Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശ് കുമാറിനെ ആവാഹിച്ചത് ആരുടെ പ്രേതം? മന്ത്രിയുടെ മറുപടി പരാമർശം ഉന്നം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയോ?

ഗണേശ് കുമാറിനെ ആവാഹിച്ചത് ആരുടെ പ്രേതം? മന്ത്രിയുടെ മറുപടി പരാമർശം  ഉന്നം വയ്ക്കുന്നത് കുഞ്ഞാലിക്കുട്ടിയെ തന്നെയോ?

മറുനാടൻ മലയാളി ബ്യൂറോ

ഗണേശിന്റെ ശരീരത്തിൽ ആവാഹിച്ച പ്രേതമാണ് പ്രശ്‌നം. അതിനെ അല്ലാതെ അഴിമതി ആരോപണങ്ങളെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ഭയക്കുന്നില്ല. ഈ പ്രേതം ആരാണ്? പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ടിഒ സൂരജാണെന്ന് വരുത്തിതീർക്കുകയാണ് ലക്ഷ്യം. എന്നാൽ അതിലുമപ്പുറം ഒരു പേര് ഈ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് മന്ത്രി കരുതുന്നുണ്ടോ? ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ഗോഡ്ഫാദറായി അടുത്തകാലം വരെ എല്ലാവരു ചൂണ്ടികാട്ടിയ പികെ കുഞ്ഞാലിക്കുട്ടിയെയാണോ ഇബ്രാഹിംകുഞ്ഞ് ലക്ഷ്യമിടുന്നത്?

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിന്റെ വീട്ടിലെ റെയ്ഡിനെ കുറിച്ച് പല ചിന്തകൾ സജീവമായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ സുരജിനെ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഒരുക്കിയ ചതിക്കുഴിയാണെന്നും അതിനായി സ്വകാര്യ ഡിക്ടറ്റീവുകളെ ഏർപ്പെടുത്തിയെന്നുമെല്ലാം ചർച്ചകളെത്തി. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയെ വേദിനപ്പിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഈ വിഷയത്തിൽ കരുതലോടെ മാത്രമേ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചുള്ളൂ. തന്റെ കൈയിൽ തെളിവുകളുണ്ടെന്നും വേണ്ട സമയത്ത് അവ പുറത്തുവിടുമെന്നും സൂരജ് പറഞ്ഞിരുന്നു. ഈ തെളിവുകളാണ് ഗണേശ് നിയമസഭയിൽ കൊണ്ടുവന്ന കറുത്ത ബാഗിൽ ഉണ്ടായിരുന്നത് എന്നതാണ് ഉയരുന്ന ചോദ്യം?

ഏതായാലും സൂരജിനെതിരെ നടപടി വന്ന ശേഷം അദ്ദേഹത്തെ അനുകൂലിച്ച ഒരു നേതാവേ കേരളത്തിലൂള്ളൂ. ഗണേശ് കുമാർ മാത്രമായിരുന്നു അത്. സൂരജിനെതിരായ നടപടിയിൽ മനംനൊന്താണ് ചിലത് പുറത്തു പറയുമെന്ന് ഗണേശ് പ്രഖ്യാപിച്ചത്. ഐഎഎസുകാരനോ ഐപിഎസുകാരനോ ആകാം അതെന്നും കരുതി. ഗണേശിന് വ്യക്തിപരമായി താൽപ്പര്യക്കുറവുള്ള ചില അഴിമതിക്കാരുടെ പേരുകളും ചർച്ചയായി. ഇതിനിടെയിലാണ് പൊതുമരാമത്ത് മന്ത്രിയെ വെട്ടിലാക്കി ഗണേശിന്റെ ആക്ഷേപങ്ങൾ. നിയമസഭയിൽ മന്ത്രിയെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കാനുമായി. സഭാ രേഖകളിൽ ആരോപണം എത്തിക്കുക എന്നതിലുപരി വിഷയം ചർച്ചയാക്കുകയാണ് ഗണേശ് ലക്ഷ്യമിട്ടതെന്ന് വ്യക്തം.

ആർക്കെങ്കിലുമെതിരെ ആരോപണം ഉന്നയിക്കണമെങ്കിൽ അത് സ്പീക്കർക്ക് നേരത്തെ എഴുതി നൽകണം. ഇങ്ങനെ ആരോപണം എഴുതിക്കൊടുത്താൽ മറുപടി മുൻകൂട്ടി തയ്യാറാക്കാൻ മന്ത്രിമാർക്ക് കഴിയും. അതുകൊണ്ട് കൂടിയാണ് ആരോപണത്തിന് ശൂന്യവേള തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിരോധമുയർത്താൻ ഇബ്രാഹിംകുഞ്ഞിനായതുമില്ല. മുഖ്യമന്ത്രിയും അതുകൊണ്ട് തന്നെ മറുപടി നൽകിയുമില്ല. എന്നാൽ സഭയ്ക്ക് പുറത്ത് വലിയ ചർച്ചയായി ആരോപണം മാറി. മന്ത്രിയും ലീഗുകാരും പറയുന്നത് ഗണേശിനെ കൊണ്ട് ആരോ പറയിച്ചതെന്നാണ്. മുനകൾ നീളുന്നത് ടിഒ സൂരജിലേക്ക് തന്നെയാണെന്ന് വ്യക്തം. അങ്ങനെയാണെങ്കിൽ പോലും ഗണേശ് ഉയർത്തിയ ആക്ഷേപത്തിൽ അന്വേഷണം നടത്തേണ്ട സ്ഥിതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇനി സൂരജിന് വേണ്ടി പറഞ്ഞതാണെങ്കിൽ പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും വാദമുണ്ട്. മന്ത്രിസഭയിലേക്ക് ഗണേശിന് തിരിച്ചുവരണം. ഇതിന് കോൺഗ്രസിലെ എ വിഭാഗം പൂർണ്ണമായും എതിരാണ്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിന്റെ പിന്തുണ അനിവാര്യമാണ്. ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉന്നയിക്കുന്നതിലൂടെ കുഞ്ഞാലിക്കുട്ടിയുടെ മനസ്സ് അനുകൂലമാക്കാനാണ് ഗണേശ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഏതായാലും മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തില്ലെങ്കിൽ ഭരണമുന്നണിയിലെ പ്രതിപക്ഷ ശബ്ദമായി ഗണേശ് മാറും. ഇത് നഷ്ട പ്രിതിശ്ചായ തിരിച്ചുപിടിക്കാൻ ഗുണകരമാകുമെന്നാണ് പത്തനാപുരം എംഎൽഎയുടെ വിലയിരുത്തൽ.

ആരോപണം ഉന്നയിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിയുടെ പേര് പലതവണ ഗണേശ് ഉയർത്തിക്കാട്ടിയുരന്നു. മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ ലീഗ് എംഎൽഎമാർ ബഹളമുണ്ടാക്കിയുരുന്നു. എല്ലാവർക്കും വേണ്ടിയാണ് താൻ പറയുന്നത്. അതുകൊണ്ട് തന്നെ സഹിഷ്ണതയോടെ എല്ലാം കേൾക്കാൻ ലീഗ് എംഎൽഎമാരോട് പറയണമെന്നായിരുന്നു ഗണേശിന്റെ ആവശ്യം. ഉദ്യോഗസ്ഥരുടെ അഴിമതിയിൽ തുടങ്ങിയ ഗണേശ് മന്ത്രിക്ക് നേരെയും ആരോപണങ്ങൾ ഉന്നയിച്ചുവെന്ന യാഥാർത്ഥ്യവുമുണ്ട്. മന്ത്രിക്ക് എതിരെയല്ല ഓഫീസിനെ കുറിച്ചാണ് പരമാർശമെന്ന് ഗണേശ് പറയുന്നുണ്ടായിരുന്നു. എന്നാൽ നോൺ പ്ലാൻ ഫണ്ടുകൾ സ്വന്തം മണ്ഡലത്തിൽ ചെലവഴിക്കുന്ന മന്ത്രി മറ്റ് എംഎ‍ൽഎമാർക്ക് അത് നിഷേധിക്കുന്നു. ഈ അനീതിയും അഴിമതി തന്നെയാണെന്ന് ഗണേശ് ആരോപിക്കുകയും ചെയ്തു.

മുസ്ലിംലീഗിൽ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും രണ്ട് വഴിക്കാണ്. ഇടി വിഭാഗത്തിന്റെ പിന്തുണ ഇബ്രാഹിംകുഞ്ഞിനുണ്ട്. ഈ അധികാര വടം വലിയുടെ ഭാഗമായാണ് സുരജിനെതിരെ മന്ത്രി നീങ്ങിയതെന്നും ലക്ഷ്യമിട്ടത് കുഞ്ഞാലിക്കുട്ടിയെ ആണെന്നും വാദമുയർന്നിരുന്നു. സൂരജെന്ന വിശ്വസ്തനിലൂടെ പൊതുമരാമത്ത് വകുപ്പ് നിയന്ത്രിച്ച കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ പലപ്പോഴും ഇബ്രാഹിംകുഞ്ഞ് എതിർത്തു. റിലയൻസിന്റെ കേബിൾ ഇടപാട് റദ്ദാക്കിയതിന് പിന്നിലും ഈ അകൽച്ച തന്നെയാണ് ഇബ്രാഹിംകുഞ്ഞിനെ സ്വാധീനിച്ചത്. ഇതിനൊപ്പമാണ് സൂരജിനെതിരെ വിജിലൻസ് നടപടി വന്നതും പൊതുമരാമത്ത് മന്ത്രി നേരിട്ട് സെക്രട്ടറിയെ തള്ളിപ്പറഞ്ഞതും. അതുകൊണ്ട് കൂടിയാണ് ഗണേശിന്റെ ആരോപണം ഉന്നയിക്കലിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്ന വാദം പ്രബലമാകുന്നത്. ഇക്കാര്യം പാർട്ടി വേദികളിൽ ഇബ്രാഹിംകുഞ്ഞ് ഉന്നയിക്കും.

പൊലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനേയും പ്രമുഖ ഐഎഎസുകാരിയേയുമാണ് ഗണേശ് അഴിമതിക്കാരുടെ കാട്ടുപോത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണ് കരുതിയിരുന്നത്. രണ്ട് പ്രമുഖ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനവും. അതുകൊണ്ട് തന്നെ ഇന്നത്തെ ഗണേശിന്റെ പ്രഖ്യാപനത്തെ സാമ്പിൾ വെടിക്കെട്ട് മാത്രമായി കണ്ടാൽ മതിയെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ പേരുകൾ പറയേണ്ടിയും വരും. ഇതിലൂടെ അഴിമതിക്കെതിരെ പോരടിക്കുന്ന നേതാവെന്ന പ്രതിശ്ചായ ഉണ്ടാക്കാനാണ് നീക്കം.

വരും ദിവസങ്ങളിൽ ഈ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തും. അപ്പോൾ കൂടുതൽ പേരുകൾ വെളിപ്പെടുത്തി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന നിലപാടിലാണ് ഗണേശ്. മന്ത്രിസഭയിൽ തിരിച്ചെടുക്കാമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്തതിനാൽ ഗണേശിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുഖ്യന്ത്രി നേതൃത്വം നൽകുന്നില്ല. ഐ ഗ്രൂപ്പുമായി ഗണേശ് പൂർണ്ണമായും ഇടഞ്ഞു നിൽക്കുകയും ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP