Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാക്കിലൂടെ പേരെടുത്ത പി സി ജോർജിനു നാക്കു തന്നെ പാരയായി; ജോർജ് ജെ മാത്യുവിനെ പെരുവഴിയിൽ ആക്കിയതു മണ്ഡലത്തിലെ സിപിഎം പ്രവർത്തകരുടെ ഉശിരൻ പ്രതികരണം; മാണിയോടു കലഹിച്ച് അപ്രതീക്ഷിത നേട്ടം കൊയ്തു ഫ്രാൻസിസ് ജോർജ്

നാക്കിലൂടെ പേരെടുത്ത പി സി ജോർജിനു നാക്കു തന്നെ പാരയായി; ജോർജ് ജെ മാത്യുവിനെ പെരുവഴിയിൽ ആക്കിയതു മണ്ഡലത്തിലെ സിപിഎം പ്രവർത്തകരുടെ ഉശിരൻ പ്രതികരണം; മാണിയോടു കലഹിച്ച് അപ്രതീക്ഷിത നേട്ടം കൊയ്തു ഫ്രാൻസിസ് ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ മുഴുവൻ പത്രപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള പി സി ജോർജ് അവസാന നിമിഷം വരെ താൻ തന്നെയാകും എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന് എഴുതിച്ചത് അണികളുടെ ആവേശം നഷ്ടമാകാതിരിക്കാൻ ആയിരുന്നു. എന്നാൽ ജോർജിന്റെ ജാതകം ഒരുവർഷം മുമ്പേ കുറിക്കപ്പെട്ടതായിരുന്നു. വലതുമുന്നണിയുടെ ഭാഗമായിരുന്നപ്പോൾ പിണറായി വിജയനും വി എസ് അച്യുതാനന്ദനും അടക്കമുള്ള നേതാക്കളെ പുലഭ്യം വിളിച്ചതിന്റെ ബാക്കിപത്രമായിരുന്നു ഈ തീരുമാനം. മണ്ഡലത്തിലെ അണികളിൽ ഭൂരിപക്ഷവും തന്റെ ഒപ്പമാണെന്ന ജോർജിന്റെ വാദവും നിലനിൽക്കുന്നില്ല. ബൂർഷ്വാ മുതലാളിയായ ജോർജ് ജെ മാത്യുവിനേക്കാൾ ഭേദം പി സി ജോർജാണെന്ന് അണികൾ ഒരു ഘട്ടത്തിൽ സമ്മതിച്ചു എന്നു മാത്രം.

മെത്രാനെതിരായി നടന്ന പരാമർശവും നേരത്തെ പി സി ജോർജിനു തിരിച്ചടിയായിരുന്നു. ഇതെത്തുടർന്നു പി സി ജോർജിന്റെ ഇടതുപക്ഷ പ്രവേശനമോഹം ഏറെക്കുറെ പൊലിയുമെന്നും ഉറപ്പായിരുന്നു. ആദ്യമൊക്കെ ഉറപ്പായും പൂഞ്ഞാർ സീറ്റ് തനിക്ക് എന്ന് തന്നെയാണ് ജോർജ് വിശ്വസിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇടപെടൽ മൂലം ഒരു പക്ഷേ തനിക്കും മകനും സീറ്റ് കിട്ടുമെന്നും ജോർജ് കരുതി. ആ ഒരു ഉറപ്പ് പാർട്ടി സെക്രട്ടറിയുടെ മകനും നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതുകൊണ്ടാണ് സീറ്റ് സംബന്ധിച്ച തീരുമാനം അവസാനം വരെ നീണ്ടിട്ടും ജോർജ് പ്രതീക്ഷയോടെ കാത്തിരുന്നത്. ജോർജിന്റെ ഇഷ്ടക്കാരായ കോട്ടയത്തെ പ്രവർത്തകർ ജോർജിനെ ഇടതിന്റെ സ്വാഭാവിക സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ചു. എന്നിട്ടും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അസന്നിഗ്ദ്ധമായി ജോർജിന് സീറ്റ് ഇല്ല എന്ന് അറിയിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങളായി ജോർജിന് ഇത് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. അവസാന ശ്രമം എന്ന നിലയിൽ ജോർജ് തിരുവനന്തപുരത്ത് എത്തി മടങ്ങിയ ശേഷം വലിയ പ്രതീക്ഷ ഇല്ലാതെയായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. എങ്കിലും അന്തിമ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പാർട്ടി സെക്രട്ടറി ആഗ്രഹിച്ചിട്ടും ജോർജിന് സീറ്റ് ലഭിക്കാതെ പോയത് ജോർജിന്റെ നാക്ക് കൊണ്ട് തന്നെയാണ്. ജോർജിന്റെ തെറ്റുകൾ ക്ഷമിക്കാൻ സിപിഐ(എം) നേതാക്കൾ ഒരുക്കമായിരുന്നു. എന്നാൽ ജോർജിന് പാരയായത് കാഞ്ഞിരപ്പള്ളി മെത്രാന്റെ ഉറച്ച നിലപാട് തന്നെ ആയിരുന്നു.

ജോർജ് ജെ മാത്യു എന്ന സ്വന്തം സ്ഥാനാർത്ഥിയെ മെത്രാൻ ഇറക്കിയത് തന്നെ ജോർജിനെ ഉന്നം വച്ചായിരുന്നു. കർഷക വേദി എന്ന പേരിൽ മെത്രാൻ രൂപീകരിച്ച സംവിധാനത്തിന്റെ ഭാഗമായി 23 മണ്ഡലങ്ങളിൽ സിപിഎമ്മിന് പിന്തുണ കിട്ടും എന്ന ചിന്തയായപ്പോൾ പൂഞ്ഞാർ മെത്രാൻ നിർദ്ദേശിക്കുന്നവർക്ക് എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണെന്നു മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മെത്രാനുമായി അനുനയനത്തിന് ജോർജ് പലർ വഴി ശ്രമിച്ചെങ്കിലും നടക്കാതെ പോയത് ഈ ആരോപണം മൂലം ആയിരുന്നു. മെത്രാന്റെ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം എന്ന നിർദ്ദേശം വന്നപ്പോൾ സ്വഭാവികമായും ജോർജ് പിന്തള്ളപ്പെടുകയായിരുന്നു.

മറുനാടൻ മലയാളി മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ എടുത്ത ശക്തമായ നിലപാട് പാർട്ടി അണികളെ വല്ലാതെ സ്വാധിക്കുകയും പാർട്ടിയിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാവുകയും ചെയ്തതോടെ മെത്രാനെ പിണക്കാതെ ജോർജ് ജെ മാത്യുവിനെയും ഒഴിവാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പി സി ജോർജ് ആയിരിക്കില്ല സ്ഥാനാർത്ഥി എന്ന് അസന്നിഗ്ദ്ധമായി അറിയിച്ചത്. പാർട്ടി പ്രാദേശിക നേതൃത്വം ജോർജ് ജെ മാത്യുവിനെ ഒഴിവാക്കി തരണം എന്ന് മെത്രാനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ജോർജ് ജെ മാത്യു വിജയിക്കാൻ സാധ്യതയില്ല എന്ന അഭിപ്രായം ശക്തമായതോടെ കഴിഞ്ഞ ദിവസം പിണറായി വിജയൻ തന്നെ നേരിട്ട് വിളിച്ച് മെത്രാനുമായി പുനർവിചിന്തനത്തിന് ചർച്ച നടത്തി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

പൂഞ്ഞാറിലെ സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന് കനത്ത വെല്ലുവിളി തന്നെയാണ് ഉയർത്തിയിരുന്നത്. അണികൾ ഒന്നടങ്കം മെത്രാന്റെ സ്ഥാനാർത്ഥിക്കെതിരെ നിലപാട് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം ആയത്. ആഴ്ചകളോളം നീണ്ട പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിന് മുമ്പിൽ സിപിഐ(എം) നേതൃത്വം വഴങ്ങി. പൂഞ്ഞാറടക്കം എട്ടോളം സീറ്റുകളിൽ കാഞ്ഞിരപ്പള്ളി മെത്രാന് താല്പര്യമുള്ള കർഷകവേദിക്ക് സീറ്റ് കൊടുക്കാം എന്നുള്ള ധാരണയാണ് പൂഞ്ഞാറിൽ അവസാന നിമിഷം പൊളിഞ്ഞത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വവും കാഞ്ഞിരപ്പള്ളി മെത്രാനുമായി ഉണ്ടാക്കിയ ഈ ധാരണ അനുസരിച്ച് പൂഞ്ഞാറിൽ മുൻ കേരള കോൺഗ്രസ് ചെയർമാനും മൂന്ന് വട്ടം കോൺഗ്രസ് എംഎൽഎയുമായിരുന്ന ജോർജ് ജെ മാത്യുവിനെ ഇടതുമുന്നണി സ്ഥാനാർത്ഥി ആക്കാനുള്ള നീക്കമാണ് സിപിഐ(എം) പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് പൊളിച്ചടുക്കിയത്. ജോർജ് ജെ മാത്യു ആയിരിക്കില്ല സ്ഥാനാർത്ഥി എന്നു കഴിഞ്ഞ ദിവസം തന്നെ പാർട്ടി പ്രാദേശിക ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയിരുന്നു.

വിവാദത്തിൽ നിന്നും തലയൂരാൻ ഉറപ്പായും ജയിക്കാൻ സാധ്യതയുള്ള പൂഞ്ഞാർ മണ്ഡലം സിപിഐ(എം), ജനാധിപത്യ കേരള കോൺഗ്രസിന് അവസാന നിമിഷം വിട്ടുകൊടുക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ജനാധിപത്യ കേരള കോൺഗ്രസും മെത്രാൻ നേതൃത്വം നൽകുന്ന കർഷകവേദിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായതിനാൽ മെത്രാന് താല്പര്യമുള്ള ഒരു സ്ഥാനാർത്ഥിയെ ജനാധിപത്യ കേരളകോൺഗ്രസിന്റെ നേതൃത്വത്തിൽ നിർത്താനായിരുന്നു പദ്ധതി. ഇതനുസരിച്ച് കർഷകവേദിയുടെയും ജനാധിപത്യ കേരളകോൺഗ്രസിന്റെയും സംയുക്തനേതാവായ പിസി ജോസഫിന്റെ പേരുയർന്നുവന്നു. എന്നാൽ പുതിയ ഫോർമുലയിൽ മെത്രാന് തീരെ തൃപ്തനല്ലാത്തതിനാൽ അന്തിമ തീരുമാനം നീണ്ട് പോകുന്നു എന്നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ് ഉണ്ടായ അന്നു തന്നെ നാലു സീറ്റുകൾ എന്നു സൂചനയുണ്ടായിരുന്നു. മെത്രാന്റെ സ്ഥാനാർത്ഥി മാറി മെത്രാനു തന്നെ പ്രിയപ്പെട്ട ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആയെന്നതു മാത്രമാണ് പുതിയ നീക്കത്തിലൂടെ കാണാൻ കഴിയുന്നത്.

എന്തായാലും ഈ നാടകത്തിലേറ്റവും അധികം നേട്ടം കോട്ടയത്തു ഫ്രാൻസിസ് ജോർജിനാണ്. പുതിയതായി രൂപവൽക്കരിച്ച ജനാധിപത്യ കേരള കോൺഗ്രസ് ഒറ്റയടിക്കു സ്വന്തമാക്കിയതു വിജയസാധ്യതയുള്ള നാലു സീറ്റാണ്. പൂഞ്ഞാറിനു പുറമെ ഇടുക്കി, തിരുവനന്തപുരം, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളാണു ജനാധിപത്യ കേരള കോൺഗ്രസിനായി എൽഡിഎഫിൽ മാറ്റിവച്ചിരിക്കുന്നത്. പൂഞ്ഞാറിൽ എൽഡിഎഫ് പട്ടികയിൽ നിന്നു പി സി ജോർജു പുറത്തായതോടെ മൂന്നു മുന്നണികൾക്കും പുറമെ വെല്ലുവിളി ഉയർത്താൻ പി സി ജോർജുമുണ്ടാകും എന്നുറപ്പായിക്കഴിഞ്ഞു. പി സി ജോസഫിനെ ഇവിടെ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിപ്പിച്ചാൽ കർഷകബന്ധമുള്ളതു തുണയാകുമെന്നാണു വിലയിരുത്തൽ. യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാകും എത്തുക.

ചങ്ങനാശേരിയിൽ കെ സി ജോസഫിനെയാണു ജനാധിപത്യ കേരള കോൺഗ്രസ് പരിഗണിക്കുന്നത്. ഇടത് പക്ഷത്ത് പോയി ചങ്ങനാശ്ശേരിയിൽ മത്സരിക്കാൻ ആണ് ജോസഫിന്റെ ആഗ്രഹമെന്നതു നേരത്തെ വ്യക്തമായിരുന്നു. സുരക്ഷിതമാണ് ചങ്ങനാശ്ശേരി എന്നാണ് കെ സി ജോസഫിന്റെ നിഗമനം. തിരുവനന്തപുരത്ത് ഏറെക്കുറെ വിജയം ഉറപ്പെന്ന കണക്കുകൂട്ടലിലാണ് ജനാധിപത്യ കേരള കോൺഗ്രസിനു സ്ഥാനാർത്ഥിത്വം നൽകിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ വി എസ് ശിവകുമാറിനെതിരെ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ പ്രഖ്യാപിച്ചതോടെ ജയസാധ്യതയുള്ള ഒരു സീറ്റ് കൈവിട്ടു എന്നു ബിജെപി അണികൾക്കിടയിൽ തന്നെ സംസാരം ഉയർന്നിട്ടുണ്ട്. വോട്ടുകച്ചവടം എന്ന ആരോപണത്തിന് ഇതു സ്ഥിരീകരണം നൽകുന്നുവെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യം മുതലാക്കി ആന്റണി രാജുവിനെ നിർത്തി സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും ജനാധിപത്യ കേരള കോൺഗ്രസിനെ പരിഗണിക്കുന്നത്.

ഇടുക്കി സീറ്റ് സ്വന്തമായിക്കഴിഞ്ഞു എന്നുതന്നെയാണ് ഇടതുമുന്നണിയുടെ വിശ്വാസം. ഫ്രാൻസിസ് ജോർജ് അവിടെ ഏറ്റവും സുരക്ഷിതനായ സ്ഥാനാർത്ഥി എന്ന കണക്കുകൂട്ടൽ തന്നെയാണ് മുന്നണിക്കുള്ളത്. അതിനാൽ തന്നെ ജനാധിപത്യ കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിൽ വലിയ പ്രതിസന്ധിയുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP