Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാസംവരണവിഷയം കീറാമുട്ടിയായി; മുസ്ലിം ലീഗും ഇ കെ സുന്നിയും തമ്മിൽ പരസ്പര പോര്; പ്രമുഖസംഘടനകൾക്ക് സംവരണക്കാര്യത്തിൽ എതിർപ്പ്; ഇറക്കാനും വിഴുങ്ങാനുമാവാതെ ലീഗും പാണക്കാട് തങ്ങൾമാരും

വനിതാസംവരണവിഷയം കീറാമുട്ടിയായി; മുസ്ലിം ലീഗും ഇ കെ സുന്നിയും തമ്മിൽ പരസ്പര പോര്; പ്രമുഖസംഘടനകൾക്ക് സംവരണക്കാര്യത്തിൽ എതിർപ്പ്; ഇറക്കാനും വിഴുങ്ങാനുമാവാതെ ലീഗും പാണക്കാട് തങ്ങൾമാരും

എം പി റാഫി

കോഴിക്കോട്: വനിതാ സംവരണത്തെ ചൊല്ലി ലീഗിലും സമസ്തയിലും കലഹം രൂക്ഷം. വനിതാ സംവരണം സംബന്ധിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം വന്നതിനു തൊട്ടുപിന്നാലെ സംവരണത്തെ അനുകൂലിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. കൂടാതെ രാഷ്ട്രീയ സംഘടനകളും വനിതാ സംഘടനകളും ഈ നിലപാടിനെതിരെ രംഗത്തെത്തി.

അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവന രാഷ്ട്രീയക്കാർ മയപ്പെടുത്തുകയും വിവാദത്തിൽനിന്നു പിൻവലിയുകയും ചെയ്യുകയായിരുന്നു. എന്നാൽ വനിതാ പ്രാതിനിധ്യവിഷയം ഇവർക്കിടയിൽ ഇപ്പോഴും പുകയുകയാണ്, സമസ്ത ഇ.കെ വിഭാഗത്തിലും മുസ്ലിംലീഗിലും. ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും കലഹവും മൂത്താൽ അതു തദ്ദേശ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന കേരളത്തിലെ മുസ്ലിം പണ്ഡിത കൂട്ടായ്മ ലീഗുമായി പതിറ്റാണ്ടുകളായി അടുത്ത ബന്ധം പുലർത്തി വരുന്നവരാണ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ സയ്യിദ് കുടുംബാംഗങ്ങളായിരുന്നു വിവിധ കാലങ്ങളിൽ സമസ്തക്കും ലീഗിനും നേതൃത്വം നൽകി വന്നിരുന്നതും. സമസ്തയുടെ കീഴ്ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർ അധികവും ലീഗ് പ്രവർത്തകരോ ലീഗുമായി അടുപ്പമുള്ളവരോ ആണ്.

വിഷയം വനിതാ സംവരണവും, പ്രശ്‌നം ലീഗിന്റെ ഇരട്ടത്താപ്പുമാണ് ഇ.കെ സുന്നികളും ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരാൻ ഇടയാക്കിയിട്ടുള്ളത്. വനിതകളെ പുറത്തിറക്കുന്നതിലും സ്ത്രീ-പുരുഷ സമത്വം, സ്ത്രീകളുടെ പൊതുരംഗപ്രവേശനം എന്നീ വിഷയങ്ങളിലെല്ലാം ഇ.കെ- എ.പി സുന്നികൾക്ക് ഒരേ നിലപാടാണെന്നതാണ് വസ്തുത. സ്ത്രീകളുടെ പള്ളിപ്രവേശനകാര്യത്തിലും അനുബന്ധവിഷയത്തിലും മുജാഹിദ്, ജമാഅത്തേ ഇസ്ലാമി തുടങ്ങിയ സംഘടനകൾക്ക് സുന്നി സംഘടനകളിൽ നിന്നും വ്യത്യസ്തമായ നിലപാടുണ്ടെങ്കിലും മതത്തിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്ത്രീ മത്സരരംഗത്ത് ഇറങ്ങുന്നതും പൊതുരംഗത്ത് ഇടപെടുന്നതും പ്രമുഖസംഘടനകളുടെ നിയമസംഹിതയുമായി യോജിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, മസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റും സമസ്തയുടെ വിദ്യാർത്ഥി വിഭാഗത്തിന്റെ മുൻപ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വനിതാ പ്രാതിനിധ്യത്തെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ചില മുസ്ലിം ലീഗ് നേതാക്കളും ഇതിന് പിന്തുണയുമായെത്തി. ഇതോടെ ലീഗും സമസ്തയും പരസ്പരപോര് ശക്തമാക്കുകയായിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വൈസ് പ്രസ്ഡന്റായുള്ള ഇ.കെ വിഭാഗം സമസ്തയാണ് ഒരു ഭാഗത്ത് എന്നത് പരസ്യമായ പോരിന് ലീഗിന് ബദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതേസമയം പരസ്പരം പഴിചാരലുമായി ഇരുവിഭാഗവും സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നു. ഈ സാഹചര്യത്തിൽ വനിതാ പ്രാതിനിധ്യത്തെ എതിർത്ത് പാണക്കാട് തങ്ങന്മാർ നിലപാടെടുത്ത് സമസ്തക്കൊപ്പം നിൽക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയവും ഇക്കാരണങ്ങളാൽ സമസ്ത-ലീഗ് ബന്ധത്തിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന ഭയവും ലീഗിനെ അലട്ടുന്നു. ഇതിനിടെ സമസ്തയിലെ യുവ പണ്ഡിതനും പ്രമുഖ മതപ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിയുടെ, മുസ്ലിം സ്ത്രീകൾ മത്സരിക്കുന്നതിനെതിരെയുള്ള പ്രഭാഷണവും ലീഗിന് തലവേദനയായി. സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്നത് അള്ളാഹുവിന്റെ നിയമമാണ്, സ്ത്രീക്ക് പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ ആകാൻ പറ്റില്ല, മത്സരിപ്പിക്കാൻ പോലും പറ്റില്ല ഇത് ഹറാമാ(നിഷിദ്ധം)ണ് എന്നായിരുന്നു സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണത്തിൽ പറഞ്ഞിരുന്നത്.

ഇതോടെ, സാദിഖലി തങ്ങൾ ചെയർമാനായ ദർശന ചാനലിൽ ഹുദവിയുടെ പ്രഭാഷണത്തിനെതിരെ ഗുരുവിന്റെ ഫത്‌വയും ഇറക്കി മുസ്ലിം വനിതകൾക്ക് മത്സരിക്കാനുള്ള വകുപ്പുകൂടി ഉണ്ടാക്കി. സ്ത്രീകൾ രംഗത്തിറങ്ങാമെന്നും ഫോട്ടോ കവലകളിൽ വെയ്ക്കാമെന്നുമായിരുന്നു സാദിഖലി തങ്ങളുടെ നിലപാട്. മാത്രമല്ല, പാണക്കാട് തങ്ങ•ാരിലധികവും ഇപ്പോൾ മത്സരിക്കുന്ന വനിതകളുടെ കൺവെൻഷനുകളിലും ചടങ്ങുകളിലും സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്. പണ്ഡിത•ാർ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് മത്സരിക്കാൻ പറ്റുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും സംവരണ സീറ്റിൽ മത്സരിക്കൽ മതത്തിൽ അനുവദനീയമാണെന്നുമായിരുന്നു ലീഗിന്റെ വാദം. വാദങ്ങളും മറുവാദങ്ങളും നടക്കുന്നുണ്ടെങ്കിലും ഹൈദരലി തങ്ങളടക്കമുള്ള സമസ്തയുടെ നേതാക്കൾക്ക് വിഷയത്തിൽ ഇതുവരെയും തീർപ്പുകൽപ്പിക്കാനായിട്ടില്ല. സമസ്തയുടെ അണികൾക്കു ലീഗുമായുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ മുശാവറാ യോഗം ചേർന്ന് പുതിയ ഫത്‌വ ഇറക്കുകയും ചെയ്തിട്ടില്ല. വിഷയത്തിൽ കൃത്യമായ നിലപാട് അറിയിക്കാനാകാതെ ലീഗിനൊപ്പം സമസ്ത നേതാക്കളും അങ്കലാപ്പിലാണ്.

ഇ.കെ സുന്നികൾ അധികവും ലീഗിന്റെ സജീവ പ്രവർത്തകരാണെന്നതാണ് വസ്തുത. ഇവരെ ഒഴിച്ച് നിർത്തിയാൽ സംഘടനയുമില്ല. സമസ്തക്കു കീഴിലെ സംഘടനകളിലെ സജീവ സാന്നിധ്യമായവരാണ് ഇപ്പോൾ ലീഗിനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. തദ്ദേശ സ്ഥാപനത്തിലേക്ക് അമ്പത് ശതമാനം വനിതാ പ്രാതിനിധ്യം എന്ന നിയമം പാസായതോടെ ലീഗും വനിതകളെ മത്സര രംഗത്തിറക്കാൻ നിർബന്ധിതരായെന്നതാണ് യാഥാർഥ്യം. എ.പി, ഇകെ സുന്നികൾ ലീഗിന്റെ നെഞ്ചത്ത് കയറുന്നതും ഇത് ചൂണ്ടിക്കാട്ടിയാണ്. വനിതാ സംവരണവും വനിതകളുടെ ഉന്നമനവും ആഗ്രഹിക്കുന്ന ലീഗ് നേതൃത്വം എന്തുകൊണ്ടാണ് സ്വന്തം ഭാര്യമാരെ പോലും രാഷ്ട്രീയത്തിലിറക്കുകയോ മത്സരിപ്പിക്കുകയോ ചെയ്യുന്നില്ല, അല്ലെങ്കിൽ ലീഗിന്റെ നേതൃനിരയിൽ എന്തുകൊണ്ട് വനിതകളെ കൊണ്ടുവരുന്നില്ല എന്നൊക്കെയാണ് ഇവർ പ്രധാനമായും ചോദിക്കുന്നത്. പ്രാദേശിക ഘടകം മുതൽ സംസ്ഥാന തലം വരെയുള്ള ലീഗ് കമ്മറ്റിയിൽ എത്ര വനിതകളുണ്ടെന്നും ഇവർ ലീഗിനോട് ചോദിക്കുന്നു. എന്നാൽ അണികൾക്കിടയിലെ വാക്ക്‌പോരും കലഹവും രൂക്ഷമായിട്ടും ലീഗും മറപടിയുമായി രംഗത്തെത്തിയിട്ടില്ല.

ലീഗിന് വനിതാ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് നിർബന്ധമാണെന്നതിനാൽ, ഇതിനെതിരെ ഇ.കെ സമസ്ത മൗനംപാലിക്കുകയാണ് പതിവ്. ലീഗും സമസ്തയും തമ്മിൽ ഈയിടെയായി അകൽച്ച നിലനിന്നിരുന്നു. മാത്രമല്ല, സമസ്ത നേതാവും യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അമ്പലക്കടവ് ഹമീദ് ഫൈസി ഇടതുപക്ഷത്തെ പിന്തുണച്ച് ദിവസങ്ങൾക്കു മമ്പ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വനിതകൾ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സമസ്ത-ലീഗ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.

മുസ്ലിം വനിതകൾക്ക് വിദ്യാഭ്യാസവം ഉന്നമനവും വേണമെന്ന കാര്യത്തിൽ സംഘടനകൾക്കിടയിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. വിവിധ സംഘടനകൾക്കു കീഴിലും പെൺകുട്ടികൾക്കായി വിദ്യാഭ്യാസ തൊഴിൽ പരിശീലനങ്ങൾ നൽകുന്നുണ്ടെന്നതും വസ്തുതയാണ്. എന്നാൽ മത്സരരംഗത്തേക്ക് വരാൻ തീരെ താൽപര്യമില്ലാത്ത വനിതകളെ സമ്മർദങ്ങളും സ്വാധീനവും ഉപയോഗിച്ച് മത്സരിപ്പിക്കുന്നതും ഭരണത്തിൽ പുരുഷ കൈകടത്തലുകൾക്കായി സ്ത്രീകളെ മുൻനിരയിലിറക്കുന്നതുമാണ് യഥാർത്ഥത്തിൽ സ്ത്രീകളുടെ മേലുള്ള മാനസികപീഡനവും അടിച്ചമർത്തലുമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ പ്രധാന വാദം. കാലങ്ങളായി ലീഗിന് കണ്ണുംപൂട്ടി വോട്ട് ചെയ്യുന്നവരാണ് ഇ.കെ സുന്നികൾ.

ലീഗ്-സമസ്ത പ്രശ്‌നം തെരുവിലേക്കിറങ്ങിയാൽ തെരഞ്ഞെടുപ്പിൽ ലീഗിന് വലിയ തിരിച്ചടിയായിരിക്കും നേരിടുക. ലീഗിന്റെ മതവിരുദ്ധ നിലപാടിൽ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഒരുവിഭാഗം സംഘടനാ നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് വരും ദിവസങ്ങളിൽ പരസ്യമാക്കുമെന്നും സൂചനയുണ്ട്. കൂടുതൽ വഷളാകും മുമ്പ് പ്രശ്‌നപരിഹാരം കാണാനുള്ള ധൃതിപിടിച്ച നീക്കവും ചിലനേതാക്കൾ നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP