Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളാപ്പള്ളി-പിണറായി-ചാക്ക് എന്ന മഴവിൽ മുന്നണിക്കും മലമ്പുഴയിൽ വിഎസിനെ തോൽപ്പിക്കാൻ പറ്റില്ല; ചിറ്റൂരിലെ ഭീമൻ-ജരാസന്ധൻ മത്സരത്തിൽ അച്യുതൻ പച്ചതൊടും; ഷൊർണ്ണൂർ, ഒറ്റപ്പാലം, തരൂർ മണ്ഡലങ്ങൾ ഇടതിനൊപ്പം; ബൽറാമും ഷാഫിയും വിജയിക്കും: അഡ്വ. ജയശങ്കർ പാലക്കാട്ടെ സാധ്യതകൾ വിലയിരുത്തുന്നു

വെള്ളാപ്പള്ളി-പിണറായി-ചാക്ക് എന്ന മഴവിൽ മുന്നണിക്കും മലമ്പുഴയിൽ വിഎസിനെ തോൽപ്പിക്കാൻ പറ്റില്ല; ചിറ്റൂരിലെ ഭീമൻ-ജരാസന്ധൻ മത്സരത്തിൽ അച്യുതൻ പച്ചതൊടും; ഷൊർണ്ണൂർ, ഒറ്റപ്പാലം, തരൂർ മണ്ഡലങ്ങൾ ഇടതിനൊപ്പം; ബൽറാമും ഷാഫിയും വിജയിക്കും: അഡ്വ. ജയശങ്കർ പാലക്കാട്ടെ സാധ്യതകൾ വിലയിരുത്തുന്നു

പാലക്കാട് ജില്ലയെ സംബന്ധിച്ചു പറഞ്ഞാൽ കണ്ണൂരിനേക്കാളും, ആലപ്പുഴയേക്കാളും, കൊല്ലത്തെക്കാളും ഉറച്ച ഒരു ഇടതു ചുവപ്പു കോട്ടയായിരുന്നു. 1957 ൽ സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ, ചിലപ്പോൾ ലോകത്തിലെ തന്നെ ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ അതിനു ഏറ്റവും നിർണയകമായ പങ്കു വഹിച്ചത് പാലക്കാട് ജില്ലയായിരുന്നു. 1960 ലെ വിമോചന സമരം കഴിഞ്ഞിട്ടുള്ള തിരഞ്ഞെടുപ്പിൽ പോലും പാലക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 1965 ലും 1967 ലും അതാവർത്തിച്ചു. 1970- ൽ സംസ്ഥാന ഭരണം മാർസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ലഭിച്ചപ്പോൾ പാലക്കാട് ജില്ലയിൽ ഉണ്ടായിരുന്ന എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷതത്തിനൊപ്പം നിന്നു എന്നതും ചരിത്രമാണ്.

1977 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്രാഫ് താഴോട്ട് വരാൻ തുടങ്ങി 1977 ൽ പാലക്കാട് പട്ടാമ്പി തുടങ്ങിയ പരമ്പരാഗത മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കുന്നത് നമ്മൾ കണ്ടു. ഇ.എം.എസ് തന്റെ മണ്ഡലമായ പട്ടാമ്പിയിൽ നിന്ന് മാറിയതും ആലത്തൂരിൽ 2000 ൽ പരം ഭൂരിപക്ഷത്തിൽ മാത്രം വാങ്ങി കഷ്ടിച്ചു രക്ഷപെട്ടതും ചരിത്ര സംഭവങ്ങളാണ്. 1980 പാർട്ടി ഉരുത്തിരിച്ചു വരവ് നടത്തി എങ്കിലും പാലക്കാട് പാർലമെന്റ് മണ്ഡലം പാർട്ടിക്കു നഷ്ടപ്പെട്ടു. 1984 ൽ പിന്നീട് വീണ്ടും നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം പാലക്കാട് മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. 1987 ൽ പാർട്ടി തിരിച്ചു വരവ് നടത്തിയപ്പോൾ സംസ്ഥാനത്തു എമ്പാടും വൻ വിജയം കിട്ടിയപ്പോഴും പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളും പിടിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. 1977 മുൻപ് 10 സീറ്റാണ് ഉണ്ടായിരുന്നത്. 1977 മുതൽ അത് 11 സീറ്റായി. 2011 ആയപ്പോൾ അത് 12 സീറ്റുകൾ ആയി മാറി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ ഇടതുപക്ഷത്തിന് നല്ല തിരിച്ചടിയുണ്ടായി. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ സീറ്റുകൾ നഷ്ടപ്പെട്ടു. ഇത്തവണ പാർട്ടിക്ക് അധികാരത്തിൽ വരണമെങ്കിൽ ഇതിൽ എത്ര സീറ്റുകൾ തിരിച്ചു പിടിക്കാൻ കഴിയും എന്നതാണ് പ്രധാനം. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ജില്ലയാണ് പാലക്കാട് ജില്ല. നിലവിലുള്ള സീറ്റുകൾ കളയാതെ രണ്ടോ മൂന്നോ സീറ്റുകൾ തിരിച്ചു പിടിക്കുകയും വേണം എന്നുള്ളതാണ് യാഥാർഥ്യം. പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ ഇലക്ഷനിൽ ഇടതിന് നല്ല ഭൂരിപക്ഷം ലഭിച്ചു മണ്ണാർക്കാട് മാത്രമാണ് യൂഡിഎഫ് നു 300 ൽ താഴെ വോട്ടിന്റെ നേരിയ ഭൂരിപക്ഷ മുള്ളത് ബാക്കി സ്ഥലങ്ങളിൽ ഇടതുമുന്നണി ലീഡ് ചെയ്തിരുന്നു. പഞ്ചായത്തു തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. നഗരസഭകൾ തുല്യമായി പങ്കിട്ടു. എൽഡിഎഫ് 3, യൂഡിഎഫ് 3, ബിജെപി 1 എന്നതാണ്.

ശക്തമായ ത്രികോണ മത്സരത്തിലും പാലക്കാട് നേരിയ സാധ്യത ഷാഫിക്ക്

പാലക്കാട് വളരെ ശകതമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിറ്റിങ് എംഎൽഎ ഷാഫി പറമ്പിൽ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഷാഫി പറമ്പിൽ മതിപ്പുണ്ടാക്കിയിട്ടുള്ള എംഎൽഎയാണ് ചെറുപ്പക്കാരനാണ്, ഉത്സാഹിയാണ്, ഊർജ്ജസ്വലനാണ് എന്ന് മാത്രമല്ല പാലക്കാട് മെഡിക്കൽ കോളേജ് സ്ഥാപിച്ച ശിൽപി ഇദ്ദേഹമാണെന്നാണ് അറിയപ്പെടുന്നത്. പട്ടികജാതി ഫണ്ട് വക മാറ്റി ചിലവഴിച്ചിട്ടാണെങ്കിൽ പോലും ഇതിന്റെ ക്രെഡിസിറ്റിലാണ് കാണപ്പെടുന്നത്. കെ കെ ദിവാകരൻ ആയിരുന്നു കഴിഞ്ഞ തവണ ഷാഫിയുടെ എതിർ സ്ഥാനാർത്ഥി. ഇക്കുറി സിപിഐ(എം) ദിവാകരനെ പിൻവലിച്ചു മുൻ എംപി ആയിരുന്ന എൻഎൻ കൃഷ്ണ ദാസിനെയാണ് നിർത്തിയിരിക്കുന്നത്. അതിശക്തനായ സ്ഥാനാർത്ഥിയാണ് കൃഷ്ണദാസ് 4 തവണ പാലക്കാട് എംപി ആയിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിലും ഭേദപ്പെട്ട പ്രകടനം നടത്തിയ ബിജെപി അതെ സ്ഥാനാർത്ഥി ആയിരുന്ന ശോഭ സുരേന്ദ്രനെയാണ് പാലക്കാട് ഇറക്കിയിരിക്കുന്നത്. ബിജെപിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിൽ 26000 അടുത്ത് ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണ ഒരു നമോ തരംഗം ഉണ്ടാക്കി ജയിപ്പിക്കാനാണ് ശോഭയെ അവിടെ നിർത്തിയിരിക്കുന്നത്. ഒപ്പം പാലക്കാട് നഗരസഭ ഭരിക്കുന്നതും ഇപ്പോൾ ബിജെപിയാണ്. ഈ അനുകൂല സാഹചര്യങ്ങൾ ശോഭ സുരേന്ദ്രന് ഉണ്ട്. നല്ല മത്സരമാണ് ഇവിടെ നടക്കുന്നത്. ആര് ജയിക്കും എന്ന് പറയാൻ കഴിയില്ല എന്നാലും ഞാൻ ഒരു നേരിയ സാധ്യത കൽപ്പിക്കുന്നത് ഷാഫി പറബിലിനാണ്.

മലമ്പുഴയിൽ വി എസ് ഒരു വൻപുലി തന്നെ, അട്ടിമറി വിദൂരം

മലമ്പുഴ ഉണ്ടായ കാലം മുതൽക്കേ അതൊരു സിപിഐ(എം) കോട്ടയാണ്. എത്ര വലിയ തരംഗത്തിലും മലമ്പുഴ സിപിഎമ്മിനോടൊപ്പം നിന്നിട്ടുണ്ട്. 2001 മുതൽ വി എസ് ഇവിടെ മത്സരിക്കുന്നു. ഇത്തവണയും വി എസ് അച്യുതാനന്ദൻ തന്നെയാണ് മലമ്പുഴയിൽ മത്സരിക്കുന്നത്. വിഎസിനു എതിരായി മറ്റൊരു വിഎസിനെയാണ് ഇത്തവണ ഇവിടെ കോൺഗ്രസ്സ് നിർത്തിയിട്ടുള്ളത് അദ്ദേഹത്തിന്റെ പേര് വി എസ് ജോയ് എന്നാണ്. അത് പേരിന്റെ ഒരു കൗതുകം ഒഴിച്ചാൽ ഉമ്മൻ ചാണ്ടിക്കു എതിരായി ജെയ്ക്ക് പി തോമസിനെ നിർത്തിയത് പോലെ അതെ മാനസിക അവസ്ഥയിൽ തന്നെയാണ് വി എസ് ജോയ്. മലമ്പുഴയിൽ വന്നു നിൽക്കുന്നത്.

പക്ഷെ ബിജെപിക്കാർ അങ്ങനെയല്ല, കൃഷ്ണകുമാർ എന്ന ഭയങ്കരനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. കൃഷ്ണകുമാർ പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂന്നു തവണ മുന്നു സ്ഥലങ്ങളിൽ മാറി മാറി നിന്ന് ജയിച്ചു നിലവിൽ കൗൺസിലറാണ്, ഉത്സാഹിയാണ്. എന്നാൽ വി എസ് അച്യുതാനന്ദനെ തോൽപ്പിച്ചു കളയാമെന്ന അഹങ്കാരമൊന്നും കൃഷ്ണ കുമാറിന് ഉണ്ടാവാൻ തരമില്ല. എന്നാൽ കൃഷ്ണ കുമാറിന് അനുകൂലമായ ഒരു ഘടകം മലമ്പുഴ മണ്ഡലത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. 2006 ൽ വി എസ് തോൽപ്പിക്കാൻ വേണ്ടി കൊണ്ടുപിടിച്ച അതേ മാരാരിക്കുളം ശക്തികൾ അതായത് കാഞ്ഞിക്കോട്ടെ ഇരുമ്പുരുക്കു വ്യവസായികൾ പാലക്കാട്ടെ നിലംനികത്തൽ ആളുകൾ, ഫ്‌ലാറ്റ് പണിയുന്ന ആളുകൾ, കോള കമ്പനികൾ തുടങ്ങിയ നാടിനെ കുട്ടിച്ചോറാക്കുന്ന മൂലധന ശക്തികൾ ഇവിടെ മുന്നോട്ടു വന്നിട്ടുണ്ട്. ഒപ്പം വി എസ് ഉയർത്തിക്കൊണ്ടുവന്ന മൈക്രോഫിനാൻസ് തട്ടിപ്പു എസ്എൻ ട്രസ്റ്റ് അഴിമതി വിവാദങ്ങളിൽ പെട്ട വെള്ളാപ്പള്ളി നടേശനും കണക്കുതീർക്കാനായി ഇവിടെ രംഗത്തു വന്നിട്ടുണ്ട് ഇവരുടെയെല്ലാം പ്രവർത്തികൾ ഏകോപിപ്പിക്കുന്നത് പിണറായി വിജയന്റെ വലം കൈ ആയ ചാക്ക് രാധാകൃഷ്ണനാണ്.

വെള്ളാപ്പള്ളി-പിണറായി-ചാക്ക് എന്ന മഴവിൽ മുന്നണിയാണ് ഇവിടെ ഇപ്പോൾ രൂപം കൊണ്ടിട്ടുള്ളത്. പക്ഷെ ഒന്നും നടക്കില്ല. ദേവേന്ദ്രന്റെ അച്ഛൻ മുത്തുപട്ടരു വന്നാലും മലമ്പുഴയിൽ വിഎസിനെ തോൽപിക്കാൻ സാധ്യമല്ല. ഒരുപക്ഷെ വെള്ളാപ്പള്ളിയുടെ സംഘശക്തിയും ചാക്ക് രാധാകൃഷ്ണന്റെ സാമ്പത്തിക പിന്തുണ ഉള്ളതുകൊണ്ട് കൃഷ്ണകുമാർ രണ്ടാം സ്ഥാനത്ത് എത്തിയേക്കാം. എന്നാലും വി എസ് ഒരു 20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിക്കും. പിന്നെ വേറൊരു അപകട സാധ്യത എന്താണെന്നു വച്ചു കഴിഞ്ഞാൽ ഉമ്മൻ ചാണ്ടി സാറും, കുഞ്ഞാലികുട്ടി സാഹിബുകുട്ടി കൂടിയിട്ട് കോൺഗ്രസിന്റെ വോട്ട് കൂടി കൃഷ്ണ കുമാറിന് മറിച്ചു കൊടുക്കുക എന്ന വളരെ വിദൂരമായ സാഹചര്യം ഉണ്ടായാൽ ഒരു പക്ഷെ വി എസ് തോൽക്കാം. പക്ഷെ അത് ഞാൻ പ്രതീക്ഷികുന്നില്ല. പക്ഷെ വി എസ് ഒരു വൻ പുലിയാണ്.

തൃത്താലയിൽ കടുത്ത പോരാട്ടമെങ്കിലും മുൻതൂക്കം ബൽറാമിന്

2006-ലെ തിരഞ്ഞെടുപ്പ് വരെ തൃത്താല ഒരു സംവരണ സീറ്റായിരുന്നു. അതുവരെ ഇടത്തുപക്ഷമാണ് ഇവിടെ ജയിച്ചുകൊണ്ടിരുന്നത്. 2011 ൽ സഖാവ് പി മമ്മികുട്ടിയെ മലർത്തി അടിച്ചുകൊണ്ട് കോൺഗ്രസിന്റെ യുവ ഹരിത എംഎൽഎ വിടി ബലറാം ഇവിടെ ജയിച്ചു. ബലറാം ആയതുകൊണ്ടാണ് അന്ന് ഇവിടെ കോൺഗ്രസ് ജയിച്ചത്. വിടി ബലറാം ജയിച്ചു ഇതുവരെ വികസനം എത്തിനോക്കാത്ത ഇരുൾ അടഞ്ഞ ഇവിടുത്തെ റോഡുകൾ ടാർ ചെയ്തു. എംഎൽഎമാരെകൊണ്ടു ഇങ്ങനെ ചില ഉപകാരങ്ങളുണ്ടെന്നു ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. പൊതുവെ മണ്ഡലത്തിലും ഫേസ്‌ബുക്കിലും നിറഞ്ഞു കവിഞ്ഞു നിന്ന എംഎൽഎയാണ് ബലറാം. അതുകൊണ്ടു ഡിവൈഎഫ്‌ഐകാർക്ക് ബാലറാമിനോട് തീർത്ത തീരാത്ത വിദ്വേഷവുമുണ്ട്.

പിന്നീട് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുമാർ 8000 വോട്ടുകൾക് തൃത്താലയിൽ എൽഡിഎഫ് ലീഡ് ചെയ്തു. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തു ഒഴിച്ച് തൃത്താലയിൽ എൽഡിഎഫ് ആണ് നേടിയത്, തൃത്താല ഇടതുപക്ഷത്തിന് വേരുള്ള മണ്ഡലമാണ് എന്നാൽ ബാലറാം ഇവിടെ പേരുള്ള എംഎൽഎ യുമാണ്. അപ്പോൾ അദ്ദേഹത്തിന് എതിരെ സ്വരാജ് ആവശ്യപ്പെട്ടു എന്നാണ് കേട്ടത്. പക്ഷെ ഇപ്പോൾ മത്സരിക്കുന്നത് സുബൈദ ഇസ്ഹാക്ക് ആണ് സിപിഐ(എം) സ്ഥാനാർത്ഥി. ഇവർ ഒരു നല്ല സ്ഥാനാർത്ഥിയാണ്, ഒപ്പം ബിജെപി സ്ഥാനാർത്ഥിയായി വി ടി രാമയാണ് മത്സരിക്കുന്നത്. അവരും അവിടെ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ട്. എന്നാലും ഇരു മുന്നണികൾ തമ്മിലാണ് മത്സരം എന്നാലും ഇവിടെ ബാലറാമിനാണു മേൽകൈ.

പട്ടാമ്പിയിൽ സിപി മുഹമ്മദിന് മുൻതൂക്കം

ഇഎംഎസിന്റെ സീറ്റായിരുന്നു ഒരുകാലത്തു പട്ടാമ്പി. ഇടതുപക്ഷത്തിനു വേരുകൾ ഉള്ള പ്രദേശമാണ് പട്ടാമ്പി എങ്കിലും ഇവിടെ മൂന്ന് തവണയായി കോൺഗ്രസിന്റെ സിപി മുഹമ്മദാണ് ജയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കുറിയും സിപി മുഹമ്മദ് ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പിക്കാരുടെ ചിരകാല അഭിലാഷമായിരുന്ന പട്ടാമ്പി താലൂക്ക് യാഥാർഥ്യമാക്കി എന്ന ആത്മവിശ്വാസവും മുഹമ്മദിനുണ്ട്. ഇദ്ദേഹം പട്ടാമ്പിക്കാരനാണ്. അടവ് പതിനെട്ടും പയറ്റി തെളിഞ്ഞ അങ്കചേകവനാണ്.

സിപിഐ സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹ്സിൻ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത ഇദ്ദേഹം ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും എഐഎസ്എഫിന്റെ നേതാവും ജഗൽ പ്രസിദ്ധനായ കനയ്യ കുമാറിന്റെ സാഹപ്രവർത്തകൻ ആണെന്നുള്ളതുമാണ്. മുഹമ്മദ് മുഹ്സിനു മുണ്ട് ഉടുക്കാൻ അറിയില്ല. അദ്ദേഹം ഇടതുപക്ഷ സ്ഥാനാർത്ഥി ആണെങ്കിലും വലത്തോടാണ് മുണ്ട് ഉടുക്കുന്നതു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അവിടുത്തെ കോൺഗ്രസ്സുകാർ എതിർക്കുന്നത്. ഒപ്പം പ്രസിദ്ധനായ മതപണ്ഡിതനായ മാനു മുസ്ലിയാരുടെ ചെറുമകൻ കൂടിയാണ് മുഹമ്മദ് മുഹ്സിൻ.

ജോസ് തെറ്റയിലിന് എതിരെ ലൈംഗിക ആരോപണം മുൻപ് ഉന്നയിച്ച മാന്യ മഹത്തിയും പട്ടാമ്പിയിൽ മത്സരിക്കുന്നുണ്ട് എന്ന് കേൾക്കുന്നു. അവർക്കു ആരോപണം ഉന്നയിച്ചപ്പോൾ സി പി പറഞ്ഞ പണം കൊടുത്തില്ല എന്ന് പറഞ്ഞുകൊണ്ടാണ് എന്നുള്ളതാണ് ഇവിടെ പരാതി.
അഡ്വ പി മനോജ് ആണ് ബിജെപി സ്ഥാനാർത്ഥി. ബിജെപിക്കു വോട്ടുള്ള മണ്ഡലമാണ്. ബിജെപി കാര്യമായി വോട്ടുകൾ ഭിന്നിപ്പിച്ചാൽ അത് കോൺഗസിനു ദോഷം ചെയ്യും എന്നാലും സിപി മുഹമ്മദ് ആണ് ഇവിടെ സാധ്യത.

ഷൊർണ്ണൂർ ഇടതു കോട്ടയായി തുടരും

വലിയ ഒരു കമ്മ്യൂണിസ്റ്റ് കോട്ടയാണ് ഷൊർണ്ണൂർ. ഇടതു സ്ഥാനാർത്ഥികൾ പിടിക്കുന്ന വോട്ടിന്റെ പകുതി വോട്ടു മാത്രമേ ഇവിടെ കോൺഗ്രസിന് കിട്ടാറുള്ളൂ. സലീഹയാണ് ഇവിടെ 13000 ൽ പരം വോട്ടുകൾ നേടി കഴിഞ്ഞ തവണ ജയിച്ചത്. സലീഹക്കു ഇത്തവണ സീറ്റില്ല. സിഐടിയു ജില്ലാ സെക്രട്ടറി പികെ ശശിയാണ് എവിടെ സിപിഐ(എം) സ്ഥാനാർത്ഥി. യുഡിഎഫിന്റെ സ്ഥാനാർത്ഥി സി സംഗീതയാണ്. ഇത് സ്ത്രീകൾക് സീറ്റു കൊടുത്തു എന്ന് പറയാൻ എണ്ണം തികയ്ക്കാൻ കൊടുത്തിരിക്കുന്ന സീറ്റാണ് ഇത്. അവിടെ ബിഡിജെസ് സ്ഥാനാർത്ഥിയായി വി പി ചന്ദ്രനാണു മത്സരിക്കുന്നത്. ചന്ദ്രൻ അവിടെ ധാരാളം പണം ചെലവാക്കി അതിശക്തമായ പ്രചാരണ പരിപാടികൾ ഇവിടെ നടത്തി കൊണ്ടിരിക്കുന്നുണ്ട്. വലിയ അട്ടിമറികൾ പ്രതീക്ഷ വേണ്ട എന്നാലും ചന്ദ്രനു ജാമ്യസഖ്യ തിരിച്ചു കിട്ടും. ചില അനുകൂല സാഹചര്യം ഒത്തു വന്നാൽ ചിലപ്പോൾ രണ്ടാം സ്ഥാനവും കിട്ടാം. പക്ഷെ ശശിക്കാണ് സാധ്യത. ശശിയാൽ നിശയും ശോഭിക്കും നിശായാൽ ശശിയും തഥാ എന്നാണല്ലോ ഭാഷഭൂഷണത്തിൽ പറഞ്ഞിട്ടുള്ളത്.

ഒറ്റപ്പാലത്ത് ഷാനിമോൾ പച്ച തൊടില്ല

ഒറ്റപ്പാലം ഒരു മാർക്‌സിസ്റ്റ് മണ്ഡലമാണ്. പക്ഷെ കോൺഗ്രസിന് ഒരു സൗകര്യം എന്തെണെന്നും വച്ചാൽ സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറി പി ഉണ്ണി ഇവിടെ മത്സരിക്കുന്നു എന്നതാണ്. ഇദ്ദേഹം പിണറായി സഖാവിന്റെ വലംകൈയാണ്. ഇദ്ദേഹത്തിന് എതിരാണ് പലരും. ഒപ്പം അദ്ദേഹത്തെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നത് പലർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു, ഹംസ ആയിരുന്നു അവിടെ കഴിഞ്ഞ തവണ ജയിച്ചത് ആർക്കും അറിയില്ലാത്ത കാരണങ്ങളാൽ ഹംസയെ മാറ്റി. ഒരുപാട് പേർക്ക് എതിർപ്പുള്ള പി ഉണ്ണിയെ സ്ഥാനാർത്ഥിക്കാക്കുകയും ചെയ്തു.

ഇതേ പരിപാടി തന്നെ ഇവിടെ കോൺഗ്രസും ചെയ്തു. അവിടെ കോൺഗ്രസ് സുമ ജയറാമിനെ മത്സരിക്കാൻ ആണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷെ രണ്ടു ദിവസം പ്രചാരണം നടത്തിയ ഇവരെ മാറ്റി. അവസാനം ഈ സീറ്റ് ആലപ്പുഴയിൽ നിന്ന് ഷാനിമോൾ ഉസ്മാനെ ഒറ്റപ്പാലത്തേക്ക് ഇറക്കുമതി ചെയ്തു. ഷാനി നല്ല സ്ഥാനാർത്ഥിയാണ്. പക്ഷെ ഒറ്റപ്പാലത്ത് എത്ര പഞ്ചായത്ത് ഉണ്ട്, വാർഡുകൾ ഉണ്ട് എന്നൊന്നും അറിയില്ല. അതിനാൽ ഉണ്ണിക്ക് എത്ര എതിർപ്പ് ഇവിടെ ഉണ്ടെക്കിലും ഷാനി മോൾ ഉസ്മാനെ തോൽപ്പിക്കാൻ ഉണ്ണി മതി. ഒപ്പം എൽഡിഎഫ് മണ്ഡലമാണ് ഒറ്റപ്പാലം. ബിജെപി സ്ഥാനാർത്ഥി ഇവിടെ മേഖല ജനറൽ സെക്രട്ടറി വേണുഗോപാൽ ആണ്. ബിജെപിക്കു 20000 വോട്ടുകൾ ഉള്ള സ്ഥലമാണ് നോർമൽ ആയി ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ണിക്കാണ് ഇവിടെ സാധ്യത.

കോങ്ങാട് നടക്കുന്നത് ശക്തമായ ത്രികോണ മത്സരം

കോങ്ങാട് ഒരു സംവരണ മണ്ഡലമാണ്. കെ വി വിജയദാസ് ആണ് ഇവിടെ സിറ്റിങ് എൽഎൽഎ. 3525 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. കുലുക്കിയാൽ കുലുങ്ങുന്ന സീറ്റാണ് കോങ്ങാട്. വിജയ ദാസിനെതിരെ അതിശക്തനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ്സ് ഇക്കുറി ഇറക്കിയിട്ടുള്ളത്. അതു പന്തളം സുധാകരനാണ്. ഇദ്ദേഹം നല്ലൊരു സ്ഥാനാർത്ഥിയാണ്. സൗമ്യനും രാഷ്ട്രീയത്തിൽ വലിയ ചീത്തപ്പേര് ഉണ്ടാകാത്ത വ്യക്തികൂടിയാണ് പന്തളം സുധാകരൻ. മഹിളാമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് രേണു സുരേഷാണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. വളരെ ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് കോങ്ങാട് നീങ്ങി കൊണ്ടിരിക്കുന്നത്.

തരൂരിൽ എ കെ ബാലൻ തന്നെ

തരൂരിന് സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ എ കെ ബാലൻ ആണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. വലിയ കമ്മ്യൂണിസ്റ്റ് മണ്ഡമാണ് ഈ സീറ്റു കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനാണ് കൊടുത്തത് പക്ഷെ അവർക്കു സ്ഥാനാർത്ഥിയെ കിട്ടാത്തതുകൊണ്ട് അത് കോൺഗ്രസിന് തിരിച്ചേല്പിച്ചു. കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയി ഇവിടെ ഇക്കുറി മത്സരിക്കുന്നത് കുഴൽമന്ദം പഞ്ചായത്തു പ്രസിഡന്റ് പി പ്രകാശനാണ്. പ്രകാശ് ഒരു അന്തരീക്ഷം സൃഷ്ടിച്ചു എങ്കിലും ബാലനെ തോൽപ്പിക്കാൻ അത് പോരാ. ബിജെപി താരതമ്യേന ദുർബലമായ മണ്ഡലം കൂടിയാണ് തരൂർ. ഇവിടെ പട്ടികജാതി മോർച്ചയുടെ ജില്ലാ സെക്രട്ടറി കെവി ദിവാകരൻ ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.

മണ്ണാർക്കാട് പോരാട്ടം പ്രവചനാതീതം

പാലക്കാട് ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ചു ഒരു വ്യത്യസ്ഥതയുള്ള മണ്ഡലമാണ് മണ്ണാർക്കാട്. മുസ്ലിം -ക്രിസ്ത്യൻ കുടിയേറ്റക്കാർ വലിയൊരു വിഭാഗം ആദിവാസി വിഭാഗത്തിൽ പെട്ടവരും മുള്ള ഒരു മേഖലയാണ്. ആദിവാസികൾ ചാരായം കുടിച്ചു മരിക്കുന്ന, സ്ത്രീകൾ പോഷകാഹാര ദാരി്ര്രദ്യം കൊണ്ടും ജനിച്ച കുട്ടികൾ അപ്പോൾ തന്നെ മരണമടയുകയും ചെയ്യുന്ന പ്രദേശമാണ്. ആദിവാസികൾ ചൂഷണം ചെയുന്ന ഒപ്പം വിനോദ സഞ്ചാരത്തിന് വേണ്ടി ഭൂമി തട്ടിയെടുക്കുന്ന പ്രദേശമാണ് ഇത്. പക്ഷെ ഇതൊന്നും ഇതുവരെ ചർച്ചയായിട്ടുമില്ല എന്നതാണ് വിഷമം. ലീഗും സിപിഐയുമാണ് എവിടെ ഏറ്റുമുട്ടാറുള്ളത്. ഇക്കുറിയും അതെ രീതിയാണ്. മുസ്ലിം ലീഗിന്റെ നിലവിലുള്ള എംഎൽഎ ഷംസുദീൻ ആണ് യൂഡിഎഫ് സ്ഥാനാർത്ഥി. ഇദ്ദേഹം യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. സിപിഐ യുടെ കെപി സുരേഷ് രാജ് ആണ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥി കേശവദേവ് പുതുമനയാണ്. ഇരുമുന്നണികൾ ഒപ്പത്തിനൊപ്പം ആണ് ജയിച്ച സ്ഥാനാർത്ഥി പിന്നെ ജയിക്കില്ല എന്നും ഒന്ന് ഇടവിട്ട് ഇരു മുന്നണികൾ ജയിക്കുന്ന മണ്ഡലമാണിത്. ഇക്കുറി കാന്തപുരത്തിന്റെ എപി വിഭാഗം ഷംസുദീനു എതിരായി തത്വ പുറപ്പെടുവിച്ചു എന്നതാണ് കാര്യം.

ചിറ്റൂരിൽ അച്യുതനെ തോൽപ്പിക്കാൻ കൃഷ്ണൻ കുട്ടിക്ക് സാധിച്ചേക്കില്ല

പാരമ്പര്യ എതിരാളികളാണ് ഇവിടെ മത്സരിക്കുന്നത് എന്നതാണ് ചിറ്റൂരിനെ സംബന്ധിച്ചടുത്തോളമുള്ള പ്രത്യേകത. സുപ്രസിദ്ധ കള്ള് വ്യവസായിയും നിലവിൽ എംഎൽഎ കൂടിയായ കെ അച്യുതൻ ആണ് യൂഡിഎഫ് സ്ഥാനാർത്ഥി. അച്യുതനു എതിരെ മത്സരിക്കുന്നത് ജനതാദൾ സ്ഥാനാർത്ഥി കെ കൃഷ്ണൻ കുട്ടിയാണ്. അവർ ഇങ്ങനെ അർജുനനും കർണ്ണനും, ഭീമസേനനും ജരാസന്ദനും പോലെ പോരാടി കൊണ്ടിരിക്കുന്ന സ്ഥലമാണ് ചിറ്റൂർ. എൻഡിഎ സ്ഥാനാർത്ഥി എം ശശികുമാർ ആണ് ബിജെപി ഇവിടെ വലിയ ശക്തിയില്ല.
ഇതുവരെ അച്യുതൻ തോൽപ്പിക്കാൻ കൃഷ്ണൻ കുട്ടിക്ക് പറ്റിയിട്ടില്ല. ഇക്കുറിയും അത് നടക്കുമെന്ന് തോന്നുന്നില്ല.

ആലത്തൂരിൽ ഇടതുസ്ഥാനാർത്ഥി പ്രസേനൻ പാട്ടും പാടി ജയിക്കും

ആലത്തൂരിൽ മാർക്‌സിസ്റ്റ് സ്ഥാനാർത്ഥി ജയിച്ചിരിക്കുകയാണ്. മാർക്‌സിസ്റ്റ് കോട്ടയാണിത്. ഇഎംഎസ് പട്ടാമ്പിയിൽ ജയിക്കില്ല എന്ന സാഹചര്യത്തിൽ പോയി ജയിച്ച സ്ഥലമാണ് ആലത്തൂർ. കെ ഡി പ്രസേന്നൻ ആണ് ആലത്തൂർ സിപിഐ(എം) സ്ഥാനാർത്ഥി. യുഡിഎഫിന് വേണ്ടി കേരളം കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ അഡ്വ കെ കുശല കുമാർ ആണ്. ബിജെപി ജില്ലാ സെക്രട്ടറി എൻ പി ശ്രീകുമാർ ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. ഇവിടെ പ്രസേനൻ പാട്ടും പാടി ജയിക്കും ഒപ്പം വലിയൊരു ഗാനം കുടി പാടും.

നെന്മാറയിൽ ഇത്തവണ തീപാറുന്ന പോരാട്ടം

തീപാറുന്ന മത്സരമാണ് ഇവിടെ നടക്കുന്നത് ചെന്താമരാക്ഷൻ ആയിരുന്നു ഇവിടെ മുൻ എംഎൽഎ. എംവി രാഘവനെ കഴിഞ്ഞ തവണ തോൽപിച്ച ഇദ്ദേഹത്തിന് ഇത്തവണ സീറ്റു കൊടുത്തില്ല. സിപിഐ(എം) സ്ഥാനാർത്ഥി ഇത്തവണ ബാബുവാണ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി എം ശിവരാജനാണ്. ശിവരാജൻ മുൻ ജില്ലാ സെക്രട്ടറിയുമാണ് ഒരുപാട് വോട്ടുകൾ ഉള്ള സ്ഥലമാണ്. നെന്മാറയിൽ ഐ വി ഗോപിനാഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ആലത്തൂരിൽ ജയിച്ച ആളാണ് അതുകൊണ്ടു തന്നെ അതി ശകതമായ മത്സരമാണ് നടക്കുന്നത്.

പാലക്കാട് കമ്മ്യൂണിസ്റ്റ് കോട്ടയാണ് എന്ന് പറയുമ്പോഴും അതിശക്തമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ് ബിജെപി മുന്നണികൾ ഇവിടെ പ്രബലരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നു എന്നതാണ് പ്രിത്യേകത. 5-7 ൽ ഫിനിഷ് ചെയ്യാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP