Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിൽ നാലിടത്തു കടുത്ത മത്സരം; തൊടുപുഴയിൽ പി ജെ ജോസഫിന്റെ ആധിപത്യം; ഫ്രാൻസിസ് ജോർജിന്റെ ഇമേജ് റോഷിയുടെ വിയർപ്പിന്റെ മുമ്പിൽ നിഷ്പ്രഭമായേക്കും; അഗ്നിശുദ്ധി വരുത്താൻ കൂപ്പുകൈയോടെ മണിയാശാൻ; ബിജിമോളുടെ കോട്ട മുറിക്കാൻ സിറിയക്; ദേവികുളത്ത് ആദ്യഘട്ടം ഇടതിന് അനുകൂലം

ഇടുക്കിയിൽ നാലിടത്തു കടുത്ത മത്സരം; തൊടുപുഴയിൽ പി ജെ ജോസഫിന്റെ ആധിപത്യം; ഫ്രാൻസിസ് ജോർജിന്റെ ഇമേജ് റോഷിയുടെ വിയർപ്പിന്റെ മുമ്പിൽ നിഷ്പ്രഭമായേക്കും; അഗ്നിശുദ്ധി വരുത്താൻ കൂപ്പുകൈയോടെ മണിയാശാൻ; ബിജിമോളുടെ കോട്ട മുറിക്കാൻ സിറിയക്; ദേവികുളത്ത് ആദ്യഘട്ടം ഇടതിന് അനുകൂലം

ഇടുക്കി: എളുപ്പത്തിൽ എംഎൽഎയാവാൻ കഴിയില്ലെന്ന തിരിച്ചറിവിൽ ഓടിത്തളരുകയാണ് ഇടുക്കിയിലെ സ്ഥാനാർത്ഥികൾ. ജില്ലയിൽ ഇതുവരെയുണ്ടാകാത്ത കടുത്ത ചൂടും കുന്നും മലയും ഉൾനാടൻ ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂപ്രകൃതിയും മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ ആരോപണാസ്ത്രങ്ങളും എതിർസ്ഥാനാർത്ഥിയുടെ പ്രാഗത്ഭ്യവുമൊക്കെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെ വിയർപ്പിക്കുകയാണ്. മുമ്പില്ലാത്ത പ്രാധാന്യം ഇക്കുറി ഇടുക്കിയിലെ തെരഞ്ഞെടുപ്പിനുണ്ട്. ചിലരുടെ രാഷ്ട്രീയഭാവി പോലും ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിലരുടെ നിലപാടുകളുടെയും പ്രവർത്തനമികവിന്റെയും വിധിയെഴുത്താണെങ്കിൽ മറ്റു ചിലർക്കിത് പൊതുജീവിതത്തിലെ സംശുദ്ധിക്കുള്ള അഗ്നിപരീക്ഷണമാണ്.

മന്ത്രി പി. ജെ ജോസഫ് ജോസഫ് മുതൽ സി. പി. എം സംസ്ഥാന കമ്മിറ്റിയംഗമായ എം. എം മണിവരെയുള്ള പ്രഗത്ഭരും പ്രമുഖരുമാണ് ജനങ്ങളുടെ അംഗീകാരം തേടി ഗോദയിൽ കച്ചമുറുക്കുന്നത്. അഞ്ച് സീറ്റുകളുള്ള ജില്ലയിൽ നാലിടത്ത് സിറ്റിങ് എംഎൽഎമാർതന്നെ രംഗത്തുണ്ട്. തൊടുപുഴയിൽ മന്ത്രി ജോസഫിനിത് ഭൂരിപക്ഷത്തിന്റെ ഏറ്റക്കുറച്ചിലറിയാനുള്ള മത്സരമാണെന്നു എതിരാളികൾപോലും പറയുന്നു. ഉടുമ്പൻചോലയിൽ മത്സരിക്കുന്ന വൺ.... ടു..... ത്രീ ..... പ്രസംഗത്തിലെ വിവാദനായകൻ എം. എം മണിക്ക് തന്റെ വിജയത്തിലൂടെ അഗ്നിശുദ്ധി വരുത്തണം. ഇടുക്കിയിൽ സി. പി. എം ആവനാഴിയിലെ ആയുധങ്ങൾ നിഷ്പ്രഭമാക്കി 15 വർഷമായി നിലയുറപ്പിച്ച റോഷി അഗസ്റ്റിനെ വീഴിച്ചില്ലെങ്കിൽ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാകുമെന്ന അവസ്ഥയിലാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ അമരക്കാരൻ ഫ്രാൻസിസ് ജോർജിന്.

സ്വൽപം ഗുണ്ടാപരിവേഷം ചാർത്തിക്കിട്ടിയ ബിജിമോൾക്ക് കടുത്ത വെല്ലുവിളിയായത് അപ്രതീക്ഷിതമായി നാട്ടിലെ പ്രമുഖ യൂണിയന്റെ നേതാവും മുൻ എംഎൽഎയുടെ മകനുമായ സിറിയക് തോമസിന്റെ രംഗപ്രവേശമാണ്. ദേവികുളത്ത് മൂന്നാം വിജയം തേടുന്ന എസ് രാജേന്ദ്രനും നാലാം ജയത്തിനായി സീറ്റ് പിടിച്ചുവാങ്ങിയ എ. കെ മണിയും നെഞ്ചിടിപ്പോടെയാണ് പ്രചാരണരംഗത്ത് ഉറച്ചുനിൽക്കുന്നത്. എൽ. ഡി. എഫും യു. ഡി. എഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബി. ഡി. ജെ. എസ് ഉൾപ്പെടുന്ന എൻ. ഡി. എയുടെ സ്ഥാനാർത്ഥികൾ പലരുടെയും പരാജയങ്ങളിൽ നിർണായകമാകും. മൂന്നാർ ഉൾപ്പെടുന്ന ദേവികുളത്ത് പെമ്പിളൈ ഒരുമൈയെന്ന പുതിയ സംഘടനയുടെ ശക്തിപരീക്ഷണം ഇരുമുന്നണികൾക്കും തലവേദനയാണ്. ഹൈറേഞ്ച് മേഖലയിലെ രണ്ട് മണ്ഡലങ്ങളിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ട ഘടകമാണ്.

യു. ഡി. എഫ് കോട്ടയെന്നറിയപ്പെടുന്ന ജില്ലയിൽ കണക്കുകൾ പക്ഷേ ഇരുമുന്നണികൾക്കും പ്രതീക്ഷക്കു വകനൽകുന്നതാണ്. അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും എൽ. ഡി. എഫ് പക്ഷത്തുനിന്നുള്ളവരാണ്. ജില്ലയുൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിൽ എം. പി ഇടതുമുന്നണിയുടേതാണ്. അതേസമയം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും തങ്ങൾക്കാണെന്ന ആശ്വാസമാണ് യു. ഡി. എഫിനുള്ളത്. കാർഷിക-തോട്ടം മേഖല ഉൾപ്പെടുന്നതാണ് അഞ്ചു മണ്ഡലങ്ങളും. ഇതിൽ കൊച്ചിയുടെ ഉപഗ്രഹപട്ടണമായി മാറിക്കൊണ്ടിരിക്കുന്ന തൊടുപുഴ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം മാത്രമാണ് വ്യാവസായിക പുരോഗതി നേടിയിട്ടുള്ളത്. കൃഷിയും കന്നുകാലി വളർത്തലും തോട്ടം ജോലികളും നിത്യവൃത്തിക്കായി തെരഞ്ഞെടുത്തവരാണ് ജില്ലാ നിവാസികളിൽ കൂടുതലും. അതുകൊണ്ടുതന്നെ ഈ മേഖലകളിലെ ഓരോ ചലനങ്ങളും ജനങ്ങളുടെ ചിന്താമണ്ഡലത്തെയും രാഷ്ട്രീയ നിലപാടുകളെയും ബാധിക്കും.

പട്ടയ പ്രശ്‌നവും ഭുവിഷയങ്ങളും ഉയർത്തിപ്പിടിച്ച് ഓരോ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരാണ് പ്രധാന രാഷ്ട്രീയ കക്ഷികൾ. ഈ പ്രശ്‌നങ്ങൾ ജനങ്ങളിലുയർത്തുന്ന വിചാരങ്ങളെ ചൂഷണം ചെയ്ത് സ്വന്തം കക്ഷികളുടെ നില മെച്ചപ്പെടുത്തണമെന്നു വിചാരിക്കുന്നതിൽ രാഷ്ട്രീയക്കാർക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇടുക്കി. പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളാണ് എൽ. ഡി. എഫിന്റെ കൈവശമുള്ളത്. തൊടുപുഴ, ഇടുക്കി അസംബ്ലി മണ്ഡലങ്ങൾ യു. ഡി. എഫിന്റേതും. കാര്യമായ മാറ്റങ്ങളില്ലാതെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നവയാണ് ഇടുക്കിയും തൊടുപുഴയും.

തൊടുപുഴയിൽ ആകാംക്ഷ പി. ജെ ജോസഫിന്റെ ഭൂരിപക്ഷമറിയാൻ

മന്ത്രി പി. ജെ ജോസഫ് പത്താം തവണ മത്സരിക്കുന്ന തൊടുപുഴ മണ്ഡലം ഇടതുപക്ഷത്തിന് ഇത്തവണ പ്രതീക്ഷയ്ക്കു വക നൽകാത്തതാണ്. ഇടതിന് സ്ഥാനാർത്ഥി നിർണയം തന്നെ പിഴച്ചു. ഇടതുപക്ഷത്തും വലതുപക്ഷത്തുമായി മാറിമാറി മത്സരിച്ച ജോസഫിനെ ഒരു തവണ മാത്രമേ മണ്ഡലം കൈവിട്ടിട്ടുള്ളൂ. എൽ. ഡി. എഫ് സ്ഥാനാർത്ഥിയെ തേടി പരക്കം പാഞ്ഞു നടന്നപ്പോൾ ജോസഫ് മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. ഇടതുമുന്നണിക്ക് മികച്ചൊരു പൊതുസ്വതന്ത്രനെപ്പോലും മണ്ഡലത്തിൽ കണ്ടെത്താൻ കഴിയാതിരുന്നതും ജോസഫിന് അനുകൂലമാണ്. പ്രാദേശിക ഘടകങ്ങളുടെ ശക്തമായ എതിർപ്പോടെയാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ മുൻ ജില്ലാ പ്രസിഡന്റായ റോയി വാരികാട്ട് ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

പാർട്ടികൾ പലതും മാറിയാണ് ഇപ്പോൾ റോയി ഇടതുസ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. റോയിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി. പി. എം പ്രാദേശിക ഘടകങ്ങൾ ശക്തമായ കലാപക്കൊടി ഉയർത്തിയതോടെ തൊടുപുഴ ഒഴിവാക്കിയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥിപ്പട്ടികപോലും പ്രഖ്യാപിച്ചത്. എൻ. ഡി. എ സ്ഥാനാർത്ഥി എസ്. എൻ. ഡി. പി തൊടുപുഴ യൂണിയൻ പ്രസിഡന്റ് എസ് പ്രവീണാണ്. ഇടതുസ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകിയത് മുതലെടുത്ത് പ്രചാരണരംഗത്ത് ശ്രദ്ധയേമായ പ്രകടനം കാഴ്ചവച്ച പ്രവീൺ രണ്ടാം സ്ഥാനത്തെത്തുമെന്ന വിലയിരുത്തൽ വരെ ഉണ്ടായി.

1970 മുതൽ മത്സരരംഗത്തുള്ള ജോസഫ് 2001 ൽ കോൺഗ്രസിലെ പി. ടി തോമസിനോട് പരാജയപ്പെട്ടത് മാത്രമാണ് തൊടുപുഴയിൽ ജോസഫിനെതിരെയുണ്ടായ മാറ്റം. 2006ൽ പി. ടി തോമസിനെ പരാജയപ്പെടുത്തി മണ്ഡലം വീണ്ടെടുക്കുകയും ചെയ്തു. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ തൊടുപുഴയിൽ കഴിഞ്ഞ തവണ 22868 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസഫ് വിജയിച്ചത്. ജോസഫിന്റെ വലംകൈയായിരുന്ന ഫ്രാൻസിസ് ജോർജ് പാർട്ടി വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയിലെത്തിയത് യു. ഡി. എഫിന്റെ അമിതപ്രതീക്ഷക്ക് മങ്ങലേൽപിക്കുമെന്ന് ചില എൽ. ഡി. എഫ് നേതാക്കൾ പറയുന്നെങ്കിലും ജോസഫിന്റെ വിജയം ഇടതുപക്ഷം മനസാ അംഗീകരിച്ചുകഴിഞ്ഞു.

മണ്ഡലത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റി, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം എന്നിവിടങ്ങളിൽ യു.ഡി.എഫും മുട്ടം (വിമത), പുറപ്പുഴ (കേരള കോൺഗ്രസ് തനിച്ച്), വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. ഇത്തവണ യു.ഡി.എഫിന്റെ ചില പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽ.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കി. വർഷങ്ങളായി യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത് ഇത്തവണ എൽ.ഡി.എഫിനെ ആവേശത്തിലാക്കിയിട്ടുണ്ട്. പി സി ജോർജിന്റെ അംഗത്തിന്റെ പിന്തുണയോടെയാണ് തൊടുപുഴ ബ്ലോക്ക് എൽ ഡി എഫ് കൈവശമാക്കിയത്. 36 ശതമാനത്തോളം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ ലീഗിന് നിർണായക സ്വാധീനമുണ്ട്.

ഈഴവ വിഭാഗത്തിനു കാര്യമായ വേരോട്ടമുണ്ട്. തൊടുപുഴയിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ ബി. ജെ പി. മികച്ച നേട്ടം ഉണ്ടാക്കിയിരുന്നു. ഇവ രണ്ടും എൻ. ഡി. എ സ്ഥാനാർത്ഥിയുടെ നില മെച്ചപ്പെടുത്തും എങ്കിലും നിലവിലെ സാഹചര്യം മികച്ച ഭൂരിപക്ഷത്തിൽ പി. ജെ ജോസഫിന് ഒൻപതാം വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫ്രാൻസിസ് ജോർജിന്റെ ഇമേജ് റോഷിയുടെ വിയർപ്പിന്റെ മുമ്പിൽ നിഷ്പ്രഭമായേക്കും

കേരള കോൺഗ്രസ് - എമ്മിനെ വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടുക്കിയിൽ ഇടതുസ്ഥാനാർത്ഥിയായി എത്തിയ ഫ്രാൻസീസ് ജോർജ് പ്രതീക്ഷിക്കുന്നത് നാലാം വിജയത്തിനൊരുങ്ങുന്ന റോഷി അഗസ്റ്റിനെതിരെ അട്ടിമറി വിജയമാണ്. റോഷിയാകട്ടെ, മണ്ഡലത്തിലെ വികസന നേട്ടങ്ങൾ നിരത്തിയും രാഷ്ട്രീയമാറ്റങ്ങളിൽ കുലുങ്ങാതെ വോട്ടർമാരിൽ ഓടിയെത്തിയും അനായാസജയം കൈപ്പിടിയിലൊതുക്കാൻ തയ്യാറെടുക്കുന്നു. റോഷിയും മുൻ ഇടുക്കി എം. പി കൂടിയായ ഫ്രാൻസീസ് ജോർജും ജനകീയപ്രതിച്ഛായയുള്ളവരും രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളുള്ളവരുമാണ്. എസ്. എൻ. ഡി. പി മലനാട് യൂണിയൻ പ്രസിഡന്റും സ്വതന്ത്ര മോട്ടോർ തൊഴിലാളി സംഘടനയുടെ പ്രസിഡന്റുമായ ബിജു മാധവൻ ബി. ഡി. ജെ. എസ് പ്രതിനിധിയായി എൻ. ഡി. എ സ്ഥാനാർത്ഥിയുമാണ്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ അവകാശപ്പെടുന്ന ഇടതുപക്ഷം, ഫ്രാൻസിസ് ജോർജിന്റെ വരവോടെ കൂടുതൽ ശക്തമായി. കസ്തൂരിരംഗൻ കാറ്റ് ആഞ്ഞുവീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കന്നിയങ്കം കുറിച്ച ജോയ്‌സ് ജോർജ് യു. ഡി. എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെ പരാജയപ്പെടുത്തിയപ്പോൾ ഇടുക്കി അസംബ്ലി മണ്ഡലം നൽകിയത് 24227 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. എന്നാൽ പിന്നീട് വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന നഗരസഭയടക്കം എട്ടിടങ്ങളിൽ യു. ഡി. എഫ് ഭരണത്തിലെത്തിയപ്പോൾ രണ്ടിടത്ത് മാത്രമാണ് എൽ. ഡി. എഫ് - ഹൈറേഞ്ച് സംരക്ഷണ സമിതി സഖ്യത്തിന് ഭരണം പിടിക്കാൻ കഴിഞ്ഞുള്ളൂ. സമീപകാല രാഷ്ട്രീയ ചിത്രങ്ങൾ അവലോകനം ചെയ്ത് എൽ. ഡി. എഫ് വിജയം പ്രതീക്ഷിച്ച് ശക്തമായ മത്സരം നടത്തുമ്പോഴും റോഷിയുടെ മുന്നേറ്റം തന്നെയാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്.

മണ്ഡലം രൂപീകൃതമായ 1977 മുതൽ നടന്ന ഒൻപത് തെരഞ്ഞെടുപ്പുകളിൽ എട്ടിലും വിജയിച്ചത് യു. ഡി. എഫാണ്. 1996ൽ ജനതാദളിലെ പി. പി സുലൈമാൻ റാവുത്തർ വിജയിച്ചതാണ് ഇടതിന്റെ ആശ്വാസജയം. 1986 ലുണ്ടായ തങ്കമണി പൊലിസ് അതിക്രമത്തിന്റെ പേരിൽ കേരളമാകെ ആഞ്ഞടിച്ച ഇടതുതരംഗത്തിൽപ്പോലും തങ്കമണിയുൾപ്പെടുന്ന ഇടുക്കി മണ്ഡലം കുലുങ്ങിയിരുന്നില്ല. 2001 ൽ സംസ്ഥാന മുൻ തെരഞ്ഞെടുപ്പു കമ്മിഷണർ, ജനതാദളിലെ എം. എസ് ജോസഫിനെ 13714 വോട്ടകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി ആദ്യവിജയം നേടിയത്. 2006 ലും 2011 ലും സി. പി. എമ്മിലെ സി. വി വർഗീസിനെ പരാജയപ്പെടുത്തി. 2006-ൽ 16340- ഉം 2011-ൽ 15806-ഉം ആയിരുന്നു റോഷിയുടെ ഭൂരിപക്ഷം. വികസന കാര്യങ്ങളിൽ നേട്ടമുണ്ടാക്കിയതാണ് റോഷിയുടെ ഏറ്റവും വലിയ വിജയം. ഇടുക്കിയിൽ മെഡിക്കൽ കോളജും ഇടുക്കി താലൂക്കും കട്ടപ്പന നഗരസഭാ രൂപവൽകരണവും എൻജീനീയറിങ് കോളജും കട്ടപ്പന ഗവ. കോളജിന് 37 കോടിയുടെ കെട്ടിടസമുച്ചയവും നിരവധി പാലങ്ങളും റോഡുകളുമെല്ലാം റോഷിക്ക് അഭിമാനിക്കാൻ വകയുള്ളതാണ്. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും റോഡുകൾ ദുരവസ്ഥയിലാണെന്നുമാണ് ഇടത് പ്രചാരണം. മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യം റോഷിയേയും എം. പി ആയിരുന്നപ്പോൾ ഫ്രാൻസിസ് ജോർജിനേയും ജനകീയരാക്കി. ഇരുവർക്കുമുള്ള ജനകീയ പ്രതിച്ഛായ പ്രചാരണത്തിൽ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.

പട്ടയം ഉൾപ്പെടെയുള്ള ഭൂവിഷയങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലമാണ് ഇടതുമുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയമൊരുക്കിയത്. തുടർന്നുണ്ടായ തദ്ദേശതെരഞ്ഞെടുപ്പിലും ഇതേസഖ്യം തുടർന്നെങ്കിലും മുൻപത്തെ നേട്ടത്തിന്റെ ശോഭ കുറഞ്ഞുപോയി. ഇക്കുറി സമിതിയുടെ ശക്തി കൂടുതൽ ദുർബലമാണ്. സമിതി യോഗം ചേർന്ന് എൽ. ഡി. എഫിന് പിന്തുണ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. കത്തോലിക്ക സഭയിലെതന്നെ എതിർപ്പ് സമിതിക്ക് നേരിടുകയാണ്. റോഷിക്കെതിരെ പ്രചാരണം വേണ്ടെന്നു കത്തോലിക്ക കോൺഗ്രസും മദ്യവിരുദ്ധ സമിതിയും തീരുമാനിച്ചതും വിനയായി. സമിതിയുടെ ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ വെറും കോൺഗ്രസ് വിരുദ്ധനായി മാറിയെന്നുപോലും ആക്ഷേപമുയർന്നതോടെ, എൽ. ഡി. എഫിനെ പിന്തുണയ്ക്കുന്നുവെന്നു പറയാൻപോലും അദ്ദേഹം രംഗത്തെത്തിയിട്ടില്ല. എൻ. ഡി. എ സ്ഥാനാർത്ഥി ബിജു മാധവന്റെ പ്രചാരണം എസ്. എൻ. ഡി. പി വോട്ടുകൾ അദ്ദേഹത്തിനനുകൂലമായി തിരിയുന്നതിനിടയാക്കിയിട്ടുണ്ട്. ഇത് ആത്യന്തികമായി ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യും. പോരാട്ടം ശക്തമായി തുടരുമ്പോഴും മേൽക്കൈ റോഷിക്ക് തന്നെയാണെന്നു വിലയിരുത്തപ്പെടുന്നു.

അഗ്നിശുദ്ധി വരുത്താൻ മണിയാശാൻ; സേനാപതി വേണുവിൽ പ്രതീക്ഷയർപ്പിച്ച് യു.ഡി.എഫ്

തുടർച്ചയായ നാലാം ജയം തേടി ഉടുമ്പൻചോലയിൽ എൽ. ഡി. എഫ് ഇത്തവണ മത്സരത്തിനിറക്കിയിരിക്കുന്നത് മണക്കാട് പ്രസംഗത്തിലൂടെ വിവാദനായകനായ സി. പി. എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം. എം മണിയെയാണ്. കഴിഞ്ഞ മൂന്നു തവണയും സി. പി. എമ്മിലെ കെ. കെ ജയചന്ദ്രനാണ് ഇവിടെനിന്നു വിജയിച്ചത്. മണ്ഡലം നിലവിൽവന്ന 1965 മുതൽ ആറ് തവണ വീതം എൽ. ഡി. എഫും യു. ഡി. എഫും വിജയിച്ചു. പട്ടയപ്രശ്‌നം, കുത്തകപ്പാട്ടം, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങിയവയാണ് ഇവിടെ സജീവപ്രചാരണ വിഷയം. തോട്ടം തൊഴിലാളികളും കർഷകരും വിധി നിർണയിക്കുന്ന ഉടുമ്പൻചോലയിൽ തമിഴ് വോട്ടർമാരും നിർണായകമാണ്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ഇടതുപക്ഷ തൊഴിലാളി യൂണിയനുകളാണ് എം. എം മണിയുടെ പ്രധാന കരുത്ത്.

മണക്കാട്ടെ വൺ... ടു... ത്രീ .... പ്രസംഗത്തിൽ പരാമർശിച്ച രാഷ്ട്രീയകൊലപാതകങ്ങളിലൊന്നായ, യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധത്തിൽ എം. എം മണിക്കെതിരെ പൊലിസ് കേസെടുത്ത് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതും അഞ്ചേരി ബേബി വധിക്കപ്പെട്ടതും ഇതേ മണ്ഡലത്തിലാണ്. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിൽ അതൊന്നും കാര്യമാക്കാതെ മണി പ്രചാരണരംഗത്ത് ഏറെ മുമ്പിലാണ്. സ്ഥാനാർത്ഥിയായതോടെ മണിയാശാൻ എന്ന മണിയുടെ വാക്കിലും ശരീരഭാഷയിലും ഏറെ മാറ്റമുണ്ടായി. സൗമ്യനും സുസ്‌മേരവദനനുമായി ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുകയും കൂപ്പുകൈകളോടെ വോട്ടഭ്യർത്ഥിക്കുകയും ചെയ്യുന്ന മണിയാശാനെയാണ് മണ്ഡലത്തിൽ കാണാനാകുന്നത്. കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയും ഐ. എൻ. ടി. യു. സി നേതാവും മുൻ ഹവീൽദാറുമായ അഡ്വ. സേനാപതി വേണുവിനെയാണ് മണിക്കെതിരെ യു. ഡി. എഫ് അവതരിപ്പിക്കുന്നത്.

1996-ൽ എം. എം മണി ഉടുമ്പൻചോലയിൽ മത്സരിച്ചെങ്കിലും കോൺഗ്രസിലെ ഇ. എം ആഗസ്തിയോട് 4667 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 2001-ൽ 8841 വോട്ടുകൾക്ക് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ പരാജയപ്പെടുത്തിയാണ് കെ. കെ ജയചന്ദ്രൻ ഇവിടെ വിജയിച്ചത്. 2006-ൽ ഡി. ഐ. സിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ 19648 വോട്ടുകൾക്ക് തോൽപിച്ച് ജയചന്ദ്രൻ ഇടതുപക്ഷ കോട്ട കരുത്തുള്ളതാക്കി. 2011-ൽ ചങ്ങനാശേരിയിൽനിന്നുള്ള കോ്്ൺഗ്രസ് യുവനേതാവിനെ യു. ഡി. എഫ് രംഗത്തിറക്കിയെങ്കിലും ഭൂരിപക്ഷം 9833 ആയി കുറയ്ക്കാനേ എതിർപക്ഷത്തിനായുള്ളൂ. അനുകൂലമായി നിലനിൽക്കുന്ന ഈ ചരിത്രമാണ് മണിയുടെ വിജയത്തിന് അടിത്തറയായി എൽ. ഡി. എഫ് കാണുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോയ്‌സ് ജോർജിന് മണ്ഡലത്തിൽനിന്ന് ലഭിച്ച 22692 വോട്ടുകളുടെ ഭൂരിപക്ഷം ഇടതുകേന്ദ്രങ്ങളിൽപ്പോലും അമ്പരപ്പുളവാക്കി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറിടത്ത് യു. ഡി. എഫും നാലിടത്ത് എൽ. ഡി. എഫുമാണ് ഭരണം നേടിയത്. മണിക്കെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥിയായി രംഗത്തുള്ള സേനാപതി വേണു കരസേനയിൽ അദ്ധ്യാപകനായിരുന്നു. പത്ത് മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റിക്കോർഡ് സൃഷ്ടിച്ച ഇദ്ദേഹം അഭിഭാഷക വൃത്തിയിലും സജീവമാണ്.

കെ. പി. സി. സി സെക്രട്ടറിയായ ഇബ്രാഹിംകുട്ടി കല്ലാറിനെ വിജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ ആദ്യം കോൺഗ്രസ് തയ്യാറെടുത്തിരുന്നു. പിന്നീടാണ് സേനാപതി വേണുവിനെ നിശ്ചയിച്ചത് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിന്റെ ഭാഗമായാണ്. 36 ശതമാനമുള്ള ഈഴവ വോട്ടുകൾ ഉടുമ്പൻചോലയിൽ നിർണായകമാണ്. എൻ. ഡി. എ സ്ഥാനാർത്ഥി സജി പറമ്പത്ത് നെടുങ്കണ്ടം എസ്. എൻ. ഡി. പി യൂണിയന്റെ പ്രസിഡന്റാണ്. ഈഴവവോട്ടുകളുടെ ധ്രുവീകരണം മണ്ഡലത്തിലുണ്ടെന്നാണ് എൻ. ഡി. എയുടെ അവകാശവാദം. ഇടതുകോട്ട കാക്കാനും മണക്കാട് പ്രസംഗത്തിന്റെ കറ കഴുകിക്കളയാനും മികച്ച വിജയം എം. എം മണിക്ക് അനിവാര്യമാണ്. പ്രസംഗത്തിലൂടെ പേരെടുത്തവരുടെ പോരാട്ടത്തിൽ പ്രവചനാതീതമാണ് മത്സരഫലം.

ബിജിമോളോട് ഏറ്റുമുട്ടുന്നത് ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്

തോട്ടം മേഖലയിൽ പെൺകരുത്തറിയിച്ച ഇ. എസ് ബിജിമോളുടെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച സ്ഥാനാർത്ഥിനിർണയമാണ് പീരുമേട്ടിൽ യു. ഡി. എഫ് നടത്തിയത്. മുൻ എംഎൽഎയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ. കെ തോമസിന്റെ മകനും തൊഴിലാളി യൂണിയൻ നേതാവുമായ അഡ്വ. കെ. കെ സിറിയക്കാണ് മൂന്നാം വിജയത്തിനായി അങ്കത്തിനിറങ്ങുന്ന ബിജിമോൾക്കെതിരെ സ്ഥാനാർത്ഥിയാകുന്നത്. അച്ഛൻ തുടർച്ചയായി വിജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ സിറിയക്കിനാകുമെന്നാണ് യു. ഡി. എഫ് പ്രതീക്ഷിക്കുന്നത്.

കോൺഗ്രസ് പ്രതിനിധി മത്സരിക്കുന്ന മണ്ഡലത്തിൽ മുമ്പ് രണ്ട് തവണയും ബിജിമോളോട് പരാജയപ്പെട്ട ഇ. എം ആഗസ്തി, ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് എന്നിവരിലാരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നത്. മൂവരും മണ്ഡലത്തിനു പുറത്തുനിന്നുള്ളവരാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽതന്നെയുള്ള സിറിയക് തോമസിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപ്പുതറ ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്തിലേക്ക് സിറിയക് മികച്ച വിജയം നേടിയതിനാൽ അസംബ്ലിയിൽ പേര് പരിഗണിക്കപ്പെടില്ലെന്നു കരുതിയിരുന്നു. ഈ സാഹചര്യം ബിജിമോൾക്ക് അനുകൂലമായിരുന്നു. രണ്ട് പ്രാവശ്യം മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന സി. പി. ഐ നേതൃത്വത്തിന്റെ തീരുമാനത്തിൽ ഇളവ് അനുവദിച്ചാണ് ബിജിമോൾക്ക അവസരം നൽകിയത്. സിറിയക്കിന്റെ സ്ഥാനാർത്ഥിത്വപ്രഖ്യാപനത്തോടെ മത്സരച്ചൂട് കടുത്തതായിരിക്കുകയാണ്. കെ. കെ തോമസ് രൂപീകരിച്ച ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പീരുമേട്ടിലെ പ്രമുഖ തൊഴിലാളി സംഘടനയാണ്. സിറിയക്കാണ് ഇതിന്റെ പ്രസിഡന്റ്.

തോട്ടം മേഖലയിലെ പ്രതിസന്ധിയാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നം. തോട്ടങ്ങളിൽ തൊഴിലാളികൾക്ക് യഥാസമയം കൂലി ലഭിക്കുന്നില്ല. താമസിക്കാൻ തകർന്ന ലയങ്ങളാണുള്ളത്. ശുദ്ധജലം, ആരോഗ്യപരിരക്ഷണം എന്നിവ അന്യമാണ്. ദാരിദ്യാവസ്ഥയിലായ തൊഴിലാളി കുടുംബങ്ങളിൽനിന്ന് ഒട്ടേറെപ്പേർ തൊഴിൽ അന്വേഷിച്ച് നാടുവിട്ടു. പട്ടിണിയും രോഗങ്ങളും ജീവൻ കാർന്നെടുക്കുമ്പോഴും തൊഴിലാളികളുടെ രക്ഷ അകലെയാണ്. തെരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണവിഷയവും ഇതുതന്നെ. മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ മൂന്നിടത്ത് യു. ഡി. എഫും ആറിടത്ത് എൽ. ഡി. എഫും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് യു. ഡി. എഫാണ്. മണ്ഡലത്തിലെ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷുകൾ യു. ഡി. എഫും ഒരെണ്ണം എൽ. ഡി. എഫും നേടി. തമിഴ് വോട്ടർമാർ ഇവിടെ നിർണായകമാണ്. ബി. ജെ. പി ജില്ലാ ഭാരവാഹി കെ കുമാറാണ് എൻ. ഡി. എക്കായി മത്സരിക്കുന്നത്. ഇരുമുന്നണികളും ശക്തമായ പ്രചാരണം കൊഴുപ്പിക്കുമ്പോഴും വിജയിക്കുമെന്നു ഒരു മുന്നണിക്കും ഉറപ്പിച്ചു പറയാൻ കഴിയാത്ത രാഷ്ട്രീയാന്തരീക്ഷമാണ് പീരുമേട്ടിൽ.

ദേവികളത്ത് വീണ്ടും രാജേന്ദ്രനും മണിയും

സ്ത്രീശക്തിയുടെ ചൂടിൽ വിരണ്ടുപോയ രണ്ട് നേതാക്കളാണ് ദേവികളം മണ്ഡലത്തിൽ മുഖാമുഖം ഏറ്റുമുട്ടുന്നത്. സ്ഥിരം മത്സാരാർത്ഥികൾ എന്നു വിശേഷിപ്പിക്കാവുന്ന എസ് രാജേന്ദ്രനും എ, കെ മണിയും. ബോണസ് വർധനവ് ആവശ്യപ്പെട്ടു സ്ത്രീതൊഴിലാളികൾ സ്വയം സംഘടിച്ച് 12 ദിവസം മൂന്നാർ ടൗണിനെ നിശ്ചലമാക്കിയപ്പോൾ രാഷ്ട്രീയക്കാരെപ്പോലും നിഷ്പ്രഭരാക്കിയ സമരമുറയിലൂടെ അവർ അവകാശം നേടിയെടുത്തു. സിറ്റിങ് എംഎൽഎ സിപിഎമ്മിലെ എസ് രാജേന്ദ്രനേയും മുൻ എംഎൽഎ. കെ മണിയേയും പെമ്പിളൈ ഒരുമൈ എന്ന പുത്തൻ കൂട്ടായ്മ സമരമുഖത്ത് അടുപ്പിച്ചില്ലെന്നു മാത്രമല്ല, അവർക്കതിരെ പ്രകോപനപരമായി നീങ്ങുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തി സമരത്തിന് വേറിട്ട മുഖം നൽകിയ പെമ്പിളൈ ഒരുമൈക്ക് തങ്ങളുടെ കരുത്ത് ചോരാതെ നിർത്താൻ രാഷ്ട്രീയക്കാരുടെ പണവും സ്വാധീനവുമൊക്കെ തടസമായി. എങ്കിലും വിജയപരാജയങ്ങളിൽ നിർണായകമാകാൻപോന്ന സംഘബലം ഇപ്പോഴും പെമ്പിളൈ ഒരുമൈക്കുണ്ടെന്നാണ് വിലയിരുത്തൽ. പെമ്പിളൈ ഒരുമൈയുടെ ജെ രാജേശ്വരിയും എൻ. ഡി. എയുടെ എൻ ചന്ദ്രനും എ. ഡി. എം. കെയുടെ ധനലക്ഷ്മിയും മത്സരരംഗത്തുണ്ട്.

1965 മുതൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ ഏഴെണ്ണത്തിലും വിജയം എൽ. ഡി. എഫിനൊപ്പമായിരുന്നു. അഞ്ച് തവണ യു. ഡി. എഫും വിജയിച്ചു. 91 മുതൽ തുടർച്ചയായി മുന്നു തവണ എ. കെ മണി വിജയിച്ചു. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തിയ മണിയെ 2006ൽ എസ് രാജേന്ദ്രനിലൂടെ എൽ. ഡി. എഫ് പിടിച്ചുകെട്ടി. 5886 വോട്ടിനാണ് രാജേന്ദ്രൻ വിജയിച്ചത്. 96ൽ 4078 വോട്ടിന് വീണ്ടും മണിയെ പരാജയപ്പെടുത്തി. 60 ശതമാനം തമിഴ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. എന്നാൽ ഇവരെ ഒപ്പം നിർത്തി നേട്ടം കൊയ്യാമെന്ന തമിഴ് രാഷ്ട്രീയകക്ഷികളുടെ മോഹം എങ്ങുമെത്തിയിട്ടില്ല. ദ്രാവിഡ കക്ഷികളിൽ എ. ഡി. എം. കെക്കാണ് മണ്ഡലത്തിൽ നേരിയ വേരോട്ടമുള്ളത്. എ. ഐ. സി. സി ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ യുവനേതാവായ രാജാറാമായിരുന്നു ഇടംപിടിച്ചത്.

രാജാറാം പ്രചാരണവും ആരംഭിച്ചു. പിന്നീട് ശക്തമായ സമ്മർദഫലമായാണ് മണി സീറ്റ് വാങ്ങിയെടുത്തത്. കെ. പി. സി. സി വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമാണ് മണി. രാജേന്ദ്രൻ സി. ഐ. ടി. യു നേതാവാണ്. ഇരുനേതാക്കൾക്കുമെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉണ്ട്. എങ്കിലും രാജേന്ദ്രനാണ് വിജയസാധ്യതയേറെയെന്നാണ് വോട്ടർമാരുടെ പ്രതികരണം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP