Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുവോട്ടുകൾ ധ്രൂവീകരിച്ച് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ശബരിമലയിൽ ഇറക്കിയ ജാതികാർഡിന്റെ ആനുകൂല്യം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് ഫലം; ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഇനിയൊരു അങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് സിപിഎം; ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ തൊലിപ്പുറത്ത് പുരോഗമനം തേച്ച് ജാതികളിച്ച സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കച്ചി തൊട്ടേക്കില്ല

ഹിന്ദുവോട്ടുകൾ ധ്രൂവീകരിച്ച് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ശബരിമലയിൽ ഇറക്കിയ ജാതികാർഡിന്റെ ആനുകൂല്യം ഇല്ലാതാക്കിയ തെരഞ്ഞെടുപ്പ് ഫലം; ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഇനിയൊരു അങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് സിപിഎം; ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ തൊലിപ്പുറത്ത് പുരോഗമനം തേച്ച് ജാതികളിച്ച സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കച്ചി തൊട്ടേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനങ്ങൾ കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളേയും സ്വാധീനിക്കും. ശബരിമലയിലേയും സഭാ തർക്കത്തിലേയും കോടതി വിധികൾ കേരളത്തിനേയും മാറ്റി മറിക്കുമെന്നായിരുന്നു വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിൽ സിപിഎം ഉറച്ച നിലപാട് എടുത്തതെന്ന വാദവും സജീവമായിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ ഫലം കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് കോൺഗ്രസിന് കരുത്തുണ്ടെന്ന് തെളിയിക്കുന്നതാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുന്നേറ്റം. കർണ്ണാടകത്തിൽ ജനതാദള്ളുമായി കൂട്ടുപിടിച്ച് അധികാരം ഉറപ്പിച്ച രാഹുൽ ഗാന്ധി തന്ത്രവും ഏറെ ചർച്ചയായിരുന്നു. ഇതോടെ ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിന് പിന്നിൽ അണിനിരക്കാനാണ് സാധ്യത. ഇതോടെ ന്യൂനപക്ഷവോട്ടുകൾ ലക്ഷ്യമിട്ടുള്ള സിപിഎം തന്ത്രങ്ങളും വെറുതെയാകും.

ഭൂരിപക്ഷ സമുദായ വോട്ടുകളായിരുന്നു എന്നും സിപിഎമ്മിന്റെ കരുത്ത്. ഈ വോട്ടുകൾ തന്നെയാണ് പിണറായി വിജയനേയും മുഖ്യമന്ത്രിയാക്കിയത്. അധികാരത്തിലെത്തിയപ്പോൾ പിണറായി തന്ത്രപരമായ നീക്കം നടത്തി. ന്യൂനപക്ഷങ്ങൾക്കൊപ്പം നിലയുറപ്പിക്കാനാണ് പിണറായി ശ്രദ്ധിച്ചത്. പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ. ക്രൈസ്തവ സഭകളെ അടുപ്പിക്കാനും കരുതലോടെ നീക്കങ്ങൾ നടത്തി. ഇതിനിടെയാണ് ശബരിമലയിലെ യുവതി പ്രവേശന വിധിയെത്തിയത്. ആചാരത്തിന് അപ്പുറം കോടതി വിധിക്കൊപ്പം പിണറായി നിലയുറപ്പിച്ചത് ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടായിരുന്നു. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുമ്പോൾ പരിവാറുകാരുടെ നിരന്തര ആക്രമണത്തിന് പിണറായി സർക്കാർ വിധേയമാകും. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളെല്ലാം പിണറായിയുടെ പിന്നിൽ അണിനിരക്കുമെന്നും കരുതി. ദേശീയ തലത്തിൽ അനുദിനം കോൺഗ്രസ് ദുർബലമാകുന്ന സാഹചര്യമാണ് ഇതിന് കാരണം. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറ്റുന്നത്. കോൺഗ്രസിന് കരുത്ത് തിരിച്ചുവരികെയാണ്. ഇതോടെ ദേശീയ തലത്തിൽ ബിജെപിയെ നേരിടാനുള്ള കരുത്തുള്ള പാർട്ടിയായി കോൺഗ്രസ് മാറി. ഇത് പിണറായിയുടെ സ്വപ്‌നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ്.

കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതിൽ 18ലും ഇനി കോൺഗ്രസ് ജയിക്കുന്ന അവസ്ഥവരും. ബിജെപിയും ബിജെപി ഇതര പാർട്ടികളും തമ്മിലാകും 2019ലെ തെരഞ്ഞെടുപ്പ്. ഇതിൽ ബിജെപി ഇതര പാർട്ടികളുടെ നേതൃത്വം ഇനി കോൺഗ്രസിന് തന്നെയാകും. ഇതോടെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് ന്യൂനപക്ഷ വികാരങ്ങൾ സംരക്ഷിക്കപ്പെടാൻ നല്ലതെന്ന ചിന്തര മലയാളികൾക്കിടയിലുണ്ടാകും. അല്ലാത്ത പക്ഷം ദുർബലമായ ബിജെപി ഇതര മുന്നണിയാകും അധികാരത്തിലെത്തുക. ഇത് മാറ്റാൻ ബിജെപി ഇതര വോട്ടുകൾ കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കും. കേരളത്തിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഇവർ ഇപ്പോൾ തന്നെ യുഡിഎഫിനൊപ്പമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. നിലവിൽ പാലക്കാടും ആലത്തുരും ചിറയിൻകീഴും മാത്രമാണ് സിപിഎമ്മിന്റെ ലോക്‌സഭയിലെ ഉറച്ച കോട്ടകൾ. ബാക്കിയെല്ലായിടത്തും യുഡിഎഫിന് മുൻതൂക്കം നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

തിരുവനന്തപുരത്ത് കോൺഗ്രസിനായി മത്സരിക്കുന്നത് ശശി തരൂരാകും. ന്യൂനപക്ഷ വോട്ടുകളെ തന്നിലേക്ക് ആകർഷിക്കാനുള്ള മിടുക്ക് തരൂരിനാകും. കോൺഗ്രസിന് ദേശീയ തലത്തിൽ സാധ്യത കൂടുമ്പോൾ തരൂരിന് കേന്ദ്രമന്ത്രി പദവി പോലും ലഭിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളത്ത് കെവി തോമസിനും ആലപ്പുഴയിൽ കെസി വേണുഗോപാലും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും കൊല്ലത്ത് എകെ പ്രേമചന്ദ്രനും കേന്ദ്രമന്ത്രിയാകാൻ കഴിയുമെന്ന വികാരം വോട്ടാക്കി മാറ്റാൻ കഴിയും. കോട്ടയത്ത് കേരളാ കോൺഗ്രസിനും സാധ്യത കൂട്ടുന്നതാണ് കോൺഗ്രസുമായുള്ള കൂട്ടുകെട്ട്. നേരിയ മാർജിനിൽ കഴിഞ്ഞ തവണ കൈവിട്ട കണ്ണൂരും കാസർഗോഡും കൂടെ കൂട്ടാനും ദേശീയ തലത്തിൽ കരുത്തരാണെന്ന് തെളിയിക്കുന്നതിലൂടെ കോൺഗ്രസിന് കഴിയും. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറും.

തെക്കൻ കേരളത്തിൽ തിരുവനന്തപുരം, ചിറയിൻകീഴ്, കൊല്ലം, മാവേലിക്കര എന്നീ സീറ്റുകളിൽ ഹിന്ദു വോട്ടുകൾ നിർണ്ണായകമാണ്. ശബരിമലയിലെ വിവാദത്തോടെ വിശ്വാസികളിൽ പലരും ഇടതു പക്ഷത്തിന് എതിരായി. ഈ വികാരവും ലോക്‌സഭാ വോട്ടിംഗിൽ പ്രതിഫലിക്കും. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സാധ്യത ഉയരുമ്പോൾ ബിജെപി വിരുദ്ധരായ വിശ്വാസികളുടെ വോട്ടും കോൺഗ്രസ് ഉറപ്പിക്കും. കടുത്ത സിപിഎം വിരോധികളുടെ വോട്ട് ഭിന്നിക്കുകയും ചെയ്യും. അങ്ങനെ ഭിന്നിക്കുന്ന വോട്ടുകൾ പോലും തങ്ങളിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നതാണ് കോൺഗ്രസിന് ഇപ്പോഴുണ്ടായ വിജയം. മധ്യ കേരളത്തിലെ ക്രൈസ്തവരിൽ വലിയൊരു വിഭാഗം സഭാ തർക്കത്തിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ചെങ്ങന്നൂരിൽ സിപിഎമ്മിന് വോട്ട് ചെയ്ത ഓർത്തഡോക്‌സ് വിഭാഗം സിപിഎമ്മിനെ കൈവിടുമെന്ന് ഉറപ്പാണ്. ഇതിലൂടെ മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകളുടെ കേന്ദ്രീകരണവും കോൺഗ്രസിന് അനുകൂലമായി ഉണ്ടാകും.

മലബാറിൽ മുസ്ലിം ലീഗ് മലപ്പുറത്തെ രണ്ട് സീറ്റിലും ജയിക്കുമെന്ന് ഉറപ്പാണ്. പാലക്കാടും ആലത്തൂരും ഒഴികെ എല്ലായിടത്തും കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതിശക്തമായ മത്സരം കാഴ്ച വച്ചിരുന്നു. കോഴിക്കോടും വടകരയും വിജയിച്ചു. ഇതിൽ എംപി എംകെ രാഘവന്റെ വ്യക്തിമികവ് അടുത്ത തവണയും കോൺഗ്രസിന് കോഴിക്കോട് വിജയമൊരുക്കാൻ പോന്ന ഘടകമാണ്. മുസ്ലിം ലീഗും മുസ്ലീവോട്ടുകളം തന്നെയാണ് ഇവിടേയും നിർണ്ണായകം. ബിജെപിയെ പിടിച്ചു കെട്ടാനുള്ള കരുത്ത് രാഹുലിന് ഉണ്ടെന്ന് വന്നാൽ പരമ്പരാഗത മുസ്ലിം വോട്ടുകൾ യുഡിഎഫിനെ കൈവിടില്ല. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി മികവിലാണ് കോൺഗ്രസ് ജയിച്ചു പോന്നത്. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി വീണ്ടും മത്സരിച്ചാൽ അവിടേയും ജയം ഉറപ്പാണ്. കണ്ണൂരിലും കാസർഗോഡും ഗ്രൂപ്പ് പോരുകൾ മറന്ന് മത്സരിച്ചാൽ ജയിക്കാനും യുഡിഎഫിനാകും. എംഐ ഷാനവാസിന്റെ മരണത്തോടെ ഒഴിവു വന്ന വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയും.

തൃശൂരിൽ സിപിഐയുടെ ജയദേവനാണ് ലോക്‌സഭാ അംഗം. ജയദേവന് വ്യക്തിപരമായി ഏറെ വോട്ടുകൾ തൃശൂരിലുണ്ട്. എങ്കിലും ശബരിമല വിഷയത്തിലെ വിശ്വാസികളുടെ രോഷം തൃശൂരിൽ പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. ഇത് സംഭവിച്ചാൽ തൃശൂരിലും ഇടതിന് അടിതെറ്റും. മികച്ചൊരു സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസിന് കഴിഞ്ഞാൽ അവിടേയും ജയിക്കാം. ചാലക്കുടിയിൽ ഇന്നസെന്റ് ഇനി മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഇവിടേയും മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ കോൺഗ്രസിന് ജയിക്കാം. അങ്ങനെ കേരളത്തിൽ കോൺഗ്രസിന് കരുത്ത് കാട്ടാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് തുറന്നിടുന്നത്.

കാസർഗോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം നൽകുന്ന വിധത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറാനാണ് സാധ്യത. ആറ്റിങ്ങലിൽ സമ്പത്തിന്റേയും പാലക്കാട് രാജേഷിന്റേും ആലത്തൂരിൽ ബിജുവിന്റേയും വ്യക്തിപരമായ മികവ് സിപിഎമ്മിന് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ ശബരിമല വിഷയത്തിലെ അടിയൊഴുക്കുകൾ ആറ്റിങ്ങലിനെ പോലും സ്വാധീനിക്കാൻ സാധ്യത ഏറെയാണ്.

അങ്ങനെ വന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്ക് കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂപ്പു കുത്താനാണ് സാധ്യത. ഇത് നിയമസഭയിലും പ്രതിഫലിക്കാൻ ആകുന്ന തരത്തിൽ കോൺഗ്രസിന് ഊർജ്ജമായി മാറും. അങ്ങനെ ന്യൂനപക്ഷ കേന്ദ്രീകരണത്തിലൂടെ തുടർ ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന് ഈ ഫലം വലിയ തിരിച്ചടിയായി മാറും.

ശബരിമലയും തിരിച്ചടിക്കാൻ സാധ്യത

ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിച്ച് സിപിഎമ്മും-ബിജെപിയും സാധാരണക്കാരന്റെ ആരാധനാ സ്വാതന്ത്രം ദുസ്സഹമാക്കിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി നേരത്തെ വിശദീകരിച്ചിരുന്നു. വിവാദങ്ങൾ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ കൂടെ നിർത്താമെന്നാണ് ചിലർ കരുതുന്നതെങ്കിൽ അത്തരക്കാരോട് ന്യൂനപക്ഷങ്ങൾ വിഡ്ഢികളല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണെന്ന് പറയാനാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി. ചില വിഷയങ്ങൾ ഉണ്ടാക്കി രണ്ട് കവല പ്രസംഗം നടത്തി അല്ലെങ്കിൽ ബീഫ് ഫെസ്റ്റ്പോലുള്ളവ നടത്തിയാൽ ന്യനപക്ഷങ്ങൾ കൂടെപോരുമെന്നാണ് ചിലർ ധരിച്ച് വെച്ചിരിക്കുന്നത്. വിഡ്ഢികളാവുന്നത് അത്തരക്കാരായിരിക്കുമെന്നും ന്യൂനപക്ഷങ്ങൾ എന്ത് കാര്യത്തിലാണ് സിപിഎമ്മിനെ വിശ്വസിക്കേണ്ടതെന്നും ലീഗ് ചോദ്യമുയർത്തിയിരുന്നു.

എന്നാൽ ദുർബലമായ കോൺഗ്രസിന് ബിജെപിയെ നേരിടാനാകില്ലെന്നും അതുകൊണ്ട് സിപിഎമ്മിന് വോട്ട് ചെയ്യുമെന്നായിരുന്നു ഇടതു പക്ഷത്തിന്റെ പ്രതീക്ഷ. മുസ്ലിം സമുദായത്തെ കൂടെ നിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നും കരുതി. എന്നാൽ മുസ്ലിം ലീഗ് യുഡിഎഫിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത തീരെ കുറവാണ്. ശബരിമല പ്രശ്നം വഷളാക്കി ബിജെപിക്ക് വളരാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തതെന്ന വാദമാകും ലീഗും യുഡിഎഫും ഇനി ചർച്ചയാക്കുക. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറും.

ബിജെപിയും സിപിഎമ്മും സന്നിധാനത്തെ രാഷ്ട്രീയ കളരിയാക്കി മാറ്റി. ശബരിമലയെ സമരഭൂമിയാക്കുകയായിരുന്നു അവർ. ഇപ്പോൾ കൊടുത്ത സാവകാശ ഹർജി അന്ന് കൊടുക്കാമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല. സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ആയിരുന്നു ശബരിമല വിഷയം നന്നായി കൈകാര്യം ചെയ്തിരുന്നത് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞു. ഇതിൽ ഇരു മുന്നണികളും വലിയ വില നൽകേണ്ടി വരുമെന്നും യുഡിഎഫ് ഇനി നിരന്തരം വിശദീകരിക്കും. ഇതിനെ മറികടക്കാൻ സിപിഎമ്മിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ന്യൂനപക്ഷ വോട്ടുകളെ അടുപ്പിക്കാനും കഴിയില്ല. ഭൂരിപക്ഷത്തിൽ കൂടെയുള്ളവർ കൈവിട്ടു പോവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സിപിഎം മാറുകയാണ്.

എന്നാൽ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് രാഹുലിന്റെ നേതൃത്വത്തിൽ വിശ്വാസം കുറയുമായിരുന്നു. ഇത് സിപിഎമ്മിന് വലിയ തോതിൽ ഗുണമാവുകയും ചെയ്യുമായിരുന്നു. ഇതാണ് ഇപ്പോൾ അസ്ഥാനത്താകുന്നത്.

പിറവം പള്ളി പ്രശ്‌നവും പ്രതികൂലം

ശബരിമലയ്‌ക്കൊപ്പമെത്തിയ പിറവം പള്ളി പ്രശ്‌നവും പിണറായിയെ തിരിച്ചു കൊത്തും. വകാശത്തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ സുപ്രിം കോടതി വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായിട്ടുണ്ട്. സുപ്രിം കോടതി വിധി നടപ്പാക്കാൻ എന്തുചെയ്തുവെന്ന് കോടതി ചോദിക്കുന്നു. ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധിയെക്കുറിച്ച് ഓർമ്മയുണ്ടോയെന്നും കോടതി ചോദിച്ചു. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായ വലിയ പള്ളിയും സ്വത്തുക്കളും ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ശബരിമലയിലെ ആവേശം പിറവത്ത് കാണിക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഇത് ഓർത്തഡോക്‌സുകാരെ വേദനിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂരിൽ ഓർത്തഡോക്‌സുകാരുടെ വോട്ട് സിപിഎമ്മിനായിരുന്നു. പക്ഷേ ഇതു കൊണ്ട് ഗുണമുണ്ടായില്ല. കന്യാസ്ത്രീകളുടെ പരാതിയിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ കത്തോലിക്കാ സഭയും ആവുന്നത് ശ്രമിച്ചു. എന്നാൽ ഫ്രാങ്കോയെ ജയിലിൽ അടച്ചു. ഇതിന്റെ വേദന സഭാ നേതൃത്വത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ മധ്യ കേരളത്തിൽ സിപിഎമ്മിന് ക്രൈസ്തവരുടെ വോട്ട് കിട്ടാൻ സാധ്യത കുറവാണ്.

ഇടുക്കിയിൽ പോലും ഇത് തിരിച്ചടിയായി മാറും. പത്തനംതിട്ടയിലും കോട്ടയത്തും ചാലക്കുടിയിലും തൃശൂരും എറണാകുളത്തും എല്ലാം ക്രൈസ്തവ വോട്ടുകൾ കോൺഗ്രസിന് ഗുണകരമായി മാറും. ഇതും സിപിഎം മോഹങ്ങൾക്ക് വലിയ തിരിച്ചടിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP