Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വികസനം വോട്ടാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ വിജയിച്ചില്ല; അഴിമതിക്കു കുടപിടിച്ച മന്ത്രിമാർ കടപുഴകി വീഴും; ആത്മവിശ്വാസം നഷ്ടപ്പെട്ടു യുഡിഎഫ് ക്യാമ്പ്; എക്സിറ്റ് പോളുകൾ നൽകുന്നത് അഴിമതിക്കും കപട വാഗ്ദാനങ്ങൾക്കും എതിരെയുള്ള ജനവിധിയെന്നു സൂചന

വികസനം വോട്ടാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ വിജയിച്ചില്ല; അഴിമതിക്കു കുടപിടിച്ച മന്ത്രിമാർ കടപുഴകി വീഴും; ആത്മവിശ്വാസം നഷ്ടപ്പെട്ടു യുഡിഎഫ് ക്യാമ്പ്; എക്സിറ്റ് പോളുകൾ നൽകുന്നത് അഴിമതിക്കും കപട വാഗ്ദാനങ്ങൾക്കും എതിരെയുള്ള ജനവിധിയെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വളരണം നാട്, തുടരണം യുഡിഎഫ്-എന്ന പരസ്യവാചകം മലയാളി ഏറ്റു പിടിച്ചില്ല.... വഴിമുട്ടിയ കേരളം വഴികാട്ടാൻ ബിജെപിയേയും അവർക്ക് വേണ്ട. എൽഡിഎഫ് വരും എല്ലാം ശരിയാക്കുമെന്ന വാക്കുകളെ വിശ്വസിക്കുകയാണ് മലയാളിയെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. കേരളത്തിൽ യുഡിഎഫിന്റെ ഭരണത്തുടർച്ചയെന്ന മോഹത്തെ തള്ളി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തൽ. സിപിഎമ്മിലെ ഒത്തൊരുമ വോട്ടായി മാറുന്നതിന്റെ സൂചനയാണ് ഇത്. മദ്യനയത്തിലും മറ്റും ഇടതുപക്ഷത്തെ ആക്രമിച്ച് മുന്നേറിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ മലയാളി അംഗീകരിച്ചില്ല. ബാർ കോഴയിലും സോളാറിലും പെട്ട കോൺഗ്രസ് നേതാക്കളെല്ലാം തോൽക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. അഴിമതിക്ക് എതിരായ അലയൊലികൾ വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് വേണം കരുതാൻ. ഇത് യുഡിഎഫ് ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സൊമാലിയാ പരമാർശം വോട്ടാക്കാനുള്ള ശ്രമവും നടന്നില്ല. മോദിയെ ആക്രമിച്ച് ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാനായിരുന്നു ശ്രമം. എന്നാൽ ന്യൂനപക്ഷം സിപിഎമ്മിനോട് അടുക്കുന്ന ചിത്രമാണ് തെളിയുന്നത്. ചില സർവ്വേകൾ സിപിഎമ്മിന് വ്യക്തമായ മുൻതൂക്കം തന്നെ നൽകുന്നു. പക്ഷേ ബഹുഭൂരിപക്ഷവും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം നൽകുന്നത്. കോൺഗ്രസിന്റെ തകർച്ചയും പ്രവചിക്കുന്നു. യുഡിഎഫിൽ മുസ്ലിം ലീഗ് പിടിച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ. മുസ്ലിം ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാനുള്ള സാധ്യത പോലും പ്രവചിക്കുന്നു. അങ്ങനെ മുന്നണിയിലെ ഒന്നാമൻ എന്ന സ്ഥാനം കോൺഗ്രസിന് നഷ്ടമാക്കുന്ന തരത്തിലേക്ക് ഫല പ്രവചനമെത്തുമെന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വസ്തു. അഴിമതിക്കാരെല്ലാം തോൽക്കുന്നതാണ് ഇതിന് കാരണം. പാലായിൽ കെഎം മാണി പോലും തോൽക്കുമെന്ന തരത്തിലാണ് പ്രവചനം. എന്നാൽ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പരിഗണിക്കുന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വിജയം പ്രവചിക്കുന്നുമുണ്ട്.

കോൺഗ്രസിലെ എ ഗ്രൂപ്പിനെ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് ഫല സൂചന. ബിജെപി-ബിഡിജെഎസ് സഖ്യം നേടുന്ന വോട്ടുകൾ എ ഗ്രൂപ്പിനെതിരെ മാറുന്നുവെന്ന വിലയിരുത്തലുമുണ്ട്. പൂഞ്ഞാറിൽ സ്വതന്ത്രനായി പിസി ജോർജ് ജയിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പ്രവചിക്കുന്ത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും വിലയിരുത്തുന്നു. കേരളത്തിൽ മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പാലായിൽ കെ.എം. മാണി, തൃപ്പൂണിത്തുറയിൽ കെ.ബാബു, കോഴിക്കോട് സൗത്തിൽ എം.കെ.മുനീർ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലം. കളമശേരിയിൽ മൽസരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.പി.മോഹനൻ എന്നിവരും തോൽക്കും. അഴീക്കോട് എൽഡിഎഫിന്റെ എം വി നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. അതേസമയം, ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് ജയിക്കും.

ഭരണ വിരുദ്ധ വികാരം ശക്തം, അഴിമതിക്കാർക്ക് തിരിച്ചടി

കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്‌സിറ്റ് പോളുകൾ നൽകുന്ന സൂചന. ഇതിന് പ്രധാന കാരണം അഴിമതിയാണ്. സോളാറും ബാർ കോഴയുമെല്ലാം വോട്ടിംഗിൽ പ്രതിഫലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടെ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടും.

എൽഡിഎഫ് 74-82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്‌സിറ്റ് പോളും പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും നൽകുന്ന സൂചന. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടതുപക്ഷം വ്യക്തമായ മേധാവിത്തം നേടും. ഭൂരിപക്ഷ സമുദായങ്ങൾ കോൺഗ്രസിനെ കൈവിടുന്നുവെന്നതാണ് ഈ നിരീക്ഷണങ്ങൾക്ക് ശക്തി പകരുന്നത്.

കേരളത്തിൽ വോട്ടർമാർ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന് സർവേ പറയുന്നു. അഴിമതിയും ആനുകൂല്യങ്ങളുടെ കുറവും സാധാരണക്കാരിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചു. ദരിദ്രവിഭാഗങ്ങൾക്കിടയിൽ എൽ.ഡി.എഫിന്റെ ജനസമ്മതി വർധിച്ചു. സുരക്ഷയിലും ക്രമസമാധാനപാലനത്തിലും സ്ത്രീകൾക്ക് അതൃപ്തിയുണ്ടെന്നും സർവ്വേ പറയുന്നു. യുവാക്കൾ എൽ.ഡി.എഫിന് അനുകൂലമാണ്. 18 25 പ്രായമുള്ളവരിൽ 42 ശതമാനത്തിന്റെ പിന്തുണ സിപിഐ(എം) മുന്നണിക്കുണ്ട്. 26-35 പ്രായമുള്ളവരിൽ 44 ശതമാനം. 36-50നിടയിൽ 44 ശതമാനം. 50-60നിടയിൽ 42 ശതമാനം ഇങ്ങനെ പോകുന്ന കണക്കുകൾ

പാലായിലെ പ്രവചനത്തിൽ ഞെട്ടി കേരളാ കോൺഗ്രസ്

പാലായിൽ മുൻ മന്ത്രി കെ.എം. മാണി തോൽക്കുമെന്ന് എക്‌സിറ്റ് പോൾ ഫലം കേരളാ കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലമാണ് മാണിക്ക് തോൽവി പ്രവചിച്ചിരിക്കുന്നത്. പാലാ മണ്ഡലത്തിൽ ഇന്നേവരെ മാണിയല്ലാതെ മറ്റൊരു സ്ഥാനാർത്ഥി വിജയിച്ചിട്ടില്ല. തുടർച്ചയായി 12 തവണ വിജയിച്ച മാണി ഇത്തവണ 13ാം അങ്കത്തിനാണ് ഇറങ്ങിയിരിക്കുന്നത്. ബാർ കോഴക്കേസിനെ തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് കൂടിയാണ് കേരളാ കോൺഗ്രസിന് വലിയ തിരിച്ചടിയാകുന്നത്.

ഏറ്റുമാനൂരിൽ കേരളാ കോൺഗ്രസ് ജയിക്കുമെന്നും പറയുന്നു. പാർട്ടിക്ക് വലിയ കോട്ടം തട്ടാതിരിക്കുമ്പോഴാണ് മാണി തോൽക്കുമെന്ന പ്രചവനമെത്തുന്നത്. അതേസമയം കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച് പൂഞ്ഞാറിൽ സ്വതന്ത്ര്യനായി മത്സരിക്കുന്ന പി.സി. ജോർജ് ജയിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ സൂചന. പി.സിക്ക് എൽ.ഡി.എഫിലും ഇടംകിട്ടാതെ വന്നതോടെ സംസ്ഥാനത്തെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാർ. ഇതും കേരളാ കോൺഗ്രസിന് തിരിച്ചടിയാണ്.

മാണിക്ക് എതിരെ കടുത്ത ത്രികോണ മത്സരം പാലായിൽ നടന്നു. ബിജെപിയും അവിടെ മികച്ച രീതിയിൽ വോട്ട് നേടും. ഇതാണ് പാലായിൽ മാണിക്ക് ദോഷം ചെയ്യുന്നതെന്നാണ് വിലയിരുത്തൽ

ബിജെപി അക്കൗണ്ട് തുറക്കും, ബിഡിജെഎസിന് സീറ്റില്ല

തിരുവനന്തപുരം, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എൽ.ഡി.എഫും ബിജെപിയും തമ്മിലും മഞ്ചേശ്വരത്ത് യു.ഡി.എഫും ബിജെപിയും തമ്മിലുമാണ് പ്രധാന പോരാട്ടമെന്നും പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരമാണെന്നും പ്രവചിക്കുന്നു. ബിഡിജെഎസിന് സീറ്റൊന്നും ആരും പ്രവചിക്കുന്നില്ല. നേമത്തും മഞ്ചേശ്വരത്തും ബിജെപി ജയിക്കുമെന്ന സൂചനയാണ് എല്ലാ സർവ്വേകളും നൽകുന്നത്. തിരുവനന്തപുരത്തും കഴക്കൂട്ടത്തും കാസർഗോഡും മികച്ച സാധ്യതയും.

കുട്ടനാട് പോലെ ബിഡിജെഎസ് മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങളിൽ ഇടതുപക്ഷത്തിന് മേൽകൈ കിട്ടുമെന്നാണ് പ്രവചനം. അതായത് എസ്എൻഡിപിയുടെ രാഷ്ട്രീയ പ്രവേശനം സിപിഎമ്മിനെ കുലുക്കുന്നില്ല. പരമ്പരാഗത ഈഴവ വോട്ടർമാർ സിപിഎമ്മിനൊപ്പം അടിയുറച്ചു നിൽക്കുന്നുവെന്ന് തന്നെയാണ്. എന്നാൽ നായർ-ഈഴവ വോട്ടുകൾ കോൺഗ്രസിന് നഷ്ടമാകുന്നു. അതിന്റെ പ്രതിഫലനമാണ് സർവ്വേകളിൽ നിറയുന്നത്.

പിസി ജോർജും വീണാ ജോർജും ജയിക്കും

സ്വതന്ത്രരിൽ പിസി ജോർജിന് മാത്രമാണ് വിജയം എക്‌സിറ്റ് പോളുകൾ നൽകുന്നത്. ചതുഷ്‌കോണ മത്സരത്തിന്റെ ഗുണം പിസി ജോർജിന് ലഭിക്കുന്നു. എന്നാൽ ചതുഷ്‌കോണമുള്ള ചെങ്ങന്നൂരിൽ വിജയം ഇടതുപക്ഷത്തിനാണ് നൽുകന്നത്. ത്രികോണ പോരിൽ പൊരിയുന്ന ആറന്മുള വീണാ േേജാർജിനും. അങ്ങനെ ബിജെപിയുടെ ശക്തമായ പോരാട്ടം ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുമെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP