Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂരിന് വടക്കോട്ടും തെക്കൻ കേരളത്തിലും ഇടത് തരംഗത്തിന് സാധ്യത; മലപ്പുറം മാത്രം കഷ്ടി രക്ഷപെടും; കോട്ടയത്തും ഇടുക്കിയിലും ഇടതിന് സിറ്റിങ് സീറ്റുകൾ നഷ്ടമാകുമ്പോൾ പത്തനംതിട്ടയിൽ നേട്ടവും കോട്ടവും; ഇടുക്കി ഇടത് മുന്നണിയെ നിരാശപ്പെടുത്തും: അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൂട്ടിവായിക്കുമ്പോൾ

തൃശൂരിന് വടക്കോട്ടും തെക്കൻ കേരളത്തിലും ഇടത് തരംഗത്തിന് സാധ്യത; മലപ്പുറം മാത്രം കഷ്ടി രക്ഷപെടും; കോട്ടയത്തും ഇടുക്കിയിലും ഇടതിന് സിറ്റിങ് സീറ്റുകൾ നഷ്ടമാകുമ്പോൾ പത്തനംതിട്ടയിൽ നേട്ടവും കോട്ടവും; ഇടുക്കി ഇടത് മുന്നണിയെ നിരാശപ്പെടുത്തും: അവസാന നിമിഷത്തെ അടിയൊഴുക്കുകൾ കൂട്ടിവായിക്കുമ്പോൾ

ബി രഘുരാജ്

തിരുവനന്തപുരം: ഫലം അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. മൂന്ന് മുന്നണികളും കൂട്ടലും കിഴിക്കലുമായി സമയം തള്ളിനീക്കുന്നു. അവസാന നിമിഷത്തെ അടിയൊഴുക്കുകളെ കുറിച്ചാണ് എങ്ങും ആശങ്ക. തെരഞ്ഞെടുപ്പിന് ശേഷം രണ്ട് ദിവസങ്ങളായി മൂന്ന് മുന്നണി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും ഒക്കെ നടത്തിയ ആശയവിനിമയവും അടിയൊഴുക്കുകളുടെ സൂചനയും വിലയിരുത്തുമ്പോൾ തെളിയുന്നത് വ്യക്തമായ ചില കാര്യങ്ങളാണ്. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് സൂചനകൾ പറയുമ്പോൾ തന്നെ ചില എക്‌സിറ്റ് പോളുകൾ പറഞ്ഞത് പോലെ ഇടത് തംരംഗം വ്യക്തമല്ല എന്നതാണ് ഇതിന്റെ കാതൽ.

തൃശ്ശൂരിൽ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇടത് മുന്നണി വിജയിക്കുമെങ്കിലും തൃശൂരിന് മുകളിലോട്ട് പോകുമ്പോൾ ഇടത് തരംഗം വ്യക്തമാണ്. മലപ്പുറം ഒഴികെയുള്ള വടക്കൻ കേരളത്തിലെ ജില്ലകളിൽ വ്യക്തമായ ഇടത് മുൻതൂക്കം ആണ് കാണുന്നത്. തൃശൂർ എറണാകുളം ജില്ലകളിൽ ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്താൻ കഴിയുമെങ്കിലും ഇടത് തരംഗം വ്യക്തമല്ല. അതേസമയം കോട്ടയത്ത് ഇടതുമുന്നണിക്ക് നിലവിലുള്ള ഏറ്റുമാനൂർ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പുതിയതായി ഒരു സീറ്റും നേടാൻ സാധിക്കില്ല.

വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് സ്വാധീനമുള്ള ആലപ്പുഴ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇതിൽ അല്പം എങ്കിലും പിടിച്ചു നിൽക്കുന്നത് ആലപ്പുഴ ആയിരിക്കും. ഇടത് കോട്ടയിൽ പക്ഷേ ചില വിള്ളലുകൾ വീണേക്കാം എന്നതാണ് വിലയിരുത്തൽ. പത്തനംതിട്ടയിൽ ഇടത് മുന്നണിക്ക് ഒരേസമയം ഏറ്റവും കോട്ടവും ഉണ്ടായേക്കുമെന്നാണ് സൂചന. സിറ്റിങ് സീറ്റായ റാന്നിയും തിരുവല്ലയും നഷ്ടമാക്കാൻ ഇടയുണ്ടെന്നാണ് അവസാന വട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ആറന്മുള പകരം ലഭിക്കും എന്നത് ആശ്വാസകരമാണ്. നായർ ഭൂരിപക്ഷ മണ്ഡലങ്ങളിൽ യുഡിഎഫ് തകരുമ്പോൾ ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ എൽഡിഎഫ് തകരുന്ന സൂചനകൾ ആണ് വ്യക്തമാകുന്നത്. തിരുവല്ലയോടും ആറന്മുളയോടും ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പി സി വിഷ്ണനാഥിന്റെ പരാജയം ഉറപ്പായിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥിയോ അതോ ഇടത് സ്ഥാനാർത്ഥിയാണോ വിജയിക്കുന്നത് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

എറണാകുളം ജില്ലയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ ഏറെയുള്ളത്. 2011 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 സീറ്റിൽ 11 നേടി യുഡിഎഫ് ആധിപത്യം ഉറപ്പിച്ചെങ്കിലും ഇത്തവണ ഇതിൽ മാറ്റമുണ്ടാവുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ജില്ലയിൽ ഒമ്പത് സീറ്റ് വരെ ഇത്തവണ നേടുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിലും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നതാണ്. യുഡിഎഫ് ഇത്തവണ മൂന്നു മുതൽ നാലുവരെ സീറ്റുകളിൽ ഒതുങ്ങുമെന്നും എൽഡിഎഫ് ഒമ്പതു മുതൽ 10 വരെ സീറ്റുകൾ നേടുമെന്നുമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ ബാബു, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് എന്നിവർ പരാജയപ്പെടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ ഈ എക്സിറ്റ് പോൾ ഫലം ഒരിക്കലും ശരിയാവാൻ സാധ്യതയില്ലെന്നാണ് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ ബാബു പറയുന്നത്. എന്നാൽ, ഇവിടെ തുറവൂർ വിശ്വംഭരൻ പിടിച്ച വോട്ടുകൾ ബാബുവിന് ഭീഷണിയാകും. മാത്രമല്ല, ബാബുവിന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ പോലും പ്രവർത്തിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. അങ്കമാലി, പെരുമ്പാവൂർ, ആലുവ, കളമശ്ശേരി, കുന്നത്ത് നാട്, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ഇത് ശരിവയ്ക്കുന്ന വിധത്തിലുള്ള പോളിങ് ശതമാനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2011ൽ പോളിങ് ശതമാനം 81.13 ആയിരുന്ന പെരുമ്പാവൂരിൽ ഇക്കുറിയത് 83.80 ആയി. അങ്കമാലിയിൽ 82.84 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അങ്കമാലിയിൽ യുഡിഎഫ് പ്രതീക്ഷ വെക്കുമ്പോൾ പിറവം തിരിച്ചു പിടിക്കാമെന്നാണ് എൽൽഡിഎഫിന്റെ കണക്കുകൂട്ടൽ.

അതേസമയം ഇടുക്കിയിൽ ഇടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന. അഞ്ച് സീറ്റുകളിൽ മൂന്നു കൈവശം ഉള്ള സിപിഎമ്മിന് ഒന്ന് പോലും ഉറപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇടതുകോട്ടയായ ദേവികുളത്ത് ഭീഷണി ആകുന്നത് പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥികൾ ആണെങ്കിലും പീരുമേടും ഉടുംമ്പൻ ചോലയിലും ബിഡിജെഎസ് സ്ഥാനാർത്ഥികൾ കനത്ത വെല്ലുവിളി ആണ് ഉയർത്തുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം എം മണിയും ഉടുംമ്പൻചോലയിൽ വെല്ലുവിളി നേരിടുന്നു. പീരുമേട് സിറ്റിങ് എംഎൽഎ ആയ കെ എസ് ബിജിമോളും പരാജയ ഭീഷണിയിലാണ്. ഇടത് മുന്നണിയിലേയ്ക്ക് വന്ന ജനാധിപത്യകേരള കോൺഗ്രസിന്റെ തലതൊട്ടപ്പനായ ഫ്രാൻസിസ് ജോർജ്ജ് ഇടുക്കിയിലും വൻ ഭീഷണിയാണ് നേരിടുന്നത്. അത് സിറ്റിങ് സീറ്റ് അല്ല എന്ന ആശ്വാസം മാത്രമാണ് സിപിഎമ്മിനുള്ളത്.

കണ്ണൂർ ജില്ലയിൽ ഇരിക്കൂർ അടക്കമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. ഇരിക്കൂറിൽ അട്ടിമറി സംഭവിച്ചാൽ പേരാവൂരിലെ ഇടതു സ്ഥാനാർത്ഥിയും അത്ഭുതം കാണിക്കുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. നികേഷ് കുമാറിനും വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇവിടെ അടിയൊഴുക്കുകൾ തന്നെയാകും കാര്യങ്ങൽ നിശ്ചയിക്കുക. ഷാജിക്ക് വേണ്ടി ബിജെപി വോട്ട് മറിച്ചപ്പോൾ നികേഷിന് എസ്ഡിപിഐ വോട്ടുകൾ എത്തിയതായും സൂചനയുണ്ട്. അതുകൊണ്ട് തന്നെ അടിയൊഴുക്കുകളിലാണ് സിപിഐ(എം) വിശ്വസിക്കുന്നത്.

തരംഗമുണ്ടായാൽ വയനാട്ടിൽ മൂന്ന് സീറ്റുകളിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കനത്ത പോരാട്ടം നടക്കുന്ന കൽപ്പറ്റയിൽ വിജയിച്ചു കയറാമെന്ന വിശ്വാസത്തിലാണ് സിപിഐ(എം). പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വലിയ മുന്നേറ്റം തന്നെയാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരിൽ വി എസ് സുനിൽകുമാർ വിജയിച്ചാൽ മറ്റ് മണ്ഡലങ്ങളിലും ഇടതു മുന്നേറ്റം ദൃശ്യമാകുമെന്നത് ഉറപ്പാണ്. വടക്കാഞ്ചേരിയിൽ ഇടതുമുന്നണി വിജയപ്രതീക്ഷയിലാണ്. പൊതുവേ ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള തൃശ്ശൂർ ജില്ലയിൽ അമിതമായ പ്രതീക്ഷയില്ലെന്ന മന്ത്രി സി എൻ ബാലകൃഷ്ണന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് ശക്തമായ അടിയൊഴുക്കുകളെ തന്നെയാണ്. അങ്ങനെ വന്നാൽ ജില്ലയിൽ ഒരുപക്ഷേ, ഒരു ക്ലീൻ സ്വീപ്പ് തന്നെ ഇടതുമുന്നണിക്ക് ഉണ്ടായേക്കാം.

പാലക്കാട് ജില്ലയാകും ഇടതുമുന്നണിയുടെ ചെങ്കോട്ടയാകുക എന്നാണ് പൊതുവേ വിലയിരുത്തൽ. പട്ടാമ്പി തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് ഉറപ്പിക്കുമ്പോൾ തന്നെ മണ്ണാർക്കാട് എ പി കാന്തപുരത്തിന്റെ നിലപാടിൽ ഇടതിന് പ്രതീക്ഷയുണ്ട്. എങ്കിലും ഇ കെ സുന്നി വോട്ടുകളുടെ ബലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയം ഉറപ്പിക്കും. ചിറ്റൂരും പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള സീറ്റുകളിൽ വിജയിക്കാമെന്നാണ് ഇടതുമുണണിയുടെ കണക്കൂട്ടൽ. മലബാറിലെ നേട്ടത്തിനൊപ്പം തന്നെ മധ്യതിരുവിതാംകൂർ തലവേദനയാകുമോ എന്നതാണ് ഇടതുമുന്നണിയെ അലട്ടുന്നത്. ബിഡിജെഎസ് തന്നെയാണ് ഇവിടങ്ങളിൽ എൽഡിഎഫിന് ഭീഷണിയാകുന്നത്. വെള്ളാപ്പള്ളി പറഞ്ഞാൽ ഈഴവർ വോട്ട് ചെയ്യുമോ എന്ന് പരിഹസിച്ചിരുന്ന കാലം മാറുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എസ്എൻഡിപി പ്രവർത്തകരിൽ സിംഹഭാഗവും ബിഡിജെഎസിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതിന്റെ സൂചന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ഈഴവ വോട്ടുകൾ നഷ്ടമായെന്ന ആശങ്ക വോട്ടിംഗിന് ശേഷം ശക്തമായുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലും ഇടത് സീറ്റുകൾക്ക് പോലും ഈ അവസ്ഥ ഭീഷണി ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണി മത്സരിക്കുന്ന ഉടുംമ്പുചോല, ഫ്രാൻസിസ് ജോർജ്ജ് മത്സരിക്കുന്ന ഇടുക്കി, ബിജിമോൾ മത്സരിക്കുന്ന പീരുമേട് എന്നിവിടങ്ങളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ നടത്തുന്ന മുന്നേറ്റം എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ഭയം പ്രവർത്തകർക്കുണ്ട്. പത്തനംതിട്ടയിലെ റാന്നിയിൽ നാല് വട്ടം എംഎൽഎ ആയ രാജു എബ്രഹാം നേരിടുന്ന ഭീഷണിയും ചില്ലറയല്ല. ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാറിന് അനുകൂലമായി കുറേ വോട്ടുകൾ വീണെന്നാണ് വിലയിരുത്തൽ.

തിരുവവനന്തപുരത്ത് ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ എന്നിവരാണ് മത്സരിക്കാൻ ഇറങ്ങുന്നത്. കോവളത്തെ ബിഡിജെഎസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ ജമീലാ പ്രകാശം തോൽക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവിടെ കാര്യങ്ങൽ അനുകൂലമാകുക കോൺഗ്രസ് സ്ഥാനാർത്ഥിക്കാണെന്നാണ് വിലയിരുത്തൽ.

ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം, ഉടുമ്പൻചോല, പീരുമേട് എന്നീ മണ്ഡലങ്ങളിൽ ഇടുക്കി മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. മറ്റെല്ലാ സിറ്റിങ് സീറ്റാണ്. ഇവിടെ ബിഡിജെഎസ് എത്രവോട്ട് പിടിക്കും എന്നത് തന്നെയാണ് വിധിയെ നിർണ്ണയിക്കുക. അടിയൊഴുക്കുകൾ എങ്ങനെയാണ്് എന്ന വിലയിരുത്തലുകാണ് എങ്ങും. ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ വിഭജനം തന്നെയാകും വിധിയെ നിർണ്ണയിക്കുക. ഇവിടെ ഇടതു മുന്നണിയുടെ പ്രതീക്ഷ, അണികൾക്കും ചിഹ്നങ്ങളും തമ്മിലുള്ള ബന്ധമാണ്. ഇതാണ് അവസാന നിമിഷത്തെ അടിയൊഴുക്കുകളെ നിർണ്ണയിക്കുക എന്നതാണ് വിലയിരുത്തുന്നത്.

അതേ സമയം സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നത് വടക്കൻ മലബാറിലെ ഭരണവിരുദ്ധ വികാരമാണ്. പാലക്കാട് മുതൽ അങ്ങോട്ട് സിപിഎമ്മിന് അനുകൂലമാണ് സഹചര്യം. ബിജെപിയുടെ മുന്നേറ്റം മുസ്ലിം മേഖലകളിൽ സിപിഎമ്മാണ് അനുകൂലമായ അന്തരീക്ഷം ഒരുക്കിയെന്നാണ് വിലയിരുത്തുന്നത്. ഉയർന്ന പോളിങ് ശതമാനം ബിജെപി മുന്നേറ്റം തടയാനുള്ള വോട്ടായി മാറുമെന്നാണ് പറയുന്നത്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഇടത് തരംഗം വ്യക്തമാണ്. ബിഡിജെഎസിന് കാര്യമായ റോൾ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.

140 മണ്ഡലങ്ങളിലെ അമ്പതോളം മണ്ഡലങ്ങളിലെ വിധിയെഴുത്ത് അടിയൊഴുക്കുകളെ ആശ്രയിച്ചു തന്നെയായിരുന്നു. എത്രയൊക്കെ അടിയൊഴുക്കുകൾ ഉണ്ടായാലും ഭരണം പിടിക്കാൻ എൽഡിഎഫിന് തന്നെ സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ഇരു മുന്നണികളിലെയും നേതാക്കൾ പിരിമുറുക്കത്തിൽ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP