Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?

നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പിന്നോക്ക് സമുദായങ്ങൾക്ക് വേണ്ടിയാണ് സംവരണം വേണമെന്ന് മഹാത്മാ ഗാന്ധി വാദിച്ചതും പോരടിച്ചതും. ഒരു സമൂഹത്തിന് നേരിടേണ്ടി വന്ന അവഗണനയ്ക്കുള്ള പ്രായച്ഛിത്തം. കാലം മാറിയപ്പോൾ സാമ്പത്തിക സംവരണമെന്ന ആവശ്യവും ശക്തമായി. ഇതിനെ പോലും സംവരണത്തിന് അർഹരായവർ എതിർക്കുന്നു. ഭരണ ഘടനയിൽ സംവരണമുള്ളത് സാമ്പത്തിക കുറവ് പരിഹരിക്കാനല്ലെന്നും മറിച്ച് സാമൂഹീകാവസ്ഥയിലെ മാറ്റത്തിനാണെന്നും ഇവർ വാദിക്കുന്നു. കേരളത്തിൽ പിണറായി സർക്കാർ ദേവസ്വം നിയമനങ്ങളിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തി. ഇതിനെ സംവരണാർഹരായവരെല്ലാം ഒറ്റക്കെട്ടായി എതിർത്തു. ഇവിടെ പ്രത്യക്ഷത്തിൽ തന്നെ പട്ടേലന്മാർക്ക് തൊഴിൽ-വിദ്യാഭ്യാസ സംവരണം ഏർപ്പെടുത്തുമെന്ന് വാക്ക് കൊടുത്തായിരുന്നു കോൺഗ്രസ് പോരിനിറങ്ങിയത്. പ്രചരണത്തിൽ കത്തികയറിയിട്ടും കോൺഗ്രസിന് തിരിച്ചടിയായത് ഈ സംവരണം നയം തന്നെ.

കേരളത്തിൽ നായന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് പിണറായി സർക്കാർ ശ്രമിച്ചാൽ എന്താകും അടുത്ത തെരഞ്ഞെടുപ്പിൽ സംഭവിക്കുക. ഈഴവരും പിന്നോക്ക് സമുദായങ്ങളും പിണറായിക്ക് വോട്ട് ചെയ്യില്ല. നായർ സമുദായം മൊത്തത്തിൽ പിണറായിക്കൊപ്പം നിന്നാലും മറുപക്ഷത്തുണ്ടാകുന്ന ഒത്തൊരുമ സർക്കാരിന് തിരിച്ചടിയാകും. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ എന്നും നല്ല വാക്കുകൾ മാത്രമായിരുന്നു വെള്ളാപ്പള്ളി സർക്കാരിനെ കുറിച്ച് പറഞ്ഞത്. എന്നാൽ മുന്നോക്ക സംവരണം ദേവസം ബോർഡിലെത്തിയപ്പോൾ കഥ മാറി. വെള്ളാപ്പള്ളി പരസ്യമായി സർക്കാരിനെ വിമർശിച്ചു. ഈ വിഷയത്തിൽ കോൺഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. സാമ്പത്തിക സംവരണത്തിൽ ബിജെപി പോലും മൗനം പാലിച്ചു. അത്രയും സങ്കീർണ്ണമാണ് സംവരണത്തിൽ ഒരോ പാർട്ടിയും എടുക്കുന്ന നിലപാട്. ഇത് രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞില്ല. എങ്ങനേയും മോദിയെ തോൽപ്പിക്കാൻ പട്ടേലന്മാർക്ക് രാഹുൽ കൈകൊടുത്തു. ഇത് കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കിനെ കോൺഗ്രസിൽ നിന്ന് അകറ്റി.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നോക്കക്കാരുമായിരുന്നു മോദിയുഗം തുടങ്ങിയ ശേഷം കോൺഗ്രസിനൊപ്പം നിന്നിരുന്നത്. പട്ടേലന്മാർ ബിജെപിക്കൊപ്പവും. മുന്നോക്ക് സമുദായങ്ങളായിരുന്നു മോദിയുടെ കരുത്ത്. പിന്നാക്കകാരനായി സ്വയം ഉയർത്തിക്കാട്ടിയപ്പോഴും പട്ടേലന്മാരെ ഒപ്പം നിർത്തിയായിരുന്നു മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്ര. ഇതിനെ തകർക്കുകയായിരുന്നു ഹാർദിക് പട്ടേലിന്റെ ലക്ഷ്യം. സംവരണം ഉയർത്തിയുള്ള പട്ടേൽ പ്രക്ഷോഭങ്ങളെ ബിജെപി കണ്ടില്ലെന്ന് നടിച്ചു. അതിന് പിന്നിലും മറ്റു ജാതിക്കാരെ അടുപ്പിക്കുകയെന്ന തന്ത്രമുണ്ടായിരുന്നു. ഇത് രാഹുൽ ഗാന്ധിയും കോൺഗ്രസും തിരിച്ചറിഞ്ഞില്ല. ഹാർദിക് പട്ടേലിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു. പട്ടേലന്മാർക്ക് സംവരണം രാഹുൽ ഉറപ്പ് നൽകി. ഇത് ഉണ്ടാക്കുന്ന സാമൂഹിക സന്തുലിതാവസ്ഥയിലെ മാറ്റം രാഹുൽ തിരച്ചറിഞ്ഞില്ല.

ജിഗ്‌നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നിവരെ കോൺഗ്രസ് ഒപ്പം കൂട്ടിയത് കരുതലോടെയായിരുന്നു. പക്ഷേ സംവരണത്തിൽ നടത്തിയ സൂചനകളിൽ ഒളിച്ചിരുന്ന പ്രതിഷേധത്തെ മറികടക്കാൻ അൽപ്പേഷ്, ജിഗ്‌നേഷ് കൂട്ടുകെട്ടിനുമായില്ല. പട്ടേലന്മാർക്ക് സംവരണം അനുവദിക്കുകയെന്ന് പറഞ്ഞാൽ മറ്റ് സമുദായങ്ങളുടെ സംവരണം കുറയുകയെന്നാണ് അർത്ഥം. പിന്നോക്കക്കാരുടെ സംവരണം ഇല്ലാതാക്കാനാണ് പട്ടേലന്മാർക്ക് സംവരണം നൽകാനുള്ള നീക്കമെന്ന് ബിജെപി പ്രചരിപ്പിച്ചു. ഇത് വലിയ തോതിൽ അവർ ഉൾക്കൊള്ളുകയും ചെയ്തു. ഗുജറാത്തിൽ മുന്നോക്കക്കാരനാണ് പട്ടേലന്മാർ. വ്യവസായ-വാണിജ്യ മേഖലയെ സ്വാധീനിക്കുന്നവർ. കച്ചവടെ അവരുടെ കുത്തകയാണ്. സമുദായത്തിലെ ബഹുഭൂരിഭാഗവും നല്ല സ്ഥിതിയിൽ. എന്നിട്ടും പട്ടേലന്മാർക്ക് സംവരണം എന്തിന് അനുവദിക്കുന്നുവെന്നതിൽ കോൺഗ്രസിന് വ്യക്തമായ ഉത്തരം നൽകാനായില്ല.

ഹാർദിക് പട്ടേലിന്റെ സമൂദായ കരുത്തിന് മുമ്പിൽ കോൺഗ്രസ് മുട്ടുമടക്കിയെന്ന് പിന്നോക്ക സമുദായം തിരിച്ചറിഞ്ഞു. അവർ ഒറ്റയടിക്ക് കളം മാറി. കോൺഗ്രസിന്റെ നേട്ടം പട്ടേൽ ബൽറ്റുകളിൽ മാത്രമായി. എസ്ടി, നോട്ട്‌നിരോധനം, ജാതി അതൃപ്തിയും ഗുജറാത്തിൽ രാജകീയമായി വാണിരുന്ന ബിജെപിക്ക് തിരിച്ചടിയാകുമെന്ന കോൺഗ്രസ് കണക്ക് കൂട്ടലുകൾ തെറ്റി. തുടർച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ ബിജെപിയെ തുണച്ചു. ഒരു ഘട്ടത്തിൽ സൂറത്ത് തിരിച്ചടിയാകുമെന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണ് തിരികെ കയറുന്നത്. എന്നാൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടാകുകയും ചെയ്തു. അതായത് പട്ടേലന്മാർ കൈവിട്ടുവെന്ന് സാരം. സൂറത്ത് പോലുള്ള വ്യവസായ നഗരത്തിൽ ബിജെപി കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. സൗരാഷ്ട്രയിലും, കച്ചിലും കോൺഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇതിന് കാരണവും പട്ടേൽ സമുദായത്തിന്റെ പിന്തുണയായിരുന്നു.

സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലകളിൽ കോൺഗ്രസിന് വൻ മുന്നേറ്റം ഉണ്ടായി. 2012ൽ ബിജെപിക്കൊപ്പം നിന്ന മേഖലയായിരുന്നു വടക്കൻ ഗുജറാത്ത്. പാട്ടിദാർമാരുൾപ്പടെയുള്ള കാർഷികമേഖലയിൽ നിന്ന് ബിജെപിക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനം കൂടിയാണ് കോൺഗ്രസ്സിന്റെ ഈ മുന്നേറ്റം. കഛ്-സൗരാഷ്ട്ര മേഖലകൾ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഛിൽ ആറിൽ അഞ്ച് സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ൽ ബിജെപിക്ക് നൽകിയത് 48ൽ സീറ്റുകളായിരുന്നു. കോൺഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവർക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോൺഗ്രസ് മുപ്പതോളം സീറ്റുകൾ നേടി. പാട്ടിദാർ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം.

നഗരപ്രദേശങ്ങൾ ഉൾപ്പെട്ട മധ്യ-തെക്കൻ ഗുജറാത്തുകൾ ബിജെപിക്കൊപ്പം തന്നെ ഉറച്ചുനിന്നു. കഴിഞ്ഞ തവണ നേടിയ 37 എന്ന നിലയിലേക്ക് എത്താനായില്ലെങ്കിലും മേൽക്കൈ നിലനിർത്താനും ഭരണത്തിലേക്ക് അടുക്കാനും ഈ മേഖലകൾ ബിജെപിയെ സഹായിച്ചു. തെക്കൻ ഗുജറാത്തും മധ്യഗുജറാത്തും വഡോദരയുമാണ് ബിജെപിയെ വീണ്ടും ഭരണത്തിലെത്താൻ തുണച്ചത്. ഇവിടെ രണ്ടും മോദി പ്രഭാവം ബിജെപിയെ കൈവിട്ടില്ല. സ്വതന്ത്രസ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങുമ്പോൾ ജിഗ്നേഷ് മേവാനിയെന്ന ദളിത് നേതാവിന് മുന്നിൽ പ്രതിസന്ധികൾ ഏറെയായിരുന്നു. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ വാദ്ഗാം തെരഞ്ഞെടുത്തതിൽ തുടങ്ങി ഹൈന്ദവവിരുദ്ധനെന്ന പ്രചാരണം വരെ മേവാനിയുടെ വിജയസാധ്യതയ്ക്ക് മങ്ങേലേൽപ്പിച്ചിരുന്നു. എന്നാൽ സ്വന്തം മണ്ഡലത്തിൽ ഈ നേതാവ് ജയിച്ചു കയറി. പക്ഷേ ദളിത് വോട്ടുകൾ മുഴുവൻ സംസ്ഥാനത്തുടനീളം ബിജെപി വിരുദ്ധ ക്യാമ്പിലേക്ക് എത്തിക്കാൻ കഴിഞ്ഞതുമില്ല.

ജിഗ്നേഷ് മേവാനി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടി സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ്സിന്റെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ മേവാനിക്ക് ലഭിക്കുകയും ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന മേവാനിയുടെ നിലപാടിനെ വാദ്ഗാമിലെ ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഈ 35കാരന്റെ വിജയം. വിജയത്തിലേയ്ക്ക് ഒബിസി നേതാവ് അൽപേഷ് താക്കൂറും എത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നാക്കം പോയെങ്കിലും അൽപേഷ് താക്കൂർ ഘട്ടംഘട്ടമായി മുന്നേറുന്ന സ്ഥിതിയാണ് പിന്നീട് കണ്ടത്. രാധൻപൂരിൽ ഒബിസി വിഭാഗത്തിലുള്ള ജനങ്ങളാണ് ഭൂരിപക്ഷമുള്ളത് എന്ന ഒറ്റക്കാരണത്താൽ അവിടെ മത്സരിക്കാൻ തയ്യാറായ താക്കൂറിന്റെ തീരുമാനത്തെ വിമർശനം കൊണ്ടാണ് രാഷ്ട്രീയവൃത്തങ്ങൾ നേരിട്ടത്.

നരേന്ദ്ര മോദിക്ക് വെളുത്ത നിറം ലഭിച്ചത് അദ്ദേഹം തായ്വാനിൽ നിന്നുള്ള കൂൺ കഴിച്ചതുകൊണ്ടാണെന്ന താക്കൂറിന്റെ പരാമർശവും വിവാദമായിരുന്നു. അൽപേഷ് താക്കൂർ ജയിച്ചെങ്കിലും ഇത്തരം പ്രസ്താവനകൾ ഗുജറാത്തിലുടനീളം ബിജെപി ചർച്ചായാക്കി. ഇത് മോദി അനുകൂല തരംഗത്തിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP