മത്സരിച്ച മൂന്ന് ലോക്‌സഭാ സീറ്റിലും വിജയിച്ച് നൂറിൽ നൂറ് ശതമാനം നേടി; രാഹുൽ ഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടിക്കൊടുത്തവരിലെ മുഖ്യശക്തി; ഉണ്ണിത്താനെയും രാഘവനെയും സുധാകരനെയും കെ മുരളീധരനെയും വിജയിപ്പിച്ച പ്ലേമേക്കേർസ്; ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെയും കടത്തിവെട്ടി താരമായി കുഞ്ഞാലിക്കുട്ടി; കേരളം ഭരിക്കുന്ന സിപിഎമ്മിനൊപ്പം സീറ്റു വിഹിതം നേടി; മലബാറിലെ മിന്നും വിജയത്തിൽ തലഉയർത്തി നിൽക്കുന്നത് മുസ്ലിംലീഗിന്റെ ചുണക്കുട്ടികൾ
May 23, 2019 | 04:21 PM IST | Permalink

മറുനാടൻ ഡെസ്‌ക്
കോഴിക്കോട്: മുസ്ലിംലീഗാണ് താരം..! യുഡിഎഫിന് കേരളത്തിൽ മിന്നുന്ന വിജയം സമ്മാനിച്ചതിൽ മുഖ്യറോൾ അവകാശപ്പെടാനുള്ളത് മുസ്ലിംലീഗെന്ന പാർട്ടിക്കാണ്. ദേശീയ തലത്തിൽ ആകെ മൂന്ന് സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിച്ചത്. ഈ സീറ്റുകളിലെല്ലാം വിജയിച്ചു നൂറ് ശതമാനം വിജയമാണ് മുസ്ലിംലീഗ് നേടിയത്. ഒരു പക്ഷേ മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത നേട്ടം. അവിടെയും നിൽക്കുന്നില്ല. മലബാറിലെ കോൺഗ്രസ് സ്ഥാാർത്ഥികൾക്ക് കൂറ്റൻ വിജയം നേടിക്കൊടുത്തതിൽ സുപ്രധാന പങ്കാണ് കുഞ്ഞാലിക്കുട്ടിക്കും കൂട്ടർക്കും അവകാശപ്പെടാനുള്ളത്.
സിപിഎമ്മിന് മൂന്നു സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിക്കുന്നത്. ലീഗാകട്ടെ മത്സരിച്ച മൂന്ന് സീറ്റിലും വിജയിക്കുകയും ചെയ്തു. മലപ്പുറത്തും പൊന്നാനിയിലും വിജയിച്ചത് കൂടാതെയാണ് തമിഴ്‌നാട്ടിലും ലീഗ് വിജയിച്ചത്. രാമനാഥപുരം ലോക്സഭ മണ്ഡലത്തിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗ് നേതാവ് കെ നവാസ് ഖനിയാണ് മുന്നേറുകയായിരുന്നു. എ.ഐ.എ.ഡി.എം.കെ-എൻ.ഡി.എ സഖ്യ സ്ഥാനാർത്ഥിയും എ.ഡി.എം.കെ സിറ്റിങ് എംപിയുമായ അൻവർ രാജയാണ് രാമനാഥപുരം മണ്ഡലത്തിൽ നവാസിന്റെ പ്രധാന എതിരാളി. ഇവിടെ വിജയം ഉറപ്പിച്ച മുന്നേറ്റമാണ് ലീഗ് സ്ഥാനാര്ത്ഥി നടത്തിയത്.
ബിജെപിയും മുസ്ലിം ലീഗും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് രാമനാഥപുരം. ന്യൂനപക്ഷ വോട്ടുകൾ അധികമുള്ള രാമനാഥപുരം ഡിഎംകെയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്. അതേസമയം രാഹുൽ ഗാന്ധി കൂടി എത്തിയതോടെ ഈ തരംഗത്തിൽ മുന്നേറുകയായിരുന്നു ലീഗ്. വടകരയിൽ സ്ഥാനാർത്ഥിയായി ആരെത്തുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കവേ കെ മുരളീധരനെ ഇറക്കാൻ സമ്മർദ്ദം ചെലുത്തിയതും ലീഗായിരുന്നു. ലീഗിന്റെ സ്വന്തം സ്ഥാനാർത്ഥിയായി തന്നെ മുരളീധരനെ ഏറ്റെടുത്തു. ഇതോടെ വിയർപ്പൊഴുക്കി പ്രവർത്തിച്ചതും ലീഗായിരുന്നു.
കോഴിക്കോട്ടെ എം കെ രാഘവനു വേണ്ടിയും ആലത്തൂരെയും പാലക്കാട്ടെയും കണ്ണൂരെയും യുഡിഎഫ് സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചതിൽ മുഖ്യപങ്ക് മുസ്ലിംലീഗിനുണ്ടായിരുന്നു. കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ മിന്നുന്ന വിജയത്തിന് പിന്നിലും ലീഗിന്റെ പങ്ക് നിസ്തൂലമാണ്. ഇവിടെയെല്ലാം ലീഗ്് പ്രവർത്തകർ കട്ടയ്ക്ക് നിന്നാണ് പ്രവർത്തിച്ചത്. മലപ്പുറം ജില്ലയിൽ സമ്പൂർണ വിജയമാണ് ലീഗിന് അവകാശപ്പെടാനുള്ളത്. രാഹുൽ ഗാന്ധിയുടെ റെക്കോർഡ് വിജയത്തിനു പിന്നിലും ലീഗിന് തന്നെയാണ് വിജയം അവകാശപ്പെടാനുള്ളത്.
കേരളത്തിൽ വലിയ വിജയം നേടിയെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തോൽവി ലീഗിനെ ക്ഷീണിപ്പിക്കുന്നുണ്ട്. എൻഡിഎ വിജയം താൽക്കാലികമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചതിൽ നിരാശ വ്യക്തമാണ്. സംഭവിച്ചതെല്ലാം വിലയിരുത്തി യുപിഎ കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും തങ്ങൾ പറഞ്ഞു. വോട്ട് എണ്ണൽ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മുസ്ലിം ലീഗ് കോട്ടയായ പൊന്നാനിയിലും മലപ്പുറത്തും പാർട്ടി വിജയം നിലനിർത്തുന്ന കാഴ്ചയാണ് കണ്ടത്. യുഡിഎഫ് ലീഡ് തുടരുന്ന 19 മണ്ഡലങ്ങളിൽ 2 എണ്ണം മുസ്ലിം ലീഗിന്റേതാണ്.
