Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ ഗ്രൂപ്പ് നേതാക്കളുടെ എല്ലാം സമർദ്ദങ്ങളും പൊളിഞ്ഞു; സുകുമാരൻ നായരും ആന്റണിയും ഇടപെടില്ല; പിസി ജോർജ് നാളെ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കും; പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന അപേക്ഷയിൽ ഉറച്ച് ജോർജ്ജ്

ഐ ഗ്രൂപ്പ് നേതാക്കളുടെ എല്ലാം സമർദ്ദങ്ങളും പൊളിഞ്ഞു; സുകുമാരൻ നായരും ആന്റണിയും ഇടപെടില്ല; പിസി ജോർജ് നാളെ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കും; പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന അപേക്ഷയിൽ ഉറച്ച് ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : യുഡിഎഫിൽ പിസി ജോർജിനെ നിലനിർത്താനുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അവസാനവട്ട കരുനീക്കങ്ങളും പൊളിഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് വ്യക്തമായതോടെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയേയും സമീപിച്ചു. ആഭ്യന്തര മന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് പോലും പറഞ്ഞു. എന്നാൽ കേരളത്തിലെ രാഷ്ട്രീയത്തിൽ താൻ ഇടപെടില്ലെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചത്.

ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും കൂടിയാലോചിച്ച് തീരുമാനം എടുക്കാനും പറഞ്ഞു. ഇതോടെ ആന്റണിയും ജോർജിന് വേണ്ടി കെഎം മാണിയോട് സംസാരിക്കില്ലെന്ന് വ്യക്തമായി. നാളെ നടക്കുന്ന കെപിസിസി യോഗത്തിലും ഐ ഗ്രൂപ്പ് ജോർജിന് വേണ്ടി വാദിക്കും. എന്നാൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ് ജോർജ് വിഷയമെന്ന നിലപാടിൽ കെപിസിസി എത്തുമെന്നാണ് സൂചന. കെപിസിസിയിൽ എ വിഭാഗം നിശബ്ദത പാലിക്കും. മാണിയാണ് മുന്നണിക്ക് വലുതെന്ന് കെപിസിസി അധ്യക്ഷൻ സുധീരൻ വിശദീകരിക്കുകയും ചെയ്യും. അതുകൊണ്ട് ജോർജിന്റെ വിഷയത്തിൽ കോൺഗ്രസ് കടുംപിടിത്തം പിടിക്കരുതെന്നും സുധീരൻ ആവശ്യപ്പെടും.

ബാർ കോഴയുടെ പിന്നിൽ ഐ ഗ്രൂപ്പാണെന്ന് വരുത്തി തീർക്കാൻ മുഖ്യമന്ത്രിയും മാണിയും ശ്രമിക്കുന്നുവെന്നാകും ഐ ഗ്രൂപ്പിന്റെ യോഗത്തിലെ നിലപാട്. ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിക്കും. ഇതിന്റെ ഭാഗമായാണ് ജോർജിനെതിരെ നടക്കുന്ന നീക്കമെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ഇതിനെതിരെ ശക്തമായ നീക്കം നടത്തുമെന്നും അറിയിക്കും. ചെന്നിത്തലയെ ആരു വിമർശിച്ചാലും തിരിച്ചടിക്കുമെന്നും വ്യക്തമാക്കും. ജോർജിനെ യുഡിഎഫിൽ നിന്ന് പുറത്തേക്ക് പോകാൻ അവസരമൊരുക്കുന്നത് നല്ലതിനല്ലെന്നും പറയും. എന്നാലിതൊന്നും അംഗീകരിക്കപ്പെടാൻ സാധ്യതയില്ല.

അതിനിടെ കേരളാ കോൺഗ്രസ്(എം) നേതൃത്വവുമായി അകന്ന പി.സി. ജോർജ് നാളെ ചീഫ് വിപ്പ് പദം ഒഴിഞ്ഞേക്കും. പദവിയിൽ നിന്നും മുഖ്യമന്ത്രി പുറത്താക്കുന്നത് ഒഴിവാക്കാനാണ് ഇത്. അതിനിടെ പാർട്ടിയിൽനിന്നു പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോർജ് യു.ഡി.എഫ്. നേതൃത്വത്തോട് ആവശ്യപ്പെടും. കേരളാകോൺഗ്രസ്(എം) നേതൃത്വം പി.സി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് യു.ഡി.എഫിൽ ഉണ്ടായ പ്രതിസന്ധിക്ക് നാളെ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. കേരളാ കോൺഗ്രസുമായും പാർട്ടി ചെയർമാൻ കെ.എം. മാണിയുമായി അകന്ന പി.സി. ജോർജ് പാർട്ടിയിൽ തുടരില്ല. ഈ സാഹചര്യത്തിൽ പഴയ സെക്യുലർ വിഭാഗത്തിനു ജീവൻ നൽകാനാണ് ജോർജിന്റെ തീരുമാനം.

എന്നാൽ കൂറുമാറ്റനിരോധന നിയമമനുസരിച്ച് നിലവിൽ അംഗമായ കേരളാകോൺഗ്രസ് പാർട്ടിയിൽ നിന്നും സ്വയം രാജിവച്ച് പുറത്തുപോയാൽ ആറു വർഷത്തേക്ക് മത്സര രംഗത്ത് അയോഗ്യനാക്കപ്പെടും. ജോർജിനെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് മാണി തന്ത്രങ്ങൾ ഒരുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വത്തിന്റെ സഹായത്താൽ സെക്യുലർ പുനർജീവിപ്പിച്ച് യുഡിഎഫിൽ തുടരാനുള്ള നീക്കം. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കണമെന്നതാണു ജോർജിന്റെ ആവശ്യം. നാളെ രാജിവയ്ക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ആഭ്യന്തരമന്ത്രി രമേശിനോടും ജോർജ് ഈ ആവശ്യം ഉന്നയിക്കും.

ജോർജിനെ വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് കേരളാ കോൺഗ്രസ് യു.ഡി.എഫിനു നൽകിയിരിക്കുന്ന അന്ത്യശാസനം. എന്നാൽ രാജിവയ്ക്കുന്നതിന് മുമ്പായി തന്നെ പുറത്താക്കുന്നതു സംബന്ധിച്ച് കേരളാ കോൺഗ്രസിൽ നിന്നു ഉറപ്പ് വാങ്ങി നൽകണമെന്നാണ് ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പലതും പുറത്തു പറയുമെന്നാണ് ജോർജിന്റെ നിലപാട്. എന്നാൽ ജോർജിന്റെ ഏതു വെളിപ്പെടുത്തലും അംഗീകരിക്കാൻ തയാറാണെന്നും ഇത്തരം ഭീഷണികൾ വിലപ്പോകില്ലന്നും പാർട്ടി ചെയർമാൻ കെ.എം. മാണി തുറന്നടിച്ചതോടെ ജോർജിനെ മാറ്റുക എന്ന ലക്ഷ്യത്തിൽ നിന്നു പാർട്ടി പിന്നോട്ടില്ലന്നു വ്യക്തമാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP