Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിത വെറുത്തിരുന്ന ദിനകരൻ തന്നെ 'അമ്മ'യുടെ പിൻഗാമിയായി; ജീവന്മരണ പോരാട്ടത്തിൽ രണ്ടില ചിഹ്നം കിട്ടിയിട്ടും പളനി സ്വാമിയും പനീർസെൽവവും കാലിടറി വീണു; ഡിഎംകെ നിലപരിശായി; കാശിറിക്കി കളിച്ച് വിമതനായി ജയിച്ചു കയറി ദിനകരൻ; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേര; അഴിമതിക്കേസിൽ അകത്തായ ശശികലയ്ക്ക് കരുത്ത് പകർന്ന അത്യുഗ്രൻ ജയം; ആർ കെ നഗറിൽ മരുമകനിലൂടെ ലക്ഷ്യമിട്ടത് സാധിച്ച് ചിന്നമ്മ; തമിഴ്‌നാട്ടിൽ അധികാര കേന്ദ്രങ്ങൾ ഇനി മാറിമറിയും

ജയലളിത വെറുത്തിരുന്ന ദിനകരൻ തന്നെ 'അമ്മ'യുടെ പിൻഗാമിയായി; ജീവന്മരണ പോരാട്ടത്തിൽ രണ്ടില ചിഹ്നം കിട്ടിയിട്ടും പളനി സ്വാമിയും പനീർസെൽവവും കാലിടറി വീണു; ഡിഎംകെ നിലപരിശായി; കാശിറിക്കി കളിച്ച് വിമതനായി ജയിച്ചു കയറി ദിനകരൻ; ഇനി ലക്ഷ്യം മുഖ്യമന്ത്രി കസേര; അഴിമതിക്കേസിൽ അകത്തായ ശശികലയ്ക്ക് കരുത്ത് പകർന്ന അത്യുഗ്രൻ ജയം; ആർ കെ നഗറിൽ മരുമകനിലൂടെ ലക്ഷ്യമിട്ടത് സാധിച്ച് ചിന്നമ്മ; തമിഴ്‌നാട്ടിൽ അധികാര കേന്ദ്രങ്ങൾ ഇനി മാറിമറിയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മന്നാർഗുഡി മാഫിയയുടെ പിടിയിലാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും മന്നാർഗുഡി മാഫിയയ്ക്കെതിരെ ഉയർന്നു. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകാൻ കുപ്പായം തച്ചപ്പോൾ കോടതിയുടെ ഇടപെടലെത്തി. അവർ അഴിക്കുള്ളിലായി. ഇപ്പോൾ മരുമകൻ ദിനകരനിലൂടെ തമിഴ്‌നാട് തിരിച്ചു പിടിക്കുകയാണ് ശശികല. ഇതിന്റെ ഭാഗമായാണ് ദിനകരനെ ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയാകിയത്. വമ്പൻ വിജയവുമായി ദിനകരൻ ജയിക്കുമ്പോൾ ചിരിക്കുന്നത് അഴിക്കുള്ളിലായ ശശികലയാണ്.

ടിടിവി-60,584
ഇ.മധുസൂദനൻ(എഐഎഡിഎംകെ)-30,555
എൻ.മരുതുഗണേശ്(ഡിഎംകെ)- 17145
ബിജെപി-942

തമിഴർക്ക് അമ്മയായിരുന്നു ജയലളിത. ജയലളിതയുടെ വ്യക്തിപ്രഭാവത്തിൽ എംജിആറിന് ശേഷവും അണ്ണാ ഡിഎംകെ മുന്നോട്ട് പോയി. അപ്രതീക്ഷിതമായി ജയലളിത മരിച്ചപ്പോൾ വിവാദവുമെത്തി. അഴിമതിക്കേസിൽ ജയലളിതയ്‌ക്കൊപ്പം പ്രതിയായിരുന്ന ഉറ്റതോഴി ശശികല അഴിക്കുള്ളിലുമായി. ഇതോടെ അണ്ണാ ഡിഎംകെയിൽ പ്രശ്‌നങ്ങൾ തുടങ്ങി. ചിന്നമ്മയെ ആദ്യം തള്ളിപ്പറഞ്ഞത് മുൻ മുഖ്യമന്ത്രി പനീർസെൽവമായിരുന്നു. പനീർസെൽവത്തെ തകർക്കാൻ ചിന്നമ്മ കണ്ടെത്തിയ പളനിസ്വാമിയും അധികാരം കിട്ടിയപ്പോൾ സ്വന്തം വഴിക്കായി. പിന്നീട് പളനിസ്വാമിയും പനീർസെൽവവും ഒരുമിച്ചു. ഇവർക്ക് ആർ കെ നഗറിൽ തിരിച്ചടി നൽകുകയാണ് ശശികല. ഇനി ജയലളിതയുടെ അണികളുടെ ചിന്നമ്മയായി ശശികല വീണ്ടും മാറും. കർണ്ണാടക ജയിലിലുള്ള ശശികലയ്ക്ക് വേണ്ടി ദിനകരൻ തമിഴ്‌നാട് പിടിക്കാനും ശ്രമിക്കും.

പണത്തിന്റെ കുത്തൊഴുക്കാണ് ആർ കെ നഗറിൽ ഉണ്ടായതെന്ന ആരോപണവും ശക്തമാണ്. ജയിച്ചാലും തോറ്റാലും വോട്ടർമാർക്ക് പതിനായിരം രൂപ വച്ച് കൊടുക്കാമെന്ന് ദിനകരൻ പറഞ്ഞതായും ആരോപണം ഉയരുന്നു. നേരത്തെ ഒരിക്കൽ കാശ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആർ കെ നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ഇത്തരം ആരോപണങ്ങളുള്ളപ്പോഴും ജയം എന്ന വികാരത്തിലൂടെ എതിരാളികളെ ദിനകരൻ നിഷ്പ്രഭമാക്കും. മൂന്ന് മാസത്തിനുള്ളിൽ അധികാരം താൻ പിടിക്കുമെന്നാണ് വിജയത്തിന് ശേഷം ദിനകരൻ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത തോൽവിയാണ് ഡിഎംകെയ്ക്ക് നേരിടേണ്ടി വന്നത്. ബിജെപിയും അപ്രസക്തമായി. ഇതോടെ ദിനകരൻ ശക്തനായ നേതാവായി മാറും.

കഴിഞ്ഞ 14 വർഷങ്ങളായി തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ജയിക്കാനായിട്ടില്ല. പണത്തിന് പണവും ആളിന് ആളും ഇറക്കി ഭരണകക്ഷി കൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് പ്രതിപക്ഷം പലപ്പോഴും തയ്യാറായിട്ടുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനകരൻ മത്സരത്തിനെത്തുന്നത്. വെല്ലുവിളികൾ ഏറെയായിരുന്നു. തമിഴ് ജനതയ്ക്ക് മുഴുവൻ ദിനകരനും ജയലളിതയും തമ്മിലെ പ്രശ്നങ്ങൾ അറിയാമെന്നും അതുകൊണ്ട് തന്നെ ദിനകരൻ തോൽക്കുമെന്നും കണക്ക് കൂട്ടി. പക്ഷേ വമ്പൻ വിജയം നേടി ദിനകരൻ എംഎൽഎയാകുന്നു. പണത്തിന്റെ സ്വാധീനവും ഇതിൽ പ്രകടമാണ്. എല്ലാത്തിലും ഉപരി ജയിക്കാനായെന്നതാണ് ദിനകരന്റെ മികവ്.

മന്നാർ ഗുഡി മാഫിയയെ കുറിച്ച് ചില തിരിച്ചറിവുണ്ടായപ്പോൾ ജയലളിത ആദ്യം അകറ്റിയ വ്യക്തിയാണ് ദിനകരൻ. എന്നുട്ടും ആർ കെ നഗറിൽ ദിനകരനെ ശശികല സ്ഥാനാർത്ഥിയാക്കി. ജയിച്ചാൽ ഇനിയുള്ള നാല് കൊല്ലം മന്നാർഗുഡി മാഫിയയ്ക്ക് ഭരണം. അല്ലെങ്കിൽ ശശികലയുടെ രാഷ്ട്രീയവും തീരും. അങ്ങനെ രണ്ടും കൽപിച്ചുള്ള കളിക്കാണ് ശശികല വട്ടം കൂട്ടിയത്. ദിനകരന്റെ വിജയത്തോടെ ജയലളിതയുടെ അനുഗ്രഹം തനിക്കൊപ്പമാണെന്ന് ശശികല വാദിക്കും. പളനിസ്വാമിക്കുള്ള എംഎൽഎമാർ ഇനി കൂട്ടത്തോടെ മറുപക്ഷത്ത് എത്തും. ഏത് നിമിഷം വേണമെങ്കിലും ദിനകരൻ മുഖ്യമന്ത്രിയുമാകും. വീണ്ടും എഐഎഡിഎംകെയുടെ നിയന്ത്രണം ശശികലയുടെ കൈയിലെത്തും.

ആർ കെ നഗറിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനെ കളത്തിലിറക്കുമ്പോൾ ശശികല ക്യാമ്പിന് ഒരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അത് വിജയമായിരുന്നു. ആർ കെ നഗറിൽ നിന്ന് ദിനകരൻ ജയിച്ചതോടെ എടപ്പാടി പഴനിസാമി പിന്നീട് അധികകാലം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ലെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. 1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത തോറ്റിരുന്നു. ഈ മണ്ഡലത്തിലാണ് ദിനകരൻ ജയിച്ചു കയറുന്നത്. മുൻ രാഷ്ട്രപതി രാധാകൃഷ്ണന്റെ പേരിലുള്ള മണ്ഡലമാണ് ആർ കെ നഗർ. 1977 ലാണ് ഈ മണ്ഡലം നിലവിൽ വന്നത്. അന്ന് തൊട്ടിന്നോളം നടന്നിട്ടുള്ള 11 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏഴിലും ആർ കെ നഗർ എഐഎഡിഎംകെയ്‌ക്കൊപ്പമായിരുന്നു.

2015 ലെ ഉപതിരഞ്ഞെടുപ്പിൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത ഇവിടെ നിന്നും ജയിച്ചത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ജയലളിതയുടെ ഭൂരിപക്ഷം 39,545 ആയി കുറഞ്ഞു.1977 മുതൽ 84 വരെ എംജിആറും പിന്നിട് ജയലളിതയും പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ആർ കെ നഗറിൽ ഏഴ് വിജയവും എഐഎഡിഎംകെ കൊയ്തത്. ഇരട്ട ഇല എന്ന ചിഹ്നവുമായി മത്സരിച്ചിട്ടും പഴനി സ്വാമിയുടെ ഇ മധുസൂധനന് ജയിക്കാനായില്ല. 1999 ൽ തേനിയിൽ നിന്നും ദിനകരൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ൽ പെരിയകുളത്ത് ദിനകരൻ കോൺഗ്രസ് നേതാവ് ആരൂൺ റഷീദിനോട് പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ നിർണ്ണായക മത്സരത്തിൽ വീണ്ടും ജയിച്ചു. ഇനി തമിഴ്‌നാട്ടിലെ നിർണ്ണായ രാഷ്ട്രീയ സ്വാധീനമായി ദിനകരൻ മാറും.

നടീകീയ രംഗങ്ങൾ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന തമിഴ്‌നാട്ടിലെ ദ്രാവിഡ പാർട്ടികളിൽ ഒന്നും പുതിയതായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കിടന്നുകൊണ്ട് പനീർസെൽവത്തെ മുന്നിൽ നിർത്തി ജയലളിത മാസങ്ങൾക്ക് മുമ്പ് പിടിച്ച കടിഞ്ഞാൺ എടപ്പാടി പളനിസ്വാമിയെ മുന്നിൽ നിർത്തി നടത്താനായിരുന്നു ശശികല ആഗ്രഹിച്ചത്. പളനിസ്വാമിയെ പുതിയ നേതാവായി ഉയർത്തിക്കാട്ടിയെങ്കിലും പാർട്ടിയിലെ ഏകാധിപതിയായിരുന്ന ജയലളിത പുറത്താക്കിയ തന്റെ സഹോദരിപുത്രൻ ടിടിവി ദിനകരനെ ശശികല പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്നത് വ്യക്തമായ പദ്ധതി പ്രകാരമായിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കം മുതൽ ശശികലയ്ക്കൊപ്പം സഹോദരി വനിതാമണിയുടെ മൂത്തമകൻ ദിനകരൻ ഉണ്ടായിരുന്നു. ഒരു പരിധി വരെ ശശികല ഉപയോഗിച്ച തന്ത്രങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം ദിനകരൻ ആണെന്നും വിലയിരുത്തുന്നു.

ടിടിവി സഹോദരങ്ങൾ എന്നറിയപ്പെടുന്ന ദിനകരൻ, സുധാകരൻ, ഭാസ്‌ക്കരൻ സഹോദരന്മാരാണ് സംഘത്തിലുള്ളത്. സുധാകരൻ ജയലളിതയുടെ വളർത്തുമകനാകുകയും പിന്നീട് അകലുകയും ചെയ്തെങ്കിലും ദിനകരൻ അടുപ്പം നിലനിർത്തി. 2011 ലായിരുന്നു ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയത്. ദിനകരനും കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ശശികലയെ മാത്രമായിരുന്നു ജയലളിത തിരിച്ചു വിളിച്ചത്. മുമ്പ് 2014 ൽ ജയലളിത 18 വർഷം നീണ്ട അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായപ്പോൾ പകരം മുഖ്യമന്ത്രിയാക്കിയത് പനീർസെൽവത്തെ ആയിരുന്നു. എന്നിരുന്നാലും കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ജയലളിതയായിരുന്നു.

പിന്നീട് കർണാടക ഹൈക്കോടതി കുറ്റവിമുക്തമാക്കിയപ്പോൾ ജയലളിത തിരിച്ചു വരികയും വണ്ടും അസുഖം ബാധിച്ച് അപ്പോളോ ആശുപത്രിയിൽ കഴിച്ചപ്പോഴും കാര്യങ്ങൾ പനീർശെൽവത്തെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ഇപ്പോൾ ശശികല ജയിലിൽ. ആർകെ നഗറിലെ ജയത്തോടെ ഇനി പാർട്ടിയെ ദിനകരൻ നയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP