിയിരുന്നത്. ദീപാ നിശാന്ത് ആഞ്ഞടിച്ചതോടെ രമ്യയ്ക്ക് മറ്റൊരു പരിവേഷവും കിട്ടി. സിപിഎമ്മിലെ വലിയൊരു വിഭാഗം ദീപയ്ക്ക് എതിരായിരുന്നു.

പാട്ടിലൂടെയും വൈകാരിക പ്രസംഗങ്ങളിലൂടെയും ആലത്തൂരിൽ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ കുറിപ്പ് ചർച്ചയായത്. 'സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണ'മെന്നുമാണ് ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. രമ്യ ജയിച്ചാൽ പാർലമെന്റിലെത്തുന്ന ആദ്യത്തെ ദളിത് എംപി ആയിരിക്കുമെന്ന അനിൽ അക്കര എംഎൽഎയുടെ വാദത്തെയും ദീപ വിമർശനവിധേയമാക്കി. ഇതോടെ ദീപാ നിശാന്തിനെതിരെ ട്രോൾ മഴയെത്തി. ഇതിനെ മറികടക്കാൻ പലവിധ പോസ്റ്റുകളുമായി ദീപ സജീവമായി. ഇതെല്ലാം ആലത്തൂരിൽ ദീപയ്ക്ക് തുണയായി.

ദീപാ നിശാന്തിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു

''ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.' രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും' എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

'ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ' എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.''

ദീപാ നിശാന്തിന് മറുപടിയുമായി രമ്യ ഇട്ട ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങൾ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ പല തരത്തിലാണ് ആളുകൾ സ്വീകരിക്കുക. ഞാൻ ഒരു ദളിത് കുടംുബത്തിൽ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാൻ പാട്ട് പഠിച്ചത്.

എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോൾ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ ഞാൻ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാൻ ആര് വിളിച്ചാലും കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP