Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെച്ചൂരിയുടെ ഐക്യാഹ്വാനം സുധാകരനും വിഎസും അറിഞ്ഞില്ല! പഠിച്ച സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിൽ പോലും വിഭാഗീയത കലർത്തി പ്രതിപക്ഷ നേതാവ്; വിളിപ്പാടകലെയുള്ള വീട്ടിലുണ്ടായിട്ടും എത്താത്തിൽ പ്രതിഷേധിച്ച് സുധാകരന്റെ പൊട്ടിത്തെറിയും

യെച്ചൂരിയുടെ ഐക്യാഹ്വാനം സുധാകരനും വിഎസും അറിഞ്ഞില്ല! പഠിച്ച സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിൽ പോലും വിഭാഗീയത കലർത്തി പ്രതിപക്ഷ നേതാവ്; വിളിപ്പാടകലെയുള്ള വീട്ടിലുണ്ടായിട്ടും എത്താത്തിൽ പ്രതിഷേധിച്ച് സുധാകരന്റെ പൊട്ടിത്തെറിയും

ആലപ്പുഴ : കേരള ഘടകത്തിൽ ഐക്യമുണ്ടാകണമെന്ന് സിപിഐ(എം) കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതൊന്നും സിപിഎമ്മിലെ പ്രധാന നേതാക്കൾ പോലും അറിഞ്ഞില്ലേയെന്ന് സംശയം. കേന്ദ്ര കമ്മറ്റി നിർദ്ദേശത്തിന് പുല്ലുവില നൽകി സിപിഐ(എം) സംസ്ഥാന സമിതി അംഗം തന്നെ രംഗത്ത് വന്നു. മാരിക്കുളത്തെ വി എസിന്റെ വസതിക്ക് ഒരുവിളിപ്പാടകലെ നിന്ന് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ ചർച്ചകളിൽ നിറയുകയാണ്. വി എസ്് പഠിച്ച സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സുധാകരൻ വിമർശനവുമായി എത്തിയത്.

വി.എസിന്റെ പൂർവ വിദ്യാലയത്തിൽ താൻ എംഎ‍ൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് വി എസ് വിട്ടു നിന്നതിനെതിരെയാണ് രൂക്ഷവിമർശവുമായി സുധാകരൻ എത്തിയത്. വിഎസിന്റെ വീടിനു മുന്നിലുള്ളതും വി എസ് പഠിച്ചതുമായ പറവൂർ പാനേക്കുളങ്ങര എച്ച്.എസ്സ്.എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനാണ് വി എസ് വിസമ്മതിച്ചത്. ഉദ്ഘാടനം നടക്കുന്ന സമയത്ത് വി എസ് വീട്ടിലുണ്ടായിരുന്നു. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. പൂർവ വിദ്യാലയത്തിലെ ചടങ്ങിന് വി എസിനെ വിളിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയിൽ പങ്കെടുക്കാൻ വിഎസിന് താൽപ്പര്യമില്ലെന്ന് അറിയിച്ചു. നേതാവിന്റെ ഇഷ്ടങ്ങൾ നടക്കട്ടെ-സുധാകരൻ പറഞ്ഞു.

വി.എസിന്റെ കെയർ ഓഫിലല്ല ഞാൻ കമ്യീണിസ്റ്റ് പാർട്ടിയിൽ എത്തിയത്. വി.എസിന്റെ അടുത്തുകൊതിയും നുണയും ഏഷണിയും പറയാൻ പോയിട്ടില്ല. പാർട്ടിയിൽ പ്രമോഷന് വേണ്ടി വി.എസിന്റെ കാല് പിടിക്കാൻ പോയിട്ടില്ല. ഈ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും കുഴപ്പമില്ല. വി.എസിന് താൽപര്യമില്ലെന്നു കരുതി ആത്മഹത്യയ്ക്ക് താനില്ല. അദ്ദേഹം പറഞ്ഞു. തന്റെ വാർഡിൽ സി പി എം തോറ്റിട്ടില്ല. വി എസ്സിനോട് തനിക്ക് ബഹുമാനമാണ്. പക്ഷേ സ്വന്തം തട്ടകത്തിൽ പാർട്ടി സ്ഥാനാർത്ഥി തോറ്റ ചരിത്രമുള്ള നേതാവാണ് വി എസ്. താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത് നുണയും കൊതിയും പറഞ്ഞല്ല. വി എസ്സിനെ പ്രീണിപ്പിക്കാൻ പോയിട്ടുമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താൻ തോറ്റുപോയാലും പറയാനുള്ളതു പറയുക തന്നെ ചെയ്യും.

അമ്പലപ്പുഴ എം എൽ എ ജി സുധാകരനുമായി യാതൊരു സന്ധിക്കും ഇല്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ താൻ പഠിച്ച സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് ഉപേക്ഷിക്കുകയായിരുന്നു. വി എസ് പരിപാടി ഉപേക്ഷിച്ചതോടെ കോൺഗ്രസ് എംപി കെ സി വേണുഗോപാലാണ് ഉദ്ഘാടനം നടത്തിയത്. സിപി എം സെക്രട്ടറി കോടിയേരിവരെ വി എസ്സിനെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ വി എസ് തയ്യറായില്ല. പറവൂർ പനയകുളങ്ങര ഗവ. എച്ച് എസ്സിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണ് വി എസ് വേണ്ടെന്നുവച്ചത്. സമയക്കുറവാണ് കാരണമെന്ന് വിചാരിച്ചാൽ തെറ്റി. കെട്ടിടത്തിനു ഫണ്ട് അനുവദിച്ചത് ജി സുധാകരൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽനിന്നായതുകൊണ്ടാണ് വി എസ് പരിപാടി ഉപേക്ഷിച്ചത്.

അതേസമയം ഇന്നു പകൽ രണ്ടുമണിവരെ പറവൂരിലെ വേലിക്കകത്തെ വീട്ടിൽ തങ്ങുന്ന വി എസ്സ് ഉച്ചയ്ക്കുശേഷം കുട്ടനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ അരകിലോമീറ്റർ ദൂരമുള്ള, വി എസ് പഠിച്ചതും ഏറെനാളായി വോട്ടുചെയ്യുന്നതുമായ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം വീട്ടിലിരുന്ന് നിരീക്ഷിക്കുകയായിരുന്നു. അതേസമയം പൊതുവേദികളിലും അല്ലാതെയും വി എസ് വിരുദ്ധ പ്രസ്താവനകൾ ഇറക്കി കൈയടി വാങ്ങുന്ന ജി സുധാകരനെ പൂർണമായും ബഹിഷ്‌ക്കരിക്കുകയെന്ന തീരുമാനമാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമായതെന്ന് വി എസ്സുമായി അടുത്തബന്ധമുള്ള വൃത്തങ്ങൾ സൂചിപ്പിച്ചു. നേരത്തെ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വി എസ് നിർവ്വഹിക്കുമെന്ന് എം എൽ എ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് ചുവടു മാറിയത്. ഇതോടെ ആലപ്പുഴ എം പി കെ സി വേണുഗോപാലിന് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഭാഗ്യമുണ്ടായി.

പാർട്ടിയുടെ ആലപ്പുഴ സമ്മേളനത്തിനുശേഷം സുധാകരൻ വി എസ്സിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. വി എസ്സിനെ നോക്കുകുത്തിയാക്കി മാറ്റാനും വേദിയിൽ പ്രസംഗിച്ച മുഴുവൻ നേതാക്കളെയും വി എസ്സിനെതിരെ തിരിച്ചുവിടാനും പ്രധാന പങ്കുവഹിച്ച ആൾ സുധാകരനായിരുന്നു. ഇത് വി എസ്സിനെ ചെറുതായല്ല വിഷമിപ്പിച്ചത്. മാത്രമല്ല, സമ്മേളനത്തിന് ചുക്കാൻ പിടിച്ച സുധാകരൻ കൂടുതൽ ശക്തി പ്രാപിച്ചതോടെ വി എസ്സിനെ കടന്നാക്രമിക്കുന്നതിൽ യാതൊരു പഞ്ഞവും കാട്ടിയിരുന്നുമില്ല. വി എസ്സിനോടുള്ള വിയോജിപ്പ് പലപ്പോഴും ഇപ്പോൾ വി എസ് അനുകൂല നിലപാടെടുക്കുന്ന തോമസ് ഐസക്ക് എം എൽ എ യോടും സുധാകരൻ പുലർത്തിവരികയാണ്. ഇതിന്റെ പ്രതിഫലനമെന്നോണം കഴിഞ്ഞ ദിവസം ആലപ്പുഴ സീമാസ് വസ്ത്രശാലയിൽ നടന്ന തൊഴിലാളി സമരത്തിൽനിന്നും സുധാകരനെ ഐസക്ക് പൂർണമായും ഒഴിവാക്കിയിരുന്നു.

പ്രശ്‌നം സുധാകരന്റെ മണ്ഡല പരിധിയിൽ നടന്നിട്ടും യാതൊന്നും അറിയിക്കാതെയാണ് പ്രശ്‌നം പരിഹരിച്ച് ഐസക്ക് സോഷ്യൽ മീഡിയയിൽ നിന്നടക്കം കൈയടിവാങ്ങിയത്. ഏതായാലും മുട്ടിന് മുട്ടിന് ജില്ലയിലെ വലിയ നേതാക്കൾ തലമാറി തല്ലിത്തുടങ്ങിയത് അണികളിൽ മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP