Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ ആപ്പ് നേരിടുന്നത് കേരളത്തിൽ സിപിഎം നേരിടുന്ന അതേ അവസ്ഥ; ഭരണവിരുദ്ധ വികാരം ഇല്ലെങ്കിലും ആപ്പിന് വോട്ട് ചെയ്തിട്ടു കാര്യമെന്തെന്ന് ചോദിക്കുന്നവരേറെ; ഉറച്ച കെജ്‌രീവാൾ ഫാൻസ് പോലും മോദിക്കും രാഹുലിനും അനുകൂലമായി തിരിഞ്ഞു; ഇന്ന് ഡൽഹിയിൽ നടക്കുന്ന ത്രികോണത്തിൽ മുൻതൂക്കം ബിജെപിക്ക് തന്നെ

ഡൽഹിയിൽ ആപ്പ് നേരിടുന്നത് കേരളത്തിൽ സിപിഎം നേരിടുന്ന അതേ അവസ്ഥ; ഭരണവിരുദ്ധ വികാരം ഇല്ലെങ്കിലും ആപ്പിന് വോട്ട് ചെയ്തിട്ടു കാര്യമെന്തെന്ന് ചോദിക്കുന്നവരേറെ; ഉറച്ച കെജ്‌രീവാൾ ഫാൻസ് പോലും മോദിക്കും രാഹുലിനും അനുകൂലമായി തിരിഞ്ഞു; ഇന്ന് ഡൽഹിയിൽ നടക്കുന്ന ത്രികോണത്തിൽ മുൻതൂക്കം ബിജെപിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്തിട്ട് എന്തുകാര്യം എന്ന് ചോദിക്കുന്ന വോട്ടർമാർ കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ബിജെപി വിരുദ്ധ സർക്കാർ ഉണ്ടാക്കുന്നതിന് കോൺഗ്രസിനെ പിന്തുണയ്ക്കുകയല്ലാതെ സിപിഎമ്മിന് വേറെ വഴിയില്ലെന്നിരിക്കെ, ആ വോട്ട് നേരിട്ട് കോൺഗ്രസ്സിന് ചെയ്താൽ പോരെയെന്നായിരുന്നു ഇവരുടെ ചോദ്യം. സമാനമായ അവസ്ഥ നേരിടുന്ന മറ്റൊരു ഭരണപക്ഷം കൂടിയുണ്ട്. ഡൽഹിയിലെ ആം ആദ്മി പാർട്ടിയാണത്.

ഡൽഹിയിലെ ഏഴ് സീറ്റിലും കഴിഞ്ഞതവണ വിജയിച്ചത് ബിജെപിയാണ്‌.  എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആപ്പിന് വോട്ട് ചെയ്യുന്നത് എന്തിനെന്ന് ചോദിക്കുന്നവരാണേറെ. കോൺഗ്രസ്സുമായി കടുത്ത ഭിന്നിപ്പിൽനിൽക്കുന്ന ആപ്പിന് വോട്ട് ചെയ്താൽ, ബിജെപിയുടെ വിജയസാധ്യത കൂട്ടുകയല്ലേ ചെയ്യുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അടുത്ത ആരാധകർ പോലും ചോദിക്കുന്നു. കേന്ദ്രത്തിൽ സർക്കാരുണ്ടാക്കുമെന്ന് ഉറപ്പുള്ളി ബിജെപിക്കോ കോൺഗ്രസ്സിനോ വോട്ട് ചെയാതാൽ പോരെയെന്നാണ് അവരുടെ ചോദ്യം.

ഇന്നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. എല്ലാ മണ്ഡലങ്ങളിലും ത്രികോണ മത്സരമാണെങ്കിലും കൂടുതൽ സാധ്യത ബിജെപിക്കാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആപ്പിന് ഈ പ്രതിസന്ധി നേരിടേണ്ടിവന്നത്. കോൺഗ്രസുമായി ആപ്പ് സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഏഴ് സീറ്റിലും വിജയിക്കാനാകുമായിരുന്നുവെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ വോട്ടുകൾ വിഘടിച്ച് പോകുന്നത് ബിജെപിക്കേ ഗുണം ചെയ്യൂവെന്നാണ് കരുതുന്നത്.

കെജ്‌രീവാൾ സർക്കാരിനോട് ജനങ്ങൾക്ക് എതിർപ്പൊന്നുമില്ലെങ്കിലും ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വേറിട്ടതാണെന്ന് വോട്ടർമാർ കരുതുന്നു. ബിജെപിയെ തോൽപിക്കുകയെന്ന പൊതു ആശയത്തിനുകീഴിയിൽ കോൺഗ്രസിനും ആപ്പിനും യോജിച്ചുനിൽക്കാനാകാതെ പോയതും വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ജനപ്രീതി നഷ്ടമായത് കോൺഗ്രസ്സിനെയും ഡൽഹിയിൽ ദുർബലപ്പെടുത്തുന്നു.

2014-ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 33.1 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസ്സിന് 15.2 ശതമാനം വോട്ടും. ഒന്നിച്ചുനിന്നിരുന്നെങ്കിൽ ഡൽഹി തൂത്തുവാരാമായിരുന്നുവെന്ന് വിലയിരുത്തുന്നതിന്റെ കാരണം ഇതാണ്. വോട്ടുകൾ വിഘടിച്ചുപോകുന്നത് ബിജെപിയെയാകും സഹായിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകനായ അരവിന്ദ് ദുബൈ പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നവർ ഡൽഹി നഗരത്തിലേറെയാണ്. ഇതും ബിജെപിയുടെ വോട്ട് വിഹിതം കൂട്ടുമെന്ന് അദ്ദേഹം കണക്കാകകുന്നു.

കേന്ദ്രം കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ കെജ്‌രീവാൾ സർക്കാർ പരാജയപ്പെട്ടുവെന്ന് കരുതുന്നവരുമേറെയാണ്. ബിജെപി ആപ്പിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണവും ഇതുതന്നെ. തലസ്ഥാന നഗരത്തിലെ സീറ്റുകൾ ഭരണകക്ഷിയയ്ക്കല്ലാതെ പോകുന്നത് വികസനത്തെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഇതാണ് ആപ്പിന്റെ ഡൽഹിയിലെ ഇത്തവണത്തെ സാധ്യതകളെ പിന്നോട്ടടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP