Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാത്യു ടി തോമസിനെ ജലവിഭവം ഏൽപ്പിച്ചത് കൊള്ള തടയാൻ വേണ്ടി; കടന്നപ്പള്ളിക്ക് തുറമുഖം നൽകിയത് അദാനിയോട് നക്കാപ്പിച്ച ചോദിക്കുന്നത് തടയാൻ; ശശീന്ദ്രന് കെഎസ്ആർടിസി കൊടുത്തത് ശരിയാക്കിയെടുക്കാൻ ആവുമോ എന്ന് കണ്ടറിയാൻ; നിർണ്ണായക വകുപ്പുകൾ ഇക്കുറിയും സിപിഐയ്ക്ക് തന്നെ

മാത്യു ടി തോമസിനെ ജലവിഭവം ഏൽപ്പിച്ചത്  കൊള്ള തടയാൻ വേണ്ടി; കടന്നപ്പള്ളിക്ക് തുറമുഖം നൽകിയത് അദാനിയോട് നക്കാപ്പിച്ച ചോദിക്കുന്നത് തടയാൻ; ശശീന്ദ്രന് കെഎസ്ആർടിസി കൊടുത്തത് ശരിയാക്കിയെടുക്കാൻ ആവുമോ എന്ന് കണ്ടറിയാൻ; നിർണ്ണായക വകുപ്പുകൾ ഇക്കുറിയും സിപിഐയ്ക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏത് മന്ത്രിസഭയ്ക്കും തലവേദനയാകുന്ന വകുപ്പുകളാണ് റവന്യൂവും വനവും. ഭൂമി പതിച്ചു നൽകൽ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ യുഡിഎഫിനെതിരെ നിറച്ച് അധികാരത്തിലെത്തിയ ഇടതുപക്ഷത്തിന് റവ്യൂവും വനവും അതിപ്രധാന്യമുള്ള വകുപ്പുകളാണ്. അഴിമതിയുടെ സംശയ നിഴലുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ ഈ വകുപ്പുകൾ കാര്യക്ഷ്മമായി ഭരിക്കേണ്ടതുണ്ട്. ഈ രണ്ട് വകുപ്പുകളും സിപിഐയ്ക്ക് വീണ്ടും നൽകുകയാണ് സിപിഐ(എം). വമ്പൻ ഭൂരിപക്ഷം കിട്ടിയതിനാൽ റവന്യൂവും വനവും പരിസ്ഥിതിയും സിപിഐയിൽ നിന്ന് സിപിഐ(എം) തിരിച്ചെടുക്കുമെന്ന വാദം ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾ വേണ്ടെന്ന് വച്ച് നിർണ്ണായക വകുപ്പുകൾ മുന്നണിയലെ രണ്ടാമത്തെ കക്ഷിക്ക് തന്നെ നൽകുകയാണ് സിപിഐ(എം).

സിപിഐ മന്ത്രിമാരിൽ കുഴപ്പക്കാരില്ലെന്നാണ് സിപിഐ(എം) നിഗമനം. റവന്യൂവകുപ്പ് കിട്ടാൻ സാധ്യതയുള്ളത് വി എസ് സുനിൽകുമാറിനോ തിലോത്തമനോ ആണ്. രണ്ട് പേരിൽ ആരായാലും മാഫിയയ്ക്ക് വഴങ്ങില്ലെന്നാണ് പിണറായി വിജയന്റെ വിലയിരുത്തൽ. ജലസേചനവും ഗതാഗതവും തുറമുഖവും ചെറു കക്ഷികൾക്ക് നൽകിയതും വ്യക്തമായി ഉദ്ദേശത്തോടെയാണ്. തുറമുഖം കടന്നപ്പള്ളി രാമചന്ദ്രന് നൽകിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. വിഴിഞ്ഞം തുറമുഖം പോലൊരു സ്വപ്‌നം പദ്ധതി ഇതോടെ കടന്നപ്പള്ളിയുടെ ചുമതലയിലായി. തുറമുഖ നിർമ്മാണക്കാരാർ ഏറ്റെടുത്തിരിക്കുന്നത് ഗൗതം അദാനിയാണ്. സിപിഎമ്മിനെതിരെ ഇതുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഇപ്പോൾ തന്നെ സജീവമാണ്. അതിനാൽ അദാനിയുമായുള്ള ചർച്ചകൾ കടന്നപ്പള്ളി നടത്തട്ടേ എന്നാണ് സിപിഐ(എം) നിലപാട്.

വലിയ കോഴ ആരോപണങ്ങൾ തുറമുഖവുമായി ബന്ധപ്പെട്ട് ഉയരാനും സാധ്യതയുണ്ട്. സ്ഥിരം പിരിവിനുള്ള സാധ്യതയും സജീവം. ഇതു രണ്ടും കടന്നപ്പള്ളി നടത്തില്ല. അതുകൊണ്ട് തന്നെ അദാനിയുമായി വിവാദങ്ങൾക്ക് ഇടവരികയുമില്ല. ആരോപണങ്ങളെ കടന്നപ്പള്ളിയെ പോലെ ഇമേജുള്ള വ്യക്തിയെ മുന്നിൽ നിർത്തി പ്രതിരോധിക്കുകയും ചെയ്യാം. കഴിഞ്ഞ മന്ത്രിസഭയിൽ സിപിഎമ്മിന്റെ എം വിജയകുമാറാണ് തുറമുഖം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് കേരളാ കോൺഗ്രസിന്റെ വി സുരേന്ദ്രൻപിള്ളയ്ക്ക് നൽകി. ഫലത്തിൽ ഘടകകക്ഷി കൈയാളിയ വകുപ്പ് തന്നെയാണ് കടന്നപ്പള്ളിക്ക് നൽകുന്നത്.

ദേവസവും പ്രിന്റിങ് ആൻഡ് സ്റ്റേഷനറിയുമാണ് കഴിഞ്ഞ തവണ അവസാന ഘട്ടത്തിൽ മന്ത്രിസഭയിലെത്തിയപ്പോൾ കടന്നപ്പള്ളി കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ അതു തന്നെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കടന്നപ്പള്ളി. തുറമുഖം പോലൊരു വകുപ്പ് കടന്നപ്പള്ളി ആവശ്യപ്പെട്ടതുമില്ല. സീനിയർ നേതാവും കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയുമെന്ന പരിഗണനയാണ് കടന്നപ്പള്ളിക്ക് തുണയാകുന്നത്. കണ്ണൂരിലെ അഴിക്കോട്ടെ തുറമുഖ വികസനത്തിന് സിപിഐ(എം) ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഇത് നടപ്പാക്കാൻ കണ്ണൂരിൽ നിന്നുള്ള മന്ത്രിയിലൂടെ കഴിയുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. അങ്ങനെ അപ്രതീക്ഷിതമായി തുറമുഖം കടന്നപ്പള്ളിക്ക് കിട്ടുകയാണ്.

ജലസേചനത്തിനായി സിപിഐയും എൻസിപിയുമാണ് രംഗത്തുണ്ടായിരുന്നത്. വലിയ അവകാശ വാദം സിപിഐ ഉയർത്തുകയും ചെയ്തു. എന്നാൽ സിപിഐ(എം) വഴങ്ങിയില്ല. കുട്ടനാട് എംഎൽഎയായ തോമസ് ചാണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജലസേചനം എൻസിപിക്ക് കിട്ടുമെന്നും താൻ മന്ത്രിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാനാകില്ലെന്ന പരോക്ഷ സൂചന സിപിഐ(എം) എൻസിപിക്ക് നൽകിയത്. സമാനമായി ജലസേചനവും എൻസിപിക്ക് നൽകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ഘടകകക്ഷി നേതാവ് വകുപ്പ് പ്രഖ്യാപിച്ചത് അഭലഷണീയമായ കാര്യമില്ല. ഇത് പ്രോത്സാഹിപ്പിക്കെന്ന സന്ദേശം നൽകിയാണ് ജലവിഭവ വകുപ്പ് എൻസിപിക്ക് നിഷേധിക്കുന്നത്. അതുകൊണ്ട് മാത്രം മാത്യു ടി തോമസിന് ജലവിഭവം നൽകുന്നു.

അഴിമതി മുന്നിൽ കണ്ടാണ് ജലസേചനത്തിൽ തോമസ് ചാണ്ടി അവകാശ വാദം ഉന്നയിച്ചത്. ഇത് സിപിഐ(എം) തിരിച്ചറിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ജലദൗർലഭ്യം പരിഹരിക്കുന്നതിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മുല്ലപ്പെരിയാറിൽ തമിഴ്‌നാട് ഉന്നയിക്കുന്ന അവകാശ വാദങ്ങളും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് കൂടിയാണ് ജലസേചനം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ മാത്യു ടി തോമസിന് നൽകുന്നത്. അഴിമതി മുക്തമാക്കി ജലസേചന വകുപ്പിനെ മുന്നോട്ട് നയിക്കാൻ മാത്യു ടി തോമസിന് കഴിയുമെന്നാണ് വിലയിരുത്തൽ. ജനതാദളിലെ വിഭാഗീയ പ്രശ്‌നങ്ങൾ പരിഹരിച്ച് മാത്യു ടി തോമസിനെ മന്ത്രിസഭയിൽ സിപിഐ(എം) എത്തിക്കുന്നതിന് കാരണവും ഭരണ പരമായ മികവുകൾ തിരിച്ചറിഞ്ഞാണ്.

കെഎസ്ആർടിസി കണ്ട ഏറ്റവും മികച്ച മന്ത്രിയായിരുന്നു മാത്യു ടി തോമസ്. കമ്മീഷൻ രീതി അവസാനിപ്പിച്ച് കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ ശ്രമിച്ച വ്യക്തി. എന്നാൽ കഴിഞ്ഞ ആറരകൊല്ലമായി കെഎസ്ആർടിസിക്ക് തളർച്ചയുടെ കാലമാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ മാത്യു ടി തോമസ് എത്തുമെന്നാണ് കരുതിയത്. എന്നാൽ ജലസേചനത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തിരുവല്ലയുടെ എംഎൽഎ നിയോഗിക്കുമ്പോൾ ഗതാഗതത്തിന്റെ സാരഥിയായി എകെ ശശീന്ദ്രൻ എത്തുന്നു. അഴിമതിക്കറ പുരളാത്ത വ്യക്തിത്വമാണ് ശശീന്ദ്രൻ. അതുകൊണ്ട് തന്നെ കെഎസ്ആർടിസിയെ രക്ഷിക്കാൻ ശശീന്ദ്രന് കഴിയും എന്നാണ് പ്രതീക്ഷ.

എന്നാൽ വലിയ വെല്ലുവിളിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് ശശീന്ദ്രൻ തിരിച്ചറിയുന്നുണ്ട്. ആവുന്നതെല്ലാം പൊതു ഗതാഗതത്തെ മെച്ചപ്പെടുത്താൻ ചെയ്യുമെന്നാണ് പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP